ഞായറാഴ്ച ന്യൂഡൽഹി രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷ ഇൻഡ്യ സഖ്യം നടത്തിയ വമ്പിച്ച റാലി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധമായിരുന്നുവെങ്കിലും അതിനപ്പുറം അത് ഇൻഡ്യ മുന്നണിയുടെ ഐക്യത്തിന്റെയും ശക്തിയുടെയും പ്രകടനം കൂടിയായി. ദേശീയവും പ്രാദേശികവും, ചെറുതും വലുതുമായ നാൽപതോളം പാർട്ടികളുടെ ഒരു മുന്നണി എന്ന നിലയിൽ അൽപസ്വൽപം അസ്വാരസ്യങ്ങളും ചില കക്ഷികൾ തമ്മിലെ പ്രാദേശിക ഏറ്റുമുട്ടലുകളും സഖ്യത്തിൽ ഉണ്ടെങ്കിലും ഇത്ര ഊക്കോടെ തലസ്ഥാനത്ത് ഒരുശക്തിപ്രകടനം നടത്താൻ കഴിഞ്ഞത് ഈ സവിശേഷ സന്ധിയിൽ വലിയ സന്ദേശം തന്നെയാണ് നൽകുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും വേട്ടയാടുന്നതിനെതിരെ എല്ലാവരും യോജിച്ചുള്ള പ്രതിഷേധമായിരുന്നു അത്. മാത്രമല്ല, കേന്ദ്രം എല്ലാ പരിധികളും ലംഘിച്ച് പ്രതിപക്ഷ അടിച്ചമർത്തലിന്റെ പുതിയ പാത തുറന്നിരിക്കുന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് രാജ്യത്തിനുമുന്നിൽ സ്വതന്ത്രനായ കെജ്രിവാളിനേക്കാൾ ജയിലിലായ കെജ്രിവാൾ കൂടുതൽ ശക്തനായി സംഭവങ്ങളെ സ്വാധീനിക്കുന്ന സ്ഥിതിയാണിപ്പോൾ. ഭരണകൂടം അടിച്ചമർത്തൽനയം പിന്തുടരുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്ന ആരോപണം അന്താരാഷ്‌ട്ര തലത്തിൽതന്നെ ഉന്നയിക്കപ്പെട്ടതും ശ്രദ്ധേയമാണ്.

സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമായി ഒട്ടനവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച രാംലീല മൈതാനത്ത് തന്നെയാണ് 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെ യു.പി.എ സർക്കാറിനെതിരെ അഴിമതി-വിരുദ്ധ സമരം നടന്നതും അതിന്റെ മുൻ നിരയിൽനിന്ന് കെജ്‌രിവാൾ ദേശീയ ശ്രദ്ധനേടുന്നതും. ഇന്ന് തടവറയിലുള്ള കെജ്‌രിവാളിനുവേണ്ടി ഒരു റാലി യു.പി.എ നേതാക്കളുടെ സജീവ പങ്കാളിത്തത്തിൽ നടന്നു. ഇത് സംഭവിച്ചത് 2011 ലേതിനേക്കാൾ ഭീഷണമായ രീതിയിൽ, ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ആധാരശിലകളായ മതേതര-ജനാധിപത്യ തത്ത്വങ്ങൾതന്നെ ഇല്ലാതായേക്കുമെന്ന ഭയം ദേശീയാന്തരീക്ഷത്തിൽ ഇരുൾ പരത്തുന്ന പശ്ചാത്തലത്തിലാണ്. തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെ സാമ്പത്തിക മുഷ്‌കിന്റെ പിൻബലത്തിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഞെരിച്ചമർത്തുന്ന നടപടികളിലൂടെയും സാമാജികരെയും പ്രതിപക്ഷ നേതാക്കളെയും വിലക്കുവാങ്ങി ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കച്ചവടം പൊടിപൊടിക്കുന്നു. ഈ സാഹചര്യത്തിൽ ഐക്യമല്ലാതെ അതിജീവനത്തിനു മറ്റു വഴികളില്ല എന്ന തിരിച്ചറിവ് പ്രതിപക്ഷത്തിന് ഉണ്ടായതാവാം, ഇടക്കാലത്തെ സൗന്ദര്യപ്പിണക്കങ്ങൾ ഒട്ടൊക്കെ മാറ്റിവെച്ചുകൊണ്ടുള്ള ഇപ്പോഴത്തെ ഏകോപിച്ച നീക്കങ്ങൾക്ക് പ്രേരകം.

