'കാട്ടിലെ മരം തേവരുടെ ആന, വലിയെടാ വലി' എന്ന പഴമൊഴി അക്ഷരാർഥത്തിൽ മാർഗദർശകതത്ത്വമായി സ്വീകരിച്ച ഒരു സർക്കാറാണോ നിലവിൽ േകരളം ഭരിക്കുന്നതെന്ന് ചോദിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. രണ്ടര ലക്ഷം കോടി രൂപയുടെ കടത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ദരിദ്രമായ പൊതുഖജനാവിൽനിന്ന് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ശമ്പളവും പെൻഷനും നൽകാൻ മാത്രമായി സകല മാനദണ്ഡങ്ങളും കാറ്റിൽപറത്തി കമീഷനുകളും തസ്തികകളും സൃഷ്ടിക്കുന്നത് പാവപ്പെട്ടവരുടെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും പേരിൽ വോട്ട് വാങ്ങി അധികാരത്തിൽ വന്ന ഒരു സർക്കാറാണ് എന്നോർക്കുേമ്പാഴാണ് മൂക്കത്ത് വിരൽവെക്കേണ്ടിവരുന്നത്. 2016 മേയ് 25ന് സി.പി.എം നേതാവ് പിണറായി വിജയൻ സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ സദസ്സിൽ മുൻനിരയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദേൻറതായി കൈമാറപ്പെട്ട കുറിപ്പ് പിന്നീട് വാർത്തകളിൽ സ്ഥലംപിടിച്ചത് പലരും ഓർക്കുന്നുണ്ടാവും. മുഖ്യമന്ത്രി പദവിയുടെ രണ്ടാമൂഴം വി.എസിന് നിഷേധിക്കപ്പെട്ടതിന് പരിഹാരമായി അദ്ദേഹത്തിന് നൽകാമെന്നേറ്റ സ്ഥാനത്തെക്കുറിച്ച ഓർമപ്പെടുത്തലായിരുന്നു യഥാസമയം കൈമാറിയ കുറിപ്പ്. അതുപ്രകാരം വി.എസ്. അച്യുതാനന്ദൻ കേരള ഭരണപരിഷ്കാര കമീഷന്റെ അധ്യക്ഷനായി കാബിനറ്റ് റാങ്കിൽ നിയമിക്കപ്പെട്ടു. അഡീഷനൽ സെക്രട്ടറി അടക്കം 30 പേരാണ് സ്റ്റാഫിൽ ഉണ്ടായിരുന്നത്. അതിൽ 14 പേരും വി.എസിന്റെ സേവനത്തിനു മാത്രമായി നിയമിക്കപ്പെട്ടവരാണ്. ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് അനാേരാഗ്യം കാരണം വി.എസ് സ്ഥാനമൊഴിഞ്ഞു. നാലു വർഷത്തിനകം കമീഷനുവേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ചെലവിട്ടത് പത്തുകോടി രൂപ. ഇതിനകം കമീഷൻ സർക്കാറിന് സമർപ്പിച്ചത് എട്ടു ഭരണ പരിഷ്കാര റിപ്പോർട്ടുകളാണെന്നാണ് പുറത്തുവന്ന ഔദ്യോഗിക വിവരം. ആ റിപ്പോർട്ടുകളിലെ ശിപാർശകളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്നതും വെളിപ്പെട്ട സത്യം. എന്നുവെച്ചാൽ, സി.പി.എം നേതൃത്വത്തിലെ പടലപ്പിണക്കം അവസാനിപ്പിക്കാൻ മാത്രമായി പൊതുഖജനാവിൽനിന്ന് ചെലവിട്ടതാണ് 10 കോടി. ഭരിക്കുന്ന പാർട്ടികളിലെ വിഭാഗീയതക്ക് അറുതി വരുത്താനുള്ള െചലവും നികുതിദായകരുടെ പിടലിയിലാണെന്ന് ജനം മനസ്സിലാക്കിക്കൊള്ളണം.
