കർഷക സമരഭൂമിയിൽ എംഎസ്​സി നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ നിന്ന്​

കർഷക സമരഭൂമിയിലേക്ക്​ വരൂ, സമരജീവിയാകുന്നത് എത്രമാത്രം അഭിമാനകരമെന്ന്​ മനസ്സിലാക്കാം

കർഷക സമരഭൂമിയിലെത്തണമെന്ന് ആഗ്രഹിക്കാൻ എനിക്ക്​ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്-കാർഷിക ബില്ലുകൾക്കെതിരെ നടക്കുന്ന ഈ സമരം കേവലം കർഷകർക്കു വേണ്ടി മാത്രമുള്ളതല്ല, ഈ രാജ്യത്തിനു വേണ്ടിയുള്ളതാണെന്ന ബോധ്യമാണ്. നൂറു ശതമാനം ന്യായമായ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമരത്തിനൊപ്പം നിൽക്കേണ്ടത് മാതൃരാജ്യത്തിന്‍റെ നന്മ കാംക്ഷിക്കുന്ന ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണ്. എനിക്ക് ഭക്ഷണം നൽകുന്ന കർഷകർക്കു ചികിത്സ നൽകാൻ ലഭിക്കുന്ന അവസരം സന്തോഷത്തോടെ സ്വീകരിക്കുകയെന്നത് ഡോക്ടർ എന്ന നിലയിൽ എന്‍റെ കടമയാണ്.

രണ്ട്- ഒരു കാർഷിക കുടുംബത്തിലെ മൂന്നാം തലമുറയാണ് ഞാൻ. അച്ഛന്‍റെയും അമ്മയുടെയും രക്ഷിതാക്കൾ കൃഷിക്കാരായിരുന്നു. അതുകൊണ്ട് ഈ സമരത്തിന്‍റെ ഭാഗമാകുന്നത് കുടുംബത്തിനൊപ്പം നിൽക്കുന്നതു പോലെയാണ്. അതുകൊണ്ട് കർഷക സമരഭൂമിയിലെത്തുകയെന്നത് ഒരു ഉത്തരവാദിത്തമായിരുന്നു. എനിക്കതിന് അവസരം ലഭിച്ചു; ഞാനത് സ്വീകരിച്ചു.

അഞ്ചു വർഷം വേണമെങ്കിലും സമരം ചെയ്യുമെന്നത്​ ഊറ്റംപറച്ചിലല്ല

മെഡിക്കൽ സർവിസ് സെന്‍റർ (എംഎസ്​സി) എന്ന സംഘടനയുടെ വളണ്ടിയറായാണ്​ സിംഘു-തിക്രി ബോർഡറുകളിലെത്തുന്നത്. നവംബർ 28 മുതൽ തന്നെ അവിടെ എംഎസ്​സിയുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പൊലീസ് ആക്ഷനിൽ പരിക്കേറ്റവരെ ചികിത്സിക്കാനാണ് എംഎസ്​സിയുടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആദ്യസംഘം ഇവിടെയെത്തുന്നത്. അവർക്ക് ഇരിക്കാനുളള കസേരയും മേശയും തന്നത് കർഷകരാണ്. പിന്നീട് അവർ പ്രധാന സ്​റ്റേജ് നിർമിച്ചപ്പോൾ അതിനുപിന്നിലായി ഒരു ചെറിയ ടെന്‍റ്​ മെഡിക്കൽ ക്യാമ്പിനായി നൽകി. അത് ഞങ്ങളുടെ ബേസ് ക്യാമ്പായി പ്രവർത്തിച്ചുവരുന്നു. കൂടാതെ മൊബൈൽ മെഡിക്കൽ യൂനിറ്റുകളായി ട്രാക്ടറുകളിലും മറ്റും സന്ദർശനം നടത്തും. സമരഭൂമിയിൽ അധികവും 50 വയസ്സിലധികമുള്ള കർഷകരാണെന്നതിനാൽ പലരും പ്രമേഹം, പ്രഷർ, തൈറോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. പലർക്കും മരുന്നുകൾ മുടങ്ങിയിട്ടുണ്ട്. കാലാവസ്ഥയും വളരെ മോശമാണ്. രണ്ട് ഡിഗ്രി വരെ താപനില താഴ്ന്നു. ഇതെല്ലാം കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അലർജിക് പ്രശ്നങ്ങളും വ്യാപകമാണ്.

