ഈ അന്ത്യശാസനം ഇന്ത്യക്കെതിര്

മനുഷ്യമനസ്സുകളെ തമ്മിലകറ്റുന്ന, രാജ്യത്ത് സ്വൈരജീവിതംതന്നെ അവതാളത്തിലാക്കുന്ന വിദ്വേഷത്തിന്റെ വാർത്തകൾ അവസാനിക്കുന്നില്ല. ഒരു മാസത്തിലേറെയായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരാണ് വെന്തെരിഞ്ഞിരുന്നതെങ്കിൽ ഹിമവാന്റെ ചാരത്തുള്ള ഉത്തരാഖണ്ഡിൽനിന്നാണ് ഇപ്പോൾ ഭീഷണികളുയർന്നുകേൾക്കുന്നത്. സംസ്ഥാനത്തെ ഉത്തരകാശി ജില്ലയിലുള്ള പുരോലയിൽനിന്ന് താമസവും കച്ചവടങ്ങളുമെല്ലാം മതിയാക്കി ഒഴിഞ്ഞുപോകാൻ മുസ് ലിംകൾക്ക് അന്ത്യശാസനം നൽകിയിരിക്കുന്നു സംഘ്പരിവാർ. ഇതേ ആവശ്യമുന്നയിച്ച് ഇന്നൊരു മഹാപഞ്ചായത്തും വിളിച്ചുചേർത്തിരിക്കുകയാണവർ. അതിൽ പ്രതിഷേധിച്ച് ഈ മാസം 18ന് ഡറാഡൂണിൽ മറ്റൊരു

മഹാപഞ്ചായത്തിന് ആഹ്വാനം നൽകിയിരിക്കുന്നു മുസ്‍ലിം കൂട്ടായ്മയായ മുസ്‍ലിം സേവാ സംഘടൻ.

മേയ് മാസം അവസാന വാരം 14 വയസ്സുള്ള ഒരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുണ്ടായി. സംഭവത്തിൽ ഉബൈദ് ഖാൻ, ജിതേന്ദ്ര സൈനി എന്നീ ചെറുപ്പക്കാരാണ് കുറ്റാരോപിതർ. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും പ്രതികളെ പിടികൂടുകയും ചെയ്തു. ദുരന്തഭൂമിയിൽപോലും വർഗീയ വിളവെടുപ്പിന് തക്കംപാർത്ത് നടക്കുന്ന സംഘ്പരിവാർ ഈ സംഭവം ‘ലവ് ജിഹാദ്’

ആയി ചിത്രീകരിച്ച് മുസ്‍ലിംവിരുദ്ധ പ്രചാരണങ്ങളാരംഭിച്ചു. പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനമായാണ് തുടങ്ങിയതെങ്കിൽ ഒട്ടും വൈകാതെ ആക്രമണോത്സുക ഭീഷണിയായി അതു പരിണമിച്ചു. ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഹിന്ദുത്വ സംഘടനകൾ റാലി നടത്തിയ ദിവസങ്ങളിൽ മുസ്‍ലിം കച്ചവടക്കാരുടെ കടകൾ അടപ്പിക്കാനാണ് ഉത്സാഹിച്ചത്. മേയ് അവസാനം മുതൽ പട്ടണത്തിലെ മുപ്പതോളം കടകൾ അടഞ്ഞുകിടക്കുകയാണ്. കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം പിന്നീട് മുസ്‍ലിംകൾ നാടുവിട്ടുപോകണമെന്ന സംഘടിത ഭീഷണിയായി മാറി. ഈ ആവശ്യമുന്നയിച്ച് ദേവ്ഭൂമി സംരക്ഷൺ അഭിയാൻ എന്ന സംഘടനയുടെ പേരിൽ നാട്ടിലെമ്പാടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് പുരോലയിലെ പ്രമുഖ വസ്ത്രവ്യാപാരിയും ബി.ജെ.പി ന്യൂനപക്ഷമോ

ർച്ച ഉത്തരകാശി ജില്ല പ്രസിഡൻറുമായ മുഹമ്മദ് സാഹിദിനുപോലും കച്ചവടം മതിയാക്കി ഡറാഡൂണിലെ ബന്ധുവീട്ടിൽ അഭയം തേടേണ്ടിവന്നിരിക്കുന്നു.

ബാർക്കോട്ട്, തെഹ്‍രി ഗഡ്‍വാൾ, ഡാംട്ട തുടങ്ങിയ പട്ടണങ്ങളിലും വിദ്വേഷത്തിന്റെ തീപ്പൊരികൾ പടർന്നുകഴിഞ്ഞു. ബാർക്കോട്ടിൽ തങ്ങളുടെ കടകളെ കറുത്ത ചായമിട്ട് അടയാളപ്പെടുത്തിയിരിക്കുന്നത് അപായ സൂചനയായാണ് മുസ്‍ലിം കച്ചവടക്കാർ കാണുന്നത്.

