ആ സമയം സമാഗതമായി

ലോകകപ്പിന്റെ സമാരംഭ വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ഖത്തറിലെ സൗധങ്ങളും കോർണിഷും ഗ്രാമങ്ങളും വിവിധ രാജ്യങ്ങളുടെ പതാകകളാൽ അലങ്കൃതമായിക്കഴിഞ്ഞു. പൊതുഇടങ്ങളിൽ ഉയർത്തപ്പെട്ട ലോകകപ്പ് ചിഹ്നമായ 'ലഈബ്' ലോകത്തെ അഭിവാദ്യം ചെയ്തു കൊണ്ടിരിക്കുന്നു.

ഇവിടത്തെ പൗരസഞ്ചയവും പ്രവാസി സമൂഹവും തുറന്ന ഹൃദയത്തോടെ തങ്ങളുടേതായ ശൈലിയിൽ അഭിവാദ്യം ആവിഷ്‍കരിച്ചുകൊണ്ടിരിക്കുന്നു. ഈ ലോകകപ്പ് തീർത്തും വ്യത്യസ്തമായൊരു അനുഭവമായിരിക്കണമെന്ന് അവർക്ക് ശാഠ്യമുണ്ട്.

അന്ന് ദോഹയിൽ ആ അനുഗൃഹീത നിമിഷത്തിന് സാക്ഷിയായവരെല്ലാം ആ മനോഹരചിത്രം ഓർക്കുന്നുണ്ടാവും! ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അനുമതി ഖത്തറിനു ലഭിച്ച സ്വപ്നതുല്യമായ സന്ദർഭത്തിൽ അൽ അമീർ അൽ വാലിദ് ഖത്തറിന്റെ നാമം ഉയർത്തിപ്പിടിച്ച നിമിഷം! ലോകകപ്പ് ഒരു അറബ് ദേശത്ത് നടക്കാനുള്ള 'സമയം സമാഗതമായിരിക്കുന്നു'വെന്ന് ബഹുമാനപ്പെട്ട ശൈഖ മൗസ ബിൻത് നാസർ അൽ-മുസ്നദ് മൊഴിഞ്ഞ നിമിഷം!

അതെ, നാം നമ്മെ ഏവരെയും പരിചയപ്പെടുത്താൻ സമയമായിരിക്കുന്നു. അറബ് - ഇസ്‍ലാമിക ചൈതന്യം തുടിക്കുന്ന തീർത്തും വ്യതിരിക്തമായൊരു അനുഭവം സമ്മാനിക്കാൻ സമയമായിരിക്കുന്നു. ലോകത്തെ സ്നേഹത്തോടെ.

ഇഷ്ടത്തോടെ.. സമാധാനത്തോടെ.. വരവേൽക്കാൻ സമയമായിരിക്കുന്നു. ഈ നാട്ടിൽ അതിഥിയായെത്തുന്ന അപരിചിതന് നാമോരോരുത്തരും ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിക്കാൻ സമയമായിരിക്കുന്നു. ഇരിപ്പിടങ്ങൾക്കു വിശാലത കൂട്ടിയും വഴിമാറിക്കൊടുത്തും ഒരു ചെറു നന്മയെങ്കിലും അനുഷ്ഠിക്കാൻ സമയമായിരിക്കുന്നു.

ഭൂഗോളത്തിലെ മനുഷ്യരെല്ലാം ഒന്നാണെന്ന ബോധ്യത്തിന് ചെറു മാതൃകയെങ്കിലും സൃഷ്ടിക്കാൻ സമയമായിരിക്കുന്നു. നാമെല്ലാവരും ഭൂമിയിൽ നാഗരിക നിർമാണം നടത്താനും സമാധാനം സ്ഥാപിക്കാനുമുള്ള കൂട്ടുയാത്രയിലാണെന്ന് മനസ്സിലാക്കാൻ സമയമായിരിക്കുന്നു. പരസ്പര സംഭാഷണവും അന്യോന്യമുള്ള കൊടുക്കൽവാങ്ങലുകളും ഉൾക്കൊള്ളലുമാണ് അതിനുള്ള വഴി.

വാഗ്ദാനം പുലരുന്ന വ്യതിരിക്തമായൊരു അനുഭവത്തിനു മുമ്പാകെയാണ് നാം. നാമൊന്നിച്ചനുഭവിക്കാനിരിക്കുന്ന ചരിത്രത്തിന്റെ അധ്യായങ്ങൾക്ക് കർമസാക്ഷ്യം നൽകാനൊരുങ്ങുകയാണ് നാം. നമ്മുടെ മക്കളും പേരമക്കളും ഇനി ആ ചരിത്രം പറയും.. ഖത്തറിൽ മാത്രമല്ല - എല്ലാ അറബ് ദേശങ്ങളിലും.

