ഇനിയും ചില ‘വിശ്വവിഖ്യാത തെറികള്‍’

‘യോദ്ധ’ സിനിമയില്‍ ‘റിംപോച്ച’ എന്ന നേപ്പാളി കുട്ടിക്കഥാപാത്രം മലയാളം പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുന്ന രംഗങ്ങളുണ്ട്. അവയില്‍ ആര്‍ത്തും പിന്നീട് ഓര്‍ത്തും പ്രേക്ഷകരെ കൂടുതല്‍ ചിരിപ്പിച്ചത് ജഗതിയുടെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍െറ പേര് ‘അമ്പട്ടന്‍’ എന്ന് റിംപോച്ച തെറ്റിച്ച് പറയുന്ന രംഗമാണ്. മോഹന്‍ലാലിന്‍െറ അശോകന്‍ എന്ന പേര് ‘അക്കോസേട്ടനാ’യപ്പോഴൊന്നുമില്ലാത്ത ഹാസം ‘അമ്പട്ടനി’ല്‍ വിടരാന്‍ കാരണമെന്തെന്ന് അന്വേഷിച്ചാല്‍ അതിലൊളിഞ്ഞ ‘ജാതീയ’ പരിഹാസത്തിന്‍െറ പല്ലിളി കാണേണ്ടിവരും. ‘അക്കോസേട്ടന്‍’ കുട്ടിത്തത്തിന്‍െറ നിഷ്കളങ്കമായ തെറ്റുച്ചരിക്കലായി ഓമനത്തമാര്‍ന്നൊരു മന്ദഹാസം വിടര്‍ത്തുമ്പോള്‍ ‘അമ്പട്ടന്‍’ കൃത്യമായ ഒരു വംശീയധിക്ഷേപമോ തെറിയോ ആയി കുംഭ കുലുക്കി ചിരിപ്പിക്കുന്നു. കുലത്തൊഴില്‍ പാരമ്പര്യമായി സ്വീകരിച്ച ക്ഷുരക ജാതിയാണ് കേരളത്തില്‍ അമ്പട്ടന്‍. നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഒരു സാമൂഹിക വിഭാഗത്തിന്‍െറ ചരിത്രപരമായ വര്‍ഗപ്പേരാണ് ഒരു കോമാളി പദമാക്കി അവതരിപ്പിച്ച് സിനിമയില്‍ നമ്മെ ചിരിപ്പിക്കുന്നത്. ആ വാക്കിന്‍െറ തെരഞ്ഞെടുപ്പിന് പിന്നിലുള്ള നീച ലക്ഷ്യം അമ്പട്ടന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ വികൃതമാകുന്ന അപ്പുക്കുട്ടന്‍െറ മുഖത്തുണ്ട്.

യോദ്ധയില്‍ നിന്ന് പെരുച്ചാഴിയിലേക്ക് രണ്ട് പതിറ്റാണ്ടിന്‍െറ ദൂരമുണ്ടെങ്കിലും മലയാളിയുടെ വരേണ്യ ഭാവത്തിനും കീഴാള അധിക്ഷേപത്തിനും മാത്രം ഒരു മാറ്റവുമില്ളെന്ന് തെളിയുന്നു. പെരുച്ചാഴി സിനിമയിലെ കഥാപാത്രം ‘നിരുപദ്രവ നര്‍മം’ എന്ന നാട്യത്തോടെ വീശുന്ന ‘ലുലുവിലെ അട്ടപ്പാടികളെ’ന്ന ഡയലോഗ് ആദിവാസികളെയും അവരുടെ ഊരുകേന്ദ്രമായ അട്ടപ്പാടി എന്ന പ്രദേശത്തേയും വംശീയമായി അധിക്ഷേപിക്കുന്നതാണ്. അതുണര്‍ത്തുന്ന ചിരിയുടെ വായ്നാറ്റം മലയാളി എത്ര ഒളിച്ചുവെച്ചാലും പുളിച്ചുതികട്ടുന്ന സവര്‍ണമനോഭാവത്തിന്‍േറതാണ്. പാവപ്പെട്ടവന്‍െറ ജാതിപ്പേരും കുലത്തൊഴിലും മാത്രമല്ല, അവന്‍ ‘ചെറ്റ’ കെട്ടി പാര്‍ക്കുന്ന ഇടവും പരിഹാസ്യമാണ്.

