പീഡനങ്ങള്‍ സംവദിക്കുന്നു; ഈ ചിത്രങ്ങളിലൂടെ

20 മിനിറ്റില്‍ ഒരു പെണ്‍കുട്ടി വീതം ബലാല്‍സംഗം ചെയ്യപ്പെടുകയും  ഇരകള്‍  കുറ്റവാളികള്‍ ആകേണ്ടി വരികയും ചെയ്യുന്ന നമ്മുടെ രാജ്യത്ത്, ചിത്രങ്ങളിലൂടെ അവരുടെ നീതിക്കായി ഒരു കാമ്പെയ്ന്‍ നടത്തുന്ന സ്മിത ശര്‍മ എന്ന ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനെ പരിചയപ്പെടാം ഈ വനിതാ ദിനത്തില്‍. ലൈംഗിക അതിക്രമങ്ങളെ കുറിച്ച്  ഇന്ത്യന്‍ യുവാക്കളെ ബോധവാന്മാരാക്കുകയും ഇരകളെ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പണം പിരിക്കുന്നതിനായി ഒരു കിക്ക് സ്റ്റാര്‍ട്ടര്‍ പേജും അവര്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്ക ആസ്ഥാനമായി ഇന്‍റര്‍നെറ്റിലൂടെ പ്രവര്‍ത്തിക്കുന്ന  ദുരിതാശ്വാസനിധി സംഭരണമാണ് കിക്ക് സ്റ്റാര്‍ട്ടര്‍. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള  27 ഇരകളുടെ ചിത്രങ്ങള്‍ ആണ് സ്മിത ഇതുവരെ ക്യാമറയില്‍ പകര്‍ത്തിയത്. അടുത്തിടെ ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ വളരെയധികം പ്രശംസ പിടിച്ചു പറ്റി. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചതോടെ സ്മിതയുടെ കാമ്പെയ്ന്‍ കൂടുതല്‍ ശക്തമായി.

തുടക്കം
ഇന്ത്യയില്‍ നിന്ന് ജേര്‍ണലിസം പഠനം  പൂര്‍ത്തിയാക്കിയ സ്മിത നേരെ പോയത് ന്യൂയോര്‍ക്കിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ഫോട്ടോഗ്രഫിയിലേക്കാണ്. അവിടെ നിന്ന് 2013 ലാണ് ഡോക്യുമെന്‍ററി ഫോട്ടോഗ്രഫിയില്‍  ബിരുദം നേടുന്നത്. വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങളാണ് ഈ സംരഭത്തിന് പ്രചോദനമായത് എന്ന് സ്മിത പറയുന്നു. ‘‘കോളേജില്‍ വെച്ചാണ് എന്‍റെ  അമ്മയുടെ സഹോദരിയുടെ മകള്‍ സഹപാഠിയാല്‍ പീഡിപ്പിക്കപ്പെടുന്നത്. പരാതി നല്‍കിയെങ്കിലും  കോളേജിനെ അപമാനിക്കാനുള്ള സംഭവമായി കണക്കാക്കി മാനേജ്മെന്‍റ് അവളെ മാനസികമായി തേജോവധം ചെയ്യുകയും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നീതി കിട്ടില്ല എന്ന് ഉറപ്പായതോടെ വിഷമം താങ്ങാനാകാതെ അവള്‍ ആത്മഹത്യ ചെയ്തു. എന്‍റെ ചിത്രങ്ങളിലൂടെ ഓരോ ഇരയും ഓരോ കഥ പറയുന്നുണ്ട്. പക്ഷെ ഈ  ഓരോ കഥയും ഒരൊറ്റ  ദുഃഖം പങ്കുവയ്ക്കുന്നു, ഒറ്റപ്പെടലിന്‍റെ. അവര്‍ക്കും അവകാശങ്ങളുണ്ട്. അതിനെ  കുറിച്ചുള്ള ബോധ്യപ്പെടുത്തല്‍ ആകണം  ഈ  ചിത്രങ്ങള്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ഇരയെ കണ്ടെത്തുക, ബന്ധപ്പെടുക, ചിത്രമെടുക്കുക ഇവയെല്ലാം തന്നെ വളരെ  ബുദ്ധിമുട്ടുള്ളതും  അപകടം പിടിച്ചതുമാണെന്ന് സ്മിത പറയുന്നു. ഇതിനായി ഞാന്‍ ഒരിക്കലും ഒറ്റയ്ക്ക്  പോകാറില്ല. സന്നദ്ധ സേവാംഗങ്ങള്‍, ആ ഭാഗത്തുള്ള അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ അങ്ങനെ ഉള്ളവരെ കൂടെ കൂട്ടാറുണ്ട്. കുറ്റവാളികള്‍ പലപ്പോഴും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്മിത പറയുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയിലും ചിത്രങ്ങളും അവക്ക് പിന്നിലെ പൊള്ളുന്ന കഥകളും ചേര്‍ത്ത് വെക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായി തന്നെ  സ്മിത കാണുന്നു.

