അലസവും അലക്ഷ്യവുമായി മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസുകൾക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓർഡിനൻസിലും കേരള പഞ്ചായത്തിരാജ് കരട് ഓർഡിനൻസിലും ഉൾപ്പെടുത്തിയ വ്യവസ്ഥകൾ മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും കനത്ത പിഴയും തടവും നിഷ്കർഷിക്കുകയും ചെയ്യുന്നു. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 മുതൽ 50,000 രൂപ വരെ പിഴയും ആറുമാസം മുതൽ ഒരുവർഷം വരെ തടവുമാണ് ശിക്ഷ.

വിസർജ്യവും ചപ്പുചവറുകളും ജലാശയങ്ങളിലോ ജലസ്രോതസ്സുകളിലോ തള്ളുന്നവർക്കും സെപ്റ്റിക് മാലിന്യം ഒഴുക്കുന്നവർക്കും 10,000 മുതൽ 50,000 രൂപ വരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും. ജൈവ-അജൈവ മാലിന്യങ്ങളും അപകടകരമായ ഗാർഹിക മാലിന്യങ്ങളും തദ്ദേശസ്ഥാപനങ്ങൾക്കോ ബന്ധപ്പെട്ട ഏജൻസികൾക്കോ കൈമാറാതിരുന്നാൽ 1000 മുതൽ 10,000 രൂപ വരെ പിഴയടക്കണം. മാലിന്യങ്ങൾ വേർതിരിച്ചു സംഭരിക്കാതിരുന്നാലും പ്രത്യേക ബിന്നുകൾ സജ്ജമാക്കാതിരുന്നാലും 1000 രൂപ മുതൽ 10,000 രൂപ വരെ പിഴയുണ്ട്. വാണിജ്യ സ്ഥാപന പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞാലും കത്തിച്ചാലും 5000 രൂപ പിഴ ഈടാക്കും. പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടി പരിസ്ഥിതി പ്രശ്നം ഉണ്ടായാൽ തദ്ദേശസ്ഥാപന സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ശിക്ഷ വാങ്ങേണ്ടിവരും. നിർദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാറിന്‍റെ പിഴപ്പിടി വീഴും. ഇങ്ങനെ ശിക്ഷാവിധികൾ കർക്കശവും വ്യവസ്ഥാപിതവുമാക്കി ചിട്ടപ്പെടുത്തിയ ഓർഡിനൻസിനാണ് സംസ്ഥാന സർക്കാർ രൂപം നൽകിയിരിക്കുന്നത്.

കേരള മാതൃകയുടെ പെരുമ നടിച്ചുവന്ന സാക്ഷര സുന്ദരദേശത്ത് ശുചിത്വബോധവും വൃത്തിയും വെടിപ്പും കുറഞ്ഞുവരുന്നുവെന്നത് നാണക്കേടാണ്. ക്രമാതീതമായ ഉപഭോഗത്തിന്‍റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്‍റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം. മാലിന്യങ്ങൾ സ്വന്തം അധീനത്തിൽനിന്ന് അപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ദ്രോഹിക്കുന്നത് ക്രൂരവിനോദമാക്കി മലയാളി മാറ്റിയെന്നു മണപ്പിച്ചറിയിക്കുകയാണ് ദുർഗന്ധപൂരിതമായ പൊതുയിടങ്ങൾ. ഏതു വൻനഗരത്തെക്കുറിച്ചുമുള്ള ഓർമകളിൽ ആദ്യമുണരുന്നത് ഈ കെട്ട നാറ്റപ്പറമ്പുകളും ദുർഗന്ധശാലകളുമാണെന്നത് കേരളത്തിന്‍റെ ദുര്യോഗമാണ്. കൊച്ചിനഗരം ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് എത്ര നാളുകളാണ് വിഷപ്പുകയിൽ നീറിപ്പുകഞ്ഞത്. മാലിന്യശേഖരം കത്തിപ്പുകയുമ്പോൾ, ശ്വാസംമുട്ടി ജനം സമരത്തിനിറങ്ങുമ്പോൾ അധികൃതർ ശുചിത്വ, വൃത്തിബോധങ്ങളിലേക്ക് ഉണരും. നിയമങ്ങളും ശിക്ഷാവിധികളും രൂപപ്പെടുത്തും. അതുപോലൊരു പതിവുപല്ലവിയായി ഈ ഓർഡിനൻസുകൾ മാറാതിരിക്കട്ടെ.

