മുഖ്യമന്ത്രീ, പൊലീസിനും നൽകൂ ഉപദേശം

ആറു പേരുടെ ദാരുണ മരണത്തിനിടയാക്കിയ കളമശ്ശേരി ഭീകരാക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിരിക്കുന്നു. കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങിയ പ്രതി മാത്രമാണ് സംഭവത്തിനു പിന്നിൽ എന്ന നിഗമനവുമായാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. സ്ഫോടനം നടന്നെന്ന് കേട്ടപാതി കേൾക്കാത്ത പാതി സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വെറുപ്പും വർഗീയതയും മുസ്‍ലിംവിരുദ്ധ വിദ്വേഷവും ആളിക്കത്തിക്കാൻ വ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നു. മുൻവിധിയുടെ പൊതുബോധം പേറുന്ന പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ഈ സമൂഹമാധ്യമ വിദ്വാൻമാരുടേതിന് സമാനമായിരുന്നു. ഇതേ കേരള പൊലീസ് വർഷങ്ങൾക്ക് മുമ്പ് കെട്ടിച്ചമച്ച പാനായിക്കുളം കേസിൽ പ്രതിചേർക്കപ്പെടുകയും നിരപരാധികളെന്ന് ബോധ്യപ്പെട്ട് രാജ്യത്തെ പരമോന്നത നീതി പീഠം കുറ്റമുക്തരാക്കുകയും ചെയ്ത ചില ചെറുപ്പക്കാരെ കരുതൽ തടവിൽ വെച്ചുകൊണ്ടാണ് അവർ കേസന്വേഷണത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ ഉന്നത പൊലീസ് നേതൃത്വം കളമശ്ശേരി വിഷയത്തിൽ അനൽപമായ ജാഗ്രതയും പക്വതയും പ്രകടിപ്പിച്ചുവെന്നത് മറക്കുന്നില്ല. സ്ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവും തെളിവുകളുമായി ഡൊമിനിക് മാർട്ടിൻ എന്നയാൾ പൊടുന്നനെ രംഗത്തു വന്നത് വെറുപ്പിന്റെ വ്യാപാരികളെ നിരാശരാക്കിയെങ്കിലും പൊലീസിനും ഇന്നാട്ടിലെ സാമാന്യ ജനങ്ങൾക്കും പകർന്ന ആശ്വാസം ചില്ലറയല്ല. പ്രസ്തുത വ്യക്തി കുറ്റമേറ്റു പറഞ്ഞില്ലായിരുന്നുവെങ്കിൽ മാധ്യമങ്ങളുടെയും വർഗീയ ഗ്രൂപ്പുകളുടെയും തിരക്കഥക്കനുസൃതമായി കേസും ആഖ്യാനങ്ങളും മുന്നോട്ടു പോവുകയും നിരപരാധികളായ മനുഷ്യർക്ക് ഉറക്കം നഷ്ടപ്പെടുകയും ചെയ്തേനെ.

ഒരു വിശ്വാസ പ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടെന്നും ഏതെങ്കിലും വ്യക്തിക്കും സമുദായത്തിനും വിശ്വാസി സമൂഹത്തിനുമെതിരെ സംശയ ചിന്ത ഉണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതുശത്രുക്കളാണെന്നും അടുത്ത ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഏകസ്വരത്തിൽ പ്രഖ്യാപിച്ചു. മനസ്സാ വാചാ കര്‍മണാ സംഭവവുമായി ബന്ധമില്ലാത്ത മനുഷ്യരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി സംശയപ്പൊരിവെയിലിൽ നിർത്തിയവരും ചാനലുകളിലൂടെയും വാർത്താ സമ്മേളനങ്ങളിലും ഒരു സമുദായത്തെ ഉന്നം വെച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവരുമെല്ലാം സർവകക്ഷിയോഗം മുന്നറിയിപ്പ് നൽകിയ അതേ ഛിദ്രതയാണ് സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ചോദ്യം ചെയ്തും കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന പല മാധ്യമങ്ങളും റിപ്പോർട്ടുകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. തെറ്റായ പ്രവണതയെ ചൂണ്ടിക്കാണിച്ചും അന്യായമായി വേട്ടയാടപ്പെടുന്നവരോട് ഐക്യപ്പെട്ടും നടത്തുന്ന ഇത്തരം മാധ്യമ പ്രവർത്തനം ഏതവസരത്തിലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വീഴ്ച സംഭവിച്ചവർക്ക്, അത് അധികാരികളായാലും സംഘടനകളായാലും വ്യക്തികളായാലും തിരുത്തൽ വരുത്താനും അത് പ്രേരകമാവുകയാണ് വേണ്ടത്. എന്നാൽ, അത്തരമൊരു റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ കേസും പൊലീസ് അന്വേഷണവും നേരിടുകയാണ് ഒരു യുവ മാധ്യമപ്രവർത്തകൻ.