സ്മിതയുടെ ചിത്രങ്ങള്‍ ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍
 

''ഒരു സുഹൃത്തിനോട് എന്ന പോലെയാണ്   അവരോട്  ഇടപെടുന്നത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന ചോദ്യം അവസാനം മാത്രമേ ചോദിക്കാറുള്ളൂ. ക്രൂരമായ പരിഹാസങ്ങളും ഒറ്റപ്പെടലും ബഹിഷ്കരണവും ഒക്കെ കാരണം അവര്‍ ആരോടെങ്കിലും സംസാരിച്ചിട്ടു തന്നെ വര്‍ഷങ്ങള്‍ ആയിക്കാണും. ഇവരുടെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് പീഡനങ്ങള്‍ക്കെല്ലാം തന്നെ ഒരു പൊതുസ്വഭാവം ഉണ്ടെന്നുള്ളതാണ്. 27 പീഡനങ്ങളില്‍ 25 എണ്ണവും ഇരകള്‍ക്ക് അറിയാവുന്ന ആളുകളില്‍ നിന്നാണ് നേരിട്ടിട്ടുള്ളത്. ഇവരുടെ ചലനങ്ങള്‍ മനസ്സിലാക്കി വളരെ ആസൂത്രിതമായി ചെയ്തത്. കുറ്റവാളികള്‍ പിടിയിലായതും  അല്ലാത്തതുമായ കേസുകള്‍ ഉണ്ട്. പക്ഷെ, പിടിയിലായവര്‍ അധികവും ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. കുറ്റവാളികളായി കഴിയേണ്ടി വരുന്നത് ഈ ഇരകളാണ്. 17 കാരനാല്‍ പീഡിപ്പിക്കപ്പെട്ട് മരിച്ച  ഒരു 80കാരിയെ പറ്റി പോലും ക്രൂരമായ പരിഹാസത്തോടെ  സംസാരിക്കുന്നത് ഞാന്‍ കേട്ടു.'' സ്മിത പറയുന്നു.

സ്മിതയുടെ കാമറ ഒപ്പിയെടുത്ത ഉള്ളു പൊള്ളിക്കുന്ന ചിത്രങ്ങള്‍

സോണിയ,14 വയസ്: സ്കൂള്‍ വിട്ട് സുഹൃത്തിനോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു. കുടുംബ സുഹൃത്തുക്കള്‍ ആയ രണ്ടു ലോറി ഡ്രൈവര്‍മാര്‍ വീട്ടിലേക്കു ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംശയിച്ചില്ല. ക്രൂരമായ പീഡനം മാത്രമല്ല, അര്‍ധ നഗ്നയായി ചൊരയൊലിപ്പിച്ചു വീട്ടിലേക്കു നടത്തിക്കുകയും ചെയ്തു.
 
 
ശാമ, 20 വയസ് :വെള്ളമെടുക്കാന്‍ പോകുമ്പോള്‍ 3 പേരുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ചെറുത്തു നില്‍ക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും മണ്ണെണ്ണ ഒഴിച്ച് അവളെ കത്തിച്ചു. ആശുപത്രിയില്‍വെച്ച് എടുത്ത ചിത്രം. 3 ദിവസത്തിനു ശേഷം ശാമ മരിച്ചു.
 
 
കൽപന, 17 വയസ്: ജന്മിയുടെ മകന്‍റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി നാട് വിടേണ്ടി വന്നു. അയാളെ വിവാഹം കഴിക്കാനുള്ള ആവശ്യം കല്‍പന അംഗീകരിച്ചില്ലെന്ന് മാത്രമല്ല, കേസും പിന്‍വലിക്കാന്‍ തയാറായില്ല.
 
 
ഹേമന്തിയുടെ മകള്‍ 20കാരി സുമാന കൊല്ലപ്പെടുന്നതിനു മുമ്പ് പലവട്ടം പീഡിപ്പിക്കപ്പെട്ടു. കുറ്റവാളികള്‍ ജയിലില്‍ ആണെങ്കിലും കേസ് പിന്‍വലിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദ്ദം നേരിടുന്നു.
 
മന്‍സി, 13 വയസ്: നാട്ടിലെ പ്രമുഖനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. മറ്റൊരാള്‍ക്ക് വില്‍ക്കാനുള്ള അയാളുടെ ശ്രമത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു.
 
പിങ്കി, 12 വയസ്: വീട്ടിനടുത്തു കൂടെ കടന്നുപോയ വിവാഹ ജാഥ കാണാന്‍ പോയതാണ് പിങ്കി. അവിടെ വെച്ച് അയല്‍ വീട്ടുകാരനാല്‍ പീഡിപ്പിക്കപ്പെട്ടു. ഭീഷണിപ്പെടുത്തിയെങ്കിലും പിങ്കി വിവരം വീട്ടില്‍ പറഞ്ഞു. കുറ്റവാളിയെ പൊലിസ് അറസ്റ്റ് ചെയ്തു.
 
റാബ്രിയുടെ മകള്‍ 15 കാരി രജനി മൂത്രപ്പുരയിലേക്ക് പോകുമ്പോള്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു.
 
