ന്യൂനപക്ഷമുക്ത ഭാരതം

കോൺഗ്രസ് നേതാവും കേരളത്തിൽനിന്നുള്ള പാർലമെന്‍റ് അംഗവുമായ ടി.എൻ. പ്രതാപൻ, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട ഗവേഷകവിദ്യാർഥികൾക്കായുള്ള ഫെലോഷിപ് പദ്ധതിയെക്കുറിച്ച് കഴിഞ്ഞദിവസം ലോക്സഭയിൽ ഒരു ചോദ്യമുന്നയിച്ചു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ്പിന്റെ സ്ഥിതിഗതികൾ അറിയാനും വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽപെടുത്താനുമായിരുന്നു ചോദ്യം. എന്നാൽ, വകുപ്പുമന്ത്രി സ്മൃതി ഇറാനിയുടെ നിസ്സംഗമായ മറുപടി ഏവരെയും സ്തബ്ധരാക്കി: നടപ്പു അധ്യയനവർഷം മുതൽ പദ്ധതി തുടരേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നുവത്രെ. രാജ്യത്തെ വിവിധ സർവകലാശാലകളിൽ റെഗുലറായി പഠിക്കുന്ന ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ള എം.ഫിൽ, പിഎച്ച്.ഡി വിദ്യാർഥികൾക്കായി രണ്ടാം യു.പി.എ സർക്കാർ ഏർപ്പെടുത്തിയതാണ് മൗലാനാ ആസാദിന്റെ പേരിലുള്ള ഫെലോഷിപ്. നൂറുകണക്കിന് ന്യൂനപക്ഷ വിദ്യാർഥികളുടെ പഠനത്തിനുള്ള വലിയ ആശ്രയമായിരുന്ന പദ്ധതിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ മരവിപ്പിച്ചിരിക്കുന്നത്. ഗവേഷകവിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ മറ്റുചില സാമ്പത്തികസഹായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അതിൽ ന്യൂനപക്ഷവിദ്യാർഥികൾക്കും പങ്കെടുക്കാവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ കടുംവെട്ട്. ന്യൂനപക്ഷവിദ്യാർഥികൾ ഇരട്ട ആനുകൂല്യം പറ്റുന്നുവെന്നും ആസാദ് ഫെലോഷിപ് റദ്ദാക്കിയതോടെ അതൊഴിവായെന്നുകൂടിയാണ് മറുപടി പ്രസംഗത്തിൽ മന്ത്രി പറയാതെ പറഞ്ഞിരിക്കുന്നത്.

