ഇറ്റലിയിൽ ഫാഷിസത്തിന്റെ തിരിച്ചുവരവ്


ഫാഷിസ്റ്റ് പാർട്ടി മേധാവി ബെനിറ്റോ മു​സോളിനി 1922ൽ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് ചരിത്രമെങ്കിൽ കൃത്യം ഒരു നൂറ്റാണ്ട് പൂർത്തിയാവുമ്പോൾ നിയോ ഫാഷിസ്റ്റ് എന്നു വിളിക്കപ്പെടുന്ന ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നേതാവ് ജോർജിയ മെലോനി എന്ന വനിത ​യൂറോപ്യൻ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിൽ അവരോധിക്കപ്പെടാൻ പോവുന്നുവെന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ മുന്നണിക്ക് 40-45 ശതമാനം വോട്ടുകൾ നേടാനാവുമെന്ന് ഏറക്കുറെ വ്യക്തമായിരിക്കെ നിലവിലെ ഭരണമുന്നണിക്ക് അതിന്റെ പകുതിപോലും ലഭിക്കാനിടയില്ലെന്നാണ് ഫലസൂചനകൾ. പുറത്തുപോവുന്ന സർക്കാറും വലതുപക്ഷ പാർട്ടികളുടേതു തന്നെയാണെങ്കിലും അതിനേക്കാൾ തീവ്രതരമാണ് മെലോനിയുടെ മുന്നണി. മത, വംശീയ, ലൈംഗിക, കുടിയേറ്റ ന്യൂനപക്ഷങ്ങളെല്ലാം ജനങ്ങളുടെ ശത്രുക്കളാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് ഇലക്ഷൻ പ്രചാരണം നടത്തിയ മെലോനി അധികാരമുറപ്പിച്ച സാഹചര്യത്തിൽ ഫാഷിസത്തിന്റെ നവാവതാരത്തിന് ഒരു മൂന്നാംലോക യുദ്ധത്തിലേക്ക് മനുഷ്യരാശിയെ തള്ളിവീഴ്ത്താനുള്ള ശേഷിയൊന്നുമില്ലെങ്കിലും സ്വതേ കലുഷമായ ലോകത്ത് വംശീയതയുടെയും ദേശീയതയുടെയും പേരിൽ പുതിയ തലവേദന കൂടി സൃഷ്ടിക്കപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. എൺപതു ശതമാനം ക്രൈസ്തവരും ​പത്തൊമ്പതു ശതമാനം മതരഹിതരും ഒരു ശതമാനത്തിൽ താഴെ മാത്രം മുസ്‍ലിംകളും നിവസിക്കുന്ന ഇറ്റലിയിൽ ഒടുവിൽ പറഞ്ഞ വിഭാഗത്തിൽനിന്ന് ഒരുവിധത്തിലുമുള്ള ഭീഷണിയും നേരിടേണ്ട സാഹചര്യം ഒ​ട്ടുമേ ഇല്ല. എന്നിട്ടും മെലോനി മുന്നണിയു​ടെ മുഖ്യ പ്രചാരണം ഇസ്‍ലാമോഫോബിയ കേന്ദ്രീകരിച്ചായിരുന്നു എന്നുവരുമ്പോൾ നിലനിൽക്കുന്ന വംശവെറിയുടെ പ്രത്യാഘാതം തന്നെയാണതെന്നു പറയേണ്ടിവരും. യൂറോപ്പിൽ സാമാന്യമായി ക്രിസ്തുമതത്തോടുള്ള ജനങ്ങളുടെ പ്രതിപത്തിയും ആഭിമുഖ്യവും കുറഞ്ഞുവരുകയും പള്ളികൾ വ്യാപകമായി ആരാധനാശൂന്യമാവുകയും പലതും വിൽക്കപ്പെടുകയും ചെയ്യുന്നതായ പ്രതിഭാസം കത്തോലിക്ക സഭകളെയും പുരോഹിത പ്രമുഖരെയും ബേജാറാക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ക്രിസ്തുമത വിശ്വാസിയായ താൻ ദേശീയതക്കും മാതൃത്വത്തിനും കുടുംബമൂല്യങ്ങൾക്കുംവേണ്ടി നിലകൊള്ളുമെന്ന് ജോർജിയ മെലാനിക്ക് പറയേണ്ടിവന്നത്. തദടിസ്ഥാനത്തിലാണ് സമ്മതിദായകരിൽ വലിയൊരു വിഭാഗത്തെ കൂടെ കൂട്ടാൻ സാധിച്ചിരിക്കുന്നതും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം സൃഷ്ടിച്ച വിലക്കയറ്റവും ഊർജപ്രതിസന്ധിയും നേരത്തേതന്നെയുള്ള സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയാണ് ഇറ്റലിയുടെ യഥാർഥ പ്രശ്നങ്ങളെങ്കിലും അവയുടെ പരിഹാര നടപടികളെക്കാളേറെ മധ്യപൗരസ്ത്യദേശത്തുനിന്നുള്ള അഭയാർഥികളെയും നേരത്തേയുള്ള കുടിയേറ്റക്കാരെയും മുഖ്യ ഭീഷണിയായി മെലോനി ഉയർത്തിക്കാട്ടി. സമീപകാലത്തായി രൂക്ഷത പ്രാപിച്ച ദേശീയ-വംശീയ വെറുപ്പും വിദ്വേഷവും ജനങ്ങളെ വൈകാരികമായി അണിനിരത്താൻ ഏറ്റവും ഫലപ്രദവും സുഗമവുമായ വഴിയാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണിത്. മുസോളിനിയെ ഒരു നല്ല രാഷ്ട്രീയക്കാരനായി യൗവനത്തിലേ പ്രകീർത്തിച്ചുവന്ന മെലോനി പിന്നീട് അതൊക്കെ മാറ്റിപ്പറഞ്ഞെങ്കിലും അവരുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ഫാഷിസ്റ്റ് മറനീക്കി പുറത്തുവരുന്നു എന്നതാണിപ്പോൾ സംഭവിക്കുന്നത്.

