ഇപ്പോൾ ആരാണ് വായ മൂടിയിരിക്കുന്നത്​?

ഗവർണറുടെ മ​ഹത്ത്വത്തെയും അധികാരത്തെയും സംബന്ധിച്ച് കുറച്ചുകാലമായി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് രാജ്യത്തെ ബി.ജെ.പിക്കാർ. കേ​ന്ദ്രസർക്കാറിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാൻ കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളിൽ അനാവശ്യമായി കൈകടത്തുന്ന ഉപകരണങ്ങളായി മാറ്റിയ ശേഷമാണ് ഗവർണർപദവി അതിപാവനമാണെന്ന ആഖ്യാനം അവർ ശക്തിപ്പെടുത്തിയത്. രാജ്യം കാക്കുന്ന സൈനികർക്ക് അടിസ്ഥാന അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്ന കാര്യത്തിലോ, വിരമിച്ച സൈനികർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിലോ പോലും ശുഷ്കാന്തിയില്ലെങ്കിലും തങ്ങളോളം സൈന്യത്തെ സ്നേഹിക്കുന്ന മറ്റാരുമില്ല എന്നൊരു അവകാശവാദവും സംഘ്പരിവാർ അടിക്കടി മുഴക്കാറുണ്ട്.

അങ്ങനെയിരിക്കെ രാജ്യത്തെ തന്ത്രപ്രധാനമായ ഒരു സംസ്ഥാനത്ത് ഗവർണർപദവിയിലിരുന്ന ഒരു വ്യക്തി ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. 2019 ഫെബ്രുവരി 14ന് പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവൻ പൊലിയാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത് കേന്ദ്രസർക്കാറിന്റെ ഗുരുതര അനാസ്ഥയും സുരക്ഷാ വീഴ്ചയും മൂലമായിരുന്നുവെന്നാണ് ജമ്മു-കശ്മീർ ഗവർണറായിരുന്ന സത്യപാൽ മലിക് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്റലിജൻസ് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ റോഡ് മാർഗമുള്ള യാത്രയുടെ സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടി ജവാന്മാരെ കൊണ്ടുപോകുന്നതിന് വിമാനങ്ങൾ വിട്ടുനൽകണമെന്ന സി.ആർ.പി.എഫിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിക്കളഞ്ഞില്ലായിരുന്നുവെങ്കിൽ 40 വിലപ്പെട്ട സൈനികജീവിതങ്ങൾ കുരുതികൊടുക്കേണ്ടി വരില്ലായിരുന്നുവെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ സത്യപാൽ മലിക് പറഞ്ഞത്.

