മാ​ധ്യ​മ​ങ്ങ​ൾ വി​ശ്വാ​സ്യ​ത തി​രി​ച്ചു​പി​ടി​ക്കു​ക

അമേരിക്കയുടെ പ്രസിഡൻറ് സ്ഥിരമായി വൈറ്റ്ഹൗസിൽ നടത്തുന്ന വാർത്ത സമ്മേളനത്തിൽനിന്ന് ചില പ്രമുഖ മാധ്യമങ്ങളെ വിവേചനപൂർവം ഒഴിവാക്കാനെടുത്ത തീരുമാനത്തിനെതിരെ ലോകത്തിലെ നാൽപതിലധികം വരുന്ന പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ പത്രാധിപന്മാരും പ്രസാധകരും ഒപ്പുവെച്ച തുറന്ന കത്ത് പത്രപ്രസിദ്ധീകരണങ്ങളുടെ ആഗോള സമിതി (വാൻ- ഇൻഫ്ര)യും ലോക പത്രാധിപ വേദിയും സംയുക്തമായി പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. പ്രസിഡൻറിനെതിരെ വ്യാജ വാർത്തകൾ നിരന്തരമായി പ്രസിദ്ധീകരിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ചാണ് വൈറ്റ്ഹൗസ് അസാധാരണവും ആശങ്കജനകവുമായ ഈ നടപടിക്ക് മുതിർന്നത്.

സ്വതന്ത്രവും അന്വേഷണാത്മകവുമായ മാധ്യമ പ്രവർത്തനത്തിന് ഗുരുതരമായി പരിക്കേൽക്കുന്ന നിയമനിർമാണങ്ങളും ഏകപക്ഷീയമായ നടപടിക്രമങ്ങളും ആഗോളതലത്തിൽ തന്നെ ഭരണകൂടങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിലുള്ള കടുത്ത പ്രതിഷേധമാണ് ഈ കത്തിലൂടെ പത്രാധിപസംഘം പ്രകടിപ്പിക്കുന്നത്. സമകാലിക മാധ്യമങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അസത്യവും അർധസത്യങ്ങളുമടങ്ങിയ വാർത്തകളിൽനിന്ന് വിമുക്തമാക്കി സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിർത്തുകയെന്നത്. നവ മാധ്യമങ്ങളിലൂടെ ഉറവിടങ്ങളില്ലാതെ പെരുകുന്ന വ്യാജ വാർത്തകൾ ചില മാധ്യമങ്ങൾ സത്യമെന്ന രീതിയിൽ പ്രസിദ്ധീകരിക്കുന്ന പ്രവണത വർധിക്കുന്നുവെന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ അവർ വ്യക്തമാക്കുന്ന ഒരു കാര്യം സമീപകാലത്ത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം അപകടകരമായ തൊഴിലായിത്തീരുന്നുവെന്നുതന്നെയാണ്.

വ്യാജവാർത്തകളുടെ പ്രസിദ്ധീകരണത്തിെൻറ പേരിൽ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള നീക്കത്തിനെതിരെ ആഗോള മാധ്യമങ്ങൾ സംയുക്ത പ്രസ്താവന നൽകിയ അതേ ദിനങ്ങളിൽ തന്നെയാണ് ഉത്തരവാദിത്തരഹിതമായ മാധ്യമപ്രവൃത്തിയിലൂടെ കേരളത്തിെൻറ മാധ്യമചരിത്രത്തിൽ കളങ്കമായ വാർത്തയും പുറത്തുവന്നത്. മംഗളം ചാനലിൽ ലോഞ്ചിങ്ങിെൻറ തുടക്കദിനം തന്നെ റേറ്റിങ് ഉയർത്താനും ജനശ്രദ്ധ നേടാനും സ്വീകരിച്ച ഹീനമായ തന്ത്രം ആ സ്ഥാപനത്തിനുമാത്രമല്ല പേരുദോഷമുണ്ടാക്കിയത്; കേരളത്തിലെ മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും കൂടിയാണ്.

