എവിടെയാണ് ജനാധിപത്യത്തിന്‍റെ ആത്മാവുള്ളത്?


കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏക വാർത്തസമ്മേളനത്തിൽ അമേരിക്കയിലെ പത്രപ്രവർത്തക സബ്രീന സിദ്ദീഖിയുടെ ചോദ്യവും അതുയർത്തിയ അലകളും രാജ്യത്തിനകത്തും പുറത്തും ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ചും ന്യൂനപക്ഷാവകാശങ്ങളെ കുറിച്ചുമുള്ള സംവാദങ്ങൾക്ക് ഒരിക്കൽകൂടി തിരികൊളുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനത്തിലെ മുഖ്യ അജണ്ടകളിലൊന്ന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തർദേശീയ പ്രതിച്ഛായ നിർമിതിയാണെന്നത് സുവ്യക്തമായിരുന്നു. അതിനാവശ്യമായ കാമ്പയിനുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ സംഘാടകർ ഒരു പരിധിവരെ വിജയവും കണ്ടു. പക്ഷേ, അവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു പതിവിൽനിന്ന് ഭിന്നമായി അമേരിക്കയിലെ സിവിൽ സംഘടനകളിൽനിന്ന് ഉയർന്നുവന്ന മോദി വിരുദ്ധ പ്രചാരണങ്ങൾ. മുൻ പ്രസിഡന്റ് ബറാക് ഒബാമ തന്നെ ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അത് രാജ്യത്തിനു ദോഷമാകുമെന്നും ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ നടത്തിയ മുന്നറിയിപ്പ് ബി.ജെ.പിക്ക്​ അപ്രതീക്ഷിതവും അലോസരം സൃഷ്ടിക്കുന്നതുമായിരുന്നു.

ഇന്ത്യയിൽ മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും എന്തു നടപടികൾ സ്വീകരിച്ചു എന്ന അമേരിക്കൻ മാധ്യമപ്രവർത്തക സബ്രീന സിദ്ദീഖിയുടെ ചോദ്യവും മറുപടി പറയുന്നതിൽ പ്രധാനമന്ത്രിക്കു സംഭവിച്ച പതർച്ചയും ആഗോള മാധ്യമങ്ങൾ ഏറ്റെടുക്കുകകൂടി ചെയ്തതോടെ ജനാധിപത്യത്തിന്‍റെ എല്ലാ ആത്മാവും കൈയൊഴിച്ച് കടുത്ത സൈബർ ആക്രമണമാണ് ബി.ജെ.പി അഴിച്ചുവിട്ടത്. ഒബാമക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് ധനമന്ത്രി നിർമല സീതാരാമനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള പാർട്ടിയുടെ സമുന്നത നേതാക്കളുമാ​െണങ്കിൽ സബ്രീനക്കെതിരായ സൈബർ വേട്ടക്ക് നേതൃത്വം നൽകുന്നത് അവരുടെ ഐ.ടി വിഭാഗവും അതിന്‍റെ മേധാവി അമിത് മാളവ്യയുമാണ്.

അസഹിഷ്ണുത മുറ്റിനിൽക്കുന്ന, ജനാധിപത്യവിരുദ്ധമായ ഈ സൈബർ ആക്രമണത്തെ അപലപിക്കാൻ ഒടുവിൽ വൈറ്റ് ഹൗസ് തന്നെ മുന്നോട്ടുവന്നിരിക്കുന്നു. പ്രധാനമന്ത്രി മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം ജനാധിപത്യ മൂല്യങ്ങളിൽ ആശങ്കിക്കുന്ന പ്രസ്താവന വൈറ്റ് ഹൗസിൽനിന്ന് വരാൻ ഇടവരുത്തിയത് ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടാക്കുന്ന കളങ്കത്തിന്‍റെ വ്യാപ്തി മനസ്സിലാകാത്തത് ദൗർഭാഗ്യവശാൽ ഭരണ-സംഘ് പരിവാർ നേതൃത്വത്തിനു മാത്രമാണ്. യുഎസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കർബിയുടെ ‘ആ പീഡനത്തിന്റെ റിപ്പോർട്ടുകളെക്കുറിച്ച് ഞങ്ങൾക്കറിയാം. അത് അസ്വീകാര്യമാണ്. ഏതു സാഹചര്യത്തിലും മാധ്യമപ്രവർത്തകർക്കുനേരെയുള്ള ഏതു തരത്തിലുള്ള ആക്രമണത്തെയും ഞങ്ങൾ പൂർണമായും അപലപിക്കുന്നു.’ എന്ന പ്രസ്താവന റദ്ദാക്കുന്നത് ഹിന്ദുത്വ ഇന്ത്യയിൽ ജനാധിപത്യത്തിന്‍റെ ഡി.എൻ.എ ഉണ്ട് എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയാണ്. ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ സംഭവങ്ങൾ നിരീക്ഷിക്കുന്ന ഏതു മാധ്യമ പ്രവർത്തകരിൽനിന്നും ഉയരാവുന്ന ഒരു സാധാരണ അന്വേഷണത്തെ പ്രധാനമന്ത്രിക്ക് അഭിമുഖീകരിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനാണ് ശരിക്കും ബി.ജെ.പി നേതൃത്വം ഉത്തരം നൽകേണ്ടത്.

