അന്തസ്സിനു യാചിക്കുന്ന ഗുസ്തിതാരങ്ങൾ


ഇടിക്കൂട്ടിൽ പൊരുതി സ്വർണപ്പതക്കങ്ങൾ വാരിക്കൂട്ടി ഇന്ത്യയുടെ പ്രശസ്തി ലോകോത്തരമാക്കിയ നമ്മുടെ ഗുസ്തിതാരങ്ങൾ കഴിഞ്ഞ നാലു ദിനങ്ങളായി തലസ്ഥാനനഗരിയിലെ ജന്തർമന്തറിൽ കുത്തിയിരിപ്പു സമരത്തിലാണ്. ഒളിമ്പിക് മെഡലിസ്റ്റുകളായ ബജ്റങ് പൂനിയ, രവി ദഹിയ, സാക്ഷി ലിക്, കോമൺവെൽത്ത് ചാമ്പ്യൻ വിനേഷ് ഫോഗത് എന്നിവരടക്കമുള്ള ഒന്നാംകിട താരങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നത് അവരുടെ സംഘടന റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ)ക്കും അതിന്‍റെ പ്രസിഡന്‍റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനുമെതിരെയാണ്. ലൈംഗികമായി ദേഹോപദ്രവമേൽപിക്കുക, താരങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, സാമ്പത്തിക തിരിമറി നടത്തി അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഫെഡറേഷനും പ്രസിഡന്‍റിനുമെതിരെ ഗുസ്തിതാരങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ലഖ്നോ ക്യാമ്പിലെ കോച്ചുകളും സ്പോർട്സ് സയൻസ് സ്റ്റാഫും പ്രസിഡന്‍റിന്‍റെ പാദസേവകരും പങ്കുപറ്റുകാരുമായി അധഃപതിച്ചിരിക്കുകയാണെന്നും ക്യാമ്പിൽ ബന്ധപ്പെട്ട സ്പോർട്സ് ഇനത്തിലെ പരിശീലനമല്ല നടക്കുന്നതെന്നും അവർ കായികമന്ത്രിയെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ എം.പിയെയും അറിയിച്ചിരിക്കുന്നു. കുറ്റക്കാരെ മാറ്റിനിർത്തി അന്വേഷിക്കുകയും കാര്യങ്ങൾ ബോധ്യമായാൽ കനത്ത ശിക്ഷ നൽകുകയും വേണമെന്ന് അവർ ആവശ്യപ്പെടുന്നു. ഗുസ്തിതാരങ്ങളുടെ മാത്രമല്ല, സ്ത്രീസുരക്ഷയുടെയും പെണ്ണഭിമാനത്തിന്‍റെയും ഗൗരവവിഷയമാണ് തങ്ങൾ ഉന്നയിക്കുന്നതെന്നു കൂടി അവർ പറയുന്നു. പ്രസിഡന്‍റിന്‍റെ മാനസികപീഡനത്തിൽ സഹികെട്ട് പ്രശസ്തതാരം വിനേഷ് ഫോഗത് ആത്മഹത്യയുടെ വക്കിലെത്തിയെന്നും ഐ.ഒ.എ പ്രസിഡന്‍റിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇനിമേൽ വനിതകളാരും ഗുസ്തി പരിശീലനത്തിന് ക്യാമ്പിലേക്ക് പോകരുതെന്നും ഗവൺമെന്‍റ് പ്രശ്നത്തിൽ പരിഹാരം കാണാത്തപക്ഷം ജന്തർമന്തറിൽ പരിശീലനം തുടങ്ങുമെന്നുമാണ് താരങ്ങളുടെ മുന്നറിയിപ്പ്. കേന്ദ്ര കായികമന്ത്രി കഴിഞ്ഞ ദിവസം സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. മൂന്നുനാളിനകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രം ഫെഡറേഷൻ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഖേദപ്രകടനമോ വിശദീകരണമോ നൽകാൻ തയാറല്ലാത്ത പ്രസിഡൻറ് സമരത്തെ രാഷ്ട്രീയ ഗൂഢാലോചനയാക്കി ചിത്രീകരിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.

