????? ???????? ??????????????? ?????????? ?????????????????? ??????? ??????????? ?????????? ?????????? ???????????????

തുര്‍ക്കി ഉറങ്ങാത്ത രാവ്

ഇന്ത്യന്‍ സമയം രാത്രി 10 മണി. തുര്‍ക്കിയുടെ ന്യൂഡല്‍ഹി അംബാസഡര്‍ ബുറാക് അക്ബറിന്‍െറ ട്വീറ്റ് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ഫ്രാന്‍സിലെ ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തുര്‍ക്കിയിലെ ബോസ്പറസ് പാലം വര്‍ണദീപങ്ങള്‍ കൊളുത്തി അലങ്കരിച്ചതിന്‍െറ ഹൃദയഹാരിയായ ഇമേജ് ആയിരുന്നു ട്വീറ്റില്‍. ഏതാനും മിനിറ്റുകള്‍ക്കകം ദുബൈയിലെ  ആക്ടിവിസ്റ്റ് സുല്‍ത്താന്‍ അഹ്മദ് ഖാസിമിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ദീപാലംകൃതമായ പാലത്തിന്‍െറ അതേ ചിത്രം. എന്നാല്‍, സന്ദേശം മറ്റൊന്നായിരുന്നു. ഈ പാലം വഴി പതിവില്ലാത്ത സൈനിക പ്രവാഹം കാണുന്നു. തുര്‍ക്കിയില്‍ എന്തോ ഹിതകരമല്ലാത്തത് സംഭവിച്ചെന്നു തോന്നുന്നു  എന്നായിരുന്നു സുല്‍ത്താന്‍െറ സന്ദേശം. അതേ, അദ്ദേഹത്തിന്‍െറ ഊഹം ശരിയായിരുന്നു.  വിഫലമായി കലാശിച്ചെങ്കിലും സൈന്യം നിര്‍ണായകമായൊരു അട്ടിമറിശ്രമം നടത്തിയിരിക്കുന്നു. വാര്‍ത്തകള്‍ അക്കാര്യം സ്ഥിരീകരിച്ചു. നജ്മുദ്ദീന്‍ അര്‍ബകാനെ നിഷ്കാസനംചെയ്യാന്‍ നടത്തിയ രക്തരഹിത സമ്മര്‍ദ നീക്കത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു കഴിഞ്ഞ രാവിലെ സൈനിക നീക്കം. ബോംബുകളും പീരങ്കിയും തോക്കുകളും  ഹെലികോപ്ടറുകളുമായി പട്ടാളക്കാര്‍ രക്തപങ്കിലമായ ഭരണമാറ്റത്തിന്  ഉദ്യുക്തരാവുകയായിരുന്നു.

സൈനിക അട്ടിമറി എന്നതിനെക്കാള്‍ ഭീകര സ്വഭാവമാര്‍ന്ന ഒരു ഗൂഢാലോചന ആയിരുന്നു തുര്‍ക്കി ഭരണകൂടത്തിനും സിവിലിയന്‍ പൗരന്മാര്‍ക്കുമെതിരെ അരങ്ങേറിയത്. ഒൗദ്യോഗിക ടെലിവിഷന്‍ പിടിച്ചെടുത്ത് രാജ്യം അടിയന്തരാവസ്ഥക്കു കീഴിലാണെന്നും  എങ്ങും കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങളാരും പുറത്തിറങ്ങാന്‍ പാടില്ളെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരിയിലെയും  ഇസ്തംബൂളിലെയും പാലങ്ങളും  പ്രവേശ കവാടങ്ങളും സൈന്യം അടച്ചു.  പ്രസിഡന്‍റ്മന്ദിരത്തിനുനേരെ  വ്യോമാക്രമണം നടത്തി. ഇവിടെ  17 പേര്‍ വെടിയേറ്റു മരിച്ചു.
പ്രസിഡന്‍റ്  റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അവധിക്കാലം  ചെലവിടുകയായിരുന്ന മാര്‍മരിസിലെ റസ്റ്റാറന്‍റിനുനേരെയും ആക്രമണമുണ്ടായി. അദ്ദേഹത്തിന്‍െറ സെക്രട്ടറിയെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്തു. സംഭ്രമജനകമായ സ്ഥിതിവിശേഷം പാതിരാവിലും തുടര്‍ന്നു. പ്രധാനമന്ത്രി യില്‍ദിരിം ചില പ്രസ്താവനകള്‍ പുറത്തുവിട്ടെങ്കിലും അവ ജനങ്ങളിലേക്ക്  എത്തിയിരുന്നില്ല. ഒടുവില്‍ ഉര്‍ദുഗാന്‍െറ ധീരവും നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്നതുമായ പ്രസ്താവനയാണ് സംഭവങ്ങളുടെ ഗതിമാറ്റിയത്. ഐ ഫോണ്‍ വഴി സി.എന്‍.എന്‍ ചാനലിനും എന്‍.ടി.വിക്കും നല്‍കിയ അഭിമുഖങ്ങളിലൂടെ  ജനാധിപത്യം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങണമെന്ന് അദ്ദേഹം തുര്‍ക്കി ജനതയെ ആഹ്വാനം ചെയ്തു.

