തിരുത്തപ്പെടാത്ത ബൂർഷ്വാ പാർലിമെന്ററി വ്യതിയാനങ്ങൾ

“ബൂർഷ്വാ പാർലിമെൻററി വ്യതിയാനങ്ങൾ” എന്ന ഈ ലേഖനത്തിന്റെ തലവാചകം മൂന്ന് പതിറ്റാണ്ട് മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാട് തെറ്റ് തിരുത്തൽ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രയോഗിച്ചതിൽ നിന്ന് കടമെടുത്തതാണ്. നമ്പൂതിരിപ്പാട് സ്വയം വിമർശനപരമായി പറഞ്ഞ ഇതേ ആശയമാണ് യാക്കോബായ സഭയുടെ ഗീവർ​ഗീസ് മാർ കൂറിലോസ് ആവർത്തിച്ചത്.

‘ഇടതുപക്ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന” മാർ കൂറിലോസിന്റെ പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച തുറന്നു പറച്ചിൽ. ഇടതുപക്ഷ അനുഭാവി എന്ന് ഊന്നി പറഞ്ഞുകൊണ്ടുള്ള സഭാ മേധാവിയുടെ നിരീക്ഷണം, തെരഞ്ഞെടുപ്പുകളിലെ ഇടത്പക്ഷ വിരുദ്ധത എന്ന് പറയുന്നത് കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള മുന്നണി സ്നേഹം കൂടി ചേർന്നതാണെന്ന നിലവാരമുള്ള നിലപാടുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് തിരിച്ചറിയാൻ കഴിയുക എന്നതാണ് ഉയർന്ന രാഷ്ട്രീയ വിദ്യാഭ്യാസം.



തുടർച്ചയായ ഭരണ നേതൃത്വമാണ് ബംഗാളിനെ തകർത്തത് എന്നായിരുന്നു തെറ്റുതിരുത്തൽ പ്രസ്ഥാനത്തിൽ സി.പി.എം അംഗീകരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിലെ പാർട്ടിയിൽ വളർന്ന “ബുർഷ്വാ പാർലിമെൻററി വ്യതിയാനങ്ങൾ” ബംഗാളിനെയും കടത്തി വെട്ടുന്നതാണ്. എസ്. രാജേന്ദ്രൻ (ഇടുക്കി), ഐഷ പോറ്റി (കൊട്ടാരക്കര), പി.വി. അൻവർ (മലപ്പുറം), ജി. സുധാകരൻ (ആലപ്പുഴ), ടി.കെ ഗോവിന്ദൻ (കണ്ണൂർ), കുഞ്ഞിക്കൃഷ്ണൻ (കണ്ണൂർ) എന്നിവർ വ്യതിയാനങ്ങളിലെ ടൂളുകളാണ്. ഇവർ വ്യതിചലിച്ച് വർഗ വഞ്ചകരായതാണോ, വർഗ വഞ്ചനയോട് പോരാടി പുറത്തായതാണോ എന്നറിയാൻ ഉപമകൾ ഒന്നും വേണ്ടതില്ല.

എം.വി. രാഘവൻ വർഗവഞ്ചകനായിരുന്നു. പക്ഷെ, രാഘവൻ പാർട്ടിയുടെ അഴിമതിയല്ല തുറന്നു കാട്ടിയത്. പ്രായോഗിക രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളാണ്. തികച്ചും സൈദ്ധാന്തികം. ബദൽ രേഖ ഒരു പ്രസ്ഥാനമായി ഉയർത്തി കൊണ്ടു വരികയും അതിന് വേണ്ടി പാർട്ടിയിൽ ഒരു സെല്ലുണ്ടാക്കുകയും ചെയ്തപ്പോഴാണ് പാർട്ടി ടെർമിനോളജിയിൽ വർഗ വഞ്ചകൻ എന്ന വാക്ക് ഏറെ അലങ്കാരമായി മാറിയത്. 1964 ൽ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം ഉണ്ടാക്കിയ മുപ്പത്തിരണ്ടു പേര്‍ അന്നത്തെ പാർട്ടി പരിപ്രേക്ഷ്യത്തിൽ വർഗ്ഗ വഞ്ചകർ അല്ലാതാവുമോ എന്ന് രാഘവൻ തിരിച്ചു ചോദിച്ചത് ഓർമ്മ വരികയാണ്

