സംവരണലക്ഷ്യം സാമ്പത്തികമല്ല, ശാക്തീകരണമാണ്

മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, കേന്ദ്ര സർവിസ്, പൊതു-സ്വകാര്യ തൊഴിൽ സ്ഥാപനങ്ങൾ എന്നിവയിൽ 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബിൽ മോദി സർക്കാർ 2019 ജനുവരി എട്ടിന് ലോക്സഭയിൽ അവതരിപ്പിച്ച് മഹാഭൂരിപക്ഷത്തോടെ പാസാക്കിയെടുത്തതാണ്. കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും മിക്ക പ്രാദേശികപാർട്ടികളും ബില്ലിനെ പിന്താങ്ങിയപ്പോൾ മുസ്‍ലിം ലീഗും അസദുദ്ദീൻ ഉവൈസിയുടെ എം.ഐ.എമ്മും ഉൾപ്പെടെ ന്യൂനാൽ ന്യൂനപക്ഷം മാത്രമേ എതിർത്ത് വോട്ട് ചെയ്യാനുണ്ടായിരുന്നുള്ളൂ. ജൻഹിത് അഭിയാൻ, ഓൾ ഇന്ത്യ ബാക് വേഡ് ക്ലാസസ് ഫെഡറേഷൻ തുടങ്ങിയ കൂട്ടായ്മകൾ ബില്ലിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

മൂന്നുവർഷത്തെ ഇടവേളക്കുശേഷം ചീഫ് ജസ്റ്റിസ് യു.യു. ലളിത് അടങ്ങുന്ന സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് കേസ് വിശദമായി പരിഗണിച്ച് ഒടുവിൽ വിധി പ്രസ്താവിച്ചിരിക്കുകയാണ്. മൂന്ന് ന്യായാധിപന്മാർ ഭരണഘടന ഭേദഗതിക്കനുകൂലമായും ചീഫ് ജസ്റ്റിസടക്കം രണ്ടംഗങ്ങൾ അതിനെതിരെയും വിധിയെഴുതിയതോടെ ഭൂരിപക്ഷ വിധിപ്രകാരം 103ാം ഭരണഘടന ഭേദഗതി സാധുവായിത്തീർന്നിരിക്കുന്നു. അതായത്, ഇനിമേൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്യോഗങ്ങളിലും തൊഴിലുകളിലും 10 ശതമാനം സംവരണം ലഭിക്കും. സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതിയുടെ മുൻ തീരുമാനം ഈ വിധിയെ ബാധിക്കുന്നതല്ല. 60 ശതമാനമാക്കി ഉയർത്തിയ സർക്കാർ തീരുമാനത്തിനുകൂടി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷം സാധുത നൽകിയിരിക്കുകയാണ്. ബില്ലിനെ നേരത്തേ പാർലമെന്റിൽ പിന്താങ്ങിയ പാർട്ടികളെല്ലാംതന്നെ വിധിയെ സ്വാഗതം ചെയ്തിട്ടുമുണ്ട്. അവരുടെയും അവരെ തുണക്കുന്ന മാധ്യമങ്ങളുടെയും ദൃഷ്ടിയിൽ സംവരണകാര്യത്തിലെ അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായിരിക്കുന്നു.

