വൈക്കം സത്യഗ്രഹം നൂറിന്‍റെ തികവിലേക്ക്

ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷങ്ങൾക്ക് നാന്ദികുറിക്കപ്പെടുകയാണ്. 1924 മാർച്ച് 30ന് ആരംഭിച്ച് 1925 നവംബർ 23ന് അവസാനിച്ച 603 ദിവസം നീണ്ട സത്യഗ്രഹം സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭം മാത്രമായിരുന്നില്ല, നൂറ്റാണ്ടുകളായി നീറിപ്പുകയുന്ന ജാതിവിവേചനത്തിനെതിരെയുള്ള ജനകീയമായ വിമോചനപ്പോരാട്ടംകൂടിയായിരുന്നു. അയിത്തോച്ചാടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കലാപങ്ങൾ അയ്യൻകാളിയുടെയും ദലിത് നേതൃത്വത്തിന്‍റെയും മുൻകൈയിൽ വൈക്കത്തിനു മുമ്പേ തിരുവിതാംകൂറിൽ സജീവമായിരുന്നു. എന്നാൽ, കേരളത്തിലെ ജാതിവിവേചനത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ എല്ലാ മതസ്ഥരെയും ഉൾച്ചേർത്തുനിർത്താനും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും വൈക്കം സത്യഗ്രഹം ചരിത്രത്തിലെ വഴിത്തിരിവായി മാറി. ജാതി മലയാളികളെ മാറിച്ചിന്തിക്കുവാനത് പ്രേരിപ്പിച്ചു. ആധുനിക കേരളത്തിന്‍റെ പിറവിക്ക് അസ്തിവാരമിട്ടു. വഴികളിലും പള്ളിക്കൂടങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥാപിച്ചിരുന്ന തീണ്ടൽപ്പലകകൾ പറിച്ചെറിയുവാൻ നിർബന്ധിതമാക്കി. എല്ലാവരും തുല്യ മനുഷ്യരാെണന്ന ആശയം വെന്നിക്കൊടി പാറി. ഈ അർഥത്തിൽ കേരളത്തെ പുനർനിർണയിച്ച, ചരിത്രവഴികളിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് വൈക്കം സത്യഗ്രഹം.

വൈക്കം സത്യഗ്രഹത്തെ അതുല്യമാക്കുന്നത് അയിത്തവും ജാതിവിവേചനവും മതപരവും സാമൂഹികവുമായ അനുഷ്ഠാനമായി കണിശമായി നിഷ്കർഷിച്ചുപോന്ന ജീവിതക്രമത്തിനെതിരായി വിമോചനപ്പോരാട്ടത്തിന്‍റെ ജ്വലിക്കുന്ന പാഠങ്ങൾ പകർന്നുവെന്നതിലാണ്. 1923 ഡിസംബറിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ കാക്കിനാഡാ സമ്മേളനത്തിൽ ടി.കെ. മാധവൻ സമർപ്പിച്ച അയിത്തോച്ചാടന നിവേദനം അധ്യക്ഷൻ മൗലാനാ മുഹമ്മദലി തന്നെ സമ്മേളന പ്രമേയമായി അവതരിപ്പിച്ചു. ഗാന്ധിജിയുടെ പിന്തുണയും മാർഗനിർദേശവും ലഭിച്ച പ്രക്ഷോഭം കേരള പ്രദേശ് കോൺഗ്രസ് ഏറ്റെടുക്കുകയും വിപുലമായ അയിത്ത വിരുദ്ധ കമ്മിറ്റിക്ക് രൂപംനൽകുകയും ചെയ്തു. ഗാന്ധിജി 1925ൽ നവജീവനിൽ എഴുതിയതുപോലെ, ‘കാളവണ്ടികൾക്കുപോലും സഞ്ചരിക്കാം. എന്നാൽ, അതുവഴി ഒെരാറ്റ തൊട്ടുകൂടാത്തവനെപ്പോലും സഞ്ചരിക്കാൻ അനുവദിക്കുകയില്ല. ഈ അജ്ഞതയും അനീതിയും അവസാനിപ്പിക്കാൻവേണ്ടിയാണ് വൈക്കത്ത് സത്യഗ്രഹം അനുഷ്ഠിക്കുന്നത്.’ ജാതി തീണ്ടായ്മയാൽ സാമൂഹിക ബഹിഷ്കൃതനാകേണ്ടിവന്ന തിരുവിതാംകൂറിലെ 17 ലക്ഷം വരുന്ന കീഴ്ജാതി സമൂഹങ്ങളുടെ അവകാശപ്പോരാട്ടത്തിൽ ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും നാരായണഗുരുവും പെരിയോറും ടി.കെ. മാധവനും മന്നത്ത് പത്മനാഭനും ജോർജ് ജോസഫും ഹസൻകോയയും ചാത്തൻ കുഞ്ഞാപ്പിയും ആമചാടി തേവനും രക്തസാക്ഷി ചിത്തേടത്ത് ശങ്കുപ്പിള്ളയുമെല്ലാം അണിചേർന്നു. സ്ത്രീകളും കുട്ടികളുമടക്കം മത, ജാത്യാതീതമായ വമ്പിച്ച ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ വൈക്കം സത്യഗ്രഹം അനീതിക്കും അടിസ്ഥാന സമൂഹങ്ങളുടെ അവകാശങ്ങൾക്കുംവേണ്ടിയുള്ള സമകാലിക പോരാട്ടത്തിനും മഹനീയ മാതൃക സമ്മാനിക്കുന്നുണ്ട്.

