കൺമുനകൾ ചലിക്കുന്നു, കാൽപന്തിനൊപ്പം

ഫുട്ബാളുമൊത്ത് 22 പേർ നടത്തുന്ന മനോഹരമായ സംഘനൃത്തമാണ് കാൽപന്തുകളി. ആ നൃത്തോത്സവത്തിന്റെ നാളുകൾക്ക് ലോകം ഒരിക്കൽകൂടി സാക്ഷിയാവുകയാണ്. അഞ്ച് വൻകരകളിൽനിന്ന് 32 ടീമുകൾ, എട്ട് സ്റ്റേഡിയങ്ങൾ, 832 കളിക്കാർ; പ്രതിബന്ധങ്ങളുടെ സർവ പ്രതിരോധപ്പൂട്ടുകളെയും കൃത്യമായ ഡ്രിബ്ലിങ് പാടവത്തോടെ വകഞ്ഞുമാറ്റി 22ാമത് ഫിഫ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് പൂർണ സജ്ജമായിരിക്കുന്നു ഖത്തർ. ഞായറാഴ്ച ഇന്ത്യൻസമയം രാത്രി ഒമ്പതരക്ക് ദോഹയിലെ അൽബൈത്ത് സ്റ്റേഡിയത്തിൽ കളിയാരവങ്ങൾക്കുള്ള ഔദ്യോഗിക വിസിൽ മുഴങ്ങുന്നതോടെ സോക്കർ ലോകം പുതിയൊരു ചരിത്രത്തിലേക്ക് വഴിമാറും. ഇതാദ്യമായി ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥ്യമരുളുന്നുവെന്ന് മാത്രമല്ല; കാൽപന്തുകളിയുടെ യൂറോപ്യൻ അധികാരാഖ്യാനങ്ങൾക്കുള്ള മറുകുറിപ്പായി 'ഖത്തർ മേള' ഇതിനകം മാറിയിട്ടുണ്ട്. കുമ്മായവരക്കു പുറത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രധാന ചർച്ചകളിൽ ഒന്നും അതുതന്നെ. അതെന്തായാലും, ഗാലറികളിലെ ആരവങ്ങൾക്കു മുന്നേ കളിയുത്സവത്തിന്റെ ആഘോഷങ്ങളിലേക്ക് ലോകം മാറിക്കഴിഞ്ഞിരിക്കുന്നു. നാട്ടിൻപുറങ്ങളിൽപോലും അതിന്റെ കാഴ്ചകളാണ്. ആ ദൃശ്യങ്ങൾ, അന്തർദേശീയമായി ആഘോഷിക്കപ്പെടുംവിധം കാൽപന്തിൽ നാമൊരു ആഗോളഗ്രാമമായി പരിണമിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ലോകം കാൽപന്തിലേക്ക് ചുരുങ്ങിയെന്ന് പറയുന്നതിനേക്കാൾ കേവലമൊരു കളിപ്പന്ത് ഭൂഗോളത്തോളം വളർന്നിരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നതാകും ഉചിതം.