തെറ്റുതിരുത്തൽ നോവൽ

പതിനഞ്ചാം പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങളുടെ പാശ്ചാത്തലത്തിൽ “ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പാളിച്ചകൾ അതിജീവിച്ച് മുന്നോട്ട്’ എന്നൊരു നിരൂപണം നമ്പുതിരിപ്പാട് എഴുതിയത് പുസ്തക രൂപത്തിൽ ഇറങ്ങിയിരുന്നു. അത് ഒരാവർത്തി വായിക്കുമ്പോൾ തിരുത്തപ്പെടാത്ത തെറ്റുകളിലൂടെ കടന്നു വന്ന നേതൃത്വത്തിന്റെ തിക്താനുഭവങ്ങൾ പാർട്ടി ഇന്നേവരെ സഹിച്ചു എന്ന് ബോധ്യമാകും.

ബൂർഷ്വാ പാർലിമെൻററി വ്യതിയാനത്തിൻറെ അംശങ്ങൾ ഉൾകൊള്ളുന്ന പ്രവർത്തന രീതിയാണ് കേരളത്തിലെ പാർട്ടി തുടർന്ന് പോരുന്നതെന്ന് മൂന്നര പതിറ്റാണ്ട് മുമ്പ് (1992 ഫെബ്രുവരി സംസ്ഥാന കമ്മിറ്റി) ഹർകിഷൻ സിങ്ങ് സുർജിത് തുറന്നു പറഞ്ഞതായി ഇ.എം.എസ് നമ്പൂതിരിപ്പാട് രേഖപ്പെടുത്തി (ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പാളിച്ചകൾ അതിജീവിച്ച് മുന്നോട്ട്).

ഈ ദൗർബല്യം പരിഹരിക്കാനുള്ള ആദ്യ നടപടി സംസ്ഥാന കമ്മറ്റി അന്ന് സ്വീകരിച്ചു. മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാർട്ടി മെമ്പർമാരെ പഠിപ്പാക്കാൻ തിരുവനന്തപുരത്ത് കേന്ദ്ര പാർട്ടി സ്കൂളും ജില്ല തൊട്ട് ബ്രാഞ്ചുവരെ ഓരോ ഘടകത്തിലും പാർട്ടി ക്ലാസുകളും അന്ന് സംഘടിപ്പിച്ചു. അന്ന് തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രകടമായ വാഭാഗീയതക്ക് ഇതെ തുടർന്ന് ശമനമുണ്ടായി എന്ന് ഇ.എം.എസ് ഇതേ ലേഖനത്തിൽ പറയുന്നുണ്ട്. പതിനഞ്ചാം പാർട്ടി കോൺഗ്രസ് 1995ൽ വീണ്ടും ഇക്കാര്യം കുറച്ചു കൂടി വ്യക്തതയോടെ തുറന്നു പറഞ്ഞതായി നമ്പൂതിരിപ്പാട് ഇങ്ങനെ എഴുതി:


".......ബൂർഷ്വാ പാർലിമെൻററി അവസരവാദം രാഷ്ടീയ നയ സമീപനത്തിൻറെ പ്രശ്നം മാത്രമല്ലെന്ന് 15ാം പാർട്ടി കോൺഗ്രസ് ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ 20 വർഷം തുടർച്ചയായി നമ്മുടെ സർക്കാർ നിലനിൽക്കുക. ത്രിപുരയിലും കേരളത്തിലും കൂടി നാം ഭരണത്തിലിരിക്കുക. മറ്റു സംസ്ഥാനങ്ങളിൽ പോലും എം.പിമാർ എം.എൽ.എമാർ പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ മെമ്പർമാരാവുക. ഇതെല്ലാം നിമിത്തം ബൂർഷ്വാ പാർലിമെൻററിസത്തിൻറെതായ ഒരു മാനസികാന്തരീക്ഷം പാർട്ടി മെമ്പർമാർക്കിടയിൽ ഉണ്ടാവാൻ തുടങ്ങിയിരിക്കുന്നു. ഇതിൻറെ ഫലമായി മൂന്ന് സംസ്ഥാനങ്ങളിൽ മന്ത്രി സ്ഥാനം കിട്ടുന്നതിനും മറ്റിടങ്ങളിൽ എം.പി, എം.എൽ.എ സ്ഥാനങ്ങൾ എന്നിവ നേടിയെടുക്കുന്നതിനും ഉൾപാർട്ടി തന്ത്രങ്ങൾ മെനയുന്നത് സഖാക്കളിൽ ഒരു വിഭാഗത്തിൻറെ പതിവായിരിക്കുന്നു… ഇത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഗ്രൂപ്പിസമായി വളർന്നു വന്നിരിക്കുന്നു…."