ജാതീയമായ ആക്രമണത്തിന്‍െറ ക്രൂര മുഖം വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഭൂപതി’ എന്നൊരു ജോഷി സിനിമയില്‍ കണ്ട് ഞെട്ടിയിട്ടുണ്ട്. സവര്‍ണ ബോധത്തെ തൃപ്തിപ്പെടുത്തുന്നതും ജാതിമേല്‍ക്കോയ്മയെ പുനരാനയിക്കുന്നതുമായ രഞ്ജിത്തീയന്‍ സിനിമകളുടെ വാര്‍പ്പ് മാതൃകകളെക്കാള്‍ ക്രൂരമായി കീഴാളനെ നേരിട്ടാക്രമിച്ച് കൈയ്യൊടിക്കുന്ന സവര്‍ണ ഫാസിസ്റ്റ് ചേരുവകളുടെ മിശ്രിതമായിരുന്നു അത്. സിനിമകളിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ജാതീയധിക്ഷേപങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ അറിയാതെ ഓര്‍മയിലത്തെിയതാണ് ഭൂപതി. അല്ലാതെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോന്ന നിലവാരമോ ആശയതലമോ ഉള്ള സിനിമയൊന്നുമല്ല അത്. സിനിമയുടെ രാഷ്ട്രീയ ചര്‍ച്ചകളിലൊന്നും പെടാതെ പോയ, താമശയുടെ ചെലവില്‍ പൊതുബോധത്തിലേക്ക് നടത്തുന്ന ഇത്തരം ഒളിച്ചുകടത്തലുകള്‍ എക്കാലത്തും എമ്പാടും സംഭവിക്കുന്നുണ്ട് മലയാള സിനിമയില്‍. സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചത് പോലെ ജഗനാഥന്‍, ജഗനാഥന്‍ എന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചാലും ഗൗനിക്കാത്ത മോഹന്‍ലാല്‍ കഥാപാത്രം ‘തമ്പുരാനെ’ എന്നുവിളിച്ചുകേള്‍ക്കുമ്പോള്‍ മാത്രം തിരിഞ്ഞു നോക്കുകയും ചെയ്യുന്നിടത്തോളം നഗ്നമായ സവര്‍ണ മേധാവിത്വം മലയാള സിനിമയില്‍ പ്രേക്ഷകര്‍ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും സ്വീകരിച്ചിട്ടുണ്ട്. തിരയിലും തിരക്കു പിന്നിലും ജാതീയത ശക്തമാണ് മലയാളി സിനിമയിലെന്നത് പരസ്യമായ രഹസ്യമാണ്. അതിനെ കുറിച്ചൊക്കെ ധാരാളം ചര്‍ച്ചകള്‍ നടന്നുവരുന്നതുമാണ്. ഇവിടെ ശ്രമിക്കുന്നത് അത്തരം സാമ്പ്രദായിക ശീലങ്ങള്‍ക്ക് പുറത്ത് സംഭവിക്കുന്ന വംശീയ വെറികളെ കുറിച്ച് പറയാനാണ്.  

