അജണ്ടയിലെ അടുത്തയിനം ഏക സിവിൽകോഡ്


ആർ.എസ്.എസ്-ബി.ജെ.പി അജണ്ടയിലെ പൗരത്വ ഭേദഗതി, മുത്തലാഖ് നിരോധനം, രാമക്ഷേത്ര നിർമാണം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ എന്നീ ഇനങ്ങൾ നടപ്പാക്കിക്കഴിഞ്ഞിരിക്കെ അടുത്ത ഇനമായ ഏക സിവിൽകോഡ് പാസാക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര-സംസ്ഥാന ബി.ജെ.പി സർക്കാറുകൾ. കഴിഞ്ഞ ഇനങ്ങളത്രയും തെരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷ വോട്ട് സമാഹരണം ലക്ഷ്യംവെച്ചുള്ളതായിരുന്നു. ഇക്കൊല്ലം അവസാനവും 2023ലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് എത്രയോ കാലമായി ഉന്നയിച്ചുവരുന്ന ഏക സിവിൽകോഡ് വാഗ്ദാനം പൂർത്തീകരിക്കാനുള്ള നീക്കം. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി അതിന് രൂപം നൽകാൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത് നല്ല കാൽവെപ്പാണെന്ന് അഭിപ്രായപ്പെട്ട ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാകുർ തന്റെ സംസ്ഥാനവും അതിനൊരുങ്ങുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ യു.പിയിലും ഏക സിവിൽകോഡ് നടപ്പാക്കുമെന്ന സൂചനകൾ ഉപമുഖ്യമന്ത്രി മൗര്യ നൽകിയിരിക്കുന്നു. ഭോപാലിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏകീകൃത സിവിൽകോഡിനായി പാർട്ടിപ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലേത് പൈലറ്റ് പദ്ധതിയാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ബി.ജെ.പി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളും ഈ വഴിയെ വരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഒടുവിൽ പാർലമെന്റിൽ ബില്ലവതരിപ്പിച്ച് രാജ്യം മുഴുവൻ വിവാഹം, വിവാഹമോചനം, അനന്തര സ്വത്തവകാശം, ദത്ത് മുതലായ വിഷയങ്ങളിൽ ഒരേ നിയമം കൊണ്ടുവരാനാണ് സംഘ്പരിവാറിന്റെ ദൃഢനിശ്ചയം. മുസ്‍ലിംകൾക്ക് ബഹുഭാര്യത്വം അനുവദിച്ചതിനാൽ അവർ പെറ്റുപെരുകി ഇന്ത്യയിൽ ഭൂരിപക്ഷമാവാൻ പോവുകയാണെന്ന് ഇക്കൂട്ടർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലം കുറച്ചായല്ലോ.

പക്ഷേ, സിവിൽകോഡ് ഏകീകരണത്തിന് തൽപരകക്ഷികൾ ചൂണ്ടിക്കാട്ടുന്ന ന്യായം ഇപ്പറഞ്ഞതല്ല. ഇന്ത്യൻ ഭരണഘടനയുടെ മാർഗദർശകതത്ത്വമായി 44ാം ഖണ്ഡികയിൽ രേഖപ്പെടുത്തിയിരിക്കുന്ന, രാജ്യത്തെയാകെ ഏക സിവിൽകോഡിൽ ബന്ധിക്കാൻ നിയമനിർമാണം നടത്താൻ സ്റ്റേറ്റ് ബാധ്യസ്ഥമാണെന്നതാണ് അവരുടെ ആവശ്യത്തിനാധാരം. ഭരണഘടന നിർമാണസഭയിൽ ഇത്​ അവതരിപ്പിക്കപ്പെട്ടപ്പോൾതന്നെ മുഹമ്മദ് ഇസ്മാഈൽ സാഹിബ്, പോക്കർ സാഹിബ്, നാസിറുദ്ദീൻ അഹ്മദ്, ഹുസൈൻ ഇമാം മുതലായ മുസ്‍ലിം അംഗങ്ങൾ അതിനെ എതിർത്തിരുന്നതാണ്. അന്നവരുടെ എതിർപ്പിനെ അംബേദ്കറും മറ്റു ഭരണഘടനാ ശിൽപികളും ഏകീകൃത സിവിൽകോഡ് നിർബന്ധപൂർവം നടപ്പാക്കണമെന്ന് നിഷ്കർഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരിട്ടത്. മദ്യനിരോധനം ഉൾപ്പെടെയുള്ള പല മാർഗദർശകതത്ത്വങ്ങളും ഇന്നുവരെയും നടപ്പാക്കിയിട്ടില്ലെന്ന് മാത്രമല്ല, അതേപ്പറ്റി ആലോചിക്കുകപോലും ചെയ്യുന്നില്ലെന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷം.