മൂന്ന് പതിറ്റാണ്ട് മുമ്പ് ഇങ്ങിനെ വീണ്ടും തെറ്റ് തിരുത്തിയപ്പോഴുള്ള അന്നത്തെ ക്ലാസുകളിലെ പഠിതാക്കളായി പാർട്ടിയിൽ പടികയറിയവരാണ് നായനാരും വി.എസും പിണറായിയും ഇ.പി.ജയരാജനും എം. വി ഗോവിന്ദനും ഒക്കെ. ഈ തെറ്റ് തിരുത്തലുകൾക്ക് ശേഷമാണ് പാലക്കാട് സമ്മേളനത്തിലെ വെട്ടി നിരത്തൽ മുതൽ പിണറായി-ഐസക് - പരമേശ്വരൻ ത്രയത്തെ ‘സോവിയറ്റ് മൂവർ സംഘം’ എന്ന ഒളിപ്പേരിൽ വി.എസും കൂട്ടരും വിശേഷിപ്പിച്ചത് വരെയുള്ള പ്രമാദ വിഭാഗീയതകൾ അരങ്ങേറിയത്. പാർലിമെൻററി വ്യാമോഹത്തിൽ സാങ്കേതികമായി വീഴാതെ പാർട്ടി ബിനാമികളെയും ബന്ധുക്കളെയും ആശ്രിത വൃത്തങ്ങളെയും വളർത്തി മുന്നേറി എന്നതാണ് പിന്നീടുണ്ടായ വിവാദങ്ങൾ.

അധികാരമുള്ളിടത്തേ അതിരുകവിച്ചലുകൾ ഉണ്ടായിട്ടുള്ളൂ എന്ന് പാർട്ടിയുടെ പൂർവ്വ രേഖകളെല്ലാം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. കാരണം, അധികാരമാണ് ജീർണതയെങ്കിൽ ആ ജീർണ്ണത പേറുന്നവരുടെ മേൽകൈ പാർട്ടിക്ക് മേൽ ഉള്ളിടത്തോളം തെറ്റ് തിരുത്തൽ പ്രസ്ഥാനം കൂമ്പടയുകയേ ഉള്ളൂ. ഇന്ത്യൻ തൊഴിലാളി വർഗത്തിൻറെ വിപ്ലവ ബഹുജന പാർട്ടി നേതൃത്വം നൽകുന്ന ഇടത് പക്ഷ സർക്കാർ യഥാർത്ഥത്തിൽ രാഷ്ട്രീയ വർഗസമരത്തിന് ഉപയോഗിക്കാവുന്ന "ആയുധം " മാത്രമായിരിക്കണമെന്ന 1967 ലെ സെൻട്രൽ കമ്മിറ്റി പ്രമേയത്തിന് പിണറായി സർക്കാറിൻറെ കാലത്ത് പുതിയ നിർവ്വചനം നൽകപ്പെട്ടിട്ടുണ്ട്. "ഭരണം ഭരണത്തിനായുള്ള ആയുധവും, സമരം ഇടത് സർക്കാറിനെ താങ്ങാനുള്ള ഊന്ന് വടിയായും" പരിണമിച്ച കാലമാണ് കഴിഞ്ഞ 10 വർഷം. കേന്ദ്ര സർക്കാറിനെതിരായ സമരം പോലും വസ്ത്രം ചുളിയാത്ത വിധം കാട്ടിക്കൂട്ടലുകളായിരുന്നു.

