ഗോള്‍വാള്‍ക്കര്‍ക്ക് വേണ്ടാത്ത പൊതു സിവില്‍കോഡ്

പൊതുസിവില്‍കോഡിനെക്കുറിച്ച് നിയമ കമീഷന്‍ പൊതുജനാഭിപ്രായം തേടിയതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചക്ക് വിധേയമായിരിക്കുകയാണ്. സുപ്രീംകോടതി, നിയമ കമീഷന്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിങ്ങനെ ത്രിതലത്തിലുള്ള ഇടപെടലാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസില്‍ വിധി പറയുന്നതിനിടെ മുസ്ലിം വ്യക്തിനിയമത്തെ പിന്‍പറ്റുന്ന സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനത്തെ അടിസ്ഥാനമാക്കി സുപ്രീംകോടതി സ്വയം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുത്തലാഖ് നിരോധിക്കണമെന്ന ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍െറപൊതുതാല്‍പര്യ ഹരജിയും ശാഇറ ബാനുവിന്‍െറ ഒരു സ്വകാര്യ ഹരജിയും ഇതേ വിഷയത്തില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടത്, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സ്വന്തം  അജണ്ടയുമായി മുന്നോട്ടുപോകാന്‍ സൗകര്യമായി.

ബഹുഭാര്യത്വവും മുത്തലാഖും വിവേചനപരമായതിനാല്‍ നിരോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പൊതുസിവില്‍ കോഡിലേക്കുള്ള പ്രഥമ ചുവടുവെപ്പായി വേണം കേന്ദ്രത്തിന്‍െറ ഈ സത്യവാങ്മൂലത്തെ കണക്കാക്കാന്‍. കാരണം, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് പൊതുസിവില്‍ കോഡ് നടപ്പാക്കുമെന്നത്. പൊതു സിവില്‍കോഡ് സെക്കുലറിസ്റ്റുകളുടെകൂടി ആവശ്യമായിരുന്നതിനാല്‍ സ്വന്തം നിലപാടിനെ സാധൂകരിക്കാന്‍ ഭരണകക്ഷിക്ക് എളുപ്പമാണ്. എന്നാല്‍, ഏക സംസ്കാരവാദികളുടെ സിവില്‍കോഡ് പ്രഗല്ഭ നിയമജ്ഞനായ എ.ജി. നൂറാനി ചൂണ്ടിക്കാണിച്ചപോലെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാകാനാണ് സാധ്യത. മുത്തലാഖ് വിഷയത്തിലെ ഹരജിക്കാര്‍ തങ്ങള്‍ പൊതു സിവില്‍കോഡിനെതിരാണെന്നും വ്യക്തിനിയമ പരിഷ്കരണമാണ് തങ്ങളുടെ ആവശ്യമെന്നും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവയെ പൊതു സിവില്‍കോഡിന് അനുകൂലമാക്കിയെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു എഴുതിയ ഒരു ലേഖനത്തില്‍ മുസ്ലിം വനിതകളുടെ ഹരജികളെ പിന്തുണച്ചത് അതിന്‍െറ തെളിവത്രെ.