രാജ്യത്തിനുവേണ്ടി കഠിനമായി പൊരുതി മെഡലുകൾ കൊണ്ടുവരുന്ന താരങ്ങളെ പരിശീലനത്തിന്‍റെ മറവിൽ വൃത്തികെട്ട ലൈംഗിക-സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കി എന്നത് അത്യന്തം ഹീനവും രാജ്യത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്നതുമാണ്. ഈ നാണക്കേടിൽനിന്നു ഗുസ്തി സംഘടനയെയും രാജ്യത്തെയും രക്ഷപ്പെടുത്തണമെന്നാണ് സമരത്തിനിറങ്ങിയ താരങ്ങളുടെ അപേക്ഷ. എന്നാൽ, അത് ചെവിക്കൊണ്ട് ബ്രിജ്ഭൂഷനെ പുറന്തള്ളാൻ ബി.ജെ.പിക്കു കഴിയുമോ? 1991 മുതൽ ഉത്തർപ്രദേശിലെ ഗോണ്ടയിൽനിന്നു ബി.ജെ.പിയെ പ്രതിനിധാനംചെയ്യുന്ന ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെ ബി.ജെ.പി കൂടെക്കൂട്ടിയതുതന്നെ ഗോണ്ടയിലെയും പരിസരത്തെ ആറു ജില്ലകളിലെയും പേശീബലം കണ്ടിട്ടുതന്നെ. ഏതു ഗുസ്തിക്കാരനെയും വെല്ലുന്ന ‘ശക്തിശാലി’യെന്നു സ്വയം വിശേഷിപ്പിക്കുന്ന സിങ്ങിനെ ബി.ജെ.പിക്കാണ് ആവശ്യം എന്നതാണ് ശരി. ഗുസ്തി മത്സരങ്ങൾ എവിടെയുണ്ടെങ്കിലും അവിടെ ഗുസ്തിപിടിത്തത്തിന് എത്തുക മാത്രമല്ല, റഫറിമാരെ ചീത്തവിളിച്ചും കളിനിയമ പുസ്തകങ്ങൾ അവർക്കുമേൽ വലിച്ചെറിഞ്ഞും ചിലപ്പോൾ താരങ്ങളുടെ മേൽ ‘കൈവെച്ചു’മൊക്കെയാണ് ഗോദയിലെ പ്രസിഡന്‍റിന്‍റെ പ്രകടനം. ബാബരി മസ്ജിദ് തകർത്തതിന്, കൊലപാതക പ്രതിയായ മുംബൈ അധോലോക ഗുണ്ടക്ക് അഭയം നൽകിയതിന്, സമാജ്വാദി പാർട്ടി നേതാവിന്‍റെ വധശ്രമത്തിന് ഒക്കെ കേസും ജയിലുമൊക്കെയായി നടന്ന സിങ്ങിനെ കോടതികളൊക്കെ ഒന്നൊന്നായി വിട്ടയച്ചതുമൊരു കൗതുകമാണ്. കഴിഞ്ഞ പത്തുവർഷമായി ഡബ്ല്യു.എഫ്.ഐയുടെ തലപ്പത്തു തുടരുകയാണ് അദ്ദേഹം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കഴിഞ്ഞ ഒക്ടോബറിൽ പ്രളയക്കെടുതി കൈകാര്യം ചെയ്തതിൽ രൂക്ഷമായി പരസ്യവിമർശനത്തിനിരയാക്കിയിട്ടും സിങ്ങിനെ ആരും തൊട്ടിട്ടില്ല. ഗോണ്ടയിലെയും സമീപത്തെ ആറു ജില്ലകളിലെയും സ്വാധീനശക്തിതന്നെ കാരണം. ഈ പേശീബലവുമായി മല്ലിടാൻ ബി.ജെ.പിക്ക് കെൽപുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഭാരതീയ സ്ത്രീത്വത്തിന്‍റെ ഭാവശുദ്ധിയെക്കുറിച്ചും നാരീരക്ഷയെക്കുറിച്ചും നിരന്തരം വലിയവായിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ ഭരണത്തിൽ ഒരു കായികസംഘടനയുടെ അധ്യക്ഷനായും പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത എം.പിയായും വാഴിക്കാൻ കണ്ടുവെച്ചത് ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെപ്പോലെ ഒരാളായത് യാദൃച്ഛികമല്ല എന്ന് ഇതഃപര്യന്തമുള്ള പാർട്ടിയുടെയും ഭരണക്രമങ്ങളുടെയും കഥ ബോധ്യപ്പെടുത്തുന്നുണ്ട്. പെൺമക്കളെ പഠിപ്പിക്കാനും അവർക്കു രക്ഷനൽകാനും ‘ബേടീ പഠാവോ, ബേടീ ബചാവോ’ മുദ്രാവാക്യം ഘോഷിക്കുന്ന പ്രധാനമന്ത്രിയുടെ പാർട്ടി നേതാവിനെതിരെയാണ് പഠിക്കാൻ എന്നല്ല, അന്തസ്സായി ജീവിക്കാൻതന്നെ അനുവദിക്കുന്നില്ല എന്നു രാജ്യത്തിന്‍റെ പ്രിയതാരങ്ങൾ പരാതിപ്പെടുന്നത്. ഈ നാണക്കേടിൽനിന്നു രാജ്യത്തെ രക്ഷിക്കുകയെന്ന പ്രാഥമികകർത്തവ്യമെങ്കിലും നിർവഹിക്കാൻ കേന്ദ്രത്തിനാവുമോ? അതിനു മിനക്കെടാതെ ഏതു പുതു ഇന്ത്യയെക്കുറിച്ചാണാവോ അധികാരികൾ വാചാലരാവുന്നത്!

Tags:    
News Summary - Wrestlers begging for dignity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.