മാറാത്ത ഷി ചൈനയെ മാറ്റുമോ?

കഴിഞ്ഞ ഞായറാഴ്ച സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ അത്ഭുതങ്ങളുണ്ടാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പുതിയ ഭരണകൂടത്തിന്റെ അടിത്തറയാവുന്ന പാർട്ടി പോളിറ്റ്ബ്യൂറോയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെക്കുറിച്ച് ഒരു കൗതുകം നിരീക്ഷകരെല്ലാം പങ്കുവെച്ചിരുന്നു. മുഖ്യമായി, നിലവിലെ പാർട്ടി ജനറൽ സെക്രട്ടറിയും ആ പദവി കൊണ്ട് രാജ്യത്തിന്റെ പ്രസിഡന്റുമായി ഷി ജിൻപിങ് തുടരുമ്പോൾ, 2018ൽ പാസാക്കിയ ഭരണഘടന ഭേദഗതിയനുസരിച്ച്, കീഴ്വഴക്കമില്ലാത്ത ഒരു മൂന്നാമൂഴം അദ്ദേഹത്തിനു ലഭിച്ചതാണ്. മാവോ സേ തുങ്ങിനുശേഷം ആദ്യാനുഭവം. ചെയർമാൻ മാവോ മരണംവരെ തലപ്പത്ത് തന്നെയായിരുന്നു. പിന്നീട് പ്രസിഡന്റായി വന്ന ഡെങ് സിയാവോ പിങ്ങാണ് കാലാവധി പത്തുവർഷത്തിൽ കവിയരുത് എന്ന വ്യവസ്ഥ വരുത്തിയത്. ഡെങ്ങിന്റെ രണ്ട് പിൻഗാമികളായ ജിയാൻ സെമിങ്ങും ഹു ജിന്റാഓയും അതനുസരിച്ച് പിരിയുകയും ചെയ്തു.

ചട്ടമനുസരിച്ച് അഞ്ചു വർഷത്തിനുശേഷം സമ്മേളിച്ച കോൺഗ്രസിൽ ഷി ജിൻപിങ്ങിനെ തിരുത്താൻ പറ്റുന്ന ഭിന്നശബ്ദങ്ങൾ ഉണ്ടാവുമോ എന്നതായിരുന്നു മുഖ്യമായും ലോകം ഉറ്റുനോക്കിയിരുന്നത്. 90 ദശലക്ഷം അംഗസംഖ്യയുള്ള ഭീമൻ സംഘടന സംവിധാനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെങ്കിലും, 2300 പ്രതിനിധികളാണ് കോൺഗ്രസിൽ പങ്കെടുത്ത് പോളിറ്റ്ബ്യൂറോയെ തിരഞ്ഞെടുക്കുന്നത്. ഷി ജിൻപിങ് അധ്യക്ഷനായ ഏഴംഗ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഷി ജിൻപിങ്ങിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട ആറുപേരും അദ്ദേഹത്തോട് കൂറുകാണിക്കുന്നവർ തന്നെയാണത്രേ.

യുക്രെയ്നിലെ റഷ്യൻ അധിനിവേശം, യു.എസ്- ചൈന ബന്ധങ്ങൾ, ഇറക്കുമതി നിയന്ത്രണങ്ങൾ, ചൈനയുടെ വടക്കുപടിഞ്ഞാറുള്ള സിൻജിയാങ്ങിൽ ഉയ്ഗൂർ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ പീഡന നടപടികൾ തുടങ്ങിയ ഘടകങ്ങൾ കാരണം ചൈനയുടെ നിലപാടുകൾ ഇന്ന് ഏറെ നിർണായകമാണ്. കൂടാതെ, തായ്‍വാൻ ചൈനയുടെ തന്നെ ഭാഗമാണെന്ന വാദവും അതിനോടുള്ള അമേരിക്കൻ സൈനിക പ്രതിരോധവും ചോദ്യചിഹ്നങ്ങളാണ്. പക്ഷേ, ഷിയുടെ മുൻ നിലപാടുകളിൽ കടുംപിടിത്തങ്ങൾ പ്രകടമായിരുന്നതിനാൽ ഉന്നതസമിതിയിൽ ഭിന്നസ്വരങ്ങൾക്ക് സാധ്യതയില്ല. അതുകൊണ്ടുതന്നെ ചൈനയുടെ നിലപാടുകളിലും മാറ്റങ്ങൾ വരാനിടയില്ല.