നിലവിൽതന്നെ കർക്കശ നിയമങ്ങൾക്കൊട്ടും കുറവില്ല. മാലിന്യമുക്തവും വൃത്തിയുള്ളതുമായ ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി ഭരണഘടന എടുത്തുപറഞ്ഞതാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിന്‍റെ 14ാം അധ്യായത്തിൽ പൊതുജനാരോഗ്യത്തിനു ഹാനികരമായതു ചെയ്യുന്നവർക്കുള്ള ശിക്ഷ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. 268,269,270,277,278,284,291 വകുപ്പുകളുടെ പ്രതിപാദ്യം ഇതുസംബന്ധിച്ചാണ്. ഖരമാലിന്യം തരംതിരിക്കാതെ, തദ്ദേശസ്ഥാപനങ്ങളുടെ നിർദേശം മാനിക്കാതെ പൊതുസ്ഥലത്ത് കളയുക, വ്യാപാര കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും മാലിന്യം സംസ്കരിക്കാതെ കൈയൊഴിയുക, ഖരമാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുക, മാലിന്യസംസ്കരണ സംവിധാനമില്ലാതെ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, ഗേറ്റഡ് കോളനികൾ എന്നിവ സ്ഥാപിക്കുക തുടങ്ങി ഇപ്പോൾ നിർദിഷ്ട ഓർഡിനൻസിൽ പറയുന്ന, മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതടക്കമുള്ളതെല്ലാം നേരത്തേതന്നെ കുറ്റകൃത്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടതാണ്.

ഇതിനു പുറമെയാണ് സംസ്ഥാന സർക്കാർ തുടങ്ങിവെച്ച വിവിധ മാലിന്യ നിർമാർജന പദ്ധതികളും പ്രവർത്തനങ്ങളും. പാഴ് വസ്തുക്കൾ ശേഖരിച്ച് സംഭരിച്ച് സംസ്കരിക്കാനും പുനഃചംക്രമണത്തിനുമൊക്കെയായി സ്ത്രീകളുടെ കൂട്ടായ്മയായ ഹരിതസേനയുടെ 1018 യൂനിറ്റുകൾ സംസ്ഥാനത്തുണ്ട്-ഗ്രാമങ്ങളിൽ 23,546 സ്ത്രീകളടങ്ങുന്ന 926 യൂനിറ്റുകളും നഗരങ്ങളിൽ 4,678 സ്ത്രീകളുള്ള 92 യൂനിറ്റുകളും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള സേനയുടെ പ്രവർത്തനം ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ എന്നിവയുടെ മേൽനോട്ടത്തിലാണ്. ഓരോ അംഗവും 250ഓളം വാതിൽപ്പടി അജൈവ പാഴ് വസ്തുശേഖരണം നടത്തുന്നുവെന്നാണ് കണക്ക്. മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെ ചിട്ടയാർന്ന പ്രവർത്തനരീതിയും സർക്കാർ രേഖകളിലുണ്ട്. സീറോ വേസ്റ്റ് കേരളം, വലിച്ചെറിയൽ മുക്തകേരളം, ഖരമാലിന്യ പരിപാലനം, ഹരിതമിത്രം ആപ്, ഗ്രീൻ ഓഫിസ് തുടങ്ങി വിവിധ പദ്ധതികളും ഗവൺമെന്‍റ് കൊണ്ടുവന്നു. എല്ലാമായിട്ടും കാര്യങ്ങളിപ്പോഴും പഴയപടിതന്നെ എന്നു വ്യക്തമാക്കുന്നു പുതിയ ഓർഡിനൻസുകൾ.

സർക്കാർ കണക്കുപ്രകാരം ഒരു വർഷം 25 ലക്ഷം ടൺ മാലിന്യമുണ്ടാകുന്നുണ്ട് കേരളത്തിൽ. ഇതിൽ 69 ശതമാനം ജൈവമാലിന്യവും 31 ശതമാനം അജൈവ മാലിന്യവുമാണ്. ഇതിൽ ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണം. അത് ഉറപ്പുവരുത്തേണ്ടത് പൗരജനങ്ങളാണ്. വാതിൽപ്പടി ശേഖരണം മുതൽ പുനഃചംക്രമണം വരെയുള്ള പ്രവർത്തനങ്ങൾക്ക് ഭരണകൂടം വ്യവസ്ഥാപിതമായ സംവിധാനമൊരുക്കി. അതും ചലനാത്മകമാകേണ്ടത് ജനങ്ങളുടെ സഹകരണത്തോടെയാണ്. മാനവസേവയുടെയും സ്നേഹത്തിന്‍റെയും തെളിഞ്ഞ മനസ്സോടെ നമ്മുടെ പരിസരവും പരിസ്ഥിതിയും മലിനമുക്തമാക്കാനും അതുവഴി പ്രകൃതിയെ സ്നേഹപൂർവം സംരക്ഷിക്കാനുമുള്ള യജ്ഞത്തിൽ നമുക്ക് ഒന്നിച്ചു കൈകോർക്കാം.

Tags:    
News Summary - Madhyamam Editorial on Ordinace for garbage disposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.