താൻ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അന്നുതന്നെ പറഞ്ഞിരുന്നുവെന്നും വായടച്ച് മിണ്ടാതിരിക്കൂ എന്നായിരുന്നു പ്രതികരണമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവും നിശ്ശബ്ദത ഉപദേശിച്ചുവത്രേ. നടുക്കുന്ന ഈ വെളിപ്പെടുത്തൽ പുറത്തുവന്ന് ദിവസങ്ങളായിരിക്കുന്നു, പ്രധാനമന്ത്രിയുടെ ഓഫിസോ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളോ ഒരുവരി പ്രതികരണം പോലും ഈ നിമിഷം വരെ പുറത്തുവിട്ടിട്ടില്ല. പുൽവാമയിലെ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കു​മെന്ന് ഊറ്റംകൊള്ളുകയും വോട്ടുതേടുകയും ചെയ്ത നേതാക്കളാരും മിണ്ടുന്നില്ല.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. പുറത്തുവന്ന ​സുപ്രധാന പ്രതികരണങ്ങളിലൊന്ന് രാജ്യത്തിന്റെ 18ാമത് കരസേന മേധാവി ശങ്കർ റായ് ചൗധരിയുടേതാണ്. സേനാംഗങ്ങൾ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാറിനാണെന്നും സുരക്ഷ വീഴ്ചക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലോകത്തെത്തന്നെ ഏറ്റവും വലിയ സൈനികവത്കൃത മേഖലകളിലൊന്നാണ് ജമ്മു-കശ്മീർ. തോക്കേന്തി നിൽക്കുന്ന പട്ടാളക്കാരെ കടന്നല്ലാതെ കുട്ടികൾക്ക് സ്കൂളുകളിലേക്ക് പോകാനോ സ്ത്രീകൾക്ക് അങ്ങാടി വരെയൊന്ന് നടന്നു പോകാനോ കഴിയാത്ത ഇടം. ഒന്നിലേറെ സുരക്ഷ പരിശോധന അഭിമുഖീകരിച്ച് വേണം ഓരോ വാഹനത്തിനും കടന്നുപോകാൻ. തീവ്രവാദികളെന്ന സംശയത്തിൽ നിരപരാധികളായ നിരവധി ചെറുപ്പക്കാരാണ് ചോദ്യം ചെയ്യലിനും ചോദ്യങ്ങൾപോലുമില്ലാത്ത വെടിവെച്ചു വീഴ്ത്തലിനും വിധേയരാവുന്നത്. അത്തരമൊരു അതിസുരക്ഷ മേഖലയിലാണ് മുന്നൂറ് കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച ഒരു കാർ ഒരു തടസ്സവും കൂടാതെ പത്തു ദിവസത്തിലേറെ ചുറ്റിനടക്കുകയും സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റി ഇത്രയേറെ സൈനിക​രുടെ വിലപ്പെട്ട ജീവൻ ഹനിക്കുകയും ചെയ്തത് എന്നതുതന്നെ അതിദുരൂഹമാണ്. അതേക്കുറിച്ച് പല മനസ്സുകളിലും അന്നുതന്നെ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നിരുന്നുവെങ്കിലും രാജ്യതാൽപര്യം മുഖ്യം എന്ന തത്ത്വം പാലിച്ച് അവരെല്ലാം മൗനം ദീക്ഷിക്കുകയായിരുന്നു. എന്നാൽ, ഇത്രമാത്രം നടുക്കുന്ന പശ്ചാത്തലമുണ്ട് ആ ആക്രമണത്തിന് എന്ന് വെളിപ്പെടുമ്പോൾ മൗനം തുടരുകയല്ല, ചോദ്യങ്ങൾ ഉറക്കെ ഉന്നയിക്കുക എന്നതാണ് രാജ്യതാൽപര്യം.

മറ്റുള്ളവർക്കുവേണ്ടി ജീവിതം സമർപ്പിച്ച് ഇറങ്ങിത്തിരിച്ചവരാണ് ഓരോ സൈനികനും. ചുട്ടുപൊള്ളുന്ന മണല്പരപ്പിലും എല്ലുറഞ്ഞുപോകുന്ന മൈനസ് ഡിഗ്രി തണുപ്പിലും മൈനുകൾ മറഞ്ഞുകിടക്കുന്ന കൊടുംകാടുകളിലും അവർ പുലർത്തുന്ന ജാഗ്രതയും ബലി നൽകിയ ജീവനുമാണ് നാം അനുഭവിക്കുന്ന സുരക്ഷിതത്വം. അവരെ വെറും ചാവേറുകളായി വിലകുറച്ച് കാണുന്നുവെങ്കിൽ അതിനേക്കാൾ വലിയ രാജ്യദ്രോഹമില്ല.

തനിക്കെതിരെ അഭിമുഖത്തിൽ സത്യപാൽ മലിക് നടത്തിയ അഴിമതി ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് സംഘ്പരിവാർ നേതാവ് റാം മാധവ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അതേപോലെ പുൽവാമ വിഷയത്തിൽ അദ്ദേഹം പറഞ്ഞത് പെരുംനുണകളാണെന്നിരിക്കട്ടെ, അത് തുറന്നു പറയാനും അ​ദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനും തയാറാവാതെ പ്രധാനമന്ത്രി വായ മൂടി ഇരിക്കുന്നത് എന്തുകൊണ്ടാണ്? അതറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ട്, അതിലേറെ അവകാശമുണ്ട്.

Tags:    
News Summary - Madhyamam editorial on pulwama attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.