പരമ, 23 വയസ്: ആദ്യ ഭര്‍ത്താവും 4 സുഹൃത്തുക്കളും വഴിയിലിട്ടു പീഡിപ്പിച്ചു. അയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങി വേറെ വിവാഹം കഴിച്ചു.
 

15 കാരി  ശാന്തി, 19കാരി  ബീന, 21കാരി ശാരദ, ചിത്രങ്ങള്‍ ഇനിയുമുണ്ട്... പൊള്ളിക്കുന്ന കഥകളും. 20 മിനിറ്റില്‍ ഒരു ബലാല്‍സംഗം ഇന്ത്യയില്‍ നടക്കുന്നു എന്നത് തീര്‍ച്ചയായും നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കുകളേക്കാള്‍ കൂടുതലാണ്. ഇരകളോടുള്ള സമീപനം തന്നെയാണ് ഇങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന കണക്കിലേക്ക് ബലാത്സംഗങ്ങള്‍ വളരാന്‍ കാരണം എന്ന് സ്മിത ചൂണ്ടിക്കാണിക്കുന്നു. അവരെ ഒറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും ബഹിഷ്കരിക്കുന്നതും എല്ലാം ഇത് പുറത്ത് പറയുന്നത്തില്‍ നിന്നും അവരെ തടയുകയും കുറ്റവാളികള്‍ക്ക്  പ്രോത്സാഹനം ആവുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത അംഗീകരിച്ചേ പറ്റൂ.

സുരക്ഷക്കായി സൈക്കിളുകള്‍

വരാണസി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ വിജിലന്‍സ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റസുമായി ചേര്‍ന്ന് 'സുരക്ഷക്കായി സൈക്കിളുകള്‍' എന്ന പദ്ധതിയും സ്മിത തുടങ്ങി കഴിഞ്ഞു. പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് പോകുന്ന വഴിയാണ് അധികവും അപകടം പതിയിരിക്കുന്നത്. പലപ്പോഴും ഗ്രാമങ്ങളിലെ കുട്ടികള്‍ വളരെ ദൂരം നടക്കേണ്ടി വരുന്നു. ആക്രമണങ്ങള്‍  ഒഴിവാക്കാന്‍ പലരും സ്കൂളില്‍ പോകുന്നത് തന്നെ വേണ്ടെന്നുവെക്കും. സൈക്കിളുകള്‍ ഒരു പരിഹാരമാണ്. കിക്ക് സ്റ്റാര്‍ട്ടരിലൂടെ കിട്ടുന്ന പണത്തിന്‍റെ ഒരു ഭാഗം സൈക്കിളുകള്‍ വാങ്ങുന്നതിനു  ഉപയോഗിക്കാനാണ് സ്മിതയുടെ തീരുമാനം.

ന്യൂയോര്‍ക്കിലാണ്  ജീവിതമെങ്കിലും പ്രോജക്ടുമായി ബന്ധപ്പെട്ട ഇടയ്ക്കിടെ ഇന്ത്യയില്‍ വരാറുണ്ട് സ്മിത. ബി.ബി.സി, സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഡെയ് ലി മെയില്‍ യു.കെ എന്നീ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്മിതയുടെ ചിത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തും സൗദി  അറേബ്യയില്‍ നടന്ന ‘ടെഡ് എക്സ്’ കോണ്‍ഫറന്‍സിലും ഈ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുകയുണ്ടായി.
നിരവധി പുരസ്കാരങ്ങളും  ഇതിനകം സ്മിതയെ തേടിയത്തെി. ന്യൂയോര്‍ക്കില്‍ നടക്കുന്ന എഡ്ഢി ആഡംസ് ഫോട്ടോ ജേര്‍ണലിസം വര്‍ക്ക്ഷോപ്പില്‍ വാഷിംങ്ങ്ടണ്‍ പോസ്റ്റ് നല്‍കിയ പുരസ്കാരം സ്മിതയുടെ  ഡോക്യുമെന്‍ററിക്കായിരുന്നു. കഴിഞ്ഞ വര്‍ഷം നാഷണല്‍ സില്‍വര്‍ കര്‍മ വീര ചക്ര അവാര്‍ഡ്  നല്‍കി പീപ്പിള്‍ വിജിലന്‍സ് കമ്മിറ്റി ഓഫ് ഹ്യൂമണ്‍ റൈറ്റസ് സ്മിതയെ ആദരിക്കുകയുണ്ടായി.
2014 ഡിസംബറിലാണ് സ്മിത ഈ സംരംഭത്തിനു തുടക്കമിടുന്നത്. കിക്ക് സ്റ്റാര്‍ട്ടെറില്‍ രജിസ്റ്റര്‍ ചെയ്തു അധികം കഴിയും മുന്‍പേ 421പേര്‍ പദ്ധതിക്ക് പിന്തുണയുമായി എത്തി. 37000 ഡോളര്‍ പിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഈ വര്‍ഷം ജനുവരിയോടെ ആ ലക്ഷ്യം പൂര്‍ത്തിയായി എന്ന് സ്മിത പറയുന്നു.

സ്മിത ശര്‍മ
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.