പിടിച്ചതിലും വലുത് മാളത്തിൽ എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന മറ്റു ചില വാർത്തകളിലൂടെ വ്യക്തമാവുന്നത്. കേരളം പോലുള്ള താരതമ്യേന ചെറിയ സംസ്ഥാനങ്ങളിൽ മന്ത്രിമാരുടെ സംഖ്യ തന്നെ പരിധിക്ക് പുറത്താണ്. വിദ്യാഭ്യാസത്തിന് രണ്ടു മന്ത്രിമാരുമുണ്ട്. നാമമാത്ര വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കുപോലും ജംബോ സ്റ്റാഫ്. ഇത് 25ൽ പരിമിതപ്പെടുത്തണമെന്ന് നേരത്തേ മാർക്സിസ്റ്റ് പാർട്ടി തീരുമാനിച്ചിരുന്നതാണെങ്കിലും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും തൊഴിൽ നൽകാൻ ഇമ്മാതിരി 'ബൂർഷ്വാ പരിധികൾ' തടസ്സമാവരുതെന്നാണ് സ്വയം ബോധ്യപ്പെട്ടത്. സാക്ഷാൽ മുഖ്യമന്ത്രിയടക്കം പരിധി ലംഘിച്ചു നിയമനങ്ങൾ നടത്തി. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിന്റെ സംഖ്യ 37 വരെ ഉയർത്തിയപ്പോൾ സഹപ്രവർത്തകരുടേത് 30ലാണ് തൽക്കാലം നിർത്തിയിരിക്കുന്നത്. മന്ത്രിമാർ തോന്നിയപോലെ പേഴ്സനൽ സ്റ്റാഫിനെ നിയമിക്കുന്നതിനെതിരെ ശമ്പള കമീഷൻ വിരൽചൂണ്ടിയതിന് ഒരു പരിഗണനയും ലഭിച്ചില്ല. ഈ സ്റ്റാഫിന് മുഴുവൻ പെൻഷനും അർഹതയുണ്ടെന്നതാണ് അസ്വാസ്ഥ്യജനകമായ കാര്യം. നാലുവർഷം സർവിസുള്ളവർക്കേ പെൻഷൻ അനുവദിക്കാവൂ എന്ന് കമീഷൻ വ്യവസ്ഥ ചെയ്തുവെങ്കിലും അതു രണ്ടുവർഷമാക്കി സർക്കാർ ചുരുക്കി. രണ്ടുവർഷവും ഒരു ദിവസവും ജോലിയിലിരുന്നാലും ആജീവനാന്ത പെൻഷൻ. തദടിസ്ഥാനത്തിൽ പെൻഷന് അർഹരാവുന്നവരെ മുഴുവൻ രാജിവെപ്പിച്ചു പകരം പുതിയവരെ നിയമിക്കുന്നു. അവർക്കും വേണമല്ലോ ജനങ്ങളുടെ ചെലവിൽ ആയുഷ്കാലം മുഴുവൻ പാർട്ടിയെ സേവിക്കാൻ. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ നാല് സ്റ്റാഫ് എന്നിങ്ങനെ ഏതാണ്ടൊരുപോലുള്ള ജോലിക്ക് ഏഴുപേരെ ഉയർന്ന ശമ്പള നിരക്കിലും പെൻഷൻ നിരക്കിലും കുത്തിത്തിരുകിയത് എന്തിനാണെന്ന് ചോദിച്ചാൽ തത്തുല്യമായ ഏർപ്പാടുകൾ യു.ഡി.എഫ് ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്നാണ് മറുപടി.
അതായത്, യു.ഡി.എഫ് കാഴ്ചവെച്ച ധൂർത്തും ദുർവ്യയവും അധികാര ദുർവിനിയോഗവും കൂടുതൽ ഉൗർജസ്വലമായി തുടരാനാണ് 'എല്ലാം ശരിയാവും' എന്ന് വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ് അധികാരത്തിലേറിയത് എന്ന് ജനങ്ങൾ മനസ്സിലാക്കിക്കൊള്ളണം. കാലാവധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇമ്മാതിരി തിരിമറികളുടെയും പിൻവാതിൽ നിയമനങ്ങളുടെയും വൻമേള തന്നെയാണ് സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ യുവസമൂഹം തെരുവിലിറങ്ങിയതാണ് തലസ്ഥാന നഗരിയിലും ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങൾ. എന്നാൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നിസാരവത്കരിച്ച് വർഗീയ പ്രചാരണങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധതിരിച്ച് ചുളുവിൽ രക്ഷപ്പെടാനാണ് ഇടതുമുന്നണിയുടെയും സർക്കാറിന്റെയും ശ്രമങ്ങളത്രയും. പക്ഷേ, ബോധവും ഉൽബുദ്ധതയുമുണ്ടെന്ന് കരുതപ്പെടുന്ന കേരളജനത ഇതിനു നേരെ നിസ്സംഗമായിരിക്കാൻ പാടില്ല. ഒരു ന്യായീകരണവും നീതീകരണവുമില്ലാത്ത പൊതുധന ദുർവിനിയോഗവും സ്വജനപക്ഷപാതവും പുറംവാതിൽ നിയമനങ്ങളും പൂർണമായവസാനിപ്പിക്കുമെന്ന് ഉറപ്പാക്കാൻ കേരള സമൂഹത്തിനു ബാധ്യതയുണ്ട്. അതിൽ ജാഗ്രത പുലർത്തിയേ തീരൂ. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്താൻ കഴിയാത്ത ഊമകളാവരുത് വിദ്യാസമ്പന്നരായ കേരളീയർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.