ഏക സിവിൽകോഡിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന ബി.ജെ.പിയുടെ നരേന്ദ്ര മോദി സർക്കാർ 2016 ജൂണിൽ തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ യൂനിഫോം സിവിൽകോഡിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമീഷനോട് ആവശ്യപ്പെട്ടിരുന്നു. 2018ൽ കമീഷൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ, ഈ ഘട്ടത്തിൽ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അത്യാവശ്യമോ അഭികാമ്യമോ അല്ലെന്നാണ് വ്യക്തമാക്കിയത്. ഭരണഘടന പ്രകാരമുള്ള മൗലികാവകാശത്തെ ഖണ്ഡിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിർത്തുകയാണ് നല്ലത്. രാജ്യത്തെ ബഹുസ്വരതയെ നിഷേധിക്കുന്നതാകരുത് മതനിരപേക്ഷത എന്ന് കമീഷൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പ് രാഷ്ട്രീയ പാർട്ടികൾ, മത സാമുദായിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്നെല്ലാം കമീഷൻ അഭിപ്രായങ്ങൾ തേടിയിരുന്നുതാനും. ''വ്യത്യസ്തതകളെ വിവേചനമായി കാണാനാവില്ല. ജനാധിപത്യത്തിന്റെ കരുത്തിന്റെ സൂചകമാണത്.

ലോകത്ത് പല രാജ്യങ്ങളും ഇപ്പോൾ വൈവിധ്യങ്ങളെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്'' എന്നുകൂടി നിയമ കമീഷൻ സർക്കാറിനെ ഓർമിപ്പിച്ചിട്ടുണ്ട്. പക്ഷേ, സമസ്ത ജീവിത തുറകളിലും ഏക സംസ്കാരം അടിച്ചേൽപിക്കാനുള്ള വ്യഗ്രതയിൽ തീവ്രഹിന്ദുത്വവാദികൾക്കതൊന്നും പരിഗണനീയമേ അല്ല. സിവിൽ നിയമത്തിന്റെ ഏകീകരണത്തിനുവേണ്ടി ഇത്രയൊക്കെ ഒച്ചവെക്കുമ്പോഴും അതെങ്ങനെയായിരിക്കുമെന്ന ഒരു രൂപരേഖയും ജനങ്ങളുടെ മുന്നിൽ ആരും സമർപ്പിച്ചിട്ടില്ലെന്നതാണ് വിചിത്രകരമായ സത്യം. കുടുംബനിയമങ്ങളിൽ പല പരിഷ്കാരങ്ങളും രാജ്യത്ത് ഇതിനകം നടപ്പിലായിട്ടുണ്ട്. നേരത്തെ നിലവിലിരുന്ന ആചാര സമ്പ്രദായങ്ങളല്ല വിദ്യാസമ്പന്നരായ പുതിയ തലമുറകൾ പിന്തുടരുന്നതും. ബഹുഭാര്യത്വം അനുവദിക്കപ്പെട്ട സമുദായത്തിലേക്കാളേറെ നിരോധിത സമുദായങ്ങളിലാണ് അത് നിലവിലുള്ളത് എന്ന് സർവേകൾ അനാവരണം ചെയ്തതുകൂടി കൂട്ടത്തിൽ ഓർക്കുക. ഒരു പ്രത്യേക സമുദായത്തോടുള്ള വിരോധവും വിദ്വേഷവും മൊത്തം സാമൂഹികജീവിതത്തെയാകെ അസന്തുലിതവും പ്രയാസപൂർണവുമാക്കാനുള്ള നടപടികൾ ഇന്ത്യ മഹാരാജ്യത്തെ എവിടെയെത്തിക്കുമെന്ന് കണ്ടറിയണം. 

Tags:    
News Summary - The next item on the agenda is the Unified civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.