ഉദയ്പൂർ കൊല: അപകടകരമായ കുറ്റകൃത്യം

രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽനിന്ന് ചൊവ്വാഴ്ച പുറത്തുവന്ന വാർത്ത ഹൃദയമുള്ള മുഴുവൻ മനുഷ്യരെയും ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. കനയ്യ ലാൽ എന്ന തയ്യൽജോലിക്കാരനെ അദ്ദേഹത്തെ തൊഴിൽസ്ഥലത്ത്, തയ്യൽപണി ചെയ്യിക്കാനെന്ന വ്യാജേന കടന്നുവന്ന രണ്ടുപേർ കഴുത്തറുത്ത് കൊന്നതാണത്. കൊല്ലുക മാത്രമല്ല, ആ ഹീനകൃത്യം കാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു ആ ഭീകരർ. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവിനെ അനുകൂലിച്ച് കനയ്യ ലാൽ സമൂഹ മാധ്യമത്തിൽ അഭിപ്രായം പങ്കുവെച്ചതിന് പ്രതികാരമായാണ് ഈ കൊല അവർ നടത്തിയത് എന്നാണ് കൊലയാളികൾ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്. ഗൗസ് മുഹമ്മദ്, റിയാസ് അത്താരി എന്നീ യുവാക്കളാണ് ഈ ഹീനകൃത്യം നടത്തിയത്.

ഉപാധികളില്ലാതെ അപലപിക്കപ്പെടേണ്ട കുറ്റകൃത്യമാണ് ഉദയ്പൂരിൽ നടന്നത്. തങ്ങളുടെ നേതാക്കൾ നടത്തിയ പ്രവാചകനിന്ദയുടെ പേരിൽ ബി.ജെ.പിയും കേന്ദ്ര സർക്കാറും അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം ഏറ്റുവാങ്ങി പ്രതിരോധത്തിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു കൃത്യം നടന്നിരിക്കുന്നത് എന്നത് അമ്പരപ്പിക്കുന്നതാണ്. ഹിന്ദുത്വ പരിവാർ സംഘടനകളുടെയും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാറുകളുടെയും നേതൃത്വത്തിൽ സാധാരണ ജീവിതം അസാധ്യമാകുന്നതരം അതിക്രമങ്ങൾ മുസ്ലിംസമൂഹത്തിനുനേരെ നടക്കുന്ന പശ്ചാത്തലത്തിൽ, ഇരയാക്കപ്പെടുന്ന സമുദായത്തെ കൂടുതൽ ഒറ്റപ്പെടുത്താനും പാർശ്വങ്ങളിലേക്ക് തള്ളാനും ഈ സംഭവം ഉപയോഗപ്പെടുത്തപ്പെടും എന്ന ഭയവും അസ്ഥാനത്തല്ല. അതിനാൽതന്നെ, ഇത് വെറുമൊരു കൊലപാതകമല്ല. ഒരു ജനതയെ, ഒരു രാജ്യത്തെ ആകെയും അപകടപ്പെടുത്താൻപോന്ന ദുഷ്ചെയ്തിയാണ്. കുറ്റവാളികൾ ദയാരഹിതമായി ശിക്ഷിക്കപ്പെടുക എന്നതുതന്നെയാണ് വേണ്ടത്.

സംഭവമുണ്ടായശേഷം രാജസ്ഥാൻ സർക്കാറും പൊലീസും സ്വീകരിച്ച നടപടികൾ, ഇതുവരെയുള്ള അവസ്ഥ വെച്ച്, ശ്ലാഘനീയമാണ്. അങ്ങേയറ്റം വൈകാരിക വിക്ഷുബ്ധത ഉണ്ടാക്കാനിടയുള്ള സംഭവമായിരുന്നിട്ടുപോലും കൂടുതൽ കുഴപ്പങ്ങളിലേക്ക് കടക്കാതെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ അവർക്ക് സാധിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടിയന്തര സ്വഭാവത്തിൽ വിഷയത്തിൽ നേരിട്ട് ഇടപെട്ട് നടത്തിയ നീക്കങ്ങൾ പരിണിതപ്രജ്ഞനായ ഒരു ഭരണകർത്താവിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്ന കാര്യങ്ങളാണ്.