ധനവിനിമയ വ്യതിയാനങ്ങൾ

ഭരണത്തിലിരിക്കുമ്പോൾ പാർട്ടിക്ക് വേണ്ടിയുള്ള ഫണ്ട് പിരിവിന് ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്ന ചില അടവ് മാർഗങ്ങളുണ്ട്. ഫണ്ട് പിരിവിൻറെ സമർദ്ദ തന്ത്രങ്ങൾ പരിണമിച്ച് ബിനാമി ശൈലിയിലെത്തുന്നതും അത് ചിലരുടെ പോക്കറ്റിലെത്തുന്നതും വൈവിധ്യ കഥകളാണ്. പയ്യന്നൂരിൽ കുഞ്ഞിക്കൃഷ്ണൻറെ സ്ഥാനാർഥിത്വം ഫണ്ട് പിരിവ് വഴിയിലെ ആദ്യത്ത വിവാദമല്ല. വി.എസ്​. അച്യൂതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫാരിസ്​ അബൂബക്കറുമായി ബന്ധ​പ്പെട്ട വിവാദങ്ങൾ ഉയർന്നത്​ കേരള രാഷ്​ട്രീയത്തിലെ കോളിളക്കമായിരുന്നു. വി.എസ്​-പിണറായി ചേരിപ്പോര് ഒരു വേള ഈ അജണ്ട കേന്ദ്രീകരിച്ചായിരുന്നു. ഫാരിസ്​ അബൂബക്കർ ഡയരക്ടറായ പത്രം അന്ന്​ പിണറായി വജയ​ന്റെ മുഖപത്രം പോലെയുള്ള ​സ്​റ്റോറികൾ പ്രസിദ്ധീകരിച്ചത് തൊട്ട് ‘വെറുക്കപ്പെട്ടവൻ’ പരാമർശം വരെ ഉയർന്നിരുന്ന കാലമായിരുന്നു അത്.

മറ്റൊരു അബ്കാരിയുടെ ചിത്രത്തോടു കൂടിയ പരസ്യം പ്ലീനത്തിന് ആശംസ അർപ്പിച്ചു പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം പാർട്ടി മുഖപത്രത്തിൽ കത്തിപ്പടർന്നത്​ 2019ലാണ്​. ലാവ്​ലിൻ കേസിൽ ഉയർന്ന കമ്മീഷൻ വിവാദത്തിന്​ യഥാർഥത്തിൽ പാർട്ടി ഫണ്ടി​ൻറയും പാർട്ടിക്ക്​ മേൽകൈവരുന്ന ആതുരസേവന കേന്ദ്രത്തി​ന്റെയും പിന്നണി സ്വരമുള്ളത്​ കൊണ്ട്​ പിണറായി വിജയൻ എന്ന വ്യക്​തിക്കെതിരായിട്ടും അത്​ ചെറുത്ത്​ നിൽക്കാൻ കരുത്ത്​ ലഭിച്ചു.

മുഖ്യമന്ത്രിയുടെ മകൾക്ക് മുമ്പെ മുൻനിര നേതാക്കളായ കോടിയേരി, എംവി. ഗോവിന്ദൻ, പി.കെ ശ്രീമതി തുടങ്ങിയ പലരുടേയും മക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിവാദമായിട്ടുണ്ട്. ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ കുത്തിപൊക്കിയത് പാർട്ടിയിൽ ഒരു വിഭാഗം തന്നെയായിരുന്നു. പയ്യന്നൂരിലെ ധനകാര്യ വിവാദം കുഞ്ഞികൃഷ്ണൻ അക്കമിട്ട് നിരത്തുന്നുണ്ട്. ഒരുമിച്ചുറങ്ങിയവനേ രാപ്പനി അറിയൂ എന്ന ചൊല്ല് ഈ വിഷയത്തിൽ ചേർത്ത് വെച്ചാൽ മതി. പയ്യന്നൂരിലെ വർഗ്ഗ വഞ്ചകനെക്കുറിച്ച് ജില്ലാ സെക്രട്ടറി ഫേസ്ബുക്കിൽ എഴുതിയ ആരോപണത്തിന് കുഞ്ഞികൃഷ്ണൻ നൽകിയ വിശദീകരണം വായടപ്പൻ മറുപടിയാണ്.