രാവിലെ ഒമ്പതര മുതൽ വൈകുന്നേരം അഞ്ചര വരെ മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. കർഷകരെ കൂടാതെ സാമൂഹിക പ്രവർത്തക മേധാ പട്കർ, നടനും ടി.വി അവതാരകനുമായ സുശാന്ത് സിങ്​ (സാവ്​ധാൻ ഇന്ത്യ ഫെയിം), ഉത്തരഖണ്ഡിലെ പ്രശസ്തനായ കവി ബല്ലി സിങ്​ ചിന്മ എന്നിവരും മെഡിക്കൽ ക്യാമ്പിലെത്തിയിരുന്നു. കർഷക സമരത്തെ തടയാനായി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരും ഇടയ്ക്ക് ചികിത്സ തേടിയെത്തിയിരുന്നു. എംഎസ്​സിയുടെ മെഡിക്കൽ ക്യാമ്പ് കൂടാതെ ഒരു പഞ്ചാബി സന്നദ്ധ സംഘടനയുടെ എമർജൻസി യൂനിറ്റും ഒരു ദന്തൽ ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സിംഘുവിലും തിക്രിയിലുമായി ജനുവരി അഞ്ച്​ മുതൽ 17 വരെയാണ് ഞാൻ സേവനമനുഷ്​ഠിച്ചത്. താരതമ്യേന സമാധാനപരമായ അന്തരീക്ഷമായിരുന്നു അന്ന്.

കർഷക സമരഭൂമിയിൽ പ്രവർത്തിക്കുന്ന എംഎസ്​സി മെഡിക്കൽ ക്യാമ്പിൽ നിന്ന്​

ഒരു വശത്ത് 4-5 കിലോ മീറ്ററോളം കർഷകർ. മറുവശത്ത്, ബാരിക്കേഡുകൾക്കിപ്പുറം പൊലീസ്. സമരഭൂമി എപ്പോഴും സജീവമാണ്. ദേശീയപാത പതിനായിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് ജീവിക്കാവുന്ന ഒരു സംവിധാനമായി മാറുന്നത് അവിടെ കാണാം. ട്രാക്ടറുകളിലും ടെന്‍റുകളിലുമായി അവർ താമസിക്കുന്നു. ലങ്കറുകളിൽ (കമ്മ്യൂണിറ്റി കിച്ചൺ) ഭക്ഷണം പാചകം ചെയ്യുന്നു, വിളമ്പുന്നു. മൂന്ന്​ നാല്​ പ്രധാന ലങ്കറുകൾ കൂടാതെ ചായയും മറ്റും വിതരണം ചെയ്യുന്ന ചെറിയ ലങ്കറുകളുമുണ്ട്. അവിടെയെത്തുന്ന എല്ലാവർക്കും ഭക്ഷണമുണ്ട്. ഡൽഹി നഗരത്തിലെ തെരുവുകളിൽ കഴിയുന്നവരും സമീപത്തെ സാധാരണക്കാരുമെല്ലാം അവിടെ ഭക്ഷണം കഴിക്കുന്നുണ്ട്.