വിഷയത്തിൽ മുസ്ലിം സമുദായവും സമുദായനേതൃത്വവും സ്വീകരിച്ച സമീപനവും പ്രശംസാർഹമാണ്. സമുദായ സംഘടനകളും നേതാക്കളും ഒന്നടങ്കം സംഭവത്തെ കലർപ്പില്ലാതെ തള്ളിപ്പറയുകയും കുറ്റവാളികളെ നിർദാക്ഷിണ്യം ശിക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ ഏതെങ്കിലും നിലക്ക് ന്യായീകരിക്കുന്ന എന്തെങ്കിലുമൊരു പരാമർശം ആരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ഗാന്ധിഘാതകനായ നാഥുറാം ഗോദ്സെയെ പ്രകീർത്തിക്കുകയും അയാൾക്ക് ക്ഷേത്രം പണിയുകയും ചെയ്യുന്ന നാടാണ് നമ്മുടെത്. ഭീകരാക്രമണ കേസുകളിൽ പ്രതിയായ പ്രജ്ഞാ സിങ് ഠാകുറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പാർലമെന്റിലേക്ക് അയച്ച പാർട്ടിയാണ് രാജ്യം ഭരിക്കുന്നത്. കഴിഞ്ഞദിവസം അറുകൊല നടന്ന രാജസ്ഥാനിലെതന്നെ രാജസമന്ദിലാണ് 2017ൽ അഫ്റാസുൽ ഖാൻ എന്നൊരു കുടിയേറ്റ തൊഴിലാളിയെ കോടാലികൊണ്ട് അറുത്തുകൊല്ലുകയും മൃതശരീരം കത്തിക്കുകയും അതെല്ലാം വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായത്. ലവ് ജിഹാദ് ആരോപിച്ചായിരുന്നു ആ ഹീനകൃത്യം. അതിനുശേഷം ഘാതകനായ ശംഭുലാൽ റെഗാറിനെ പുകഴ്ത്തിക്കൊണ്ട് പലരും രംഗത്തുവന്നു. ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ശംഭുലാലിന് പാർട്ടി ടിക്കറ്റ് നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഒരു ഹിന്ദുത്വ സംഘടന രംഗത്തുവന്നതും നാം കണ്ടു. ആ പശ്ചാത്തലത്തിൽ കൂടിയാണ് കനയ്യ ലാലിന്റെ കൊലയാളികളോട് മുസ്ലിം സമുദായനേതൃത്വവും സംഘടനകളും സ്വീകരിച്ച സമീപനം കൂടുതൽ തിളക്കമുള്ളതാകുന്നത്.

നമ്മുടെ രാജ്യം അങ്ങേയറ്റം വിഹ്വലമായ അപകട മുനമ്പിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് യാഥാർഥ്യമാണ്. ഈ അവസ്ഥ സൃഷ്ടിക്കപ്പെടുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ഭരണകക്ഷിതന്നെ. ചെറിയൊരു കനൽത്തരികൊണ്ട് തീ ആളിപ്പടരാവുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. അത്തരമൊരു പശ്ചാത്തലത്തിൽ അങ്ങേയറ്റത്തെ ഗൗരവത്തോടെയും സൂക്ഷ്മ ശ്രദ്ധയോടെയും മാത്രമേ നമുക്ക് കാര്യങ്ങളെ കൈകാര്യംചെയ്യാൻ പറ്റുകയുള്ളൂ. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോൾ സിഖുകാർക്കെതിരെ വിദ്വേഷത്തിന്റെ മുന തിരിച്ചുവെച്ചതിന്റെ ദുരന്തഫലം ഈ രാജ്യവും സിഖ് ജനതയും അനുഭവിച്ചതാണ്. ഘാതകരെ അവരായിട്ട് കൃത്യപ്പെടുത്തുന്നതിനു പകരം ഒരു ജനതയെ പ്രതിസ്ഥാനത്ത് നിർത്തിയതിന്റെ ദുഷ്ഫലമായിരുന്നു അത്. ഇന്ന്, രാജസ്ഥാനിലെ അറുകൊലയുടെ പേരിൽ മുസ്ലിം സമൂഹത്തെയും അവർ രാജ്യത്തുയർത്തിക്കൊണ്ടുവരുന്ന അതിജീവന സമരങ്ങളെയും ഭീകരവത്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മുസ്ലിം അന്യവത്കരണത്തെ കൂടുതൽ ത്വരിതപ്പെടുത്താനേ അത് ഉപകാരപ്പെടുകയുള്ളൂ. 20 കോടിയോളംവരുന്ന ഒരു ജനതയെ രാഷ്ട്രജീവിതത്തിൽ നിന്ന് അന്യവത്കരിച്ച് രാജ്യത്തിന് എങ്ങനെ പുരോഗതിയിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് ഉത്തരവാദപ്പെട്ട എല്ലാവരും ആലോചിക്കണം. തീ പടർത്താൻ എളുപ്പമാണ്. അത് നമ്മെ വിഴുങ്ങുന്നതിനുമുമ്പ് കെടുത്തുക എന്നതാണ് പ്രധാനം.

Tags:    
News Summary - Madhyamam Editorial on udaipur killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.