രണ്ടു മാസമായി വംശീയകലാപം കത്തിയാളുന്ന മണിപ്പൂരിനെ കുറിച്ച് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രി ഏക സിവിൽ കോഡിൽ ഏറെ വാചാലമാകുന്നതിന്‍റെ താൽപര്യം മുസ്ലിം വെറുപ്പ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ധനമാക്കാനാണ് എന്നത് സുവ്യക്തം. ഇനിയുള്ള നാളുകളിൽ രാജ്യത്ത് മുസ്ലിം വെറുപ്പ് അണപൊട്ടിയൊഴുകും. അതിന്‍റെ ശംഖൊലിയാണ് പ്രധാനമന്ത്രി ഭോപാലിൽ ഉയർത്തിയിരിക്കുന്നത്. ഏക സിവിൽകോഡിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് മുസ്ലിംകൾ മാത്രമല്ല എന്ന വസ്തുത സമർഥമായി മറച്ചുവെച്ചാണ് പ്രധാനമന്ത്രി മുസ്ലിം വിദ്വേഷത്തിന്‍റെ ഉപകരണമായി ഏക സിവിൽ കോഡിനെ ഉപയോഗിക്കുന്നത്. അതിലേക്ക് മുത്തലാഖിനെയും കശ്മീർ പ്രശ്നത്തെയും ചേർത്തുപറ‍യുന്നത് ആകസ്മികമല്ല, കൃത്യമായ പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ ചേർന്ന മുപ്പതിലേറെ ആദിവാസി സംഘടനകളുടെ യോഗം ഏകീകൃത സിവിൽ നിയമം ആദിവാസി സ്വത്വം ഇല്ലാതാക്കുമെന്നും ഗോത്രവർഗങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാ​െണന്നും വ്യക്തമാക്കി നിയമനിർമാണ നീക്കം പിൻവലിക്കാൻ നിയമ കമീഷനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ന്യൂനപക്ഷ സമുദായങ്ങളും ഭൂരിപക്ഷ മതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളും സിവിൽ നിയമത്തിന്‍റെ പരിരക്ഷ അനുഭവിക്കുന്നുണ്ട് എന്ന യാഥാർഥ്യത്തെ മറച്ചുപിടിക്കുന്നതിലൂടെ പ്രധാനമന്ത്രി നേരിട്ട് തീവ്ര ഹിന്ദുത്വയുടെ പ്രചാരകനാവുകയാണ്. രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും അവർക്കിടയിൽ ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വിത്തുകൾ അദ്ദേഹം വിതക്കുകയും ചെയ്യുന്നു എന്ന വിമർശനം അതിലൂടെ സാധൂകരിക്കപ്പെടുകയുമാണ്.

ജനാധിപത്യത്തിന്‍റെ ആത്മാവ് വാക്കുകളിലല്ല, പ്രവൃത്തികളിലാണ് പ്രകടമാകേണ്ടത്. അസഹിഷ്ണുതയുടെ ഭീഷണ പ്രയോഗങ്ങൾ സൈബറിടത്തായാലും ജനക്കൂട്ടത്തിനിടയിലായാലും ആൾക്കൂട്ടാക്രമണത്തിനുള്ള ആഹ്വാനങ്ങളാണ്. അവ നീതി സമ്മാനിക്കില്ല. ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തില്ല. ആരുടെ അവകാശവും നിവർത്തിക്കുകയുമില്ല. വെറുപ്പ് കാട്ടുതീപോലെ പടർത്താൻ മാത്രമാണവ ഉപകരിക്കുക; മണിപ്പൂരിലേതുപോലെ.

Tags:    
News Summary - Madhyamam editorial on indian democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.