ജാതിരഹിത സമുദായങ്ങളിലെ നവജാതീയത
സിനിമയില്‍ മാത്രമല്ല സാദാ മലയാളിയുടെ എല്ലാ പരിസരങ്ങളിലും ഏറിയും കുറഞ്ഞും പല തോതിലും ജാതീയതയും വംശീയവും വര്‍ണപരവുമായ വെറികളും നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ മനുഷ്യപക്ഷത്തേക്ക്  ഒരല്‍പം മാറിനില്‍ക്കണമെന്ന് മാത്രം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ തിടമ്പേറ്റി ജാതീയതയുടെയും ഉച്ചനീചത്വങ്ങളുടെയും മുഴുവന്‍ കുത്തകയും ഹിന്ദു സമാജം നൂറ്റാണ്ടുകളായി സ്വന്തമാക്കി വെച്ചിരിക്കുകയാണ്. ദുഷിച്ച ആ വ്യവസ്ഥിതിയെ പൂര്‍വാധികം ശക്തിയില്‍ തിരികെ ആനയിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. രാഹുല്‍ ഈശ്വറിനെ തീണ്ടി അശുദ്ധമാക്കരുതെന്ന് ബി.ജെ.പിയിലേയും ബി.ഡി.ജെ.എസിലെയും ഈഴവാദി അയിത്ത ജാതികള്‍ക്ക് പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് തന്നെ നിര്‍ദേശം കിട്ടിയ ഞെട്ടിക്കുന്ന സംഭവമുണ്ടായത് ഈയടുത്താണല്ളോ. എന്നാല്‍ ജാതീയാതിക്രമങ്ങള്‍ മുഴുവന്‍ നടക്കുന്നത് ഹിന്ദു സമൂഹത്തിലാണെന്നും തങ്ങള്‍ക്കിടയില്‍ അത്തരത്തിലൊന്നുമില്ളെന്നും മേനി നടിക്കുന്ന ‘ജാതിരഹിത’ സമൂഹങ്ങളിലും നവജാതീയതയുടെ പലതരം മനോഭാവങ്ങള്‍ രൂപപ്പെടുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നത്, പക്ഷേ അവര്‍ തന്നെ അറിയുന്നില്ല. ചൂണ്ടിക്കാട്ടുമ്പോള്‍ ഹിന്ദുക്കള്‍ക്കിടയിലുള്ള അത്രയും ഘനത്തിലുണ്ടോ എന്ന മറുചോദ്യം കൊണ്ട് തടുക്കും ഈ മത സ്വത്വവാദികള്‍. താരതമ്യേന ജാതീയ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കേരളീയ മുസ്ലീങ്ങള്‍ക്കിടയില്‍ പോലും ജാതീയമേല്‍ക്കോയ്മയുടെ സൂക്ഷ്മ പ്രാണികള്‍ അരിച്ചുനടക്കുന്നുണ്ട്. ക്ഷുരകന്മാര്‍ തന്നെയാണ് ഇവിടെയും ജാതീയ വിവേചനത്തിന്‍െറ ഇരകള്‍. ഹിന്ദുക്കളിലെ അമ്പട്ടന്മാര്‍ ഒസാന്മാരെന്ന പേരിലേക്ക് മാര്‍ഗം കൂടുന്നു എന്ന് മാത്രം. അനുഭവിക്കുന്നത് ഒരേതരം വിവേചനം.