സമരഭൂമിയിൽ ഏകദേശം 32 കർഷക സംഘടനകളുടെ കൊടികളുണ്ട്. സമരഭൂമിയിലെ പ്രവർത്തനങ്ങൾക്ക് സംയുക്ത കിസാൻ മോർച്ച മേൽനോട്ടം നൽകുന്നു. ഓരോ നിർദേശങ്ങളും തീരുമാനങ്ങളും അറിയിപ്പുകളുമെല്ലാം എല്ലാവരിലേക്കും എത്തിക്കുന്ന ഒരു സ്വാഭാവികമായ പ്രവർത്തനം അവർ വികസിപ്പിച്ചിട്ടുണ്ട്. സമരഭൂമിയുടെ കേന്ദ്രവേദിയിൽ പ്രസംഗങ്ങളും കലാപരിപാടികളും എപ്പോഴും നടക്കുന്നുണ്ട്. സമരത്തിലുളള കർഷകരുടെ മക്കൾ പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളായവരുണ്ട്. അവർ അവിടെയൊരു ലൈബ്രറിയും ജിമ്മും തയ്യാറാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ട്രാക്ടറുകളിലും ടെന്‍റുകളിലും വായിച്ചുകൊണ്ടിരിക്കുന്ന പ്രായമായവരുൾപ്പടെയുളളവരെ കണ്ടു.

മാത്രമല്ല, ടെന്‍റുകളിലും പാട്ടുകളും ചർച്ചകളുമെല്ലാമുണ്ട്. സമരഭൂമിയിലുള്ളതിനേക്കാൾ വലിയൊരു വിഭാഗം കർഷകർ പിന്നണിയിലുണ്ട് എന്നത് വ്യക്തമാണ്. വലിയ കുടുംബങ്ങളിൽ നിന്നും പ്രതിനിധികളായി നാലോ അഞ്ചോ പേരാണ് 15 ദിവസത്തേക്ക് സമരഭൂമിയിലെത്തുക. ഗ്രാമങ്ങളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തിലാണ് അതിർത്തികളിലെത്തുന്നത്. മറ്റുള്ളവർ സമരത്തിനാവശ്യമായ വിഭവങ്ങളുടെ ഉത്പാദനവും സമാഹരണവുമായി അവരവരുടെ മേഖലകളിൽ സജീവമാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള അഞ്ചു വർഷവും സമരം ചെയ്യേണ്ടി വന്നാൽ ഞങ്ങളതിന് തയ്യാറാണെന്ന കർഷകരുടെ പ്രഖ്യാപനം വെറും ഊറ്റംപറച്ചിലല്ല. അനുദിനം കരുത്താർജ്ജിക്കുന്ന ഒരു സെൽഫ് സസ്​റ്റെയ്​നബിൾ എക്കോ സിസ്റ്റമായി അതിർത്തികളിലെ ദേശീയപാതകൾ മാറ്റിയെടുക്കാനുളള ശേഷി അവർ പ്രദർശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

ഗിമ്മിക്കല്ലെന്ന്​ മനസ്സിലാക്കാൻ ഹൃദയം മതി

സമരഭൂമിയിലെ ഏതെങ്കിലും ഒരു കർഷകനോട് സംസാരിച്ചു നോക്കൂ; നമ്മൾ വായിച്ച ഏത് ലേഖനത്തെക്കാളും വലിയ ബുദ്ധിജീവികളുടെ വിശകലനത്തേക്കാളും വ്യക്തതയോടെയാണ് അവർ കാർഷിക നിയമങ്ങളെയും വൈദ്യുതി നിയമഭേദഗതിയെയും കുറിച്ചെല്ലാം സംസാരിക്കുന്നത്. 'നമ്മുടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലച്ചു. ഒടുവിലവർ നമ്മുടെ ഭൂമിയും കോർപ്പറേറ്റുകൾക്ക് കൊടുക്കാനൊരുങ്ങുകയാണ്. ഇത് നമ്മൾ തടയേണ്ടേ?'- വളരെ കൃത്യമാണ്​ അവരുടെ ചോദ്യം. യൂനിവേഴ്സിറ്റി വിദ്യാർഥികൾ, സൈനിക സേവനം അനുഷ്ഠിക്കുന്നവർ, വിദേശത്ത് ജോലി ചെയ്യുന്നവർ തുടങ്ങി നല്ല വിദ്യാഭ്യാസമുള്ളവരുടെ രക്ഷിതാക്കൾ സമരരംഗത്തുണ്ട്. നല്ല വിദ്യാഭ്യാസമുളള, നന്നായി സംസാരിക്കുന്ന കർഷകർ ഇവിടെ ധാരാളമായുണ്ട്. അവരെല്ലാം ഈ നിയമങ്ങൾ കൃത്യമായി പഠിച്ചിട്ടുണ്ട്. കർഷക സംഘടനാ നേതാക്കൾ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും അനനുരജ്ഞന മനോഭാവവും ധൈര്യവും സമരഭൂമിയിലും പിന്നണിയിലുമുള്ള ലക്ഷക്കണക്കിന് സാധാരണ കർഷകരുടെ ബോധ്യത്തിൽ നിന്നുമുണ്ടാകുന്നതാണെന്ന് അവരോട് സംസാരിച്ചാൽ മനസ്സിലാകും.

സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാമുണ്ട് സമരഭൂമിയിൽ. ഏതു നിമിഷവും സർക്കാരിന്‍റെ ഭാഗത്ത് നിന്നും എന്ത് മ്ലേച്ഛമായ നീക്കവുമുണ്ടാകാനുളള സാധ്യതയുണ്ടെന്നവർക്കറിയാം. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലായെന്നത് തന്നെയാണ് അവരുടെയെല്ലാം തീരുമാനം. സമരഭൂമിയിൽ ജീവനൊടുക്കിയ ഒരാളുടെ ആത്മഹത്യാകുറിപ്പ് ഇങ്ങിനെയായിരുന്നു -'ഈ സമരത്തിനെ ശക്തിപ്പെടുത്താനായി എനിക്ക് നൽകാനുള്ളത് എന്‍റെ ജീവൻ മാത്രമാണ്. അത് ഞാൻ നൽകുന്നു'. എത്ര കർഷകർ ഇവിടെ പ്രതികൂലമായ കാലാവസ്ഥയിൽ മരിച്ചു? ഇത്തരം മരണം ഇനിയും സംഭവിക്കാം. ഇത്രത്തോളം ത്യാഗഭരിതമായ ജീവിതം, അനിശ്ചിതമായി നീണ്ടുപോയേക്കാവുന്ന സമരജീവിതം, ഉറച്ച ബോധ്യത്തോടെ മാത്രമേ ഒരാൾക്ക് സ്വീകരിക്കാനാകൂ. കോടികൾ സ്പോൺസർ ചെയ്ത് ഗിമ്മിക്കുകൾ ഉണ്ടാക്കാം. പക്ഷേ, ഡൽഹിയുടെ അതിർത്തികളിൽ കാണുന്നത് അതല്ല എന്നു മനസ്സിലാക്കാൻ ഹൃദയം മാത്രം മതി.

