ജനാധിപത്യത്തെ ദുർബലമാക്കാൻ ഒരു ബിൽ കൂടി

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സേറ്റുന്ന രണ്ടു ഘടകങ്ങളാണ് നിർണിത സമയങ്ങളിൽ നടക്കുന്ന വോട്ടെടുപ്പും അതിന് നേതൃത്വംനൽകുന്ന നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് കമീഷനുകളും. ജനാധിപത്യസംവിധാനത്തിൽ തീർത്തും പരാതിമുക്തമാണെന്നു പറയാനാവില്ലെങ്കിലും ലോകത്തെത്തന്നെ ഏറ്റവും വലിയ ജനാധിപത്യ അഭ്യാസത്തിന് നേതൃത്വംനൽകുന്ന വേദി എന്നനിലയിൽ അഭൂതപൂർവ മാതൃകയാണ് കമീഷൻ എന്നുപറയാം. എന്നാൽ, കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽവന്ന ശേഷം തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട് സമീപ കാലത്തുണ്ടായ ചർച്ചകളും വാദവിവാദങ്ങളും അത്ര ആശാസ്യകരമല്ല. കൂടക്കൂടെ വിവാദത്തിൽ നിർത്തി കമീഷന്‍റെ വില കളയുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുണ്ടോ എന്നു ശങ്കയുണർത്തുന്നതാണ് ഈയിടെ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ. കഴിഞ്ഞകാലത്ത് എക്‌സിക്യൂട്ടിവിൽനിന്ന് തികച്ചും സ്വതന്ത്രമായി നിന്ന്, ഭരണകക്ഷിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളെയും സർക്കാറിനെത്തന്നെയും വരച്ച വരയിൽ നിർത്തുന്ന കമീഷന്‍റെ നിഷ്പക്ഷ ഇടപെടലുകൾ പൗരജനങ്ങളിൽ വിശ്വാസം ജനിപ്പിക്കുന്നതായിരുന്നു. എന്നാൽ, സമീപകാലത്ത് അതിനു മങ്ങലേറ്റിട്ടുണ്ട്. ആ ആശങ്കക്ക് ആക്കംകൂട്ടുന്നതാണ് വ്യാഴാഴ്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയിൽ അവതരിപ്പിച്ച ‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, കമീഷണർമാർ തെരഞ്ഞെടുപ്പ് ബിൽ, 2023'.

നിലവിൽ ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും രണ്ടു കമീഷണർമാരും ഉൾപ്പെട്ട മൂന്നംഗ സംവിധാനമാണ് ഇന്ത്യയിൽ പാർലമെന്‍റിന്‍റെ ഇരു സഭകൾ, സംസ്ഥാന നിയമസഭകൾ, കൗൺസിലുകൾ എന്നിവയിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതുവരെ അംഗങ്ങളുടെ പേര് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് സമർപ്പിക്കുകയും രാഷ്‌ട്രപതി നിയമനം നടത്തുകയും ചെയ്യുകയായിരുന്നു രീതി. ഇത് കമീഷന്‍റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ഉറപ്പു വരുത്തുന്നില്ല എന്നും ഭരണഘടനയുടെ ഖണ്ഡിക 324 കൽപിക്കുന്ന നിയമമനുസരിച്ച് നിയമനരീതിക്ക് നിയമം നിർമിക്കണമെന്നും 2015ൽ നിയമ കമീഷൻ ആവശ്യപ്പെട്ടിരുന്നു. 2015 മുതൽ 2020 വരെ ഈ ആവശ്യമുന്നയിച്ച് വന്ന വിവിധ ഹരജികൾ തീർപ്പാക്കി സുപ്രീം കോടതി 2023 മാർച്ചിൽ നൽകിയ ഉത്തരവ് മുതലാണ് ഇപ്പോഴത്തെ നിയമ നിർമാണ നീക്കങ്ങൾ നടന്നത്. നിലവിൽ എക്സിക്യൂട്ടിവിന്റെ പൂർണ നിയന്ത്രണത്തിലായ നടപടിക്രമം ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല എന്നും അതിനാൽ പാർലമെന്റ് ഒരു നിയമം പാസാക്കുന്നതുവരെ താൽക്കാലികമായി ഒരു മൂന്നംഗ സമിതി തെരഞ്ഞെടുപ്പ് കമീഷണർമാരെ രാഷ്ട്രപതിക്ക് ശിപാർശ ചെയ്യണമെന്നും പരമോന്നത കോടതി ഉത്തരവിറക്കി. ആ സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കും അംഗങ്ങൾ. അംഗീകൃത പ്രതിപക്ഷ നേതാവില്ലെങ്കിൽ, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്. ഇതുവഴി ഭരണകൂട വിധേയത്വം ഒഴിവാക്കാനും സ്വഭാവത്തിലും കൃത്യനിർവഹണത്തിലും ഉന്നത നിലവാരം ഉറപ്പുവരുത്താനും അവസരമൊരുക്കുകയായിരുന്നു കോടതി. എന്നാൽ മാർച്ചിൽ ഈ തീരുമാനം വന്നശേഷം കമീഷണർമാരുടെ ഒഴിവുകൾ വരാത്തതുകൊണ്ട് ഇതുവരെ ഒരു നിയമനവും അവ്വിധം നടന്നിട്ടില്ല. ആ ഘട്ടത്തിലാണ് പുതിയ നിയമവുമായി കേന്ദ്രം പാർലമെന്റിനെ സമീപിച്ചിരിക്കുന്നത്.