ഒസാന്‍ കുടുംബങ്ങളുമായി വൈവാഹിക ബന്ധങ്ങളടക്കം ഒന്നിനും മറ്റ് മുസ്ലീങ്ങള്‍ തയാറാവാറില്ളെന്നത് നിഷേധിക്കപ്പെ ടാനാവാത്ത സാമൂഹിക യഥാര്‍ത്ഥ്യം. അവര്‍ണര്‍ മാമോദീസ മുങ്ങിയാലും അവശ ക്രിസ്ത്യാനികളായി തന്നെ തുടരുന്നതുപോലെ. ‘അക്രി’ എന്നൊരു പ്രയോഗവും ജാതിയധിക്ഷേപങ്ങളുടെ പുതിയ നാട്ടുമൊഴി നിഘണ്ടുവിലുണ്ട്. അവശ ക്രിസ്ത്യാനിയെന്ന് തീര്‍ത്തുപറയില്ല. അധിക്ഷേപിക്കാന്‍ ‘അക്രി’യെന്ന് പറയുമ്പോള്‍ പരിഹാസത്തിന്‍െറ വീര്യം കൂടുമല്ളോ. ജാതിയില്ലാത്ത മതങ്ങളില്‍ സഭകളും സംഘടനകളുമാണ് ജാതിവ്യവസ്ഥകളെ രൂപപ്പെടുത്തുന്നത്. സഭ വിഭജനങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ നേരത്തെ തന്നെ സാമൂഹികക്രമം പാലിക്കുന്നുണ്ട്. മുസ്ലീം സമുദായത്തില്‍ അടുത്തിടെയാണ് മതസംഘടനകളുടെ അടിസ്ഥാനത്തിലുള്ള ജാതീയത ശക്തിപ്രാപിച്ചത്. പള്ളി, സ്നേഹം, കരുണ, സഹായം, ദാനധര്‍മാദികള്‍, വൈവാഹികം, തൊഴില്‍, ആഘോഷം തുടങ്ങി എല്ലാറ്റിലും സംഘടനകളുടെ ജാതി വിഭജനം കൃത്യമാണ്. ഭൗതികവവും ആത്മീയവുമായ എല്ലാ ഇടപാടുകളും സംഘടനാബന്ധുക്കള്‍ക്കിടയില്‍ മാത്രം.

ചാത്തപ്പനെന്ത് മഹ്ശറ?
മുസ്ലീങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു തമാശ പ്രയോഗമാണ് ‘ചാത്തപ്പനെന്ത് മഹ്ശറ?’. ലോകാവസാനത്തിന് ശേഷം മുഴുവന്‍ ചരാചരങ്ങളും പുനര്‍ജനിക്കുമ്പോള്‍ പുതിയ ആകാശവും ഭൂമിയും ചേര്‍ന്നുണ്ടാകുന്ന മറ്റൊരു ലോകമാണ് ‘മഹ്ശറ’. പുനരുത്ഥാന നാളിലെ സംഗമ ഭൂമി. കഴിഞ്ഞ ജീവിതത്തിലെ നന്മ തിന്മകള്‍ തൂക്കി പാരത്രിക ജീവിതത്തിന്‍െറ വിധി നിര്‍ണയിക്കുന്ന ‘മഹ്ശറയെ’ കുറിച്ച് വിശ്വാസികളായ മുസ്ലീങ്ങള്‍ക്ക് മാത്രമേ ചിന്തയുണ്ടാകൂ, അല്ലാത്തവര്‍ക്കെന്ത് മഹ്ശറ എന്ന അര്‍ത്ഥത്തിലാണ് മേല്‍പ്പറഞ്ഞ പ്രയോഗം. ചാത്തപ്പന്‍ കീഴാള വര്‍ഗത്തില്‍ മാത്രമുള്ള ഒരു പേരാണ്. ചാത്തപ്പന്‍ നായരോ മേനോനോ അച്ചായനോ ഇല്ല. ചാത്തപ്പന്‍ എന്ന് പറഞ്ഞാല്‍ ‘അധഃകൃതന്‍’ തന്നെ. പാരത്രിക ജീവിതത്തേയും പുനരുത്ഥാന നാളിനെയും കുറിച്ച് വിശ്വസിക്കാത്തത് ചാത്തപ്പന്‍ മാത്രമല്ലല്ളോ. എന്നിട്ടും അവിശ്വാസികളെ അധിക്ഷേപിക്കാന്‍ എടുത്തുപയോഗിക്കുന്ന പേര് കീഴാളന്‍േറത്. നസ്രാണിക്കെന്ത് മഹ്ശറ എന്നോ മേനവനെന്ത് മഹ്ശറയെന്നോ നായര്‍ക്കെന്ത് മഹ്ശറയെന്നോ നമ്പൂരിക്കെന്ത് മഹ്ശറയെന്നോ ആരും പ്രയോഗമുണ്ടാക്കിയിട്ടില്ല. ചാത്തപ്പനെന്ത് മഹ്ശറ എന്ന പരിഹാസത്തിന് ഇവിടെ ശരവ്യമാകുന്നത് കീഴാളര്‍ മാത്രം.