കാൽപന്തുകളിയെ ഏറ്റവും മനോഹരമായി നിർവചിച്ചത് ഇതിഹാസതാരം യൊഹാൻ ക്രൈഫ് ആണ്: 'ഏറെ ലളിതമാണ് ഫുട്ബാൾ നിയമങ്ങൾ; എന്നാൽ, ലളിതമായി ഫുട്ബാൾ കളിക്കുന്നതിനേക്കാൾ പ്രയാസകരമായി മറ്റൊന്നുമില്ല'. കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ ബാധകമാണ് ഈ തത്ത്വചിന്തയെന്ന് കാലം പഠിപ്പിച്ചതാണ്. ഖത്തർ എന്ന കുഞ്ഞുരാജ്യത്തിന് ലോകകപ്പ് വേദി അനുവദിക്കപ്പെട്ടപ്പോൾ, ഫുട്ബാൾ സംഘാടനത്തിനും ഈ നിരീക്ഷണം ചേരുമെന്ന് വ്യക്തമായി. 12 വർഷം മുമ്പ്, സൂറിച്ചിൽവെച്ച് ഖത്തറിനെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച നിമിഷം മുതൽ അവർ കേട്ടുമടുത്ത വിമർശനങ്ങൾക്ക് കണക്കില്ല. ചരിത്രത്തിൽ ഒരു ആതിഥേയരാജ്യവും നേരിടാത്തവിധം സമാനതകളില്ലാത്ത വിമർശനങ്ങളാണ് ഖത്തറിനെതിരെ ഉയർന്നത്. പടിഞ്ഞാറൻ മാധ്യമങ്ങളും ഭരണകൂടങ്ങളും ഒരുപോലെ ആഞ്ഞടിച്ചു. ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്ത് ലോകകപ്പ് വേദിയുണർന്നാൽ ഈ വിമർശനം പതിവുള്ളതാണ്. 2010ൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് നടന്നപ്പോഴും ഇതൊക്കെ കണ്ടതാണ്. എന്നാൽ, ഇക്കുറി അത് വിമർശനങ്ങൾക്കപ്പുറം വിദ്വേഷ പ്രചാരണത്തിന്റേതുകൂടിയായി. ലോകകപ്പിന്റെ പേരിൽ ഖത്തറിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുന്നുവെന്നായിരുന്നു ഒരാരോപണം. 6500 തൊഴിലാളികൾ മരിച്ചുവെന്നാണ് 'ദി ഗാർഡിയൻ' അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. വാസ്തവത്തിൽ, ഒരു വ്യാഴവട്ടക്കാലത്തിനിടെ അവിടെ മരിച്ച തൊഴിലാളികളുടെ കണക്കാണിത്. ആ മരണങ്ങളെയെല്ലാം ലോകകപ്പുമായി ബന്ധിപ്പിക്കുകയായിരുന്നു മാധ്യമങ്ങൾ! കൊടുംചൂടിൽ പാശ്ചാത്യർ എങ്ങനെ പന്തുതട്ടും, 'കുഞ്ഞൻ രാജ്യത്തിന്' ഇത്രയധികം പേരെ ഉൾക്കൊള്ളാനാകുമോ, സ്റ്റേഡിയങ്ങൾക്ക് നിലവാരമുണ്ടാകുമോ, ഖത്തറിന് ഫുട്ബാൾ പാരമ്പര്യമുണ്ടോ, ഒരു മതാധിഷ്ഠിത രാജ്യം ലോകകപ്പിലെ ബഹുമുഖ സംസ്കാരത്തെ എങ്ങനെ പ്രതിഫലിപ്പിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളുയർത്തി വലിയ പ്രചാരണങ്ങളും ഇക്കാലങ്ങളിൽ വ്യാപകമായി അരങ്ങേറി.