ബില്ലിൽ നിർദേശിക്കുന്ന നിയമനരീതി സുപ്രീംകോടതി എടുത്തുപറഞ്ഞ ജനാധിപത്യ തത്ത്വങ്ങൾ പൂർണമായും അവഗണിച്ചിരിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കമീഷൻ നിയമനപ്രക്രിയയിൽനിന്ന് ബോധപൂർവം ഒഴിവാക്കി. പകരം മന്ത്രിസഭയിലെ പ്രധാനമന്ത്രി നിർദേശിക്കുന്ന അംഗമായിരിക്കും ഉണ്ടാവുക. ഇതുവരെ കമീഷണർമാരുടെ പദവിയും ശമ്പളവും സുപ്രീംകോടതി ജഡ്ജിയുടെതിന് തുല്യമായിരുന്നെങ്കിൽ ബില്ലിൽ അത് കാബിനറ്റ് സെക്രട്ടറിയുടെതിന് തുല്യമാണ്. പ്രതിപക്ഷ നേതാവും സമിതിയിൽ ഉണ്ടായിരിക്കുമെങ്കിലും മറ്റു രണ്ടംഗങ്ങളും സർക്കാറിന്റെതന്നെ പ്രതിനിധികളായ സ്ഥിതിക്ക് അവരുടെ തീരുമാനമാകും നടപ്പാവുക. അതും മൂന്നംഗ സമിതിയുടെ തീരുമാനങ്ങൾ ഭൂരിപക്ഷം അനുസരിച്ചാണോ അതോ ഏകകണ്ഠമായാണോ എന്ന് നിയമത്തിൽ പറയാത്ത സ്ഥിതിക്ക്. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയത് ആലങ്കാരികം മാത്രമാണെന്ന് ചുരുക്കം.

നിയമനം നടക്കുന്നത് കേന്ദ്രത്തിന്റെ ഇച്ഛയനുസരിച്ചാകുമ്പോൾ ആ 'ഔദാര്യം' കാണിക്കുന്നവരോട് വിധേയപ്പെടാൻ എന്തുകൊണ്ടും സാധ്യതയുണ്ട്. കമീഷണർമാർക്ക് ബിൽ നിഷ്കർഷിക്കുന്ന സത്യസന്ധത, തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വ്യുല്പത്തിയും അനുഭവവും എന്നീ മാനദണ്ഡങ്ങൾ ഏതു തരത്തിലും ആത്മനിഷ്ഠമായ വ്യാഖ്യാനഭേദങ്ങൾക്ക് സാധ്യതയുള്ളവയാണ്. ഭരണകക്ഷിയുടെ രണ്ട് ഉന്നതർ തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ താല്പര്യങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നവരാകണം എന്ന് അവർ ഉറപ്പുവരുത്തും. നിലവിലെ താൽക്കാലിക സംവിധാനമായി കോടതി കൽപിച്ച ഘടനയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രിയുടെ കീഴിലുള്ള മന്ത്രിയെ ഉൾപ്പെടുത്തിയതിൽതന്നെ ഇത്തരം ദുരുദ്ദേശ്യം ഉണ്ടാവണമല്ലോ.

വോട്ടർ പട്ടിക പുതുക്കുന്ന സമയവിവരം തയാറാക്കുന്നത് മുതൽ തെരഞ്ഞെടുപ്പ് തീയതി നിർണയം, പെരുമാറ്റച്ചട്ട നിർമാണവും പ്രയോഗവും, പോളിങ് ക്രമീകരണങ്ങൾ, ഇടവേളകൾ നൽകി പോളിങ് ദിവസങ്ങൾ നിശ്ചയിക്കൽ തുടങ്ങിയ നടപടിക്രമങ്ങളിൽ ഭരണകക്ഷിക്ക്, അനുകൂലമായി വർത്തിക്കാൻ കമീഷന് സാധിക്കും; കമീഷന്‍റെ വിവേചനാധികാരത്തിൽപെട്ട കാര്യങ്ങളിൽ വിശേഷിച്ച്. ഈ സംവിധാനത്തിൽ ഒരു ചീഫ് ജസ്റ്റിസിന് ഇല്ലാത്ത എന്ത് യോഗ്യതയാണ് ഒരു മന്ത്രിയിൽ സങ്കല്പിച്ചതെന്ന് ഭരണകൂടം വിശദീകരിക്കേണ്ടതാണ്. ഡൽഹി ഭരണകൂടത്തിന്റെ അധികാരങ്ങൾ കൈയേറി ഫെഡറൽ വ്യവസ്ഥയെ ദുർബലപ്പെടുത്തി ബില്ലിന് തൊട്ടുപിറകെ തെരഞ്ഞെടുപ്പ് സംവിധാനത്തെത്തന്നെ സംശയത്തിൽ നിർത്തുംവിധമുള്ള ഈ ബില്ലും നിലവിലെ സർക്കാറിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഉദാഹരണമായി ചരിത്രം രേഖപ്പെടുത്തും.

Tags:    
News Summary - Madhyamam editorial on election commision bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.