ഇത് ഇറ്റലിയിലെ മാത്രം അവസ്ഥയല്ല, ഡോണൾഡ് ട്രംപിനെ യു.എസ് പ്രസിഡന്റ് പദത്തിലെത്തിച്ചത് മറ്റെന്തിനെങ്കാളും വംശീയതയും ഇസ്‍ലാമാഫോബിയയുമാണ്. വീണ്ടും അമേരിക്കയിൽ വംശീയ വിദ്വേഷം തിരിച്ചുവരുന്ന ലക്ഷണമുണ്ടുതാനും. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുദ്ധാനന്തര കാലഘട്ടത്തിലെ ഏറ്റവും കൂടിയ വോട്ട് വിഹിതം -41.5 ശതമാനം- നേടിക്കൊണ്ട് അതിതീവ്ര വലതുപക്ഷത്തെ നയിക്കുന്ന മരീൻ ലവെൻ സർവരെയും ഞെട്ടിച്ചു. സ്വീഡനിലെ തെരഞ്ഞെടുപ്പിലും സോഷ്യൽ ഡെമോക്രാറ്റ് മഗ്ദലീന ആൻഡേഴ്സന്റെ സർക്കാർ നിലംപതിച്ചു; തീവ്ര വലതുപക്ഷം വിജയിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തും നിലവിലെ തീവ്രഹിന്ദുത്വ ശക്തികൾ 2024ലെ തെരഞ്ഞെടുപ്പിൽ ഭരണത്തിന്റെ മൂന്നാമൂഴം തരപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. പ്രതിപക്ഷം അനുദിനം ശിഥിലവും ദുർബലവുമായിക്കൊണ്ടിരിക്കെ മറിച്ചൊരു പ്രതീക്ഷക്ക് സാരമായി മങ്ങലേൽക്കുന്നു. മൗലികമായ പല കാരണങ്ങളും ഈ പ്രതിഭാസത്തിനുണ്ട്. എന്നാൽ, ഏറ്റവും പ്രകടമായത് ആഗോളീകരണ-ഉദാരീകരണ നയങ്ങളിലൂടെ കുത്തകകൾ കൈയടക്കിക്കഴിഞ്ഞ സാമ്പത്തിക രംഗത്ത്, നിസ്സഹായരായ ജനങ്ങളെ വംശീയതയുടെയും തീവ്രദേശീയതയുടെയും മറവിൽ വേട്ടയാടിപ്പിടിക്കുക എളുപ്പമാണെന്ന തമോശക്തികളുടെ കണ്ടുപിടിത്തമാണ്. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും അന്തിച്ചുനിൽക്കുമ്പോൾ പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളിലൂടെയും വലിയൊരു ജനസമൂഹത്തെ ബന്ദികളാക്കാൻ കഴിയും. വിവേകവും നേർവഴിയും ഉപദേശിക്കുന്നവരെ നിശ്ശബ്ദരാക്കാനും ഇരുട്ടിന്റെ ശക്തികൾക്ക് സുസാധ്യമാണ്. എന്നാൽ, അന്തിമവിജയം ഫാഷിസത്തിനല്ല എന്നതാണ് ചരിത്രം നൽകുന്ന പാഠം.

Tags:    
News Summary - The return of fascism in Italy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.