വിലക്കയറ്റം അതിരൂക്ഷമായി ജനങ്ങളെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. പച്ചക്കറിക്കും പലചരക്കുസാധനങ്ങൾക്കും അടുക്കാനാകാത്ത വില. കഴിഞ്ഞ വാരത്തിലെ താരം തക്കാളിയാണ്. മുംബൈ കല്യാണിലെ സൊണാലിക്ക് ജന്മദിന സമ്മാനമായി ഇത്തവണ കിട്ടിയ മൂല്യമേറിയ സമ്മാനം അമ്മാവനും അമ്മായിയും നൽകിയ നാലു കിലോ തക്കാളിയായിരുന്നുവത്രെ. ജൂൺ പകുതിയിൽ 20 രൂപയുണ്ടായിരുന്ന തക്കാളിക്കിപ്പോൾ പല നഗരങ്ങളിലും 100 രൂപയിലധികമാണ് വില. വാരാണസിയിലെ പച്ചക്കറി കച്ചവടക്കാരൻ അജയ് ഫൗജി തക്കാളി മോഷണം പോകാതിരിക്കാൻ രണ്ടു പേരെ കാവൽ നിർത്തുകയും മൂവർക്കുമെതിരെ കലാപശ്രമം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിലും എത്തി നിൽക്കുന്നു തക്കാളി വർത്തമാനങ്ങൾ. തക്കാളി മാത്രമല്ല, അരിയുൾപ്പെടെ സകല പലവ്യഞ്ജനങ്ങളുടെയും വില കഴിഞ്ഞ കുറച്ചുമാസങ്ങളായി വർധിച്ചുകൊണ്ടേയിരിക്കുകയാണ്. വരുന്ന മാസങ്ങളിലും വില ഉയർന്നുതന്നെ നിൽക്കും എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. കാര്യക്ഷമമായ ഭരണകർത്താക്കളുടെ ഇടപെടലുകളില്ലാതെ വില നിയന്ത്രണം അസാധ്യമായ ഈ സാഹചര്യത്തിലും ഭക്ഷ്യവസ്തുക്കളുടെ വിലകുറക്കാനുള്ള ആശയങ്ങളുടെ ചലഞ്ചു നടത്തുകയാണ് കേന്ദ്ര ഉപഭോകൃത്യ മന്ത്രാലയവും സെക്രട്ടറി രോഹിത് കുമാർ സിങ്ങും. തീൻമേശയെ ദരിദ്രമാക്കിക്കൊണ്ടിരിക്കുന്ന അവശ്യസാധനങ്ങളുടെ വിലയുടെ ഈ കുതിച്ചുചാട്ടത്തെ എങ്ങനെ നേരിടണമെന്നറിയാതെ നിസ്സഹായരായി നിൽക്കുന്ന സാധാരണക്കാരെ ഓൺലൈൻ ഗിമ്മിക്കുകളിലൂടെ പരിഹസിക്കുകയാണ് അധികാരികൾ.
കാർഷികോൽപന്നങ്ങളുടെ വില നിർണയത്തിൽ കാലാവസ്ഥക്ക് നിർണായക പങ്കുണ്ട്. വിളവിറക്കൽ സമയത്തും വിളവെടുപ്പ് സന്ദർഭങ്ങളിലും സംഭവിക്കുന്ന അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങളാണ് ഇന്ത്യയിലെ കാർഷിക രംഗത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, പച്ചക്കറികൾ, പഴവർഗങ്ങൾ, പാലുൽപന്നങ്ങൾ, ധാന്യങ്ങൾ, ഇറച്ചിയുൽപന്നങ്ങൾ അടക്കം എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വില പിടിച്ചുനിയന്ത്രിക്കാനാകാത്തവണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതിനെ കാലാവസ്ഥാ വ്യതിയാനത്തെ മാത്രം പഴിപറഞ്ഞ് രക്ഷപ്പെടാനാകില്ല. തുറന്ന വിപണിയുടെ മത്സരവും കുത്തക കമ്പനികളുടെ പൂഴ്ത്തിവെപ്പുമാണ് രാജ്യത്ത് മിക്ക വിലക്കയറ്റങ്ങളും വരുത്തിവെക്കുന്നത്. കർഷകർക്ക് മതിയായ വില ലഭിക്കാതിരിക്കുമ്പോഴും വിപണിയിൽ അസഹനീയ വിലക്കയറ്റം തുടരുന്നത് കുത്തകകളുടെ പൂഴ്ത്തിവെപ്പല്ലാതെ മറ്റെന്താണ്. കുത്തകകളുടെ ദല്ലാൾ പണിയേെറ്റടുത്ത ഭരണകൂടങ്ങൾക്കാകട്ടെ അവയെ നിയന്ത്രിക്കുന്നതിൽ ഒരു താൽപര്യവുമില്ല. പിറന്നാൾ സമ്മാനമായി തക്കാളികിട്ടിയ സൊണാലിയുടെ മഹാരാഷ്ട്രയിൽ തന്നെയായിരുന്നു തക്കാളി കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റോഡുകളിൽ കഴിഞ്ഞ വർഷം വലിച്ചെറിഞ്ഞതെന്നതും മറന്നുകൂടാ.
