രക്തരൂഷിതമായ വംശീയകലാപം അറുതികാണാതെ ആറുമാസം പിന്നിട്ടിരിക്കെ മണിപ്പൂരിലെ കുക്കി-സോ വിഭാഗം തങ്ങളുടെ ആധിപത്യ മേഖലകളിൽ സ്വയംഭരണം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നു. സംസ്ഥാന ജനസംഖ്യയിൽ 40 ശതമാനം വരുന്ന ഈ വിഭാഗം തിങ്ങിത്താമസിക്കുന്ന തെൻഗ്നുപാൽ, കാങ്പോപി, ചുരചന്ദ്പൂർ എന്നീ മൂന്നു ജില്ലകളാണ് ‘സ്വയം ഭരണപ്രദേശ’ത്തിന്റെ പരിധിയെന്നും ഇവിടെ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവുമടങ്ങുന്ന സർക്കാർ സംവിധാനം നിലവിൽ വരുമെന്നുമാണ് പ്രമുഖ ആദിവാസി കക്ഷിയായ ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്) പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ ‘തിരഞ്ഞുപിടിച്ച നീതി’ക്കുമുന്നിൽ ഇംഫാൽ അടക്കമുള്ള സമതല പ്രദേശങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെടുകയും വംശഹത്യക്ക് ഇരയാക്കപ്പെടുകയും ചെയ്ത കുക്കികൾക്ക് മറ്റൊരു വഴിയില്ലെന്ന് ഐ.ടി.എൽ.എഫ് ജനറൽ സെക്രട്ടറി മുവാൻ തോംബിങ് പറയുന്നു.
വിദ്വേഷഭരിതരായ മെയ്തേയികളുടെ ആധിപത്യത്തിലുള്ള മണിപ്പൂരിൽ ജീവിതം അസാധ്യമാണെന്നും സാധാരണക്കാരായ കുട്ടികളും സ്ത്രീകളും മുതൽ എം.എൽ.എമാരും മന്ത്രിമാരും വരെ വംശീയ അതിക്രമങ്ങൾക്കിരയാവുകയാണെന്നും ചൂണ്ടിക്കാട്ടി കലാപം തുടങ്ങിയ മേയ് മാസത്തിൽത്തന്നെ ബി.ജെ.പിക്കാർ അടക്കമുള്ള 10 എം.എൽ.എമാർ കുക്കി സ്വയംഭരണം ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയിരുന്നു. സംസ്ഥാനത്തുനിന്നു വേറിട്ടുകൊണ്ടുള്ള ഈ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നാണ് കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രി എൻ. ബിരേൻസിങ്ങും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളും അതിനോടന്ന് പ്രതികരിച്ചത്. എന്നാൽ, ഇത്തരമൊരു ആവശ്യമുന്നയിക്കാൻ കുക്കി നേതാക്കളെ നിർബന്ധിതരാക്കിയ വംശീയ അതിക്രമങ്ങൾ അമർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്തില്ല. മാത്രമല്ല, വംശീയ വികാരത്തെ കത്തിച്ചുനിർത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ സ്വീകരിച്ചത്. അന്തർദേശീയ തലത്തിൽ മണിപ്പൂരിലെ വംശഹത്യ ഇന്ത്യക്കെതിരായ രൂക്ഷമായ വിമർശനത്തിനിടയാക്കിയിട്ടും വംശഹത്യയെ കൃത്യമായി അപലപിക്കാനോ സംസ്ഥാനത്ത് സന്ദർശനം നടത്താനോ അക്രമികളോട് ശക്തമായ ഭാഷയിൽ സംസാരിക്കാനോ പ്രധാനമന്ത്രി തയാറായില്ല. ഇത് കുക്കികളുടെ മനോവേദനയും പ്രതിഷേധവും ഇരട്ടിപ്പിച്ചു. ആ അമർഷത്തിൽ നിന്നാണ് കാലങ്ങളായി അടക്കിപ്പിടിച്ചുനിന്ന സ്വയംഭരണ വാദത്തിലേക്ക് അവർ എത്തുന്നത്. ആറുമാസമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യത്തിന് രണ്ടാഴ്ചക്കകം ചെവികൊടുത്തില്ലെങ്കിൽ സ്വന്തമായ ഭരണസംവിധാനവുമായി മുന്നോട്ടുപോകുമെന്ന് ബുധനാഴ്ച കുക്കികളുടെ വമ്പിച്ച പ്രതിഷേധ റാലിയിലാണ് തോംബാങ് പ്രഖ്യാപിച്ചത്. കുക്കി-സോ ഗോത്രക്കാരെ കൂട്ടക്കൊലക്കും ആട്ടിപ്പായിക്കലിനും ഇരയാക്കിയതും പോരാതെ മെയ്തേയികളുടെ പരാതിപ്രകാരം അവർക്കെതിരെ പൊലീസും പുറമെ സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ ഏജൻസികളും കേസെടുത്തു പീഡിപ്പിക്കുന്നതിനെതിരെയായിരുന്നു റാലി.
