ഉന്മൂലന രാഷ്ട്രീയത്തിന്‍റെ മറ്റൊരു വഴി



താനും ആഴ്ചകളായി അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട രാഷ്ട്രീയ കിംവദന്തികൾ ശരിയെന്നു വന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസങ്ങൾ നീണ്ട എൻ.ഐ.എ റെയ്ഡുകൾക്കും കൂട്ട അറസ്റ്റുകൾക്കുംശേഷം, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ​ക്കും (പി.എഫ്.ഐ)അനുബന്ധ സംഘടനകൾക്കും അഞ്ചു വർഷത്തേക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻറൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് മാതൃപ്രസ്ഥാനത്തിനൊപ്പം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിരോധനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അടിയന്തര വിജ്ഞാപനത്തിൽ ഗുരുതര ആരോപണങ്ങളാണ് പി.എഫ്.ഐക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് രാജ്യസുരക്ഷക്കും സമാധാനത്തിനും സംഘടന തുരങ്കംവെക്കുന്നുവെന്നാണ് ആരോപണങ്ങളുടെ ആകത്തുക. നിരോധിത സംഘടനയായ സിമിയുമായി പോപുലർ ഫ്രണ്ടിന്റെ സ്ഥാപകരിൽ ചിലർക്കുള്ള ബന്ധം, ഇറാഖിലും സിറിയയിലും ഐ.എസ് നടത്തിയ ഭീകരപ്രവർത്തനങ്ങളിൽ സംഘടനയിലെ പ്രവർത്തകർ പങ്കുകൊണ്ടുവെന്നത്, നിയമവിരുദ്ധമായി വിദേശത്തുനിന്ന് പണമെത്തിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയത്തിന് തെളിവുകൾ ലഭിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു. കേരളത്തിൽ നേരത്തേ പ്രവാചകനിന്ദ ആരോപിച്ച്​ കോളജ്​ അധ്യാപ​കന്‍റെ ​കൈവെട്ടിയ സംഭവവും അഭിമന്യു കൊലപാതകവും കുറ്റപത്രത്തിൽ വായിക്കാം. നിരോധനത്തിനുപിന്നാ​ലെ, സംഘടന പിരിച്ചുവിട്ടതായി നേതാക്കൾ അറിയിച്ചു. ഒന്നുകിൽ അവർക്ക്​ ഇനി മോദി സർക്കാറിന്റെ തീട്ടൂരത്തിന് കീഴ്​പ്പെടാം; അതല്ലെങ്കിൽ നിയമവഴിയിൽ പോരാടി സംഘടനയെ വീണ്ടെടുക്കാം.

ബി.ജെ.പി ഭരിക്കുന്ന യു.പി, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ നേരത്തേതന്നെ പി.എഫ്.ഐ നിരോധനം ആവശ്യപ്പെട്ടതാണ്. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾകൂടി ഇതോടൊപ്പം ചേർത്തുവായിച്ചാൽ കേന്ദ്രനടപടിയിൽ ആശ്ചര്യമോ അത്ഭുതമോ കാണാനാവില്ല; എല്ലാം പ്രതീക്ഷിക്കപ്പെട്ടതുതന്നെ. അതുകൊണ്ടുതന്നെ, വിഷയത്തിൽ ബി.ജെ.പിയും സംഘ്പരിവാറും ആഹ്ലാദം പ്രകടിപ്പിക്കുന്നത് സ്വാഭാവികം മാത്രം. അതേസമയം, മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാമുദായിക സംഘടനകൾക്കും ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ട്​. പൊതുവിൽ, നിരോധനം ഒരു പരിഹാരമല്ലെന്ന് രാജ്യത്തെ മതേതര സമൂഹം പറയുന്നു- അതിന് പലവിധ ന്യായങ്ങളും യുക്തിയുമാണ്​ അവർ പ്രകടിപ്പിക്കുന്നതെങ്കിലും. പോപുലർ ഫ്രണ്ടിനൊപ്പം ആർ.എസ്.എസും നിരോധിക്കപ്പെടേണ്ടിയിരുന്നുവെന്ന നിലപാട് പങ്കുവെച്ചവരാണ് അതിലേറെപ്പേരും. പോപുലർ ഫ്രണ്ടും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന വാദമാണ് ഈ സമീപനത്തിനാധാരം. പ്രത്യക്ഷത്തിൽ ശരിയെന്നു തോന്നുമെങ്കിലും വിശദാംശങ്ങളിൽ ആ സിദ്ധാന്തം വികലമാണെന്ന് ഉന്നയിക്കുന്നവർതന്നെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നേരത്തേ സമ്മതിച്ചിട്ടുള്ളതാണ്​. ഹിന്ദുത്വയുടെ ഉന്മൂലനരാഷ്ട്രീയത്തിനെതിരായ മുഖംനോക്കാത്ത പ്രതിരോധമാണ് പോപുലർ ഫ്രണ്ടിനെ വ്യത്യസ്തമാക്കുന്നത്. വംശീയ ഉന്മൂലന സിദ്ധാന്തത്തിലധിഷ്ഠിതമായ ഹിന്ദുത്വ ഇന്ന് രാജ്യത്തെ ഭരണവർഗമാണ്. അധികാരത്തിന്റെ മറവിൽ ഏതുവിധത്തിലുള്ള രാഷ്ട്രീയ തേരോട്ടങ്ങൾക്കും അവർക്ക് കെൽപുണ്ട്. അത്തരമൊരു സംവിധാനത്തോട്, പോപുലർ ഫ്രണ്ടിനൊപ്പം സ്വന്തം കക്ഷിയെക്കൂടി നിരോധിക്കണമെന്ന് പറയുന്നത് എന്തുമാത്രം അർഥശൂന്യമായിരിക്കും. ഭരണവർഗമായ ആർ.