ഏറാന്‍ മൂളിയും പൊട്ടനും
‘കരുണാമയന്മാരായ’ രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും ആഢ്യജാതികളും നാടുവാണിരുന്ന കാലത്ത് അവരുടെ മുമ്പില്‍ പഞ്ചപുശ്ചമടക്കി ഏറാന്‍ മൂളികളായി വണങ്ങിനിന്നൊരു ഗതികെട്ട ചരിത്രം കേരളത്തിലെ കീഴാളര്‍ക്കുണ്ട്. ഏറാന്‍ മൂളികള്‍ ലോഭിച്ച് വെറും ‘മൂളി’യായി മാറി. അപ്പോഴേക്കും രാജാക്കന്മാരും ഭൂപ്രഭുക്കളും ആഢ്യജാതികളും രംഗമൊഴിഞ്ഞ് പുതിയ സവര്‍ണന്മാര്‍ സാമൂഹികാധീശത്വം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ഓരോ ജാതിക്കാരനും കീഴ് ജാതികളെന്ന് തോന്നുന്നവരെ അധിക്ഷേപിക്കാന്‍ എറിയുന്ന തെറികളിലൊന്നായി ഈ പറഞ്ഞ ‘മൂളി’യും സ്ഥാനം പിടിച്ചു. തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും ഈ തെറി പ്രയോഗം നിലനില്‍ക്കുന്നുണ്ട്. സവര്‍ണ മനോഭാവമുള്ള ഈഴവനും മുസ്ലിമും കൃസ്ത്യാനിയും വരെ, തങ്ങള്‍ക്ക് കീഴിലാണെന്ന് തോന്നുന്ന ഹരിജനങ്ങളെയും ഗിരിജനങ്ങളെയും മറ്റ് ഉപജാതികളേയും ‘മൂളികളെന്ന്’ വിളിച്ച് ആക്ഷേപിക്കാറുണ്ട്. എല്ലാം മൂളി കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു നീച ചരിത്രത്തിന്‍െറ ഓര്‍മകാലങ്ങളില്‍ നിന്ന് മാത്രമല്ല തങ്ങള്‍ ആഢ്യന്മാരാണെന്ന്, പണ്ട് അയിത്തം അനുഭവിച്ചിരുന്ന ജാതിവിഭാഗങ്ങള്‍ക്ക് കൂടി തോന്നിത്തുടങ്ങിയ നവജാതീയതയുടെ ഈ പുതിയ കാലത്തെ വംശീയ മനോഭാവത്തില്‍ നിന്ന് കൂടി മോചനം കിട്ടാത്ത പാവം മനുഷ്യര്‍ കേരളത്തിലും ഒരു യാഥാര്‍ത്ഥ്യമാണ്.
കുട്ടിക്കാലത്തെ ഒരു ഓര്‍മയാണ്. നാട്ടില്‍ ഹരിജനങ്ങളെ ഐ.ആര്‍.ഡി.പികളെന്ന് മറ്റുള്ളവര്‍ വിളിച്ചുകേട്ടിരുന്നു. എന്തോ വൃത്തികെട്ട വാക്കാണ് അതെന്ന് ആ വിളിയുടെ പരിഹാസ ചുവയില്‍ നിന്ന് അന്നേ തോന്നിയിരുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ സംയോജിത ഗ്രാമ വികസന പദ്ധതിയാണ് ഐ.ആര്‍.ഡി.പിയെന്നും ആ പദ്ധതിയില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഹരിജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഉപയോഗിച്ചിരുന്നെന്നും പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ ജനക്ഷേമത്തിനുവേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ പോലും കീഴാള വര്‍ഗങ്ങള്‍ക്കെതിരായ തെറികളായി പരിണമിക്കുന്ന നാട്ടുമൊഴി വഴക്കം ഞെട്ടിപ്പിച്ചു.  