കെജ്‌രിവാൾ ഏതാണ്ടൊരു കൊടുങ്കാറ്റു പോലെ ഡൽഹി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും 2013ലും 2015ലും അധികാരമേൽക്കുകയും ചെയ്തപ്പോൾ സംസ്ഥാനത്ത് കടപുഴകിയ കോൺഗ്രസ് പാർട്ടിയാണ് ഇന്ന് ഇൻഡ്യ സഖ്യത്തിൽ ‘ആപ്പി’നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിൽക്കുന്നത്. ബി.ജെ.പി ഉയർത്തുന്ന ഹിന്ദുത്വ നിലപാടിനോടും വിഭാഗീയത ഉൽപാദിപ്പിക്കുന്ന ന്യൂനപക്ഷ വേട്ടയോടും കെജ്‌രിവാളിന്റെ എതിർപ്പ് ഒട്ടും ശക്തമായിരുന്നില്ല. മാത്രമല്ല, കെജ്‌രിവാളും ആപ്പും എടുക്കുന്ന നിലപാടുകൾ കുറെയൊക്കെ മൃദു ഹിന്ദുത്വപരമായിരുന്നു എന്ന വിമർശനവുമുണ്ട്. എങ്കിലും ഞായറാഴ്ചത്തെ കൂറ്റൻ പ്രകടനത്തിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസംഗങ്ങളിലും പ്രതിഫലിച്ച ബി.ജെ.പി വിരുദ്ധ അണിചേരലിന്റെ ശബ്ദം പ്രതിപക്ഷത്തിന് പുതിയ ഉണർവ് നൽകാൻ പോന്നതാണ്. തിങ്കളാഴ്ച ഡൽഹി കോടതി വീണ്ടും ഇ.ഡി വാദം അംഗീകരിച്ചുകൊണ്ട് കെജ്‌രിവാളിന്റെ റിമാൻഡ് 15 ദിവസത്തേക്കുകൂടി നീട്ടിയതോടെ തെരഞ്ഞെടുപ്പ് വേദികളിലെ അദ്ദേഹത്തിന്‍റെ അസാന്നിധ്യം ഉറപ്പുവരുത്താനും കേന്ദ്രത്തിനു കഴിഞ്ഞേക്കും. ആപ്പിന് കെജ്‌രിവാൾ കഴിഞ്ഞാൽ ഒരു രണ്ടാംനിര നേതൃത്വം ഇല്ല എന്ന ദൗർബല്യമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും കഴിഞ്ഞ വർഷം മുതൽ ജയിലിലാണ്. അവരുടെ ആവർത്തിച്ചുള്ള ജാമ്യാപേക്ഷകൾ തള്ളപ്പെടുകയും ചെയ്തു. ആപ്പിന്‍റെ രാഷ്ട്രീയകാര്യസമിതി അംഗമായ ആതിഷി സിങ് ആണ് പൊതുവേദികളിൽ ഒരതിരുവരെ ആപ്പിന്റെ മുഖമായി വർത്തിക്കുന്നത്. ഈ പരിമിതികൾക്കിടയിൽ, ആപ്പിന്റെ പോരാട്ടം അവരുടേതു മാത്രമാവാതെ മൊത്തം പ്രതിപക്ഷത്തിന്റേതു തന്നെയാവുന്നത് രാജ്യത്തിന്റെ മൊത്തം പ്രതിരോധത്തിന്റെ മാനം അതിനുനൽകുന്നുണ്ട്.

ഐക്യത്തിന്റെയും ധാർമിക ഉള്ളടക്കത്തിന്റെയും ഈ ബലം പ്രതിപക്ഷ കക്ഷികൾ നിലനിർത്തുകയും അതനുസരിച്ച് വിവേകവും വിട്ടുവീഴ്ചയും യാഥാർഥ്യബോധവുമുള്ള സമീപനം സീറ്റ് വീതംവെപ്പിൽ കാണിക്കുകയും ചെയ്യുക എന്നതാണ് ഇൻഡ്യ സഖ്യത്തിന് ബി.ജെ.പി തേരോട്ടത്തെ തടഞ്ഞുനിർത്താൻ വേണ്ട ആദ്യ ഉപാധി. തുടർന്ന് ബി.ജെ.പി ജനജീവിതം എത്രമാത്രം ദുസ്സഹമാക്കി എന്നും അഴിമതി വിരുദ്ധ വാചാടോപം പ്രയോഗിച്ചുകൊണ്ടിരിക്കെ തന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ തോളിലിരുന്നുകൊണ്ട് എത്രമാത്രം അഴിമതികൾക്ക് ബി.ജെ.പി നേതൃത്വം വഹിച്ചുവെന്നും, രാജ്യത്തെ സമുദായങ്ങൾ തമ്മിലെ ഐക്യത്തിനും വൈവിധ്യവും ജനാധിപത്യവും ഉറപ്പുനൽകുന്ന ഭരണഘടനക്കും എത്രവലിയ ഭീഷണി സൃഷ്ടിച്ചുവെന്നും ജനങ്ങളെ ഇനി ഒട്ടും വൈകാതെ ബോധ്യപ്പെടുത്തുന്നതിലാണ് ബി.ജെ.പി യുഗം അവസാനിപ്പിക്കുന്നതിന്റെ ജയസാധ്യത.

Tags:    
News Summary - Madhyamam Editorial on INDIA Bloc Maha Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.