സ്ത്രീകളുടെ അധ്വാനശേഷിയെ വിലമതിക്കുന്ന ബദൽ

സമരഭൂമിയുടെ ആതിഥ്യമര്യാദ സവിശേഷമായ ഒന്നാണ്. അവിടെയെത്തുന്നവരെല്ലാം അവിടുത്തെ അതിഥികളാണ്. ബേട്ടീ, ഗുഡിയാ എന്നീ വിളികളോടെ എല്ലായ്​പ്പോഴും അവർ ഞങ്ങളുടെ സുഖവിവരങ്ങൾ ആരായും. ആശുപത്രിയിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ പലപ്പോഴും വിശന്നിരിക്കേണ്ടി വരുന്നതും ഭക്ഷണം കിട്ടാതെ വരുന്നതും മെഡിക്കൽ പ്രഫഷനിലുളളവരുടെ സ്ഥിരം അനുഭവമാണ്. എന്നാൽ, സമരഭൂമിയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഞങ്ങൾക്ക് കൃത്യമായി ഭക്ഷണവും ചായയും എത്തിച്ചുതരുവാൻ അവർ എപ്പോഴും ശ്രദ്ധിച്ചു. ഭക്ഷണം മാത്രമല്ല, ഇത്ര വലിയൊരു തണുപ്പ് ആദ്യത്തെ അനുഭവമാണ്. അതെങ്ങനെ പ്രതിരോധിക്കുമെന്നത് വലിയ വെല്ലുവിളിയായിരുന്നു. കർഷകർ അവരുടെ കമ്പിളികൾ ഞങ്ങൾക്കും നൽകി. ചിലയിടത്ത് തീകായാനുളള അവസരമുണ്ടാക്കി. സോപ്പ്, പേസ്റ്റ് എന്നിങ്ങനെ ഞങ്ങൾക്ക് അത്യാവശ്യം നിലനിന്നു പോകാനുള്ളതൊക്കെയുണ്ടോയെന്ന് അവർ അന്വേഷിക്കുമായിരുന്നു.

എന്തെങ്കിലും ചാരിറ്റി ചെയ്യുന്നുവെന്ന വിധത്തിലോ ഞാനാണിതെല്ലാം നിങ്ങൾക്ക് തരുന്നതെന്ന മനോഭാവത്തിലോ അല്ല അവരത് ചെയ്യുന്നത്. അതവരുടെ കടമയാണെന്ന വിധത്തിലാണ്. സമരം ചെയ്യുന്നവരും അവർക്ക് വിഭവങ്ങൾ എത്തിക്കുന്നവരും പാചകം ചെയ്യുന്നവരും സ്റ്റേജിൽ പരിപാടികൾ നിയന്ത്രിക്കുന്നവരും ഞങ്ങൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘവുമെല്ലാം അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നു എന്ന വിധത്തിലാണ് അവരുടെയെല്ലാം മനോഭാവം. ആത്മാഭിമാനത്തോടെയുളള രാജ്യസേവനമെന്നത് പരിപൂർണ്ണതയിൽ അനുഭവേദ്യമായത് ഇവിടെയാണ്. മറ്റൊന്ന് സമരഭൂമിയുടെ വൃത്തിയാണ്. പതിനായിരക്കണക്കിനാളുകൾ ജീവിക്കുന്ന, അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത 4-5 കിലോമീറ്റർ ദേശീയപാതയിലൊരിടത്തും മാലിന്യം കാണാനാവില്ല. കൃത്യമായ മാലിന്യസംസ്കരണം സമരഭൂമിയിലെ ഓരോത്തരുടെയും ഉത്തരവാദിത്തമാണ്. അവരത് കൃത്യമായി ചെയ്യുന്നു. സമരഭൂമിയുടെ ചിട്ടയും സംസ്കാരവും കൃത്യമായും പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷമാണുളളത്.

ഇടയ്ക്ക് ചില ദിവസങ്ങളിൽ കനത്ത മഴയായിരുന്നു. വെള്ളക്കെട്ടുകളുണ്ടാകുകയും ടെന്‍റുകളുൾപ്പടെ എല്ലാം നനഞ്ഞ് മോശമാകുകയും ചെയ്തു. പക്ഷേ, കർഷകർ വളരെപ്പെട്ടന്ന് കൂട്ടായ അധ്വാനത്തിലൂടെ എല്ലാം പൂർവസ്ഥിതിയിലാക്കി. പ്രതികൂലമായ കാലാവസ്ഥയെ നേരിട്ട്കൊണ്ട് വിളവുകൾ സംരക്ഷിക്കുന്ന അതേ ഉത്സാഹത്തോടെ അവർ സമരഭൂമിയും സംരക്ഷിക്കുന്നതായി കണ്ടു. ഇതിലെല്ലാം ഉപരിയായി ഈ സമരഭൂമി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഓർമ്മപ്പെടുത്തുന്ന ഗാനങ്ങളും മുദ്രാവാക്യങ്ങളും ഇടയ്ക്കിടയ്ക്ക് കേൾക്കാം. ജനുവരി 23ന്​ നേതാജി സുഭാഷ് ചന്ദ്രബോസ് ആചരണത്തിനുളള തയ്യാറെടുപ്പുകൾ അവിടെ കണ്ടു.

