ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫെബ്രുവരി മൂന്നിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുന്നു. സ്വതവേ, സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കേരളത്തിലെ സാധാരണക്കാരനെ സംബന്ധിച്ച് പുതിയ ‘പരിഷ്കാര’ങ്ങൾ വലിയ ഇരുട്ടടിയാകുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. സാമൂഹിക സുരക്ഷയുടെ പേരിൽ പെട്രോളിനും ഡീസലിനും ചുമത്തിയ രണ്ടുരൂപ സെസ്, ജീവിതം വഴിമുട്ടിക്കുന്ന വിലക്കയറ്റത്തിലേക്ക് നേരിട്ടുതന്നെ വഴിതുറക്കും. സർവ മേഖലയിലും വിലക്കയറ്റം രൂക്ഷമാകുമെന്നുതന്നെയാണ് കരുതേണ്ടത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്; ഇതിന് ആനുപാതികമായി രജിസ്ട്രേഷൻ ഫീസും ഉയരും. ഇതോടൊപ്പം, ഫ്ലാറ്റുകളുടെയും അപ്പാർട്മെന്റുകളുടെയും രജിസ്ട്രേഷൻ തുകയും വർധിപ്പിച്ചിട്ടുണ്ട്. വാഹന വിലയും കൂട്ടിയിരിക്കുന്നു; റോഡ് സുരക്ഷാ സെസ് ഇരട്ടിയുമാക്കി. ബജറ്റിനുമുമ്പേതന്നെ, വെള്ളക്കരവും ഉയർത്തി. വൈദ്യുതിത്തീരുവ അഞ്ചുശതമാനമാക്കി മറ്റൊരു ഷോക്കും സർക്കാർ ഉടൻ സമ്മാനിക്കുന്നുണ്ട്. പാറയും മണലുമടക്കം, ഖനനം ചെയ്തെടുക്കുന്ന നിർമാണ വസ്തുക്കളുടെ വില വർധിപ്പിക്കാനുള്ള മറ്റൊരു നീക്കവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ഇതെല്ലാം നടപ്പിൽവരുന്നതോടെ, വിലക്കയറ്റത്തോടൊപ്പം സംസ്ഥാനത്തെ നിർമാണ മേഖല പൂർണമായും സ്തംഭിക്കാനും സാധ്യതയുണ്ട്. വലിയ തൊഴിൽ പ്രതിസന്ധിയിലേക്ക് അത് നയിക്കും. ചുരുക്കത്തിൽ, അധിക വരുമാനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച നികുതി നിർദേശങ്ങൾ ജനങ്ങളെ സർവദുരിതത്തിന്റെയും പടുകുഴിയിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
ഏകദേശം 3000 കോടി രൂപയോളം നേരിട്ടും 1000 കോടി തദ്ദേശ സ്ഥാപനങ്ങൾ വഴിയും അധികമായി സമാഹരിച്ച് സർക്കാറിന്റെ ധനപ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണത്രെ ഈ നികുതി നിർദേശങ്ങളത്രയും. ഇതിനെതിരെ, പ്രതിപക്ഷവും സിവിൽ സമൂഹവുമെല്ലാം ബജറ്റ് പ്രസംഗത്തിന്റെ തൊട്ടടുത്ത നിമിഷം മുതൽ രംഗത്തുവന്നതാണെങ്കിലും ഭീമവും ഭീകരവുമായ ഈ നികുതികൊള്ളയിൽനിന്ന് പിന്മാറാൻ സർക്കാർ തയാറായില്ല. വലിയ പ്രതിഷേധങ്ങൾ അതിന്റെ പേരിൽ സഭക്കുപുറത്തും അകത്തുമായി നടന്നു. എന്നിട്ടും, അടച്ചിട്ട വീടുകൾക്ക് ഏർപ്പെടുത്തുമെന്ന് പറഞ്ഞ നികുതി മാത്രമായി പിൻവലിച്ച് പ്രതിഷേധങ്ങളെ നേരിടാനാണ് സർക്കാർ ശ്രമിച്ചത്. സാമൂഹിക സുരക്ഷയുടെ ലേബൽ ഒട്ടിച്ചാണ് ഈ നികുതികൊള്ളയെന്നോർക്കണം. ആരുടെ സുരക്ഷയെ ലക്ഷ്യമിട്ടാണോ ഈ ഉദ്യമം, അവർ തന്നെയാകും ഈ ‘നികുതി പരിഷ്കരണ’ത്തിന്റെ ഒന്നാം ഇരകൾ. നോക്കൂ, ഇത്രയൊക്കെ നികുതി വർധിപ്പിച്ചിട്ടും, സാമൂഹിക സുരക്ഷ പെൻഷനുകളിൽ ഒന്നുപോലും നയാപൈസ വർധിപ്പിച്ചിട്ടില്ല. എന്നുവെച്ചാൽ, ഇനിമുതൽ സാമൂഹിക സുരക്ഷ പെൻഷനുകളുടെ ഉത്തരവാദിത്തംപോലും പൊതുജനം വഹിക്കണമെന്നർഥം. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയുള്ള നവകേരള സൃഷ്ടിയാണ് ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ചൊരു ബജറ്റ് പ്രസംഗത്തിലാണ് ഇവ്വിധം ജനങ്ങളെ തെരുവിലിറക്കുന്ന നികുതി നിർദേശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നിവൃത്തികേടുകൊണ്ടാണ് ഈ അറ്റകൈ പ്രയോഗമെന്ന് വേണമെങ്കിൽ സർക്കാറിന് ന്യായീകരിക്കാം. ആ ന്യായീകരണത്തിൽ ചില വാസ്തവങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി, ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ സമീപനമാണ് ‘പ്രതിപക്ഷ സംസ്ഥാന’മായ കേരളത്തെ ഈ നിലയിലെത്തിച്ചതെന്ന കാര്യത്തിലും സംശയമില്ല. നമ്മുടേതടക്കമുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകാതെ മനഃപൂർവം അവഗണിക്കുന്ന നെറികെട്ട രാഷ്ട്രീയ പകപോക്കൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ട്.
കേരളത്തിന് നീതിയുക്തമായി ലഭ്യമാക്കേണ്ട ജി.എസ്.ടി നഷ്ടപരിഹാരം നൽകാത്തതും കടമെടുക്കാനുള്ള പരിധിയിൽനിന്നുകൊണ്ട് പണം അനുവദിക്കാത്തതുമെല്ലാം ഗുരുതരമായ അവഗണന തന്നെയാണ്. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പിന്നോട്ടടിക്കുന്നതിന് കാരണമായിട്ടുണ്ടെന്നതിൽ സംശയമേതുമില്ല. എന്നാൽ, ഇതുമാത്രമാണോ നിലവിലെ പ്രശ്നങ്ങളുടെ കാരണമെന്നും ആലോചിക്കേണ്ടിയിരിക്കുന്നു. കാലങ്ങളായുള്ള നമ്മുടെ ധനവിനിയോഗത്തിലെ അശാസ്ത്രീയതയും സാമ്പത്തിക അച്ചടക്കമില്ലായ്മയുംകൂടിയാണ് നമ്മെ ഈ ദുരിതക്കയത്തിലെത്തിച്ചതെന്ന് സമ്മതിക്കേണ്ടിവരും. ഇപ്പോൾതന്നെ, 4000 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. മറുവശത്ത്, കേരളത്തിന്റെ റവന്യൂ കുടിശ്ശിക 21,000 കോടിയിലധികമാണെന്ന് മനസ്സിലാക്കണം. അഥവാ, സർക്കാറിലേക്ക് വന്നുചേരേണ്ട നികുതിപ്പണം പലകാരണങ്ങളാൽ പിരിച്ചെടുക്കാൻ ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദങ്ങളും വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. കുടിശ്ശിക കൃത്യമായി പിരിച്ചെടുത്തിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന നികുതിഭാരമാണ് ഈ ജനത പേറിനടക്കുന്നതെന്ന് ചുരുക്കം. കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ സർക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളിലും കോവിഡ് മാനേജ്മെന്റിലും അമ്പേ ദുരിതത്തിലായൊരു ജനതയോടാണീ ക്രൂരതയെന്നെങ്കിലും ഇടതുസർക്കാർ മനസ്സിലാക്കിയാൽ അത് മിനിമം ഒരു രാഷ്ട്രീയ മര്യാദയെങ്കിലുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.