ഈ ആഹ്വാനം വന്നതോടെ ജനകീയ കവചങ്ങള്‍ക്കുമുന്നില്‍ സൈന്യം നിഷ്പ്രഭമായി. ഇസ്തംബൂള്‍, അങ്കാറ വിമാനത്താവളങ്ങള്‍ക്കു മുന്നില്‍ ജനങ്ങള്‍ നിലയുറപ്പിച്ചു.  ദിശതെറ്റിയ സേന പാതിവഴി ചിതറിയോടി, കൈകള്‍ ഉയര്‍ത്തി കീഴടങ്ങി. അങ്കാറയിലെ വിദേശനയതന്ത്ര ഓഫിസുകള്‍ കാര്യം പിടികിട്ടാതെ അമ്പരന്നു. ‘തുര്‍ക്കിയില്‍ സ്ഥിരതയും സമാധാനവും തുടര്‍ന്നും നിലനില്‍ക്കുമെന്ന് പ്രത്യാശിക്കുന്നു’ എന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവനയുടെ വിവക്ഷ എന്തായിരുന്നു? അട്ടിമറിക്കാര്‍ വിജയിച്ചെന്നാണോ ആ സന്ദേശത്തിന്‍െറ സൂചന? അതോ,  അദ്ദേഹം ഉര്‍ദുഗാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നോ? വിദേശരാജ്യങ്ങളുമായി ബന്ധം നിലനിര്‍ത്തുമെന്ന ‘സൈന്യത്തിന്‍െറ ടെലിവിഷന്‍ പ്രഖ്യാപനത്തോട് സംയമനത്തോടെയാണ് റഷ്യയും ഇറാനും പ്രതികരിച്ചത്. ആശങ്കയുടെ മേഘപടലങ്ങള്‍ പിന്‍വാങ്ങിയപ്പോള്‍ മാത്രമായിരുന്നു യൂറോപ്യന്‍ യൂനിയന്‍ പ്രതികരണം പുറത്തുവിട്ടത്.

തുര്‍ക്കിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അട്ടിമറിശ്രമത്തെ അപലപിച്ചു എന്നത് ശ്രദ്ധേയമാണ്. മുന്‍കാല അട്ടിമറികളില്‍ ഏതാനും പാര്‍ട്ടികള്‍ സൈനികപക്ഷത്തെ അനുകൂലിക്കുന്ന രീതി തുര്‍ക്കിയില്‍ പതിവായിരുന്നു. അട്ടിമറികളെ അപലപിക്കുന്ന ആദ്യ പ്രസ്താവനയുമായി രംഗത്തുവന്നത് വലതുപക്ഷ പാര്‍ട്ടിയായ എം.എച്ച്.പി (നാഷനലിസ്റ്റ് മൂവ്മെന്‍റ്) ആയിരുന്നു.  എം.എച്ച്.പി അണികള്‍ ഉര്‍ദുഗാന്‍െറ അക് പാര്‍ട്ടിക്കാര്‍ക്കൊപ്പമാണ് തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ സി.എച്ച്.പി (റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി), കുര്‍ദ് ജനാധിപത്യ കക്ഷിയായ എച്ച്.ഡി.പി എന്നീ സംഘടനകളും സൈനികസാഹസത്തെ ശക്തമായി അപലപിച്ചു. അസാധാരണമായ ജനകീയ ഐക്യത്തിനാണ് കഴിഞ്ഞ രാവില്‍ തുര്‍ക്കി സാക്ഷ്യംവഹിച്ചത്.