കർഷക സമരഭൂമിയിൽ എംഎസ്​സി നടത്തുന്ന മെഡിക്കൽ ക്യാമ്പ്​ മേധ പട്​കർ സന്ദർശിച്ചപ്പോൾ

പഞ്ചാബിൽ നിന്നുളള കർഷകരെ സംബന്ധിച്ചിടത്തോളം ഭഗത്​ സിങ്​ അവരുടെ ഊർജസ്രോതസ്സാണ്. ഞങ്ങൾ ഭഗത്​ സിങിന്‍റെ പിന്മുറക്കാരാണെന്ന് വളരെ അഭിമാനത്തോടെയാണ് അവർ പറയുന്നത്. ദിനാചരണങ്ങൾക്കും അവിടെ വലിയ പ്രസക്തിയുണ്ട്. വനിതാ കർഷക ദിനത്തിന്‍റെ തയ്യാറെടുപ്പുകൾ അതാണ് കാണിച്ചുതന്നത്. റിപ്ലബിക്ക്ദിന ട്രാക്ടർ പരേഡിൽ വനിതകളുടെ പ്രാതിനിധ്യമുണ്ടായത് വെറും പ്രദർശനപരതയല്ല, കർഷകർ നൽകുന്ന രാഷ്ട്രീയ സന്ദേശമാണെന്ന് സമരഭൂമിയിൽ നിന്നും മനസ്സിലാകും. സ്ത്രീകളുടെ അരക്ഷിതമായ ഇന്ത്യയല്ല, മറിച്ച് സ്ത്രീകളുടെ അധ്വാനശേഷിയെ വിലമതിക്കുന്ന ഒരു ബദലാണ് കർഷകസമരം മുന്നോട്ടുവെയ്ക്കുന്നത്.

പഞ്ചാബിൽ നിന്നും പ്രൈമറി വിദ്യാർഥികളായ രണ്ട് കുഞ്ഞുങ്ങളുമായി സ്കൂട്ടറോടിച്ചു വന്ന ഹർപ്രീത് കൗർ എന്ന കർഷകസ്ത്രീയെ അവിടെ പരിചയപ്പെട്ടു. എന്‍റെ ഈ പ്രവൃത്തി മറ്റുള്ളവർക്ക് പ്രചോദനമാകുവാൻ ഞാനഗ്രഹിക്കുന്നുവെന്നാണ് അവർ ഈ യാത്രയെ കുറിച്ച് പറഞ്ഞത്. ഈ ദിവസങ്ങളിലത്രയും സമരഭൂമിയിൽ കഴിഞ്ഞിട്ടും ആയിരക്കണക്കിനാളുകളുമായി ഇടപെട്ടിട്ടും നോക്കുകൊണ്ടു പോലും ഔചിത്യമില്ലാത്ത പെരുമാറ്റം എവിടെ നിന്നുമുണ്ടായിട്ടില്ല. മറിച്ച് ക്ഷേമവിവരം അന്വേഷിക്കുന്നവർ, അസുഖം മാറിയെന്ന് പറയാനെത്തുന്നവർ തുടങ്ങി സ്നേഹമുള്ള നിരവധി മുഖങ്ങൾ കാണുവാനായി. ഒരു വനിതാ ഡോക്ടറെന്ന നിലയിൽ അഭിമാനകരമായ, നിർഭയമായ പ്രവർത്തനമേഖലയായിരുന്നു കർഷക സമരഭൂമി.