എന്നാൽ, യഥാർഥത്തിൽ കോടതിവിധി പ്രശ്നത്തിന് തൃപ്തികരമായ പരിഹാരമാണോ എന്ന ചർച്ചക്ക് തീർച്ചയായും പ്രസക്തിയുണ്ട്. മതേതര–ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരുവിധത്തിലുള്ള വിവേചനവുമില്ലാതെ എല്ലാ ജാതിമത സമുദായങ്ങൾക്കും പൗരന്മാർക്കും അവകാശങ്ങളും അവസരങ്ങളും തുല്യമായി ലഭിക്കണമെന്നും ഒരാൾക്കും വൈജാത്യങ്ങളുടെ പേരിൽ അവസരം നിഷേധിക്കപ്പെടരുത് എന്നുമാണ് ഭരണഘടനയുടെ സ്പിരിറ്റ്. അതുതന്നെയാണ് നിയമനിർമാണത്തിന്റെയും അടിസ്ഥാനം. എന്നാൽ, ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ തുല്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനകോടികൾ രാജ്യത്തുണ്ട്. അവരെ ഒരു നിശ്ചിത കാലാവധിക്കുള്ളിൽ അവകാശങ്ങളും അവസരങ്ങളും തുല്യമായി പങ്കിടുന്ന മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനാണ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും തൊഴിലുകളിലും സംവരണം ഭരണഘടന ശിൽപികൾ ഏർപ്പെടുത്തിയത്. ഭരണഘടന ഉറപ്പുവരുത്തിയ സംവരണം ഒരർഥത്തിലും സാമ്പത്തികമല്ല; തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനുമുള്ള പ്രതിവിധിയുമല്ല. പകരം ശാക്തീകരണവും സാമൂഹികനീതിയുമാണ് അതിന്റെ ലക്ഷ്യം. മറ്റുവിധം പറഞ്ഞാൽ, ദലിതരും ആദിവാസികളും വിദ്യാഭ്യാസപരമായും സാമൂഹികമായും അധഃസ്ഥിതരുമായ വലിയൊരു ജനവിഭാഗത്തെ ഭരിക്കുന്നവരും നയിക്കുന്നവരുമായി ഉയർത്തിക്കൊണ്ടുവരാനുള്ള ഇടക്കാല ഏർപ്പാടാണ് സംവരണം. നിർഭാഗ്യവശാൽ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ആ ലക്ഷ്യം നേടാനായില്ല. ഇതേവരെ നയിച്ചവരും ഭരിച്ചവരുമായ മുന്നാക്കസമൂഹം തന്നെയാണിതിന് വലിയൊരളവിൽ ഉത്തരവാദികൾ. ഇനിയെങ്കിലും സംവരണ സമുദായങ്ങളുടെ തൽസ്ഥിതിയെക്കുറിച്ച് സമഗ്രമായ അന്വേഷണവും പഠനവും പരിശോധനയും നടത്തി പാകപ്പിഴകൾ തിരുത്താൻ സർക്കാറുകൾ തയാറാവണം.

വിയോജിച്ച് വിധിയെഴുതിയ ന്യായാധിപന്മാർ ഉന്നയിച്ച ഏറെ പ്രസക്തമായ ചോദ്യങ്ങൾ ഇനിയും വിവാദമായി തുടരാനാണ് സാധ്യത. സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ അതിൽ മുന്നാക്കക്കാരെ മാത്രം പരിഗണിക്കുന്നതിന് എന്തുണ്ട് ന്യായം? പിന്നാക്കക്കാരിലെ പരിമിത വരുമാനക്കാർക്കുകൂടി എന്തുകൊണ്ടത് ബാധകമാവുന്നില്ല? പ്രത്യക്ഷത്തിൽതന്നെ തിരുത്തപ്പെടേണ്ടതാണ് ഈ വിവേചനം. മെറിറ്റിൽ മത്സരിക്കാനുള്ള അവരുടെ സാധ്യതപോലും 50 ശതമാനത്തിൽനിന്ന് 40 ശതമാനമായി ചുരുങ്ങുകയാണ് പുതിയ വിധിമൂലം സംഭവിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തികാവസ്ഥ വിശദമായി പഠിച്ച് 2006ൽ റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ സമിതി മുസ്‍ലിംകളിലെ പരമദരിദ്രരും അവഗണിതരുമായ അർദലുകൾക്ക് സംവരണത്തിന് ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും യു.പി.എ സർക്കാറോ മോദി സർക്കാറോ ഇന്നേവരെ അത് നടപ്പിൽവരുത്തിയിട്ടില്ല. ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ സർക്കാറുകളും ഈ അവഗണന തുടരുന്നു. മുന്നാക്കത്തിലോ പിന്നാക്കത്തിലോ പരിഗണിക്കപ്പെടാതെ പോയ ഈ ഹതഭാഗ്യർക്ക് ആശ്വാസം നൽകാൻ ഒടുവിലത്തെ സുപ്രീംകോടതിവിധി നിമിത്തമാവുമോ എന്ന് കണ്ടറിയണം. സമുദായ നേതാക്കളുടെയും സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും ശ്രദ്ധപതിയേണ്ട പ്രശ്നമാണിതെന്നു മാത്രം ഓർമിപ്പിക്കട്ടെ.

Tags:    
News Summary - Madhyamam editorial on reservation verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.