ഈ സന്ദര്‍ഭത്തില്‍ ഈജിപ്തില്‍ മുര്‍സിക്കെതിരായ സൈനിക അട്ടിമറിയുടെ കഥ സ്വാഭാവികമായും നമ്മുടെ മനോമുകുരത്തില്‍ കടന്നുവരാതിരിക്കില്ല. മുര്‍സിവിരുദ്ധ അട്ടിമറിയെ അപലപിക്കുന്നതിനു പകരം ഇടതുപക്ഷ ലിബറലുകള്‍ പോലും സൈനിക പക്ഷത്തു നിലയുറപ്പിക്കുകയായിരുന്നു. ഈജിപ്തില്‍ സമീര്‍ അമീന്‍, നെവാല്‍ സദാവി തുടങ്ങിയ ഇടതുബുദ്ധിജീവികള്‍ അട്ടിമറിയെ സാധൂകരിക്കുന്ന പ്രസ്താവനകള്‍ പുറത്തുവിട്ടത് ഓര്‍മിക്കുക. എന്നാല്‍, തുര്‍ക്കിയിലെ രാഷ്ട്രീയവികാരം വ്യത്യസ്തമായിരുന്നു. ഒരുപക്ഷേ, നയകാര്‍ക്കശ്യങ്ങള്‍ തുടരാന്‍ അട്ടിമറിയുടെ പരാജയം ഉര്‍ദുഗാനെ പ്രേരിപ്പിച്ചേക്കാം. എന്നാല്‍, കുര്‍ദ് മേഖലക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹം തയാറാകുമെന്നാണ് നിരീക്ഷകാഭിപ്രായം. അട്ടിമറിക്ക് നേതൃത്വം നല്‍കിയ സൈനികര്‍ ആരെ അനുകൂലിക്കുന്നുവെന്നതിന് വ്യക്തമായ ഉത്തരം കണ്ടത്തെുന്നത് ദുഷ്കരം. ഒരുപക്ഷേ, കമാലിസ്റ്റ് തീവ്രമതേതര വിഭാഗമാകാം. പണ്ഡിതനായ ഫത്ഹുല്ല ഗൂലന്‍െറ അനുകൂലികളുമായേക്കാം അവര്‍. ഉര്‍ദുഗാന്‍ കടുത്ത ഇസ്ലാമികവത്കരണം നടത്തുന്നു എന്ന ആരോപണം അട്ടിമറിക്കാന്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കമാലിസ്റ്റ് വീക്ഷണമുള്ള സി.എച്ച്.പി  നേരത്തേ ഇത്തരം ആരോപണങ്ങള്‍ നിരത്തിയിരുന്നതാണ്. എന്നാല്‍, പുതിയ ഭരണഘടനയുടെ കരട് ഒരുക്കുന്നതില്‍ ഉള്‍പ്പെടെ ഈ കക്ഷി അക് പാര്‍ട്ടിക്ക് മികച്ച സഹകരണം നല്‍കിവരുകയാണ്. അപ്പോള്‍ ഗൂലനിസ്റ്റുകളാകുമോ അട്ടിമറിക്കാരുടെ പ്രേരകശക്തി? പക്ഷേ, ഇത്രവലിയ സൈനിക നീക്കം നടത്താന്‍ മാത്രം ഗൂലനിസ്റ്റുകളുടെ സ്വാധീനം ശക്തമല്ളെന്ന് നിരീക്ഷകര്‍ പറയുന്നു. രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച ഭരണവിരുദ്ധവികാരം സൈനികരിലേക്ക് സംക്രമിച്ചതാകാം അട്ടിമറിയുടെ പ്രേരണകളിലൊന്ന്. അട്ടിമറിക്കാരുടെ പിതാക്കള്‍ ആരായിരുന്നാലും സിറിയന്‍ അഭയാര്‍ഥി പ്രശ്നം, ഐ.എസ് സാന്നിധ്യം, മേഖലയിലെ രാജ്യങ്ങളുമായുള്ള തുര്‍ക്കിയുടെ സൗഹൃദത്തിന് സംഭവിച്ച ഉലച്ചില്‍ തുടങ്ങിയവയുടെ പ്രഭാവവും വലുതായിരിക്കാം.

ഇത്തരം പ്രതിസന്ധികള്‍ നീണ്ടുനില്‍ക്കുന്നപക്ഷം അനിശ്ചിതാവസ്ഥയും നീണ്ടുനിന്നേക്കും. പട്ടാളക്കാരുടെ അറസ്റ്റില്‍നിന്ന്, ഒരുപക്ഷേ, ജീവഹാനി സംഭവിക്കുന്നതില്‍നിന്നും ഉര്‍ദുഗാന്‍ എന്ന വ്യത്യസ്തനായ നേതാവ് അദ്ഭുതാവഹമായി രക്ഷപ്പെട്ടിരിക്കുന്നു. അട്ടിമറിക്കാര്‍ക്കെതിരെ തെരുവിലത്തെുക എന്ന അദ്ദേഹത്തിന്‍െറ ആഹ്വാനം ജനങ്ങളൊന്നടങ്കം ശിരസ്സാവഹിച്ചു. തന്‍െറ ജനതയെ മുഴുവന്‍ ജനാധിപത്യത്തിന്‍െറ പ്രതിരോധ ഭടന്മാരാക്കാന്‍ പ്രാപ്തനായ മറ്റൊരു നേതാവിനെ തുര്‍ക്കിയില്‍ കണ്ടത്തൊനാകുമോ?

omair.icwa@gmail.com
(ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ പശ്ചിമേഷ്യാ പഠനവിഭാഗം ഗവേഷകനാണ് ലേഖകന്‍)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.