വിരോധാഭാസം
കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ ഒരു സവിശേഷത അതില്‍ മുസ്ലിം സ്ത്രീയോടുള്ള സഹതാപ പ്രകടനമാണ് എന്നതാണ്. മതേതര ജനാധിപത്യ സംവിധാനത്തില്‍ സ്ത്രീക്കുള്ള അവസര സമത്വവും അന്തസ്സും നിഷേധിക്കാന്‍ മതം കാരണമാകരുതെന്നാണ് സത്യവാങ്മൂലത്തില്‍ എടുത്തുപറയുന്നത്. ഗുജറാത്തിലും മുംബൈയിലും മറ്റും ഹിന്ദുത്വ ബ്രിഗേഡുമാരാല്‍ ഭര്‍ത്താക്കന്മാരും മക്കളും സഹോദരങ്ങളും കൊല്ലപ്പെട്ട പതിനായിരക്കണക്കിന് മുസ്ലിം സ്ത്രീകളോടും തരിമ്പും സഹതാപമില്ലാത്തവരാണ് വ്യക്തിനിയമ വിഷയത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്.
മുസ്ലിം സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിനിയമത്തെ നിയമ പുസ്തകത്തില്‍നിന്ന് എന്നന്നേക്കുമായി റദ്ദു ചെയ്യുക എന്നതല്ലാത്ത മറ്റൊരു ‘സദുദ്ദേശ്യ’വും സര്‍ക്കാര്‍ നീക്കത്തിന്‍െറ പിന്നിലില്ല. 1937 വരെ മുസ്ലിംകളടക്കം എല്ലാവരും ഹിന്ദു ആചാര നിയമങ്ങള്‍ പിന്തുടര്‍ന്നവരായിരുന്നുവെന്നും 1937ല്‍ ബ്രിട്ടീഷുകാര്‍ ശരീഅത്ത് ആക്ട് കൊണ്ടുവന്നതോടെയാണ് ഈ അവസ്ഥക്ക് മാറ്റമുണ്ടായതെന്നുമുള്ള ഒരുവാദവും പൊതുസിവില്‍കോഡ് വക്താക്കളില്‍ ചിലര്‍ക്കുണ്ടെന്ന് ഓര്‍ക്കുക. ഏക സിവില്‍കോഡ് എന്ന് പറയുമ്പോള്‍ അവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് ഇതില്‍നിന്ന് ഊഹിക്കാന്‍ സാധിക്കും. പൊതു സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്‍െറ നടപടി ആരംഭിച്ച നിയമ കമീഷനില്‍ പുതുതായി കുത്തിത്തിരുകപ്പെട്ട അംഗങ്ങളുടെ ആര്‍.എസ്.എസ് പശ്ചാത്തലം കൂടി ഇതോടു  ചേര്‍ത്തുവെക്കുമ്പോള്‍ ആശങ്കകള്‍ വര്‍ധിക്കുക സ്വാഭാവികം. ഗുല്‍ബര്‍ഗ് സൊസൈറ്റി (ഗുജറാത്ത്) കൂട്ടക്കൊല പ്രതിയുടെ അഭിഭാഷകന്‍ അഭയ് ഭരദ്വാജ്, ബാബരി കേസില്‍ അദ്വാനിക്കുവേണ്ടി ഹാജരായ മുന്‍ ചണ്ഡിഗഢ് ബി.ജെ.പി എം.പി. അഡ്വ. സത്യപാല്‍ ജയിന്‍ എന്നിവര്‍ കമീഷനില്‍ പാര്‍ട്ട്ടൈം അംഗങ്ങളായി നിയമിതരായത് ഈയിടെയാണ്.

ഗോള്‍വാള്‍ക്കറുടെ ആശയത്തിന് വിരുദ്ധം
രസകരമായ മറ്റൊരു വൈരുധ്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സംഘ്പരിവാറിന്‍െറ ഗുരുജിയായ ഗോള്‍വാള്‍ക്കറുടെ ആശയത്തിന് വിരുദ്ധമാണ് ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കം എന്നതാണത്. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഉദ്ഘാടന ചടങ്ങില്‍ ദേശീയോദ്ഗ്രഥനത്തിന് ഏക സിവില്‍കോഡ് അവശ്യോപാധിയല്ളെന്ന് ഗോള്‍വാള്‍ക്കര്‍ പ്രസ്താവിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ആര്‍.എസ്.എസ് വാരിക ‘ഓര്‍ഗനൈസര്‍’ നടത്തിയ വിശദമായ അഭിമുഖത്തില്‍ ഗോള്‍വാള്‍ക്കര്‍ തന്‍െറ നിലപാട് വ്യക്തമാക്കുകയുണ്ടായി. പൊതു സിവില്‍കോഡ് സംബന്ധമായി ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു കാര്യം അഭികാമ്യമായിക്കൊള്ളണമെന്നില്ല. നമ്മുടെ ഭരണഘടനയാകട്ടെ ഇതര രാഷ്ട്രങ്ങളിലെ ഭരണഘടനകളുടെ ഒരു മിശ്രിതം മാത്രമാണ്. ഭാരതീയ പാരമ്പര്യത്തിന്‍െറ വെളിച്ചത്തില്‍ ആവിഷ്കരിക്കപ്പെട്ടതല്ല അത്്.

മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളില്‍ കോടതിയിലുള്ള ഹരജികളുടെ പശ്ചാത്തലത്തിലാണല്ളോ പൊതു സിവില്‍കോഡ് ഇപ്പോള്‍ ചര്‍ച്ചയായത്.  ഈ വിഷയത്തെക്കുറിച്ച അഭിമുഖത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നത് ശ്രദ്ധിക്കുക: മുസ്ലിംകള്‍ക്ക് നാലു ഭാര്യമാരെ വെച്ചുപുലര്‍ത്താന്‍ അവകാശം ലഭിക്കുന്നതിനാല്‍ ആനുപാതികമായി അവരുടെ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന അടിസ്ഥാനത്തിലാണ് ചിലര്‍ പൊതുസിവില്‍കോഡ് അഭികാമ്യമായി കരുതുന്നത്. ഇത് പ്രശ്നത്തിന്‍െറ നേര്‍ക്കുള്ള നിഷേധാത്മകമായ സമീപനമായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ മൈത്രീബന്ധം നിലനില്‍ക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിപത്ത്. സെക്കുലറിസ്റ്റുകള്‍പോലും അവരെ അന്യരായാണ്  കാണുന്നത്.  മുസ്ലിംകളുടെ വ്യതിരിക്തത ഹനിച്ചുകളഞ്ഞ് അവരെ സമനിരപ്പാക്കണമെന്നാഗ്രഹിക്കുന്നവരാണ് മറ്റൊരു വിഭാഗം. അടിസ്ഥാനപരമായി രണ്ടു വീക്ഷണവും ഒന്നുതന്നെയാണ്. തികച്ചും വ്യത്യസ്തമാണ് എന്‍െറ സമീപനം.

മുസ്ലിംകള്‍ ഈ രാജ്യത്തെയും ഇവിടത്തെ സംസ്കാരത്തെയും സ്നേഹിക്കുന്ന കാലത്തോളം നാം അവരുടെ ജീവിതരീതി സ്വാഗതം ചെയ്യും. ഐക്യത്തിനും ഉദ്ഗ്രഥനത്തിനും ആവശ്യം ഏകതയല്ല, സഹകരണവും യോജിപ്പുമാണ്. നാനാത്വത്തില്‍ ഏകത്വം സാധ്യമാണെന്നതാണ് നമ്മുടെ അനുഭവം. കൃത്രിമമായി എല്ലാവരെയും ഒരേ തലത്തില്‍ കൊണ്ടുവരുന്നത് ശരിയായിരിക്കില്ല. തങ്ങളുടെ പുരാതന നിയമങ്ങളില്‍നിന്ന് സ്വയം മോചിതരാകാനുള്ള സന്ദര്‍ഭം മുസ്ലിംകള്‍ക്ക് നാം നല്‍കണം. ബഹുഭാര്യത്വം അനുചിതമാണെന്ന നിഗമനത്തില്‍ അവര്‍ സ്വയം എത്തിച്ചേരുകയാണെങ്കില്‍ ഞാനതില്‍ ഏറ്റവുമധികം സന്തുഷ്ടനായിരിക്കും. പക്ഷേ, അവരുടെമേല്‍ എന്‍െറ ചിന്താഗതി അടിച്ചേല്‍പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുകയില്ല. ഐകരൂപ്യം രാഷ്ട്രങ്ങളുടെ മരണ മണിയായിരിക്കുമെന്നാണ് എന്‍െറ അഭിപ്രായം. പ്രകൃതി ഐകരൂപ്യം ഇഷ്ടപ്പെടുകയില്ല. വ്യത്യസ്ത ജീവിതസമ്പ്രദായങ്ങള്‍ക്ക് നിലനില്‍പ് അനുവദിക്കണമെന്ന ആശയക്കാരനാണ് ഞാന്‍...’ (ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ‘ശരീഅത്തും ഇന്ത്യന്‍ മുസ്ലിംകളും’ എന്ന കൃതിയില്‍ ഉദ്ധരിച്ചത്).

