സംശയമില്ല; ഇത് പത്രമാരണ നിയമം തന്നെ


ജനാധിപത്യത്തിന്‍റെ നാലാം തൂൺ എന്നു വിശേഷിപ്പിക്കാറുള്ള മാധ്യമങ്ങൾക്ക് ജനാധിപത്യത്തിന്‍റെതന്നെ പഴുതുകൾ ഉപയോഗപ്പെടുത്തി കൈവിലങ്ങണിയിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ് ഭരണകൂടം. പുക ബോംബ് മുതൽ കൂട്ട സസ്പെൻഷൻ വരെയുള്ള ഒരുപിടി നാടകീയ സംഭവങ്ങൾക്ക് വേദിയായ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം കേട്ടുകേൾവിയില്ലാത്തവിധം മുന്നറിയിപ്പില്ലാതെ സഭാനടപടികൾ ചുരുക്കി കഴിഞ്ഞദിവസം പിരിയുന്നതിനിടെ പുതിയൊരു ഡ്രക്കോണിയൻ നിയമം ചുട്ടെടുക്കാൻ ഭരണപക്ഷം മറന്നില്ല. ആഗസ്റ്റിൽ രാജ്യസഭ പാസാക്കിയ പത്ര, ആനുകാലിക രജിസ്ട്രേഷൻ ബിൽ ശൂന്യമായ പ്രതിപക്ഷത്തെ സാക്ഷിയാക്കി വ്യാഴാഴ്ച ലോക്സഭയിലും അംഗീകരിക്കപ്പെട്ടതോടെ ഫാഷിസ്റ്റ് വാഴ്ചയിൽ എരിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മാധ്യമമേഖലക്കുമേൽ പുതിയൊരു കുരുക്കുകൂടി വരുകയാണ്. പത്രമാധ്യമങ്ങളുടെയും ആനുകാലികങ്ങളുടെയും രജിസ്ട്രേഷൻ സംവിധാനം സുഗമമാക്കാനാണ് ഇത്തരമൊരു ബിൽ എന്നാണ് കേന്ദ്ര സർക്കാർ വക്താക്കളുടെയും മടിത്തട്ട് മാധ്യമങ്ങളുടെയും ന്യായം; 156 വർഷം മുമ്പ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന പ്രസ്, ബുക് രജിസ്ട്രേഷൻ ആക്ടിനു പകരമായുള്ള നിയമമെന്ന നിലയിൽ കേന്ദ്രസർക്കാറിന്‍റെ ‘അപകോളനീകരണ-ഭാരതവത്കൃത’ പദ്ധതിയുടെ ഭാഗമായി ബില്ലിനെ എണ്ണുന്നവരുമുണ്ട്. എന്നാൽ, ലക്ഷണമൊത്തൊരു പത്രമാരണ നിയമത്തിനാണ് മോദി ഭരണകൂടം രൂപം നൽകിയിരിക്കുന്നതെന്ന് ബില്ലിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചാൽ ആർക്കും മനസ്സിലാകും.

നിർദിഷ്ട നിയമമനുസരിച്ച്, പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും രജിസ്ട്രേഷൻ വേഗത്തിലാക്കാൻ കഴിയുമെന്നത് നേരുതന്നെ. നേരത്തേ, ജില്ല മജിസ്ട്രേറ്റ് മുതലുള്ള അധികാരികൾക്ക് അപേക്ഷ സമർപ്പിച്ച് എട്ട് ഘട്ടങ്ങളിലായി വേണമായിരുന്നു രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാൻ. ഇപ്പോഴത്, ഒരൊറ്റ അപേക്ഷയിൽ, അതും ഓൺലൈനായി ചെയ്യാൻ കഴിയുംവിധം ലഘൂകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, പുതിയ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പുതുതായി ആരംഭിക്കാൻ അപേക്ഷ നൽകി കൂടുതൽ കാത്തിരിക്കേണ്ടിവരില്ല. നേരത്തേ, രണ്ടും മൂന്നും വർഷം എടുക്കുമായിരുന്ന പ്രക്രിയക്ക് ഇനി വേണ്ടിവരുക പരമാവധി രണ്ടു മാസമാണ്. അപേക്ഷ സംബന്ധിച്ച് നിലനിന്നിരുന്ന ഈ സാങ്കേതികക്കുരുക്ക് വർഷങ്ങൾക്കുമുന്നേ പലരും ചൂണ്ടിക്കാണിച്ചിരുന്നു, ഇതു സബന്ധിച്ച നിയമ നിർമാണത്തിന് മുൻ സർക്കാറുകൾ ശ്രമിക്കുകയുമുണ്ടായി. ഏറ്റവുമൊടുവിൽ, ഏറക്കുറെ മാതൃകാപരമായൊരു ബില്ലിന് രണ്ടാം യു.പി.എ സർക്കാർ രൂപം നൽകിയെങ്കിലും പാർലമെന്‍റ് കടന്നില്ല.

