''കുരയ്ക്കാൻമാത്രം കഴിയുന്ന എന്നാൽ, കടിക്കാൻ കഴിയാത്ത, കാവൽനായ' എന്നാണ് ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള വിശേഷണം. എന്നാൽ, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങൾ നിയമപരമായി നൽകിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് നമ്മുടെ ലോകായുക്ത'' -മുഖ്യമന്ത്രി പിണറായി വിജയൻ 2019 ഡിസംബറിൽ സി.പി.എം ജിഹ്വയായ 'ചിന്ത'യിൽ കുറിച്ച വരികളാണ്. അക്കൊല്ലത്തെ ലോകായുക്ത ദിനാഘോഷ ചടങ്ങിലെ മുഖ്യപ്രഭാഷണമാണ് പ്രസ്തുത ലേഖനത്തിന് ആധാരമെന്ന് തോന്നുന്നു. രണ്ടിന്റെയും ഉള്ളടക്കം ഏതാണ്ട് ഒന്നുതന്നെ. അഴിമതിക്കും ദുർഭരണത്തിനും വിരുദ്ധമായ സർക്കാറിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം ലോകായുക്തയെ അവതരിപ്പിച്ചത്. അത് ശരിയുമായിരുന്നു.
ഭരണനിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കുമെതിരെ ആർക്കും പണച്ചെലവില്ലാതെ ലോകായുക്തയെ സമീപിക്കാമായിരുന്നു; താമസംവിനാ പല കാര്യങ്ങളിലും പരിഹാരവുമുണ്ടായിട്ടുണ്ട്. ലോകായുക്ത നിയമ ഭേദഗതിയിൽ കഴിഞ്ഞദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതോടെ എല്ലാം പഴങ്കഥയായി. ഇനിയങ്ങോട്ട് ലോകായുക്ത എന്ന അർധ ജുഡീഷ്യൽ സ്ഥാപനത്തിന് വെറും ഓംബുഡ്സ്മാന്റെ ദൗത്യമേയുള്ളൂ. പ്രതിപക്ഷത്തിന്റെ എതിർപ്പും ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ വിയോജിപ്പും അവഗണിച്ച് സി.പി.എം നടത്തിയ ഓർഡിനൻസ് നീക്കം കേരളരാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്കും പ്രവണതകൾക്കും വഴിതുറക്കുമെന്ന് ഉറപ്പാണ്.
ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരാൻ ദിവസങ്ങൾമാത്രം ശേഷിെക്കയാണ് ലോകായുക്ത നിയമഭേദഗതിക്കായി മന്ത്രിസഭ ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ലോകായുക്ത നിയമത്തിലെ മൂന്ന്, 14 വകുപ്പുകളിലാണ് സർക്കാർ ഭേദഗതി നിർദേശിച്ച് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. നേരത്തെ, പൊതുപ്രവർത്തകർക്കെതിരെ അഴിമതിയടക്കമുള്ള കുറ്റം തെളിഞ്ഞാൽ അവർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്തക്ക് വിധിക്കാമായിരുന്നു. ഭേദഗതിപ്രകാരം, ലോകായുക്ത കുറ്റക്കാരെന്ന് കണ്ടെത്തിയാലും ഹിയറിങ്ങിലൂടെ ആ വിധി തള്ളാനും സ്വീകരിക്കാനും മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ 'മേലധികാരി'കൾക്ക് സാധിക്കും. അഥവാ, ഒരു പൊതുപ്രവർത്തകനോ ജനപ്രതിനിധിയോ അഴിമതി നടത്തിയത് സ്പഷ്ടമായി ലോകായുക്തയിൽ തെളിഞ്ഞാൽപോലും, സർക്കാറിന്റെ താൽപര്യത്തിനനുസരിച്ചു മാത്രമേ വിധി നടപ്പാക്കാനാവൂ. കേവലം ഉപദേഷ്ടാവിന്റെ പണിമാത്രമാകും ലോകായുക്തക്കെന്ന് ചുരുക്കം. മറ്റൊരർഥത്തിൽ, കഴിഞ്ഞ 22 വർഷമായി കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ജുഡീഷ്യൽ സംവിധാനം ഇനിയങ്ങോട്ട് നോക്കുകുത്തി മാത്രമാകും.