സ്ത്രീ മാധ്യമ പ്രവർത്തകർ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയും മംഗളം ചാനൽ മേധാവിയുടെ മാപ്പപേക്ഷ തള്ളുകയും ചെയ്തിരിക്കുന്നു. പത്രപ്രവർത്തക യൂനിയനും മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെച്ച വാർത്തയുടെ സത്യം പുറത്തുകൊണ്ടുവരാനുള്ള ജുഡീഷ്യൽ അന്വേഷണം സ്വാഗതം ചെയ്തിട്ടുണ്ട്. വാർത്താശേഖരണവുമായും പ്രക്ഷേപണവുമായും ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിക്കപ്പെടുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം. അതോടൊപ്പം മാധ്യമ മേഖലക്ക് സംഭവിച്ച കളങ്കവും വിശ്വാസ്യ തകർച്ചയും തിരിച്ചുപിടിക്കാനുള്ള ഗൗരവപരമായ പുനരാലോചനകളിലേക്ക് നയിക്കുവാൻ പ്രസ്തുത സംഭവം മാധ്യമ മേധാവികളെ പ്രേരിപ്പിക്കേണ്ടതുണ്ട്.

മാധ്യമപ്രവർത്തന മേഖലയിൽ വർധിച്ചുവരുന്ന അനഭിലഷണീയ പ്രവണതകളിൽനിന്ന് വിമുക്തമല്ല കേരളത്തിലെയും പത്രപ്രവർത്തനം. ഏറിയും കുറഞ്ഞും അബോധപരമായും അല്ലാതെയും എല്ലാ മാധ്യമങ്ങളും ജനപ്രീതി നേടാൻ തിരസ്കരിക്കപ്പെടേണ്ട ശൈലികൾ സ്വീകരിച്ചിട്ടുണ്ട്.  സമൂഹ മാധ്യമങ്ങളുടെയും ചാനലുകളുടെയും പെരുപ്പം വ്യാജ വാർത്തകൾ നിരന്തരം ഉൽപാദിപ്പിക്കപ്പെടുന്നതിന് ഇടവരുത്തുന്നുണ്ട്. പ്രചാരം വർധിപ്പിക്കാനും പ്രേക്ഷകരുടെ ശ്രദ്ധനേടാനും വാർത്തകളിലും ദൃശ്യങ്ങളിലും മാധ്യമ ധാർമികതയും സാമൂഹിക പ്രതിബദ്ധതയും ബോധപൂർവം തന്നെ ൈകയൊഴിയപ്പെടുന്നുണ്ട്.

വാർത്താശേഖരണത്തിലും പ്രസിദ്ധീകരണത്തിലും നൈതികത കൈമോശം വരുകയും വാണിജ്യതാൽപര്യങ്ങൾ മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുന്നതിെൻറ ദുരന്തം മെറ്റല്ലാ മേഖലയേയുംപോലെ മാധ്യമ മേഖലയേയും ഗ്രസിച്ചിരിക്കുന്നു. മത്സരങ്ങളുടെ മുതലാളിത്ത ക്രമത്തിൽ ജനാധിപത്യത്തിെൻറ നാലാം തൂണിനും ക്ഷതമേറ്റിട്ടുണ്ടെന്നും വായനക്കാർക്കും കാഴ്ചക്കാർക്കുമിടയിൽ അതിെൻറ വിശ്വാസ്യതക്ക് ഇടിവുപറ്റിയിട്ടുണ്ടെന്നും എല്ലാവരും അംഗീകരിക്കുകയാണ് കരണീയം. ഒന്നാമനാകാനും ഒന്നാമതെത്തിക്കാനുമുള്ള തത്രപ്പാടിൽ മാധ്യമധാർമികത നഷ്ടമാകാതിരിക്കാനുള്ള ജാഗ്രത തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. അധികാരികൾക്ക് മംഗളപത്രമെഴുതുന്നതാണ് പത്രധർമമെന്ന ബോധത്തിലേക്ക് അധികാരികൾ എത്തിച്ചേരുന്ന കാലത്ത്, അതിനാവശ്യമായ നിയമനിർമാണങ്ങൾ ദ്രുതഗതിയിൽ ചുട്ടെടുക്കുന്ന സമയത്ത്, നീതിനിഷേധിക്കപ്പെടുന്നവർക്കുവേണ്ടി മഷിയെടുക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ മാധ്യമങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിച്ചേ മതിയാകൂ.

Tags:    
News Summary - media credibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.