തുടർന്നും, പുതിയ ബില്ലിനായുള്ള ആവശ്യമുയർന്നപ്പോഴാണ് മോദി സർക്കാർ തങ്ങളുടെ മാധ്യമ അജണ്ട നടപ്പാക്കാനുള്ള മികച്ച ആയുധമായി ഇതിനെ ഉപയോഗപ്പെടുത്തിയത്. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും രജിസ്ട്രേഷൻ, നടത്തിപ്പ് തുടങ്ങിയവ സംബന്ധിച്ച് പ്രസ് രജിസ്ട്രാർ ജനറലിന് ഏറക്കുറെ സമ്പൂർണമായ അധികാരം നൽകുന്ന നിയമമാണിത്. ആനുകാലികങ്ങളുടെ ഉടമകളുടെയും പ്രസാധകരുടെയും പക്കലുള്ള ഏത് രേഖകൾ പരിശോധിക്കാനും അവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏത് സ്ഥലങ്ങളിലും പരിശോധന നടത്താനും പിഴ ചുമത്താനും പ്രസ് രജിസ്ട്രാർ ജനറലിന് അധികാരമുണ്ടായിരിക്കും. ആനുകാലികങ്ങളുടെ സർക്കുലേഷൻ പരിശോധിക്കാനുള്ള അധികാരവും പ്രസ് രജിസ്ട്രാർക്കാണ്. രജിസ്ട്രേഷൻ റദ്ദാക്കലുമായി ബന്ധപ്പെട്ട ബില്ലിലെ വകുപ്പുകളിലും പ്രശ്നങ്ങളുണ്ട്.

ഉടമയോ പ്രസാധകനോ ഭീകരപ്രവർത്തനത്തിലോ നിയമവിരുദ്ധ പ്രവർത്തനത്തിലോ രാജ്യസുരക്ഷക്കെതിരായ ഏതെങ്കിലും പ്രവർത്തനത്തിലോ ഏർപ്പെട്ടാൽ പ്രസിദ്ധീകരണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാം. ഇവിടെ, ഭീകരപ്രവർത്തനം നടത്തിയെന്നതിന്‍റെ മാനദണ്ഡം പ്രസ്തുത വ്യക്തികൾക്കെതിരെ യു.എ.പി.എ വകുപ്പുപ്രകാരം കേസെടുത്തോ എന്ന് നോക്കിയാണ്. രാജ്യത്ത് ആർക്കൊക്കെ നേരെയാണ് നിരന്തരമായി യു.എ.പി.എ ചുമത്തുന്നതെന്നതിന് നമുക്ക് ഒട്ടേറെ തെളിവുകളും അനുഭവങ്ങളുമുണ്ട്. അതേ വകുപ്പിനെ മാനദണ്ഡമാക്കിയൊരു പത്ര രജിസ്ട്രേഷൻ നിയമം നിർമിക്കപ്പെടുമ്പോൾ അത് ആർക്കെതിരെയുള്ള ആയുധപ്രയോഗമാണെന്ന് ഊഹിക്കാമല്ലോ. ഈ അപകടം മനസ്സിലാക്കിയാണ് എഡിറ്റേഴ്സ് ഗിൽഡ് പോലുള്ള കൂട്ടായ്മകൾ തുടക്കം മുതലേ ബില്ലിനെതിരെ രംഗത്തുവന്നത്. പക്ഷേ, ആ പ്രതിഷേധത്തെ ഭരണകൂടം തീർത്തും അവഗണിക്കുകയായിരുന്നു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം, മറ്റു മേഖലകളിലേതുപോലെത്തന്നെ മാധ്യമരംഗത്തും ഒരുതരം അരക്ഷിതാവസ്ഥ പ്രകടമാണ്. രാജ്യം ഫാഷിസത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന അതിനിർണായകമായ ഇൗ ഘട്ടത്തിൽ ക്രിയാത്മകമായി ഇടപെടേണ്ട മാധ്യമങ്ങൾ അങ്ങനെ ചെയ്യുന്നില്ലെന്നു മാത്രമല്ല, ഭരണകൂടത്തിെൻറ പ്രചാരകരും സ്തുതിപാഠകരുമായി എന്നതാണ് യാഥാർഥ്യം. ഇത്തരത്തിൽ, മുഖ്യധാരാ മാധ്യമങ്ങൾ ഏതാണ്ട് പൂർണമായും സ്വയം സെൻസർഷിപ്പിന് വിധേയമാകുമ്പോഴാണ് അവശേഷിക്കുന്ന മാധ്യമങ്ങളെക്കൂടി ഇല്ലാതാക്കാനുള്ള പുതിയ പത്രമാരണ നിയമങ്ങൾ. ഈ നിലയിൽ നമ്മുടെ ജനാധിപത്യത്തിന്‍റെ ഭാവി എന്താണ്?

Tags:    
News Summary - Paper and Periodicals Registration Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.