ഈ ചോദ്യങ്ങൾക്കെല്ലാം ഇന്ന് വ്യക്തമായ ഉത്തരമുണ്ട്. വിദ്വേഷപ്രചാരണങ്ങളെയും കാലാവസ്ഥയെയുമെല്ലാം അതിജീവിച്ച് ആ രാജ്യം തലയുയർത്തി നിൽക്കുന്നു. ലോകത്തെയൊന്നാകെ അവിടേക്ക് വരവേറ്റുകൊണ്ടിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം ആരെയും വിസ്മയിപ്പിക്കുന്ന സൗകര്യങ്ങൾ അതിഥികൾക്കായി അവിടെ സജ്ജമാക്കിയിരിക്കുന്നു. എട്ട് സ്റ്റേഡിയങ്ങൾ എട്ട് അത്ഭുതങ്ങൾ തന്നെയാണ്; അതിൽ എടുത്തുപറയേണ്ടത് '974' എന്ന കളിമൈതാനമാണ്. തുറമുഖത്ത് അടുക്കിവെച്ച കണ്ടെയ്നറുകളെ അനുസ്മരിപ്പിക്കുന്ന ആ സ്റ്റേഡിയം യഥാർഥത്തിൽ 974 കണ്ടെയ്നറുകൾകൊണ്ട് നിർമിച്ചതാണ്; ടൂർണമെന്റിനുശേഷം അത് മറ്റൊരു സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്യാം. ഖത്തറിന്റെ കോഡ് നമ്പർ 974 ആണെന്ന പ്രത്യേകതയുമുണ്ട്. സാങ്കേതിക വിദ്യയും അർപ്പണബോധവും ഒത്തുചേരുമ്പോൾ മാത്രം സാധ്യമാകുന്നതാണിത്തരം നിർമിതികൾ; വിദ്വേഷ പ്രചാരണങ്ങൾക്കുള്ള സർഗാത്മകമായ മറുപടികൂടിയാണ് ഇവ. വാസ്തവത്തിൽ, ഖത്തരികളുടെ സംഘാടനം പൊതുവിൽ ഇത്തരം സർഗാത്മകതകളുടേതുകൂടിയാണ്. ഇക്കാലമത്രയും ഫിഫയുടെയും അതിനെ ഭരിക്കുന്ന രാജ്യങ്ങളുടെയും സോക്കർ ശീലങ്ങളെയും സംസ്കാരങ്ങളെയും യാന്ത്രികമായി അനുകരിക്കുകയായിരുന്നു ഫുട്ബാൾ ലോകം. എന്നാൽ, പോസ്റ്റ് കൊളോണിയൽ ലോകത്തെ ബഹുവർണ മൂല്യങ്ങളെ പരമാവധി അടയാളപ്പെടുത്താനും അതോടൊപ്പം ആതിഥേയ രാജ്യത്തിന്റെ തനതു സംസ്കാരത്തെ പ്രതിഫലിപ്പിക്കാനുമാണ് ഖത്തർ തുനിഞ്ഞിരിക്കുന്നത്. ഐക്യാഹ്വാനത്തിന്റെ സന്ദേശമുയർത്തുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഹയ്യാ, ഹയ്യാ' ആലപിച്ചിരിക്കുന്നത് വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, വ്യത്യസ്ത സാംസ്കാരിക ധാരകളിൽനിന്നുള്ളവരാണ്. വംശീയതക്കെതിരായ പ്രചാരണവേദിയായി ഫുട്ബാൾ കളങ്ങൾ മാറിയിട്ട് കാലമേറെയായിട്ടുണ്ടെങ്കിലും അതിന് പ്രായോഗികമായ മറ്റൊരു തലംകൂടി ഖത്തർ ലോകകപ്പ് സമ്മാനിക്കുന്നുണ്ട്. മൈതാനത്തിനകത്ത് മദ്യം വിലക്കിയതിനുപിന്നിലും ഫാൻ ഫെസ്റ്റുകളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമെല്ലാം ഫുട്ബാൾ 'ലഹരി' വംശീയാക്രമണത്തിലേക്ക് കടക്കാതിരിക്കാൻ കൂടിയാണ്. ദൗർഭാഗ്യവശാൽ ഇതിനെ വംശവെറിയുടെ കണ്ണിലൂടെ കാണാനാണ് പാശ്ചാത്യലോകത്തിന് താൽപര്യം. ആ താൽപര്യങ്ങൾ പലപ്പോഴും നമ്മുടെ മാധ്യമങ്ങളിലും പ്രതിഫലിക്കുന്നു. അതിനായി പ്രത്യേക ലോബിയിങ് നടക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ഖത്തറിൽ പന്തുതട്ടാനെത്തിയ താരങ്ങൾ തന്നെയാണ്.

മലയാളികൾ ഏറ്റവും അടുത്തു കാണുന്ന ലോകകപ്പു കൂടിയാണിത്. 30 ലക്ഷം ജനസംഖ്യയുള്ള ഖത്തറിൽ മൂന്നു ലക്ഷം മലയാളികളെങ്കിലുമുണ്ട്. ഇവരിൽ നല്ലൊരു പങ്കും നേരിട്ടോ അല്ലാതെയോ ലോകകപ്പിന്റെ സംഘാടനത്തിന്റെ ഭാഗമായിട്ടുണ്ട്. ആ നിലയിൽ ലോകകപ്പിനോട് ഏറെ അടുത്തുനിൽക്കുമ്പോഴും ഒരു രാജ്യമെന്ന നിലയിൽ അകലെ ഇനിയും മാറിയിരിക്കാനാണ് നമ്മുടെ വിധി. ഗാലറിയിൽ കളിയാവേശം സൃഷ്ടിക്കുന്ന ജനതയായി നാം പിന്നെയുമിങ്ങനെ തുടരുന്നതിന്റെ കാരണമെന്തായിരിക്കുമെന്നത് ഈ ആഘോഷങ്ങൾക്കിടയിൽ ചിന്തിക്കേണ്ട കാര്യമാണ്. 

Tags:    
News Summary - Madhyamam editorial on qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.