ആലുവ പൊലീസിന്റെ സംശയത്തടങ്കലിനെക്കുറിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മക്തൂബ് മീഡിയ’ എന്ന ഓൺലൈൻ മാധ്യമത്തിൽ വാർത്ത എഴുതിയ റിജാസ് എം. സിദ്ദീഖ് എന്ന ഫ്രീലാൻസ് പത്രപ്രവർത്തകനെതിരെ കലാപ പ്രേരണക്കുറ്റം ചുമത്തിയാണ് വടകര പൊലീസ് കേസെടുത്തത്. രാഷ്ട്രം ദേശീയ മാധ്യമ ദിനം ആചരിക്കുമ്പോൾ ഈ റിപ്പോർട്ടറും എഡിറ്റർമാരും ചോദ്യം ചെയ്യലിനെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് അലോസരമുണ്ടാക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ‘ന്യൂസ് ക്ലിക്ക്’ വെബ്പോർട്ടലിനെതിരെ കൈക്കൊണ്ട മർദക നടപടികളുടെ ഭാഗമായി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതു പോലെ റിപ്പോർട്ടറുടെ ഫോണും പൊലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഇത്തരം ഒരു കേസ് വഴി കേരള പൊലീസ് മാധ്യമ പ്രവർത്തകർക്ക് കൈമാറാനുദ്ദേശിക്കുന്ന സന്ദേശമെന്താണ്? നീതിനിഷേധം കൺമുന്നിൽ നടമാടുമ്പോൾ കണ്ണടച്ചു പിടിക്കണമെന്നാണോ? നേരത്തേ ആദിവാസി ഭൂമി അന്യാധീനപ്പെടുത്തുന്നതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ‘മാധ്യമം’ ലേഖകൻ ഡോ. ആർ. സുനിലിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ജനാധിപത്യത്തിന്റെ കാവൽ നായ്ക്കൾ എന്ന നിലയിൽനിന്ന് മടിയിലിരിക്കുന്ന മാധ്യമങ്ങളായി മാറുകയാണോ എന്ന് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും ആത്മപരിശോധന നടത്തി തിരുത്തിയാൽ മാത്രമേ നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനം സാധ്യമാകൂ എന്നാണ് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കഴിഞ്ഞ മാസം കേരളത്തിന്റെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മീഡിയാ എത്തിക്സിനെക്കുറിച്ച് മാധ്യമപ്രവർത്തകരെ ഉദ്ബോധിപ്പിക്കുന്ന അതേ ആത്മാർഥതയോടെ രാജ്യത്തിന്റെ ഭരണഘടന ഉദ്ഘോഷിക്കുന്ന മതനിരപേക്ഷതയെയും ജീവിക്കാനുള്ള അവകാശത്തെയും മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് പൊലീസ് സേനയെയും ഓർമപ്പെടുത്തണം ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി. മുസ്‍ലിം യുവാക്കളെ മുൻവിധിയോടെ അന്യായമായി പിടിച്ചുകൊണ്ടുപോകുന്ന നടപടിയെ അദ്ദേഹം അംഗീകരിക്കുന്നില്ല എന്നു തന്നെയാണ് വിശ്വസിക്കുന്നത്. പൊലീസിന്റെ അരുതായ്മകളെ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ കേസെടുത്ത് വായടപ്പിക്കാൻ മുതിർന്നാൽ നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനം സാധ്യമാവില്ല.

Tags:    
News Summary - Madhyamam editorial on journalist arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.