ഉറപ്പുകളുടെ ലംഘനം
സ്വന്തം ആചാര്യന്‍െറ വീക്ഷണത്തിന് വിരുദ്ധമായി ബി.ജെ.പിയും അതിന്‍െറ പൂര്‍വ രൂപമായ ജനസംഘവും മിക്കവാറും എല്ലാ തെരഞ്ഞെടുപ്പു പ്രകടനപത്രികകളിലും പൊതു സിവില്‍കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം നല്‍കിവരുകയാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന  ബഹുസ്വരതയെ നിരാകരിക്കുന്ന നിലപാടാണിത്. ന്യൂനപക്ഷങ്ങളുടെ വ്യതിരിക്ത വ്യക്തിത്വം അംഗീകരിക്കുന്നതില്‍  വിശേഷിച്ച് ‘അപകടം’ കാണാത്തവയാണ്  ലോകത്ത് നിലവിലുള്ള പല രാജ്യങ്ങളും. ഉദാഹരണത്തിന് ഈയടുത്ത ദശകങ്ങളിലാണ് കനേഡിയന്‍ ദേശീയ സര്‍ക്കാര്‍ പ്രത്യേക ഭാഷയും സംസ്കാരവും നിയമങ്ങളുമുള്ള ക്യൂബെക്കുകളുടെ വ്യതിരിക്ത വ്യക്തിത്വത്തിന് പിന്തുണ നല്‍കിയത്. ഇപ്പോഴും സ്വന്തം വ്യക്തിനിയമങ്ങള്‍ പിന്തുടരുന്ന ശ്രീലങ്കന്‍ മുസ്ലിംകള്‍ ആ രാജ്യവുമായി നന്നായി ഉദ്ഗ്രഥിക്കപ്പെട്ട സമൂഹമാണ്. ഇംഗ്ളണ്ടിലും സ്കോട്ലന്‍ഡ് യാര്‍ഡിലും വ്യത്യസ്ത നിയമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി പൊതു സിവില്‍കോഡിന്‍െറ ആവശ്യകത നിരാകരിച്ച് എഴുതിയ ലേഖനത്തില്‍ നിയമ വിശാരദനായ എ.ജി. നൂറാനി ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടൊന്നും ഈ രാജ്യങ്ങളിലെ ദേശീയ ഐക്യം ഇടിഞ്ഞുപോയിട്ടില്ല.

ഭരണഘടനാ നിര്‍മാണ സഭയില്‍ ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ട വേളയിലും പില്‍ക്കാലത്തും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ക്കും വിശദീകരണങ്ങള്‍ക്കും വിരുദ്ധം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍. വ്യക്തിനിയമങ്ങള്‍ ഭരണഘടനയിലെ പ്രത്യേക വകുപ്പുകള്‍ പ്രകാരം സംരക്ഷിക്കുമെന്ന് 1931ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിക്കുകയുണ്ടായി. 1938 ഏപ്രില്‍ ആറിന് നെഹ്റു ജിന്നക്കെഴുതിയ ഒരു കത്തില്‍ ‘ഒരു സമുദായത്തിന്‍െറയും വ്യക്തിനിയമങ്ങളില്‍ ഒരുവിധേനയും ഇടപെടാന്‍ കോണ്‍ഗ്രസിന് ഉദ്ദേശ്യമില്ളെ’ന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1963 ആഗസ്റ്റ് 29ന് നിയമമന്ത്രി എ.കെ. സെന്നും 1966 മേയ് 17ന് നിയമമന്ത്രി ബി.എസ്. പഥകും വ്യക്തിനിയമം മതവുമായി ബന്ധപ്പെട്ടതിനാല്‍ തദ്വിഷയകമായി തങ്ങളുടെ വീക്ഷണം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുകയില്ളെന്ന് പ്രഖ്യാപിച്ചതും സ്മരണീയമത്രെ.

പൊതു സിവില്‍കോഡിനെക്കുറിച്ച് ഭരണഘടനാ നിര്‍മാണസഭയില്‍ ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ പൊതു സിവില്‍കോഡിനുവേണ്ടി ശ്രമിക്കുമെന്നല്ലാതെ അത് ആവിഷ്കരിക്കപ്പെട്ടാല്‍ എല്ലാ പൗരന്മാരുടെയും മേല്‍ പൗരന്മാര്‍ എന്നതുകൊണ്ടുമാത്രം അത് അടിച്ചേല്‍പിക്കപ്പെടുമെന്ന് അതിന് അര്‍ഥമില്ളെന്ന് സഭാ ചെയര്‍മാന്‍ അംബേദ്കര്‍ വിശദീകരിച്ചതും ശ്രദ്ധേയമത്രെ. ഭരണഘടനാ നിര്‍മാണസഭയില്‍ അന്ന് നടന്ന ചര്‍ച്ചകള്‍ ‘കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ളി ഡിബേറ്റ്സി’ല്‍ (വാല്യം: 7. പേജ്: 540-552) വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കോടതിയുടെ അമിതാവേശം
ഭരണഘടനയിലെ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്ത്വങ്ങളും വേര്‍തിരിച്ചു കാണുക എന്നതായിരുന്നു മുമ്പ് കോടതികളുടെ നിലപാട്. നിയമ നിര്‍മാണം കോടതി സ്വയം ഏറ്റെടുക്കുകയോ അതിനായി സര്‍ക്കാറിനോടു നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല. നിയമ നിര്‍മാണത്തിന് പാര്‍ലമെന്‍റിനോട് നിര്‍ദേശിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ളെന്ന് ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെയും (നരേന്ദര്‍ ചന്ദ് എതിര്‍ ഹിമാചല്‍ സ്റ്റേറ്റ് കേസ് 1971) എല്ലാ നിയമങ്ങളും എല്ലാ ജനങ്ങളിലും ഒരുപോലെ നടപ്പാക്കണമെന്ന് ധരിക്കുന്നത് ശരിയല്ല, വ്യത്യസ്ത മതസമൂഹങ്ങളുള്ള ഒരു രാജ്യത്ത് അങ്ങനെ ചെയ്യുന്നത് ചിലപ്പോള്‍ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും എതിരായ ഫലങ്ങളായിരിക്കും സൃഷ്ടിക്കുക എന്ന് ജസ്റ്റിസ് കെ. രാമസ്വാമിയും (പന്നലാല്‍ ബന്‍സിലാല്‍ എതിര്‍ ആന്ധ്രപ്രദേശ് കേസ് 1996) വ്യക്തമാക്കുകയുണ്ടായി.