വേടന്‍, പുലയന്‍, കാണി തുടങ്ങിയ വര്‍ഗ പേരുകളും തെറിവാക്കുകളായി നാട്ടിലെ അഭിനവ ആഢ്യമനോഭാവക്കാര്‍ പ്രയോഗിച്ചു കേള്‍ക്കാറുണ്ട്.
ശാരീരിക വൈകല്യമുള്ളവര്‍ വിഭിന്ന ശേഷിക്കാരോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരോ ആയി വരമൊഴി ഭാഷയില്‍ മാറിയിട്ടും പൊട്ടനും ചട്ടനും എന്ന് പരിഹസിക്കപ്പെടുന്ന അവസ്ഥക്ക് മാറ്റം വന്നിട്ടില്ല. വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്നവനെ അധിക്ഷേപിക്കാനുള്ള തെറിവാക്കുകളാണ് പൊട്ടനും ചട്ടനും. നീ പോടാ പൊട്ടാാ എന്ന വിളിക്ക് തെറിയുടെ ഊക്കാണുള്ളത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ചീഫ് വിപ്പായിരുന്ന കാലത്ത് പി.സി ജോര്‍ജ് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നൊരു വിവാദമുണ്ടായി. അന്ന് മന്ത്രിയായിരുന്ന ഗണേഷ് കുമാറിനെ നിയമസഭയിലെ പ്രസംഗത്തില്‍ എ.കെ ബാലന്‍ ‘ഏയ് മിസ്റ്റര്‍ ഗണേഷ്’ എന്ന് വിളിച്ചത് പി.സി ജോര്‍ജിന് ഇഷ്ടപ്പെട്ടില്ല. ‘ഏയ് മിസ്റ്റര്‍ ഗണേഷ് എന്ന് വിളിക്കാന്‍ ഇവനാര്?’ എന്നായിരുന്നു പി.സി ചോദിച്ചത്. പട്ടിക ജാതിക്കാരനായതു കൊണ്ട് ഞാനൊന്നും പറയുന്നില്ല എന്ന് കൂടി പറഞ്ഞ അദ്ദേഹം ബാലനെ പൊട്ടനെന്ന് കൂടി വിശേഷിപ്പിച്ചു. ഉയര്‍ന്ന ജാതിക്കാരനായ ഗണേഷിനെ മിസ്റ്റര്‍ ഗണേഷ് എന്ന് വിളിക്കാന്‍ പട്ടികജാതിക്കാരന് എന്ത് യോഗ്യത എന്നായിരിക്കാം ആ ‘സെക്കുലര്‍’ കേരള കോണ്‍ഗ്രസ് നേതാവിന്‍െറ മനസിലിരുപ്പ്. അരിശം തീരാഞ്ഞിട്ട് പൊട്ടനെന്ന് വിളിച്ച് ബാലനെ മാത്രമല്ല സംഭവത്തില്‍ കക്ഷികളല്ലാത്ത വിഭിന്ന ശേഷിക്കാരേയും ആക്ഷേപിച്ചു.
തിരുവിതാംകൂറില്‍ രാജാവ് ആറാട്ടിന് എഴുന്നെള്ളുമ്പോള്‍ ആ തിരുമേനിക്ക് കണ്ണുതട്ടാതിരിക്കാന്‍ ഉയരംകുറഞ്ഞ് മുണ്ടനും വിരൂപനുമായ ആളെ കോമാളി വേഷം കെട്ടിച്ച് മുന്നില്‍ നടത്തിക്കും. ആറാട്ട് മുണ്ടന്‍ എന്ന് പേര്‍. പൊക്കമില്ലാത്ത മനുഷ്യരെ വിളിച്ച് അധിക്ഷേപിക്കാന്‍ ഇന്നും ഉപയോഗിക്കുന്ന തെറിപ്പദമാണ് മുണ്ടന്‍.  