കാർഷികോൽപന്നങ്ങളുടെ വിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസ്ഥിരത കർഷകരെ വിളവുകൾ മാറ്റാൻ നിർബന്ധിതമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം കർണാടകയിലെ കോലാർ ജില്ലയിൽ തക്കാളികൃഷി നടത്തിയവർ ഇത്തവണ ബീൻസിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ നെൽകർഷകരിൽനിന്ന് സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വിലയിൽ 400 കോടി ഇനിയും അവർക്ക് കിട്ടാനുണ്ട്. സപ്ലൈകോവിനാകട്ടെ, നെല്ലിനെ അരിയാക്കി പൊതുവിതരണത്തിന് നൽകിയ വകയിൽ 1130 കോടി രൂപ സംസ്ഥാന സർക്കാറും നൽകാനുണ്ട്. കർഷകരോടുള്ള ഈ അവമതിപ്പ് സംസ്ഥാനത്തേക്കാൾ ഭീകരമാണ് ദേശീയതലത്തിൽ. സർക്കാറുകളുടെ നിരുത്തരവാദിത്തപരമായ നയങ്ങളും സമീപനങ്ങളും രാജ്യത്തെ കാർഷികമേഖലയിലെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകമാത്രമല്ല, വില വർധന നിയന്ത്രണത്തിലും ഭക്ഷണവസ്തുക്കളുടെ സംഭരണത്തിലും ആശങ്കജനകമായ അവസ്ഥകളാണ് സൃഷ്ടിക്കുക. ഇത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളോടൊപ്പം സാമൂഹികമായ അസ്വസ്ഥതകൾക്കും നിമിത്തമാകുമെന്ന വിവേകികളുടെ മുന്നറിയിപ്പ് എല്ലാവരും വിലമതിക്കേണ്ടതുണ്ട്.
വിലക്കയറ്റം ശരിയാംവിധം ഇടപെട്ട് നിയന്ത്രിക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുന്ന രീതിക്ക് വിരാമമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാനാവശ്യമായ നിർദേശങ്ങൾ സംസ്ഥാന സർക്കാർ സപ്ലൈകോക്കും കൺസ്യൂമർഫെഡിനും നൽകണം. ഹോർട്ടികോർപ്പിനും മറ്റു ഏജൻസികളോടും പച്ചക്കറി സംഭരണത്തിലും വിതരണത്തിലും കാര്യക്ഷമായി ഇടപെടാനാവശ്യപ്പെടണം. അരി വിലകുറക്കാൻ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളുമായി നടത്തുന്ന നീക്കുപോക്കുകൾ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്. ജനങ്ങൾക്ക് ആശ്വാസമാകുംവിധം പൊതുവിപണിയിൽ സർക്കാർ ഇടപെടുകയും വിലകുറക്കാനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം അത്യന്തം ദുസ്സഹമാകുന്നതിലേക്കായിരിക്കും നയിക്കുക. അതിന് കൊടുക്കേണ്ടിവരുന്ന വില ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.