ഷാബാനു കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പരാമര്‍ശത്തോടെയാണ് ഇതിനൊരു വ്യതിയാനം സംഭവിക്കുന്നത്. ഇവിടെ ഭരണഘടനയിലെ രണ്ടു വകുപ്പുകളും നിയമ മീംമാസയിലെ ഒരു അടിസ്ഥാന തത്ത്വവും പ്രസക്തമാണെന്ന് എ.ജി. നൂറാനി ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ നാലാം ഭാഗത്ത് പരാമൃഷ്ടമായ മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളെക്കുറിച്ച് 37ാം അനുഛേദം ഒരുകാര്യം ഊന്നി പറയുന്നുണ്ട്: ‘ഈ ഭാഗം ഉള്‍ക്കൊള്ളുന്ന വകുപ്പുകള്‍ ഒരു കോടതിക്കും നടപ്പാക്കാനുള്ളതല്ല. അവിടെ പരാമൃഷ്ടമായ തത്ത്വങ്ങള്‍ രാജ്യഭരണത്തിന് മൗലികമായിട്ടുള്ളതുമല്ല. നിയമ നിര്‍മാണം നടത്തുമ്പോള്‍ സ്റ്റേറ്റ് ഈ തത്ത്വങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണ്.’

കാണാതെപോവുന്ന മറുവശങ്ങള്‍
വ്യക്തിനിയമം മുസ്ലിംകള്‍ക്ക് മാത്രള്ള ഒരു പ്രത്യേകാനുകൂല്യമാണെന്നും പൊതു സിവില്‍കോഡിന് പ്രതിബന്ധം മുസ്ലിംകള്‍ മാത്രമാണെന്നുമുള്ള പ്രതീതി ജനിപ്പിക്കുന്നതാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ ഈ വിഷയകമായി വരുന്ന ചര്‍ച്ചകള്‍. എന്നാല്‍, ഒന്നാമതായി ഭരണഘടനാപരമായിതന്നെ പല കടമ്പകളും പൊതു സിവില്‍കോഡ് നടപ്പാക്കുമ്പോള്‍ മറികടക്കേണ്ടതുണ്ട്. (370ാം വകുപ്പ് പ്രകാരം പ്രത്യേക പദവിയുള്ള കശ്മീരിലേക്ക് ഈ നിയമം നീട്ടാന്‍ കേന്ദ്രത്തിന് സാധ്യമല്ല. കശ്മീരിന്‍െറ പ്രത്യേക പദവി എടുത്തുകളയണമെന്നതും തങ്ങളുടെ ആവശ്യമാണെന്ന് ബി.ജെ.പിക്ക് വാദിച്ചുനില്‍ക്കാം. എന്നാല്‍, 371 എ, 372 ജി എന്നീ വകുപ്പുകള്‍ കൂടി റദ്ദാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാകുമോ എന്ന ചോദ്യത്തിന് കൂടി അവര്‍ മറുപടി പറയേണ്ടതുണ്ട്. കശ്മീരിന്‍െറ പ്രത്യേക പദവി എടുത്തുകളയാന്‍ മുറവിളി കൂട്ടുന്നവര്‍ എന്തുകൊണ്ടാണ് യഥാക്രമം നാഗാലാന്‍ഡിനെയും സിക്കിമിനെയും ബാധിക്കുന്ന ഉപര്യുക്ത വകുപ്പുകളെക്കുറിച്ച് മിണ്ടാത്തത്? ഭരണഘടനയില്‍ പറയുന്നത് എന്തുതന്നെയായാലും നാഗാലാന്‍ഡ് നിയമനിര്‍മാണ സഭ പ്രമേയം പാസാക്കാത്ത കാലത്തോളം നാഗന്മാരുടെ മതപരവും സാമൂഹികപരവുമായ വിഷയത്തെയോ നാഗാ ആചാര നിയമ-നടപടികളെയോ നാഗാ ആചാര നിയമങ്ങള്‍ക്കനുസൃതമായ തീരുമാനങ്ങള്‍ ഉള്‍പ്പെടെ സിവില്‍-ക്രിമിനല്‍ ന്യായ സംബന്ധമായ ഭരണ നടപടികളെയോ ഭൂമിയുടെയും ഭൂ വിഭവങ്ങളുടെയും ഉടമാവകാശത്തെയോ കൈമാറ്റത്തെയോ സംബന്ധിച്ച് പാര്‍ലമെന്‍റ് പാസാക്കുന്ന ഒരു ആക്ടും നാഗാ സ്റ്റേറ്റിന് ബാധകമായിരിക്കുന്നതല്ല.