ഒരർഥത്തിൽ, ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഈ നടപടിയിൽ വലിയ അത്ഭുതമൊന്നുമില്ല. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ഹിന്ദുത്വസർക്കാറിന്റെ അടിസ്ഥാന മനോഭാവംതന്നെയാണ് ഇതിലും പ്രതിഫലിക്കുന്നത്. സച്ചാർ സമിതി ശിപാർശകളെത്തുടർന്ന് നടപ്പാക്കിയ മൗലാനാ ആസാദ് ഫെലോഷിപ് വലിയ പ്രതീക്ഷകളോടെയാണ് തുടങ്ങിയത്. കോവിഡ്കാലം വരെയും കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോവുകയും ചെയ്തതാണ്. കഴിഞ്ഞ ഏഴുവർഷത്തിനിടെ, 6722 ഗവേഷക വിദ്യാർഥികൾക്കായി 730 കോടിയിലധികം രൂപ ഈയിനത്തിൽ ചെലവഴിച്ചുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, പത്തുമാസമായി ഈ പദ്ധതിവഴി ഒരു വിദ്യാർഥിക്കും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഒറ്റക്കും കൂട്ടായും നിരവധി പരാതികൾ മന്ത്രാലയത്തിന് അയച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. ഇതുകാരണം, പല വിദ്യാർഥികൾക്കും ഗവേഷണം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയിലായി. ഈ ഘട്ടത്തിലാണ് വിഷയം പാർലമെന്റിൽ ഉന്നയിക്കപ്പെട്ടത്. അപ്പോഴാണ്, പദ്ധതിതന്നെയും നിർത്തലാക്കിയിരിക്കുന്നുവെന്ന മന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഓരോ ന്യൂനപക്ഷ വിദ്യാർഥിയും പലപ്പോഴും ഗവേഷണ പഠനത്തിനായി ഉന്നത കലാലയങ്ങളിൽ എത്തിപ്പെടുന്നത്. ആ കാമ്പസുകളിൽ അവരുടെ നിലനിൽപ്പാകട്ടെ, ഇതുപോലുള്ള ഫെലോഷിപ്പുകളെ ആശ്രയിച്ചു മാത്രവുമാണ്. ഇത്തരത്തിൽ, ഏറെ വെല്ലുവിളികളെ നേരിട്ട് പഠനം മുന്നോട്ടുകൊണ്ടുപോകുന്ന ആയിരക്കണക്കിന് വിദ്യാർഥികളെ അവഹേളിക്കുകകൂടിയാണ് കേന്ദ്രസർക്കാർ ഈ നടപടിയിലൂടെ. സമാനമായ മറ്റൊരു നീക്കവും കഴിഞ്ഞയാഴ്ച സ്മൃതി ഇറാനിയുടെ മന്ത്രാലയത്തിൽനിന്നുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും നിർത്തലാക്കി. നേരത്തേ, ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭ്യമായിരുന്ന സ്കോളർഷിപ്പിന് ഇനിമുതൽ ഒമ്പത്, 10 ക്ലാസുകാർ മാത്രമേ അർഹരാവുകയുള്ളൂ. തീരുമാനം പുനഃപരിശോധിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും ഫലമുണ്ടായില്ല. സ്കോളർഷിപ്പിൽ കടുംവെട്ട് നടത്തിയ കാര്യവും വകുപ്പുമന്ത്രി കഴിഞ്ഞദിവസം പാർലമെന്റിൽ സ്ഥിരീകരിച്ചു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുനേരെ മോദിയുടെ നേതൃത്വത്തിലെ ഹിന്ദുത്വസർക്കാർ നടത്തുന്ന വിവിധങ്ങളായ കൈയേറ്റങ്ങളുടെ തുടർച്ചയായേ ഈ നടപടികളെയും കാണാനാകൂ. ഉന്മൂലന രാഷ്ട്രീയം മുഖമുദ്രയാക്കിയ ഒരു ഭരണത്തിനുകീഴിൽ പല തട്ടുകളിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ, വിശേഷിച്ചും മുസ്ലിംകൾ ഇവിടെ കഴിയുന്നത് എന്ന വസ്തുത ഏതെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേവല പഠനറിപ്പോർട്ട് മാത്രമല്ല, വർത്തമാന ഇന്ത്യയുടെ അനുഭവംകൂടിയാണ്. ഈ വെല്ലുവിളികളെ ഏതെങ്കിലും തരത്തിൽ അതിജയിച്ച് ഒരാൾ മുഖ്യധാരയിലെത്തിയാൽ, അയാൾക്കുനേരെ പാഞ്ഞടുക്കുന്ന ഉന്മാദരാഷ്ട്രീയത്തിന്റെ വക്താക്കളായ ആൾക്കൂട്ടമാണ് ഭരണവർഗത്തിന്റെ കാവലാളുകൾ. ന്യൂനപക്ഷങ്ങളുടെ അസ്തിത്വംതന്നെയും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. പാർലമെന്റിൽ, ഭരണപക്ഷത്ത് ഒരു മുസ്‍ലിം എം.പി പോലുമില്ല; സ്വാഭാവികമായും മുസ്‍ലിം മന്ത്രിയുമില്ല. ഒന്നാം മോദി സർക്കാറിൽ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നജ്മ ഹിബത്തുല്ല, അധികാരമേറ്റതിന്റെ പിറ്റേന്നാൾ പറഞ്ഞത് മുസ്‍ലിംകൾ ന്യൂനപക്ഷമല്ല എന്നാണ്. അന്ന് അവർ പ്രഖ്യാപിച്ചത് ആ മന്ത്രാലയം പലവിധത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രനടപടിക്കെതിരെ വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധിക്കുകയല്ലാതെ ജനാധിപത്യവാദികൾക്ക് വേറെ വഴിയില്ല.

Tags:    
News Summary - Madhyamam editorial on minority scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.