ഡോ. പൽപുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം മലയാളികളിലെ അയിത്തത്തിന്‍റെ ഭീകരത മനസ്സിലാക്കിയ സ്വാമി വിവേകാനന്ദൻ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയമെന്നായിരുന്നു. ഈ ഭ്രാന്താലയത്തെ രാജ്യത്തിലെ പുരോഗമന സ്വഭാവമുള്ള സംസ്ഥാനമാക്കി മാറ്റിയതിൽ വൈക്കം സത്യഗ്രഹത്തിനും അതിന് മുമ്പും ശേഷവും നടന്ന ജാതിവിരുദ്ധ പോരാട്ടങ്ങൾക്കും സവിശേഷമായ പങ്കുണ്ട്. ഇത്തരം സമരങ്ങൾ നാടിന്‍റെ ‘പാരമ്പര്യ’ങ്ങളെ മുച്ചൂടും നശിപ്പിക്കുമെന്ന ഭീതി വരേണ്യർക്കുണ്ടായിരുന്നു. കഠിനമായി ജാതിബോധം പുലർത്തിയിരുന്ന ഇണ്ടംതുരുത്തിമനയിലെ നമ്പൂതിരിക്ക് മാത്രമല്ല, സമരത്തോട് അനുകമ്പ പുലർത്തിയിരുന്നുവെന്ന് കരുതപ്പെടുന്ന തിരുവിതാംകൂർ റെജിെമന്‍റ് റാണിക്കും അതുണ്ടായിരുന്നുവെന്ന് ഗാന്ധിജിയുമായുള്ള അവരുടെ സംഭാഷണത്തിൽ വ്യക്തമാണ്. എന്നിട്ടും കേരളത്തിലെ നവോത്ഥാന പ്രക്രിയ മറ്റു സമൂഹങ്ങളെക്കാൾ വിശാലമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചത് അവ തുടങ്ങിയത് സമൂഹത്തിന്‍റെ അടിത്തട്ടിൽനിന്നായിരുന്നു എന്നതുകൊണ്ടാണ്. എല്ലാ ജനവിഭാഗങ്ങളും വേഗത്തിൽ അവ ഏറ്റെടുക്കുകയും ജനകീയമാക്കുകയും ചെയ്തതോടെ മാറ്റങ്ങളെ സ്വീകരിക്കാൻ ഭരണാധികാരികളടക്കമുള്ള വരേണ്യവിഭാഗങ്ങൾ നിർബന്ധിതമാകുകയായിരുന്നു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ, ഭരണകൂടത്തിന്‍റെ അവകാശ നിഷേധങ്ങൾ തുടങ്ങിയവക്കെതിരായ പോരാട്ടങ്ങൾ കീഴ്ത്തട്ടിൽനിന്നാരംഭിക്കുമ്പോഴേ ദീർഘകാല സത്ഫലങ്ങൾ വിളയിക്കുന്ന ധർമസമരങ്ങളായി മാറുകയെന്ന് വൈക്കം സത്യഗ്രഹം സാക്ഷ്യംപറയുന്നു.

അയിത്തത്തിനും ജാതിവിരുദ്ധതക്കുമെതിരായ പോരാട്ടം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും നവജാതീയത എത്ര വേഗതയിലാണ് നമ്മുടെ സാമൂഹിക ശരീരത്തിൽ വീണ്ടും പടർന്നുപന്തലിക്കുന്നതെന്ന് ഇപ്പോൾ നാം തിരിച്ചറിയുന്നുണ്ട്. അയിത്തമില്ലാ സമൂഹമാണെന്ന് മേനിപറയുമ്പോഴും ഭക്ഷണത്തിൽ, വിവാഹത്തിൽ സാംസ്കാരിക, അധികാര ഇടവഴികളിൽ തുടങ്ങി എല്ലാ സാമൂഹിക മണ്ഡലങ്ങളിലും അയിത്ത ജാതിക്കാർക്ക് പ്രവേശനമില്ല എന്ന അദൃശ്യമായ തീണ്ടാപ്പലക അനുഭവവേദ്യമാകും. ഇന്ന് നമുക്ക് എല്ലാ വഴികളിലൂടെയും ഒന്നുചേർന്ന് സഞ്ചരിക്കാനാകും. ഏതു ക്ഷേത്രങ്ങളിലേക്കും പ്രവേശിക്കാനുമാകും. പക്ഷേ, ജാതീയതയുടെ കാണാമതിലുകൾ പൊളിച്ചുകളയാതെ നിന്ദ്യമായ അയിത്തത്തെ ഇല്ലാതാക്കാനാകില്ല. ജാതിവിവേചനത്തിനെതിരെയുള്ള നവകാല പോരാട്ടത്തിന് പ്രചോദനമായി വൈക്കം സത്യഗ്രഹം ഉയർന്ന ദീപസ്തംഭമായി പരിലസിക്കുന്നുവെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

Tags:    
News Summary - Madhyamam editorial on vaikom sathyagraha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.