നമ്മുടെ കുട്ടികൾ പഠിക്കുന്ന ചരിത്രമേതാണ്?

‘‘ഹിന്ദു-മുസ്‍ലിം ഐക്യത്തിനായി ഗാന്ധിജി നടത്തിയ അതിശക്തമായ നീക്കങ്ങൾ അത്രത്തോളമായതിനാൽ, ഹിന്ദുത്വവാദികളെ അത് പ്രകോപിതരാക്കുകയും അവർ അദ്ദേഹത്തെ വധിക്കാൻ പലകുറി ശ്രമിക്കുകയും ചെയ്തു. ഗാന്ധിവധം രാജ്യത്തെ വർഗീയ സ്ഥിതിഗതികളിൽ വലിയ തോതിലുള്ള അനുരണനം സൃഷ്ടിച്ചു. വിദ്വേഷ സംഘടനകളെ കേന്ദ്രസർക്കാർ അടിച്ചമർത്താൻ ആരംഭിച്ചു. അതിന്റെ ഭാഗമായി ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി’’ -എൻ.സി.ഇ.ആർ.ടിയുടെ 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ വർഷങ്ങളായി പഠിപ്പിച്ചുവരുന്ന പാഠഭാഗമാണ് മുകളിൽ ഉദ്ധരിച്ചത്. ദേശീയ സ്വാതന്ത്ര്യസമരവും വിഭജനവും ഗാന്ധിവധവും തുടർസംഭവങ്ങളുമെല്ലാം ഹ്രസ്വമായി വിവരിക്കുന്ന ഈ ഭാഗത്ത് മേലുദ്ധരിച്ച ഗാന്ധിവധം സംബന്ധിച്ച പരാമർശങ്ങളത്രയും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എടുത്തുകളഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാറിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ എൻ.സി.ഇ.ആർ.ടി.

ഇതുമാത്രമല്ല, വിവിധ ക്ലാസുകളിലെ ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹിക ശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലും സമാനമായ ‘പരിഷ്കരണ ശ്രമ’ങ്ങൾ കാണാം. പൊതുവിൽ, കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ സർക്കാറിന് ഹിതകരമായ ചരിത്രവും വർത്തമാനകാല രാഷ്ട്രീയ സംഭവങ്ങളെയുമെല്ലാം പരമാവധി തിരസ്കരിച്ചുള്ള പുതിയൊരു സിലബസിനാണ് എൻ.സി.ഇ.ആർ.ടി രൂപം നൽകിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഗുജറാത്ത് വംശഹത്യയും മുഗൾ ഭരണകാലവുമെല്ലാം അവർ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റിയിരിക്കുന്നു. രാജ്യത്തെ ദലിത് പ്രസ്ഥാനങ്ങളുടെ പുതിയകാല സമരങ്ങളെയും ഇടപെടലുകളെയും അടയാളപ്പെടുത്തുന്ന കവിത മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോൺഗ്രസ് ഭരണകാലം വരെ തുടച്ചുനീക്കപ്പെട്ട ചരിത്രരേഖകളിൽ ഉൾപ്പെടുന്നു.

എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേഷ് സക്‍ലാനി ഇത് വിഷയവിദഗ്ധരുടെ തീരുമാനപ്രകാരം സർവ ചട്ടങ്ങളും പാലിച്ചെടുത്ത തീർത്തും സ്വാഭാവികമായ തീരുമാനമാണെന്ന് പറയുന്നുണ്ടെങ്കിലും വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അത് അത്രകണ്ട് മുഖവിലക്കെടുക്കാനാവില്ല. കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ സർക്കാർ ദേശീയ ചരിത്രത്തെയും ചരിത്ര സ്മാരകങ്ങളെയും തല്ലിത്തകർത്ത് ഹിന്ദു പുരാവൃത്തങ്ങളുടെ അകമ്പടിയോടെ പുതിയൊരു ചരിത്രരചനക്കൊരുങ്ങിയിരിക്കയാണല്ലൊ. പ്രസ്തുത പരിപാടിയുടെ തുടർച്ചയായി മാത്രമേ എൻ.സി.ഇ.ആർ.ടിയുടെ നടപടികളെയൂം കാണാനാവൂ.

വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നനാൾ മുതൽക്ക് തന്നെ ഹിന്ദുത്വശക്തികൾ വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അന്നും എൻ.സി.ഇ.ആർ.ടി ഈ പ്രൊപഗണ്ടയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഏഴാം ക്ലാസിലെ ചരിത്ര പുസ്തകത്തിൽ, മുഗൾ ഭരണാധികാരികളെ നിഷ്ഠുരരായ അധിനിവേശകരും സംസ്കാരശൂന്യരുമെന്നും വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. സുൽത്താൻ, മുഗൾ ഭരണകാലങ്ങളെ ‘മങ്ങിയ യുഗ’മെന്നുമാണ് പുസ്തകത്തിലുടനീളം പരാമർശിച്ചത്. 2004ൽ, യു.പി.എ സർക്കാർ അധികാരത്തിൽ വന്നയുടൻ ഈ മാറ്റങ്ങളത്രയും റദ്ദാക്കി പുസ്തകം പഴയപടിയാക്കി പ്രസിദ്ധീകരിച്ചു.

2014ൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂടുതൽ ആൾബലത്തോടെ വീണ്ടും സംഘ്പരിവാർ അധികാരത്തിൽ വന്നപ്പോൾ, പാഠപുസ്തക ‘പരിഷ്കാരങ്ങളു’ടെ വേഗവും വർധിച്ചു. എട്ടു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് എൻ.സി.ഇ.ആർ.ടി ഇത്തരത്തിൽ സിലബസിനെ കാവിവത്കരിക്കാനുള്ള നീക്കം നടത്തുന്നത്. 2017ലായിരുന്നു ആദ്യത്തേത്. ജി.എസ്.ടി അടക്കമുള്ള സാമ്പത്തിക പരിഷ്കരണങ്ങൾ കുട്ടികൾ പഠിക്കട്ടെയെന്ന പ്രഖ്യാപനത്തോടെ നടപ്പാക്കിയ ആദ്യ ‘പരിഷ്കരണ’ത്തിൽ 182 പാഠപുസ്തകങ്ങളിലായി 1334 മാറ്റങ്ങൾ വരുത്തി. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലടക്കം അവതരിപ്പിക്കപ്പെട്ട വികലവും അബദ്ധജടിലവുമായ കാര്യങ്ങൾ പന്ത്രണ്ടാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളിൽ കയറിക്കൂടിയത് അങ്ങനെയാണ്.

അതുവരെയും മിത്തുകൾ എന്ന് വേർതിരിച്ച് പഠിപ്പിച്ചിരുന്നവയിൽ മിക്കതും അന്നുതൊട്ട് ലക്ഷണമൊത്ത ‘ചരിത്ര വസ്തുത’കളായി മാറി. 2018ലും സിലബസ് പരിഷ്കരണമുണ്ടായി. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായി ചില പാഠഭാഗങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നായിരുന്നു എൻ.സി.ഇ.ആർ.ടിയുടെ പ്രഖ്യാപനം. അതിൽപിന്നെയാണ് നെഹ്റു അടക്കമുള്ള ദേശീയ നേതാക്കൾ പാഠപുസ്തകത്തിനു പുറത്തായി തുടങ്ങിയത്. പുതിയ സിലബസ് മാറ്റത്തോടെ, ഹിന്ദുത്വയുടെ ചരിത്രനിഷേധം അതിന്റെ ഉച്ചിയിലെത്തിയിരിക്കുന്നു. സർവമേഖലകളിലും സമ്പൂർണ വെട്ടിനിരത്തലിലൂടെ രാജ്യത്തിന്റെ ചരിത്ര-സാംസ്കാരിക പാരമ്പര്യങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും തിരസ്കരിക്കുകയാണ് കേന്ദ്രഭരണകൂടം. മറുവശത്ത്, അധികാരത്തിന്റെ ഹുങ്കിലും സ്വാധീനത്തിലും ചരിത്രത്തിന്റെ കാവിവത്കരണവും ദ്രുതഗതിയിൽ നടക്കുന്നു. അപരവിദ്വേഷത്തിന്റെ ഈ ചരിത്രനിർമിതി ഫാഷിസ്റ്റ് ഭരണകൂടത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ എന്ന് ജനാധിപത്യവാദികൾ തിരിച്ചറിയേണ്ട സമയമാണിത്. അതിനാൽ, ഈ നീക്കത്തിനെതിരെ ശബ്ദമുയർത്താൻ ഫാഷിസ്റ്റ് വിരുദ്ധ സഖ്യത്തിന് ബാധ്യതയുണ്ട്.

Tags:    
News Summary - Madhyamam editorial on education policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.