ഖത്തറിന്റെ അതിഥികൾ മുഴുവൻ അറബ് ദേശങ്ങളുടെയും അതിഥികളാണ്. ഖത്തർ അമീർ ശൈഖ് തമീം അക്കാര്യം വ്യക്തമായി പ്രഖ്യാപിച്ചതാണ്: "ഇതാദ്യമായി ഒരു അറബ് - മുസ് ലിം രാജ്യത്ത്.. മധ്യപൗരസ്ത്യ ദേശത്ത്.. സംഘടിപ്പിക്കപ്പെടുന്ന ഈ ലോകകപ്പിൽ ചെറുതും ഇടത്തരവുമായൊരു രാഷ്ട്രത്തിന് ആഗോള മത്സര മേളകൾക്ക് അനന്യവും വിസ്മയകരവുമായ വിജയാരവങ്ങളോടെ ആതിഥേയത്വമേകാൻ കെൽപ്പുണ്ടെന്ന് ലോകം തിരിച്ചറിയും.

വ്യത്യസ്ത ജനസമൂഹങ്ങൾക്കിടയിൽ സമ്പർക്കത്തിനും വൈവിധ്യാവിഷ്‍കരണത്തിനുമുള്ള സർഗാത്മകയിടം നൽകാൻ അവക്ക് കരുത്തുണ്ടെന്ന് ലോകത്തിന് ബോധ്യമാവും!" അതിനാൽ, നാമിപ്പോൾ കാണുന്ന വിശിഷ്ടമായ പ്രതികരണങ്ങളിൽ തരിമ്പ് അത്ഭുതമില്ല. ആ രാഷ്ട്രങ്ങളെല്ലാം അവരുടെ സ്നേഹവും ഇഷ്ടവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.

'റൂഹുശ്ശർഖ് ക്വയർ' ഗായകസംഘം കൈറോയിൽനിന്ന് ''ഹലാ ബികും വല്ലാഹു ഹയ്യിഹിം..'' ഗാനമാലപിക്കുന്നു. വെർച്വലിടം നിറച്ച് തങ്ങളുടെ മധുരശബ്ദം ദോഹയിലെത്തിക്കുന്നു. യമനിൽ നിന്ന് അതേ സ്വരം സവിശേഷ മാധുര്യത്തോടെ വന്നണയുന്നു..

രാജ്യത്തെ പ്രവാസി സമൂഹങ്ങൾ, വിശിഷ്യാ ഇന്ത്യൻ സമൂഹം, സ്നേഹസന്തോഷങ്ങൾ പ്രകടിപ്പിച്ചും ആവേശപ്പാട്ടുകൾ പാടിയും അതു തന്നെ ആവിഷ്‍കരിച്ചു. അവരെല്ലാം ഖത്തറും അവിടത്തെ സ്വദേശികളും പ്രവാസികളുമടങ്ങിയ സമൂഹവും തമ്മിലുള്ള ഐക്യവും മാനുഷിക സാഹോദര്യവും പ്രകാശിപ്പിക്കുകയായിരുന്നു. നമ്മുടെ അറബ് - ഏഷ്യൻ സഹോദരങ്ങൾ ഇപ്പോഴും തങ്ങളുടെ സാസ്കാരിക ആവിഷ്കാരങ്ങൾ ഏറ്റവും ഉദാത്ത രൂപത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു.

പടച്ചവനേ, ഈ സ്നേഹപ്രകടനത്തിന്.. ഈ സമർപ്പണത്തിന് അവർക്ക് നീ അനുഗ്രഹമേകേണമേ. അവരെ കാത്തുരക്ഷിക്കേണമേ.. നാഥാ നന്മ കുതിർന്ന ഈ മണ്ണിന് നീ അനുഗ്രഹം ചൊരിയേണമേ.. അവസാനമായി പറയട്ടെ: ഖത്തർ ദേശമേ.. നിന്റെ കൂടെ സ്രഷ്ടാവായ നാഥനുണ്ട്. "സുകൃതം ചെയ്യുന്ന ആരുടെയും പ്രതിഫലം നാം പാഴാക്കില്ല" എന്നത് നാഥന്റെ വാഗ്ദാനമാണല്ലോ. ഈ അനുഗൃഹീത മണ്ണിന്റെ ഭാവി വിജയവും വിശിഷ്ടതയും നിറഞ്ഞതാവുമെന്നത് നമ്മുടെ ദൃഢവിശ്വാസമാണ്.

Tags:    
News Summary - count down starts-the opening whistle of the World Cup is just hours away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.