സിക്കിമിന്‍െറയും മിസോറമിന്‍െറയും മേഘാലയയുടെയും അവസ്ഥയും ഇതുതന്നെയാണ്. ഗോവയിലെ ഹിന്ദുക്കള്‍ക്ക് ഇപ്പോഴും പോര്‍ചുഗല്‍ കുടുംബ നിയമങ്ങളും പിന്തുടര്‍ച്ചാവകാശ നിയമവുമാണ് ബാധകം. അവര്‍ക്ക് 1955-56ലെ പരിഷ്കരിച്ച ഹിന്ദുകോഡ് ബാധകമല്ല. ഇതര മതസ്ഥ കുടുംബങ്ങള്‍ക്ക് കിട്ടാത്ത ആദായ നികുതി ആനുകൂല്യം ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്ക് കിട്ടുന്നുണ്ട്. പൊതു സിവില്‍കോഡിന്‍െറ പേരില്‍ ലിംഗനീതിയുടെയും സമത്വത്തിന്‍െറയും ഗീര്‍വാണങ്ങള്‍ ചമക്കുന്നവര്‍ അത് നടപ്പില്‍വരുത്തുമ്പോള്‍ നിലനില്‍ക്കുന്ന ഇത്തരം വിവേചനങ്ങളിലേക്കുകൂടി അത് വ്യാപകമാക്കുമോ? 70കളിലും 80കളിലും ഏക സിവില്‍കോഡ് ചര്‍ച്ചാവിഷയമായപ്പോള്‍ അതിനെ അത്രക്ക് ഭയപ്പെടേണ്ടതില്ളെന്നും ഇസ്ലാമിന്‍െറ പൊതുസ്വീകാര്യമായ കുടുംബനിയമങ്ങളും അതിന്‍െറ ഭാഗമാക്കാന്‍ സാധിക്കുമെന്നും പ്രശസ്ത നിയമജ്ഞനായ ഡോ. താഹിര്‍ മഹ്മൂദ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

സാമാന്യജനങ്ങള്‍ക്ക് പ്രയോജനകരമായ പലിശരഹിത ബാങ്കിങ് വ്യവസ്ഥയെപ്പോലും ഇസ്ലാമിന്‍െറ ലേബലുണ്ടെന്ന ഒറ്റക്കാരണത്താല്‍ എതിര്‍ത്ത് കോടതിയെ സമീപിച്ചവരില്‍നിന്ന് ഇത്തരമൊരു പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത് കേവലം ആഗ്രഹചിന്ത മാത്രമായിരിക്കും. വിദ്യാലയങ്ങളില്‍ സരസ്വതീ വന്ദനവും സൂര്യ നമസ്കാരവും അടിച്ചേല്‍പിക്കാന്‍ ധൃഷ്ടരായവരുടെ കൈയില്‍ പൊതുസിവില്‍കോഡ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഹിന്ദുത്വ വടിയായി പരിണമിക്കാനേ തരമുള്ളൂ; നട്ടെല്ല് ഊരിയ മാധ്യമങ്ങളുടെയും നിറംമാറിവരുന്ന പൊതുസമൂഹത്തിന്‍െറയും പശ്ചാത്തലത്തില്‍ വിശേഷിച്ചും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.