പാകിസ്താനി
അധികാരത്തിന്‍െറ മത്തില്‍ ദേശക്കൂറിന്‍െറ സംഘ് നിര്‍വചനം അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് അസഹിഷ്ണുതയുടെ കാലത്ത് വളരെ വേഗം പ്രചാരം നേടുന്നൊരു പുതിയ തെറിയാണ് ‘പാകിസ്താനി’. ഇന്ത്യന്‍ മുസ്ലീങ്ങളാണ് കൂടുതലും സംഘ്പരിവാറിന്‍െറ ഈ തെറിപ്രയോഗത്തിന് ഇരയാകുന്നത്. മതമില്ലാത്തവനാണെങ്കില്‍ പോലും മുസ്ലിം പേരാണെങ്കില്‍ ഈ തെറിക്ക് നിങ്ങള്‍ അര്‍ഹരാണെന്ന് ഷാരൂ ഖാനോടും ആമിര്‍ ഖാനോടും മുതല്‍ കേരളത്തിലെ സി.പി.എം യുവ നേതാവ് റിയാസ് മുഹമ്മദിനോട് വരെ സംഘ് പ്രവര്‍ത്തര്‍ ആക്രോശിച്ചുകഴിഞ്ഞു. കേരളത്തില്‍ പാകിസ്താന്‍ മുക്ക് എന്ന പേരില്‍ ചില സ്ഥലങ്ങളുണ്ട്. മുസ്ലീങ്ങള്‍ കുറച്ചധികമുണ്ടെങ്കില്‍ ഈ തെറി പ്രയോഗം നാടിന്‍െറ പേരാക്കി മാറ്റുന്നത് ആരാണെന്ന് ഇനിയും ഒരു സ്ഥലനാമ ചരിത്രകാരനും ഗവേഷണം നടത്തി കണ്ടത്തെിയിട്ടില്ല.
ഇതിത്രയും പറഞ്ഞുവെച്ചത് ‘വിശ്വ വിഖ്യാത തെറികള്‍’ ഇനിയും ഏറെയുണ്ടെന്ന് കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജിലെ മിടുക്കരായ ആ കുട്ടികളോട് ഐക്യപ്പെട്ട് ഒരു അനുബന്ധം എഴുതിച്ചേര്‍ക്കാന്‍ വേണ്ടി മാത്രമല്ല, ചാതുര്‍വര്‍ണ്യ വ്യവസ്ഥപ്രകാരം പാരമ്പര്യ ആഢ്യജാതികളായി ജനിച്ചവരുടെ മാത്രം കുറ്റമാണ് സവര്‍ണ മനോഭാവമെന്ന പൊതുധാരണയെ ഒന്നു പൊളിച്ചടുക്കാന്‍ കൂടിയാണ്. കേരളീയ സാംസ്കാരിക പൊതുബോധത്തിന്‍െറ ധീരമായ പൊളിച്ചെഴുത്താണ് ഗുരുവായൂരപ്പന്‍ കോളജ് മാഗസിനായ ‘വിശ്വവിഖ്യാത തെറി’. പൊതുബോധം തെറിയോ അധിക്ഷേപമോ ആയി നിജപ്പെടുത്തിയ ‘ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കന്യക, കുണ്ടന്‍, കൂത്തച്ചി, കിളവന്‍, കാടന്‍’ എന്നീ വാക്കുകള്‍ തെറികളല്ളെന്ന് തെല്ലുറക്കെ പറയാനുള്ള ആ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശ്രമത്തിന് വാക്കുകളുടെ രാഷ്ട്രീയത്തോളം ചങ്കൂറ്റമുണ്ട്.
നിങ്ങള്‍ പൊളിക്കൂ ബ്രോസ്, തകര്‍ക്കപ്പെടേണ്ട സവര്‍ണ മേധാവിത്ത മനോഭാവത്തിന്‍െറ മനകള്‍ ഇരുട്ടുകുത്തി നില്‍ക്കുന്ന മനസുകള്‍ എമ്പാടുമുണ്ട് ഇനിയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.