ഉത്തരാഖണ്ഡിൽ ഇപ്പോൾ നടക്കുന്ന ഇത്തരം നീക്കങ്ങൾ നടുക്കുന്നതാണെങ്കിലും അപ്രതീക്ഷിതമല്ല. ഇതേ സംസ്ഥാനത്തെ ഹരിദ്വാറിൽ 2021 ഡിസംബർ 17, 18, 19 തീയതികളിൽ അരങ്ങേറിയ ധർമ സംസദ് (മത പാർലമെൻറ്) ആഹ്വാനംചെയ്ത കാര്യങ്ങളാണ് പുരോലയിലും ബാർക്കോട്ടിലുമെല്ലാം ഇപ്പോൾ പ്രയോഗവത്കരണത്തിലേക്കടുക്കുന്നത്. പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കാൻപോലും പൊലീസന്ന് കൂട്ടാക്കിയിരുന്നില്ല. മ്യാന്മറിലേതുപോലെ ഒരു ‘ശുചീകരണ യജ്ഞം’ നടത്തണമെന്ന് ഹരിദ്വാറിൽവെച്ച് ആഹ്വാനം നടത്തിയ പ്രബോധാനന്ദ ഗിരിയടക്കമുള്ള കുപ്രസിദ്ധ വിദ്വേഷപ്രസംഗകർ ഇപ്പോഴും നിരന്തരം വെറുപ്പിന്റെ സന്ദേശം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. വിദ്വേഷ അജണ്ടയിലൂടെ ഭരണത്തുടർച്ച സ്വന്തമാക്കിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്വന്തം സംസ്ഥാനത്തെ ന്യൂനപക്ഷ ജനങ്ങളോട് വീടൊഴിഞ്ഞുപോകാൻ ഭീഷണിപ്പെടുത്തുന്നവരെ വിലക്കാൻ തയാറല്ല, മറിച്ച് ലവ് ജിഹാദികളെ പാഠംപഠിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആശങ്കജനകമായ ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമാധാനകാംക്ഷികളായ വ്യക്തികളും കൂട്ടായ്മകളും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം കത്തുകളയച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾക്ക് വഴിയൊരുക്കിയേക്കാവുന്ന മഹാപഞ്ചായത്ത് തടയണമെന്നാവശ്യപ്പെട്ട് അവർ സുപ്രീംകോടതിയെയും സമീപിച്ചു. എന്നാൽ, ഹൈകോടതിയിൽ ഹരജി നൽകാതെ സുപ്രീംകോടതിയിലേക്കു വന്നത് ഭരണസംവിധാനങ്ങളെ അവിശ്വസിക്കലാണെന്നും കുറുക്കുവഴി തേടലാണെന്നും സൂചിപ്പിച്ച് വിഷയത്തിലിടപെടാൻ വിസമ്മതിച്ചു പരമോന്നത നീതിപീഠം. വിദ്വേഷപ്രസംഗകരുടെ മതംനോക്കാതെ സ്വമേധയാ കേസെടുക്കണമെന്ന സുപ്രീംകോടതി വിധിന്യായം നടപ്പാക്കാതെ സംസ്ഥാന ഭരണകൂടം കോടതിയലക്ഷ്യം കാണിച്ചതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത് എന്നതുപോലും ബഹുമാനപ്പെട്ട ജഡ്ജിമാർ പരിഗണിച്ചില്ല എന്നു തോന്നുന്നു. മഹാപഞ്ചായത്തിന് അനുമതിയില്ലെന്ന് ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കിയിട്ടും പിന്മാറില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ.

കർണാടകയിലെ വോട്ടർമാർ തിരസ്കരിച്ചെങ്കിലും ഈ വർഷം നടക്കാനിരിക്കുന്ന മറ്റു നിയമസഭ തെരഞ്ഞെടുപ്പുകളിലും വരുംവർഷത്തെ പൊതുതെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ വിദ്വേഷത്തിന്റെയും ബഹിഷ്കരണത്തിന്റെയും വർഗീയ അജണ്ടയെ സംഘ്പരിവാർ ഉപയോഗിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഉത്തരാഖണ്ഡിലെ സംഭവങ്ങൾ. ഇതിനെ ചെറുക്കാൻ കർണാടകയിലുയർന്നതിനേക്കാൾ വലിയ പ്രതിരോധം ആവശ്യമുണ്ട്. ആരാണതിന് മുന്നിട്ടിറങ്ങുക എന്നതാണ് വലിയ ചോദ്യം.

Tags:    
News Summary - Madhyamam editorial on Utharakashi issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.