പുതിയ ടീമിൽ രണ്ടു പേരൊഴികെ മറ്റെല്ലാവരും പുതുമുഖങ്ങളാണ്. മുൻ രണ്ടാമനായിരുന്ന പ്രധാനമന്ത്രി ലി കെചിയാങ് പുറത്തായവരിൽപെടുന്നു. പുതിയ പ്രധാനമന്ത്രിയായി രണ്ടാമനായ ലി ചിയാങ് അടുത്തവർഷം സ്ഥാനമേൽക്കുമെന്ന് കരുതപ്പെടുന്നു. പാർട്ടിക്കകത്ത് മാത്രമല്ല ഷി ഭിന്ന സ്വരങ്ങളെ ഒതുക്കുന്നത്. കോൺഗ്രസിന്റെ തൊട്ടുമുമ്പ് ബെയ്‌ജിങ്ങിലെ ഹെയ്ഡാൻ സർവകലാശാല പരിസരത്ത് ഷി ജിൻപിങ്ങിനെ നീക്കണമെന്നു കാണിച്ച് പ്രതിഷേധ ബാനറുകൾ ഉയർത്തിയിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും വൈകാതെ അതെല്ലാം സെൻസർഷിപ്പിന് വിധേയമായതായി വാർത്തവന്നു. പിന്നെ ആ വാർത്തയും അപ്രത്യക്ഷമായി. കോടിക്കണക്കിന് പ്രേക്ഷകർ വീക്ഷിക്കുന്ന സ്റ്റേറ്റ് മാധ്യമങ്ങളിലെ ഭരണകൂട ഭാഷ്യങ്ങളെ ജനങ്ങൾക്ക് കാണാൻ പറ്റിയുള്ളൂ. അതിൽ ഷി ജിൻപിങ്ങിന്റെ ഏറെ വിവാദമായ കർശന കോവിഡ് നിയന്ത്രണങ്ങൾ പഴയപടി തുടരുമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളും വന്നു.

മൊത്തത്തിൽ, നേതാവ് മാത്രമല്ല, പരിപാടിയും ചൈന പഴയപടി തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. ഇതുവരെ തുടരുന്ന ആഭ്യന്തര-അന്തർദേശീയ നയങ്ങളിൽ കാതലായ മാറ്റങ്ങളൊന്നുമുണ്ടാകുമെന്ന് കരുതാൻ വയ്യ. സാമ്പത്തിക ആദാനപ്രദാനങ്ങൾ കാരണം അമേരിക്കയുമായി കടുത്ത ഏറ്റുമുട്ടലുകൾക്ക് ചൈന തുനിയാറില്ല. അമേരിക്കയും ഏതാണ്ട് അങ്ങനെ തന്നെ. യുക്രെയ്ൻ വിഷയത്തിൽ പോലും റഷ്യക്കെതിരായ യു.എൻ പ്രമേയങ്ങളിൽ ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. എന്നാൽ ആഗോള സാമ്പത്തികവികസനത്തിൽ പങ്ക് വർധിപ്പിച്ച് അമേരിക്കയുടെ മേധാവിത്വം ദുർബലമാക്കുന്നതിൽ ചൈന ബദ്ധശ്രദ്ധരാണെന്നതും അമേരിക്ക കാണുന്നുണ്ട്. കമ്പ്യൂട്ടർ ചിപ്പ് നിർമാണ മേഖലകൾ പോലുള്ളവക്ക് പുറമെ, ബഹിരാകാശ പര്യവേക്ഷണങ്ങൾ, ആയുധനിർമാണം എന്നിവയും യാത്രവിമാന നിർമാണം പോലും, ചൈനീസ് സ്വയംപര്യാപ്തതക്കും ആഗോള മേധാവിത്വത്തിനുമുള്ള ശ്രമങ്ങളാണ്. കൂടാതെ അവികസിതവും ധാതു-സമ്പന്നവുമായ ആഫ്രിക്കൻ, മധ്യ അമേരിക്കൻ രാജ്യങ്ങളിലും അഫ്‌ഗാനിസ്താൻ അടക്കമുള്ള ഏഷ്യൻ മേഖലയിലും കാലുറപ്പിക്കാൻ ചൈന ദീർഘകാല നിക്ഷേപങ്ങളും നടത്തുന്നുണ്ട്. അമേരിക്കക്ക് റഷ്യ പെട്ടെന്നുള്ള ഭീഷണിയാണെങ്കിൽ ചൈനയുടേത് ദീർഘകാല വെല്ലുവിളികളാണ്. അതുകൊണ്ടു തന്നെ ചൈന നയങ്ങളിൽ കാർക്കശ്യം കാണിക്കുകയാണെങ്കിൽ ആഗോള സമവാക്യങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യത ഉണ്ടാവുകയെന്നാണർഥം. ഷി ഏതു വഴിയാവും നീങ്ങുക എന്നത് ചൈനയുടെ മാത്രമല്ല, മേഖലയുടെ തന്നെ രാഷ്ട്രീയഭാവിയെ പുനർനിർണയിക്കുമെന്നതിനാൽ ഈ മൂന്നാമൂഴം കൂടുതൽ ലോകശ്രദ്ധയാകർഷിക്കുന്നു.

Tags:    
News Summary - Madhyamam editorial on china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.