സംഘർഷങ്ങളുടെ കാര്യത്തിൽ മണിപ്പൂരിൽ പുതിയ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുകയായിരുന്നു കേന്ദ്ര ഭരണകൂടം. ഇരുന്നൂറിലേറെ പേർ കൊല്ലപ്പെടുകയും മുക്കാൽ ലക്ഷത്തോളം പേർ കുടിയിറക്കിനിരയാവുകയും ചെയ്തിട്ടും ‘കേന്ദ്രവുമായി സഹകരിക്കുന്നു’ എന്ന ന്യായം നിരത്തി മുഖ്യമന്ത്രി ബിരേൻസിങ്ങിനെ പിന്തുണക്കുകയാണ് മോദി സർക്കാർ ചെയ്തത്. ഒരു സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണാതീതമാകുമ്പോൾ അവിടത്തെ ഭരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുത്തുന്നതിന് രാഷ്ട്രപതി ഭരണമേർപ്പെടുത്താൻ ഭരണഘടനയിൽ വകുപ്പുണ്ട്. എന്നാൽ, കൂട്ടക്കൊലകളും തീവെപ്പുകളും ആരാധനാലയങ്ങൾ തിരഞ്ഞുപിടിച്ചു തകർക്കലുമൊക്കെ വ്യാപകമായിട്ടും കേന്ദ്രം കുലുങ്ങിയില്ല, സംസ്ഥാന ഭരണത്തെ കുലുക്കിയതുമില്ല.
മെയ്തേയി മേഖലയിലെ 19 പൊലീസ് സ്റ്റേഷനുകളെ മാറ്റിനിർത്തി ബാക്കി സംസ്ഥാനത്തുടനീളം സായുധ സേന പ്രത്യേകാധികാരനിയമം (അഫ്സ്പ) തുടർന്നത്, റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ ആയുധപ്പുരകളിൽ നിന്ന് മെയ്തേയികൾ സ്വന്തമാക്കിയത്, അത് റെയ്ഡ് നടത്തി പിടിച്ചെടുക്കുന്നതിനുപകരം വിവിധയിടങ്ങളിൽ കൗണ്ടറുകൾ തുറന്ന് ആയുധങ്ങൾ സമർപ്പിക്കാൻ അപേക്ഷപ്പലക സ്ഥാപിച്ചു പരിഹാസ്യമായത്-ഇങ്ങനെ വംശീയകലാപ സമയത്ത് സർക്കാർ പക്ഷം ചേരുകയാണെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന നിരവധി നടപടികൾ സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങൾ സ്വീകരിച്ചു. കലാപം ആറുമാസം പിന്നിടുകയും വംശീയ വിഭജനം പൂർത്തിയാവുകയും ചെയ്ത ശേഷം ചില മെയ്തേയി തീവ്രവാദി സംഘടനകളെ നിരോധിക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
സ്വയംഭരണ പ്രഖ്യാപനവുമായി രംഗത്തുവന്ന തോംബിങ് കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടു വിശദമായി ചർച്ച നടത്തിയിരുന്നു. ആദ്യം സമാധാനം, പിന്നെ രാഷ്ട്രീയ ചർച്ച എന്നായിരുന്നു അന്നു മന്ത്രിയുടെ നിലപാട്. എന്നാൽ, സമാധാനത്തിനു പര്യാപ്തമായ നടപടികളൊന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കഴിഞ്ഞയാഴ്ചയും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ് എ.കെ മിശ്രയുടെ നേതൃത്വത്തിൽ ഐ.ടി.എൽ.എഫ് നേതാക്കളുമായി കണ്ടിരുന്നു. അതും പ്രശ്നപരിഹാരത്തിനുതകിയില്ല. അങ്ങനെയിരിക്കെയാണ് ഇപ്പോൾ മൂന്നു ജില്ലകളിലെ സ്വയംഭരണം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഇക്കാര്യത്തിലെ പ്രതികരണം കൃത്യമായി വന്നുകഴിഞ്ഞിട്ടില്ല.
വടക്കുകിഴക്കൻ അതിർത്തി പ്രദേശത്ത് ചൈന എന്ന വൻശക്തിയുടെ ഭീഷണി നിലനിൽക്കെ, അതിർത്തി സംസ്ഥാനങ്ങളിലെ അസ്വസ്ഥതകൾ അമർച്ച ചെയ്യാതിരിക്കുന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുമെന്ന് മണിപ്പൂർ കത്താൻ തുടങ്ങിയ നാൾതൊട്ടേ ഏവരും ചൂണ്ടിക്കാണിച്ചതാണ്. അതൊന്നും ചെവിക്കൊള്ളാതെ വംശീയ രാഷ്ട്രീയത്തെ താലോലിക്കുന്ന സമീപനവുമായി മുന്നോട്ടുപോയ ബി.ജെ.പി ഭരണകൂടങ്ങൾ അതിർത്തി സംസ്ഥാനത്തെ ഏതു ദുരന്തത്തിലേക്കാണ് തള്ളിവിടുന്നതെന്നാണ് രാജ്യം ഉത്കണ്ഠപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.