എസ്.എസ് ഒരിക്കലും നിരോധിക്കപ്പെടില്ല എന്ന ഉറച്ച ബോധ്യത്തിന്റെ മറവിൽകൂടിയാണ് ഈ 'സമീകരണ സിദ്ധാന്ത'മെന്ന് ചുരുക്കം. അതേസമയം, പോപുലർ ഫ്രണ്ടിനുമുന്നേ ആർ.എസ്.എസിനെ നിരോധിക്കൂവെന്ന് തുറന്നുപറഞ്ഞ ലാലു പ്രസാദ് യാദവിനെപ്പോലെയുള്ള ദേശീയ നേതാക്കളുടേത് മറ്റൊരു നിലപാടാണ്​.

രാജ്യത്തെ ജനാധിപത്യമൂല്യങ്ങളുമായി ചേർത്തുവെച്ച് പി.എഫ്.ഐ നിരോധനത്തെ തള്ളിപ്പറഞ്ഞവരുമുണ്ട്. നിരോധനമേർപ്പെടുത്തി സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് അടിസ്ഥാനപരമായി ജനാധിപത്യത്തെയാണ് ദുർബലമാക്കുക; എന്നല്ല, നിലനിൽക്കുന്ന പ്രശ്നത്തെ അത് സങ്കീർണമാക്കുകയും ചെയ്യും. സി.പി.എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‍ലാമി പോലുള്ള സമുദായ സംഘടനകളും ചില മനുഷ്യാവകാശപ്രവർത്തകരും മുന്നോട്ടുവെച്ച ഈ നിലപാടായിരിക്കും ഒരുപക്ഷേ, പുതിയ രാഷ്ട്രീയസന്ദർഭത്തെ കൂടുതൽ സംവാദോന്മുഖമാക്കുക. ആർ.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടും എന്തു ഫലമുണ്ടായി എന്ന സീതാറാം യെച്ചൂരിയുടെ ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്. വാസ്തവത്തിൽ, സംഘ്പരിവാറിന്റെ ഉന്മൂലനപരിപാടികളുടെ ഭാഗമാണിതെന്ന് തിരിച്ചറിയാവുന്നതേയുള്ളൂ. ഹിന്ദുത്വയുടെ വിദ്വേഷരാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന സകല മനുഷ്യർക്കുമെതിരെ നേരത്തേതന്നെ ഇത്​ തുടങ്ങിവെച്ചിട്ടുണ്ട്​. അധികാരമേറ്റതിന്റെ ഒന്നാം നാൾതന്നെ മോദി സർക്കാർ സംവാദങ്ങൾക്കും ചോദ്യങ്ങൾക്കും വിലക്കേർപ്പെടുത്തിയതാണ്. ആ വിലക്ക് ലംഘിച്ചവരൊക്കെയും 'രാജ്യദ്രോഹി'കളെന്നും 'അർബൻ നക്സലു'ക​ളെന്നും മുദ്രകുത്തപ്പെട്ട് ജയിലിലടക്കപ്പെട്ടുകഴിഞ്ഞു. അക്കൂട്ടത്തിൽ സ്റ്റാൻ സ്വാമിയെപ്പോലുള്ളവർ കാരാഗൃഹത്തിൽവെച്ചുതന്നെ മരണത്തിന് കീഴടങ്ങി; പതിനായിരങ്ങൾ വിചാരണയും കാത്തു കിടക്കുന്നു. അതിൽ രോഗികളും ഭിന്നശേഷിക്കാരും വയോധികരുമെല്ലാമുണ്ട്. ജനാധിപത്യത്തിന്റെ നാവറുക്കുന്ന ഈ രാഷ്ട്രീയഹത്യയുടെ തുടർച്ചയിലാണ് പോ​പുലർ ഫ്രണ്ടും നിരോധിക്കപ്പെട്ടിരിക്കുന്നത്. ആ സംഘടനയുടെ മുഴുവൻ പ്രവർത്തനങ്ങളിലും യോജിച്ചുകൊണ്ടല്ല ഇങ്ങനെയൊരു വിലയിരുത്തൽ. അടിയന്തര വിജ്ഞാപനത്തിൽ പരാമർശിച്ച കൈവെട്ട് കേസും അഭിമന്യു വധവുമെല്ലാം ​ക്രിമിനൽ കുറ്റകൃത്യങ്ങളാണ്​. അത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെ കൈകാര്യംചെയ്യാൻ നമ്മുടെ ശിക്ഷാനിയമത്തിൽ വകുപ്പുകളുമുണ്ട്​. എന്നാൽ, ഇതിന്റെയൊക്കെ പേരിൽ സംഘടനക്കും അനുബന്ധ ഘടകങ്ങൾക്കും മൊത്തമായി നിരോധനമേർപ്പെടുത്തുമ്പോൾ അത് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള ഭരണകൂടത്തിന്റെ കുതിപ്പായി കാണാനാവില്ല. ജനാധിപത്യ പ്രസ്ഥാനങ്ങൾക്കു മുന്നറിയിപ്പാകുന്ന വംശീയവേട്ടയായാണ്​ അത്​ വിലയിരുത്തപ്പെടുക.

Tags:    
News Summary - madhyamam editorial on popular front of india ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.