അതിർത്തികളിലെയും ഡൽഹിയിലെയും ജനങ്ങൾ നല്ല പിന്തുണയാണ് കർഷകർക്ക് നൽകുന്നത്. മറിച്ചുളള പ്രചാരണങ്ങൾ വ്യാജമാണ്. സിംഘുവിലെ ഒരു മാളിലെ ടോയ്​ലറ്റുകൾ കർഷകർക്കായി അതിന്‍റെ ഉടമ തുറന്നു നൽകിയിരിക്കയാണ്. പ്രദേശവാസികളായ നിരവധി വിദ്യാർഥികൾ മെഡിക്കൽ ക്യാമ്പിൽ സന്നദ്ധ പ്രവർത്തകരായി വന്നിരുന്നു. സമീപത്തുള്ള ഒരു പ്രാദേശിക സംഘടനയുടെ ഓഫിസായി പ്രവർത്തിച്ചിരുന്ന ഹാളും ടോയ്​ലറ്റുകളും മെഡിക്കൽ സംഘത്തിലുളളവരുടെ ഉപയോഗത്തിനായി അവർ വിട്ടുതന്നു. മെഡിക്കൽ സംഘത്തിലെ വനിതകൾക്കായി പിന്നീട് രണ്ട് കിലോമീറ്റർ അകലെ ഒരു ചെറിയ താമസ സൗകര്യം തരപ്പെട്ടു. ഇവിടെ നിന്നും എന്നും രാവിലെ നടന്നാണ് ബേസ് ക്യാമ്പിലെത്തിയിരുന്നത്. സമരഭൂമിയിലേക്ക് പോകുന്നവരെന്ന നിലയിൽ വളരെ സ്നേഹത്തോടെയാണ് നാട്ടുകാർ ഞങ്ങളെ കണ്ടത്.

ശനിയും ഞായറുമുൾപ്പടെയുളള അവധി ദിവസങ്ങളിൽ സമരം കാണുവാനായി ഡൽഹി നഗരത്തിൽ നിന്നുമെത്തുവരുടെ തിരക്കും അനുഭവപ്പെട്ടിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലും ദാരിദ്ര്യത്തിലുമായ ധാരാളം പ്രദേശവാസികൾക്ക് അന്നമൂട്ടുന്നയിടങ്ങൾ കൂടിയാണ് സമരഭൂമിയിലെ ലങ്കറുകൾ.

ഏതാനും മാസം മുമ്പ്​ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, ഭക്ഷണവും വെള്ളവുമില്ലാതെ നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ നടന്നു തളർന്നു വീഴുകയും മരിക്കുകയും ചെയതത് ഈ ദേശീയപാതകളിലാണ്. അവിടെയാണ് ഇന്ന് കർഷകർ വിശന്നെത്തുന്ന ഓരോത്തരുടെയും വയറും മനസ്സും നിറയ്ക്കുന്നത്. ഇതാണ് കർഷക സമരഭൂമിയിലെ അനുഭവങ്ങൾ. സമരജീവിയെന്നൊക്കെ വിളിച്ചു പരിഹസിക്കാം. പക്ഷേ, സമരജീവിയാകുന്നത് വളരെ മനോഹരമായ, അഭിമാനകരമായ പ്രവൃത്തിയാണെന്ന് കർഷക സമരഭൂമി പഠിപ്പിക്കും.

(ഡോ. നിഖില മുരളി എറണാകുളം സ്വദേശിയാണ്. പശ്​ചിമ ബംഗാളിലെ ബാംഗുഡാ മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷം കൽക്കട്ട ഹാർട്ട് ക്ലിനിക് ആൻഡ്​ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. 2018ലെയും 2019ലെയും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ നിരവധി മെഡിക്കൽ ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കൽക്കട്ട പാർക്ക് സർക്കസിലെ സമരരംഗത്ത് സജീവമായിരുന്നു. മെഡിക്കൽ സർവിസ് സെന്‍റർ എന്ന സന്നദ്ധ സംഘടനയുടെ അംഗമാണ്)

News Summary - A lady doctor describes experiences in farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.