'ഇന്നത്തെ വാർത്തസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി... തെറ്റിനെ തെറ്റായി കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു' -കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ചൊവ്വാഴ്ച ഫേസ്​ബുക്കിൽ കുറിച്ചതാണിത്. പശ്ചാത്തലമിതാണ്: കെ.കെ. രമ എം.എൽ.എയെ അധിക്ഷേപിച്ച് എം.എം. മണി അസംബ്ലിയിൽ പ്രസംഗിക്കുന്നു. വൻ പ്രതിഷേധം വരുന്നു. പ്രതിഷേധശേഷവും മണി തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രിയും പാർട്ടിയും അദ്ദേഹത്തിന് പിന്തുണ നൽകുന്നു. അതിനിടെയാണ് മഹിള കോൺഗ്രസ്​ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ആ മാർച്ചിൽ എം.എം. മണിയെ ആൾക്കുരങ്ങായി ചിത്രീകരിച്ചതിനെക്കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ, അതിലെന്താ കുഴപ്പം, അയാളുടെ മുഖം അതുപോലെത്തന്നെയല്ലേ എന്നായിരുന്നു മറുപടി. അതേക്കുറിച്ചായിരുന്നു സുധാകരന്റെ ഖേദപ്രകടനം.

'മുമ്പ് സാധാരണമായി ഉപയോഗിക്കപ്പെട്ടിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി കണക്കാക്കപ്പെടുന്നുണ്ട്. വാക്കുകളുടെ വേരും അർഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അർഥമാകണമെന്നില്ല. വാക്കുകൾ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എം.എം. മണിയുടെ പ്രസംഗത്തിൽ തെറ്റായൊരു ആശയം അന്തർലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേർന്നുപോകുന്നതല്ല' -എം.എം. മണിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് നിയമസഭ സ്​പീക്കർ എം.ബി. രാജേഷ് ബുധനാഴ്ച സഭയിൽ നൽകിയ റൂളിങ്ങിൽനിന്നാണ് മേൽ വരികൾ.

എം.എം. മണിയുടെ വിവാദ പ്രസംഗവും അതിനോട് പ്രതികരിച്ച് മഹിള കോൺഗ്രസ്​ നടത്തിയ ചിത്രീകരണവും അതിനെ ന്യായീകരിച്ച് കെ. സുധാകരൻ മൊഴിഞ്ഞ വാക്കുകളുമെല്ലാം വലിയൊരു സംവാദം സാധ്യമാക്കിയിട്ടുണ്ട്. സുധാകരന് തന്റെ പരാമർശം പിൻവലിക്കേണ്ടിവന്നു. വിവാദ പരാമർശം നടത്തിയ മണിയെ മുഖ്യമന്ത്രിയും പാർട്ടിയും പിന്തുണച്ചിട്ടും പരാമർശത്തിനെതിരെ സ്​പീക്കറുടെ റൂളിങ് വന്നതോടെ തന്റെ പ്രസംഗത്തിലെ ഒരു വാക്ക് പിൻവലിക്കുന്നതായി എം.എം. മണിയും സഭയെ അറിയിച്ചു.