ഗൗരിയമ്മയായ ശൈലജയും സുശീലയോളം വലുതായ ശ്യാമളയും

ഇത്തവണത്തെ നിയമസഭ സ്ഥാനാർഥി പട്ടിക പാർട്ടിയിലെ ഉരുൾപൊട്ടലായി മാറിയത് ബൂർഷ്വാ പാർലമെൻററി വ്യതിയാനങ്ങൾ എന്ന പാർട്ടി നിഘണ്ടുവിലെ പദാവലി തന്നെ തിരിഞ്ഞു കുത്തുന്ന വിധമാണ്. കണ്ണൂർ പാർട്ടി ഇന്ത്യയിലെ സി.പി.എം സംഘടനാ മേനിയിലെ അലങ്കാരവും അഹങ്കാരവുമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കുടുതൽ അംഗങ്ങൾ, കേഡറുകൾ, ഭൗതിക വിഭവങ്ങൾ, കരുത്തുറ്റ നേതൃനിര തുടങ്ങിയ ബഹുമുഖ മേൻമ ഉയർത്തി പിടിക്കുന്ന ജില്ലയാണ് കണ്ണൂർ. അവിടെ നിന്നാണ് സ്ഥാനാർഥി നിർണ്ണയ ജില്ലാ യോഗത്തിൽ അധ്യക്ഷനായ ആൾ തന്നെ ഇറങ്ങി വന്ന് പാർട്ടിക്കെതിരെ മൽസരിക്കാൻ തീരുമാനിച്ചത്. ഇത് സംസ്ഥാന വ്യാപകമായ പ്രവണതയാണെന്ന് ജി. സുധാകരൻന്റെതുൾപ്പെടെയുള്ള എതിർശബ്ദത്തിൽ നിന്ന് വ്യക്തമാണ്. ചിലർ അടക്കിപ്പിടിച്ച് നിൽക്കുന്നു എന്നതിൻറെ സാക്ഷ്യമാണ് തലശ്ശേരിയിൽ പി. ശശി പരിഗണിക്കപ്പെടാതെ പോയതും, ശൈലജ ടീച്ചർ കെ.പി.സി.സി പ്രസിഡൻറിനെതിരെ മത്സരിക്കാൻ നിയോഗിക്കപ്പെട്ടതും.

ഒന്നാം പിണറായി സർക്കാർ പിരിയുമ്പോൾ മന്ത്രിസഭയിലെ ഗ്ലാമർ ഗ്രാഫ് കെ.കെ ശൈലജയുടെ നെറ്റിയിൽ ആയിരുന്നുവല്ലൊ. മന്ത്രിസഭയിലെ രണ്ടാം കാരക്ടർ എന്നൊരു ഇമേജ് മഹിളാ പ്രസ്ഥാന നിരയിൽ പുകഞ്ഞു നിൽക്കുമ്പോഴാണ് രണ്ടാം മന്ത്രിസഭയിൽ ‘മുച്ചൂടും പുതുമുഖം വേണം’ എന്ന തത്വം പാർട്ടി സ്വീകരിച്ചത്. സത്യത്തിൽ ഈ തത്വം ശൈലജ ടീച്ചറെ ഗൗരിയമ്മയോളം പാതാളത്തിൽ താഴ്ത്താനുള്ളതാണെന്ന് മനസ്സിലിരിപ്പ് അറിയുന്നവർക്കേ തിരിച്ചറിയാനായിരുള്ളൂ. നിയമസഭയിലേക്ക് മറ്റാർക്കും കിട്ടാത്തത്ര ഭൂരിപക്ഷത്തിന് മട്ടന്നൂരിൽ വിജയിച്ച (60963) ശൈലജയെ മാത്രം രണ്ടാം മന്ത്രിസഭയിൽ നിലനിർത്തണം എന്ന് ചിന്തിച്ചവർ പാർട്ടിയിലുണ്ട്. എന്നാൽ, അതല്ല സംഭവിച്ചത്.

സ്ത്രീപദവി വാനോളം പ്രസംഗിക്കുന്ന പാർട്ടി, സ്ത്രീ മുഖ്യമന്ത്രി വേണമെന്ന് ചിന്തിച്ചിരുന്ന കാലത്തെ നൈപുണ്യമായിരുന്നു ഗൗരിയമ്മ. മന്ത്രിയായ ശൈലജയുടെ ഗ്രാഫ് അത്രത്തോളമല്ലെങ്കിലും മഹിളാ പ്രസ്ഥാനത്തിൽ ശൈലജയോളം നേതൃപാടവമുള്ള മറ്റൊരാൾ ഇല്ല.


കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജയെ വടകരയിൽ തോറ്റുവരാൻ വിട്ടത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് വീണ്ടും നിയമ സഭയിലേക്ക് പൊരുതി നോക്കാൻ വിട്ടിരിക്കുന്നത്. ഒരിക്കൽ മത്സരിച്ചു തോറ്റയാളെ വീണ്ടും പരീക്ഷണ മത്സരത്തിനിറക്കുക എന്ന പാർട്ടിയുടെ അപൂർവ നടപടി ശൈലജയുടെ പാലിമെൻററി ജീവിതത്തിൽ തന്നെ ഒരു പരീക്ഷണമാണ്.

സി.പി.എമ്മിൽ പാർലമെൻററി രാഷ്ട്രീയത്തിൽ ചില ലക്ഷ്മണ രേഖകളുണ്ട്. 1967ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.കെ. നായനാർ, 1971ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കാസർകോട് രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റതിന് ശേഷം പാർലമെൻററി രാഷ്ട്രീയത്തിൽ കടന്നുവരാൻ പെട്ടപാട് എം.വി. രാഘവൻ തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 1972ൽ ആദ്യമായി സംസ്ഥാന സെക്രട്ടറിയായും 1992ൽ പൊളിറ്റ് ബ്യൂറോവിലും എത്തിയ ശേഷമേ നായനാർക്ക് മത്സരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

1974-ലെ ഇരിക്കൂർ ഉപതിരഞ്ഞെടുപ്പ് ആലോചിക്കാൻ പാർട്ടി കമ്മിറ്റി ചേരുംമുമ്പ് നായനാർ തന്നോട് കമ്മിറ്റിയിൽ തന്റെ സ്ഥാനാർഥിത്വം ഉന്നയിച്ച് തീരുമാനിപ്പിക്കണം എന്ന് അഭ്യർഥിച്ച കാര്യം എം.വി. രാഘവൻ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. അതായത് ഓരോ ’വക്കാലത്തുകൾ’ ആണ് ചില തീരുമാനങ്ങൾ ആവാറ് എന്ന് ചുരുക്കം. തളിപ്പറമ്പിൽ ശ്യാമള ടീച്ചർ സ്ഥാനാർഥി ആയത് മറ്റൊരു സമ്മർദവും കൊണ്ടല്ല, സ്വാഭാവികമായി മാത്രമാണ് എന്ന് വിശദീകരിക്കപ്പെടുമ്പോൾ പൂർവകാല അനുഭവം അറിയുന്നവർക്ക് ദഹിക്കുകയില്ല. മഹിളാ അസോസിയേഷൻ രംഗത്ത് ശ്യാമളയെക്കാൾ മികച്ചു നിൽക്കുന്ന സുകന്യയുടെ പേര് അവഗണിച്ചത് മുൻ എം.എൽ.എ ജെയിംസ് മാത്യുവിന്റെ ഭാര്യയായിപ്പോയത് കൊണ്ടാണെന്ന വാദം ഇതോടെ പൊളിഞ്ഞു.

പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി ആയിരിക്കെ ബൃന്ദ കാരാട്ട് പി.ബിയിലെത്തിയതും, എ.കെ.ജി പി.ബിയിൽ പ്രവർത്തിക്കുമ്പോൾ സുശീലാ ഗോപാലൻ മത്സരിച്ചതും, ടി.വി. തോമസും ഗൗരിയമ്മയും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലിരുന്നതും, എ.വി. കുഞ്ഞമ്പു, ഇ ബാലാനന്ദൻ, ബി.ടി.ആർ എന്നിവരൊന്നും അവരുടെ പങ്കാളികളെ തടയാതിരുന്നതും തളിപ്പറമ്പിലെ ശ്യാമളയുടെ നിയോഗത്തിന് ന്യായമാണ്. പക്ഷെ, പല ന്യായങ്ങളും മറ്റു ചിലരുടെ വിഷയത്തിൽ അന്യായമാവുന്ന പ്രവണതകളുടെ ആവർത്തനമാണ് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ പാർലമെന്ററി വ്യതിയാന ചർച്ചയും തെറ്റ് തിരുത്തൽ രേഖയുമൊക്കെ തികട്ടി വരുന്നത്.

Tags:    
News Summary - cpm and bourgeois parliamentary deviations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.