1999ൽ നായനാർ സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ മറ്റൊരു ഇടതുസർക്കാർതന്നെ ഇൗ വിധം കൊല്ലാക്കൊല ചെയ്തത് ചരിത്രത്തിന്റെ വിധിവൈപരീത്യമാകാം. അന്ന് സഭയിൽ അവതരിപ്പിച്ച കരടിലും ഈ ഭേദഗതി നിർദേശങ്ങളുണ്ടായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. പ്രസ്തുത സഭയിലെ ഭരണകക്ഷി അംഗങ്ങൾതന്നെ അതിനെ എതിർത്തതിന്റെ ഫലമായാണ് 22 വർഷം ലോകായുക്ത താരതമ്യേന കുറ്റമറ്റൊരു മാതൃകാസ്ഥാപനമായി മാറിയത്. അന്നത്തെ ആ നിലപാടിനെ തെറ്റായ സമീപനമായിട്ടാണ് സി.പി.എം ഇപ്പോൾ കാണുന്നതെന്ന് തോന്നുന്നു. രണ്ട് പതിറ്റാണ്ടിലധികം നിലനിന്ന തെറ്റായ കീഴ്വഴക്കം 'തിരുത്തു'ന്നുവെന്നാണ് അവരുടെ ന്യായം. ലോകായുക്തയുടെ 'പരമമായ' അധികാരം പൊതുപ്രവർത്തകരുടെ മൗലികാവകാശത്തെ പലവിധത്തിൽ കവരുന്നുണ്ടത്രെ.
ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി. ജലീലിനെ സി.പി.എം ഈ ചർച്ചയിൽ 'ഇര'യെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ജലീലിന്റെ വാദം കേൾക്കാതെ ലോകായുക്ത വിധി പറഞ്ഞുവെന്ന ന്യായത്തെ മുഖവിലക്കെടുത്താൽപോലും, അതിന് മേൽകോടതികളിലെത്തും വരെയുള്ള ആയുസ്സേയുള്ളൂ. ജലീലിന്റെ വാദം കേട്ട ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയുമെല്ലാം ലോകായുക്ത വിധിയെ ശരിവെച്ചു. ഇപ്പോൾ മുഖ്യമന്ത്രിക്കെതിരായ പരാതികളടക്കം ലോകായുക്ത പരിഗണിക്കാനിരിക്കുകയാണ്. സ്വരക്ഷ മുന്നിൽകണ്ട് മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ നീക്കമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മാത്രവുമല്ല, വി.സി നിയമനത്തിലും രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകാനുള്ള ശിപാർശ കേരള സർവകലാശാല തള്ളിയതിലുമെല്ലാം സംസ്ഥാന സർക്കാറുമായി ഉടക്കിനിൽക്കുകയായിരുന്ന ഗവർണറുമായി 'കൊടുക്കൽ വാങ്ങലുകൾ' നടന്നതായും അവർ സംശയമുന്നയിക്കുന്നുണ്ട്. ജലീലിനെ മുന്നിൽനിർത്തിയുള്ള സർക്കാറിന്റെയും സി.പി.എമ്മിന്റെയും ന്യായീകരണങ്ങൾ കാണുമ്പോൾ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ മുഖവിലക്കെടുക്കാതിരിക്കാനാവില്ല.
ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് സി.പി.എം കേന്ദ്രങ്ങൾ നടത്തുന്ന ന്യായീകരണങ്ങളെ ഒരുവേള ശരിവെച്ചാൽ പോലും, ഓർഡിനൻസ് നീക്കത്തിൽ തികഞ്ഞ അനൗചിത്യമുണ്ട്; ഒരർഥത്തിൽ ആ ഭേദഗതി ജനാധിപത്യ മര്യാദകളെ തച്ചുടക്കുന്നതുമാണ്. നിയമഭേദഗതി ആവശ്യമെങ്കിൽ അത് സഭയിൽ അവതരിപ്പിച്ച് വിശദമായ ചർച്ചക്കുശേഷം പാസാക്കിയെടുക്കുന്നതായിരുന്നു മര്യാദ. മുൻ ഇടതുസർക്കാർ കൊണ്ടുവന്ന നിയമം എന്ന നിലയിൽ പിണറായി സർക്കാറിന് അക്കാര്യത്തിൽ അധിക ബാധ്യതയുണ്ട്. പക്ഷേ, അതെല്ലാം മറന്ന് സ്വന്തം സഖ്യകക്ഷികളെപ്പോലും ബോധ്യപ്പെടുത്താതെ നേരെ രാജ്ഭവനിലേക്ക് വെച്ചുപിടിച്ചത് ദുരൂഹവും ഇടതുപാരമ്പര്യത്തിന് നിരക്കാത്തതുമാണ്. സി.പി.ഐയുടെ വിയോജിപ്പിന് പിന്നിൽ അതാണെന്ന് കരുതാനാണ് ന്യായം. ചുരുക്കത്തിൽ, വിജിലൻസിന്റെ ചിറകരിഞ്ഞതുപോലെ പിണറായി സർക്കാർ ലോകായുക്തയെ വെറുമൊരു 'കുരയ്ക്കും പട്ടി'യാക്കി മാറ്റിയിരിക്കുന്നു. പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഓഡിറ്റ് ചെയ്യാനുള്ള പൗരന്റെ ഏറ്റവും മികച്ചൊരു ആയുധമാണ് കവർച്ചചെയ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.