വാക്കുകൾ വെറുതെ ഉണ്ടാവുന്നതല്ല. ഓരോ വാക്കും വലിയൊരു ആശയത്തെ വഹിക്കുന്നുണ്ട്. വാക്കുകൾക്ക് അതിന്റേതായ ലോകബോധവും രാഷ്ട്രീയവീക്ഷണവുമുണ്ട്. അതിനാൽ നാം ഏതു വാക്ക് ഉപയോഗിക്കുന്നുവെന്നത് നമ്മുടെ ലോകബോധത്തിന്റെ നിദർശനമാണ്. ഏറ്റവും ശരിയായതും ഉയർന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതുമായ വാക്കുകൾ ഉപയോഗിക്കുക എന്നത് പ്രധാനമാണ്. ഒരാൾ ഉപയോഗിക്കുന്ന വാക്ക് അയാളുടെ വ്യക്തിത്വത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. മറ്റൊരർഥത്തിൽ, ശരിയായ കാഴ്ചപ്പാടുള്ളവർക്കേ ശരിയായ വാക്കുകൾ തിരഞ്ഞെടുക്കാനും ഉപയോഗിക്കാനും കഴിയൂ. വെറുതെ വാക്കുകൾ തേച്ചുമിനുക്കിയതുകൊണ്ട് കാര്യമില്ലെന്നർഥം. അതിന് മിനുസവും മേനിയും വരണമെന്നുണ്ടെങ്കിൽ നമ്മുടെ കാഴ്ചപ്പാടിനും അതുണ്ടാവണം. കാഴ്ചപ്പാടുകൾ ശരിയാക്കുക എന്നതാണ് പ്രധാനം. അതിനനുസരിച്ചുള്ള വാക്കുകൾ വന്നുകൊള്ളും.

ഇപ്പോൾ കേരളത്തിൽ സംഭവിച്ചത് ഇതിന്റെ മറുവശമാണ്. രണ്ടു രാഷ്ട്രീയ നേതാക്കൾ ഉപയോഗിച്ച വാക്കുകൾ അവരുടെ കാഴ്ചപ്പാടിനെയും ലോകബോധത്തെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. അതാകട്ടെ, സ്​പീക്കർ റൂളിങ്ങിൽ സൂചിപ്പിച്ചതുപോലെ, പുരോഗമനപരമായ ഒരു സമൂഹത്തിന്റെ ബോധങ്ങളുമായി ഒത്തുപൊരുത്തമുള്ളതല്ല. എന്നാൽ, അതിനെ തിരുത്തിക്കാൻ പോകുന്ന പൊതുവായ ഉണർവ് കേരളം കാണിച്ചുവെന്നത് ആഹ്ലാദകരമാണ്. അതിൽ ആദ്യത്തെ പ്രസംഗത്തെ ന്യായീകരിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നു എന്നത് ഖേദകരമാണെങ്കിൽകൂടി, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന സഭതന്നെ അതിനെ തള്ളി എന്നത് കുറിച്ചു വെക്കണം.

ഉള്ളിൽ വെറി പേറി നടക്കുന്നവർ ഉപയോഗിച്ച വാക്കുകൾ അന്താരാഷ്ട്രതലത്തിൽ ഇന്ത്യക്ക് ഏൽപിച്ച ആഘാതം അടുത്തിടെ നമ്മുടെ അനുഭവത്തിലുള്ളതാണ്. രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന വാക്കുകളിലേറെയും നിതാന്തമായ വെറി ഉൽപാദനത്തിന് ഹേതുവാകുന്നുവെന്നത് സമകാലിക ഇന്ത്യയുടെ വലിയൊരു ദുരന്തമാണ്. അകത്തേക്കും പുറത്തേക്കും വെറുപ്പ് മാത്രം പ്രവഹിപ്പിക്കുന്നവരുടെ കൂടാരമായി നമ്മുടെ നാട് മാറരുത്. അതിനാൽ, വാക്കുകളെക്കുറിച്ച്, ആശയങ്ങളെക്കുറിച്ച്; അതിന്റെ വേരുകളെയും അർഥങ്ങളെയുംകുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. അത്തരമൊരു ആലോചനക്ക് നിയമ സഭയിലെ മണിയുടെ പ്രസംഗവും കെ. സുധാകരന്റെ പ്രയോഗങ്ങളും സ്​പീക്കറുടെ റൂളിങ്ങുമെല്ലാം ഉപകാരപ്പെട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ വിവാദം ആത്മവിചാരണയെക്കുറിച്ച ബോധവും ഉൽക്കർഷയും നമ്മിലുണ്ടാക്കി എന്നു വിചാരിക്കാം.

Tags:    
News Summary - Madhyamam editorial word and hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.