ബി.ജെ.പി ഇനി മുസ്‍ലിംകളിലേക്കും!

ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹകസമിതി യോഗം ശ്രദ്ധേയമാവുന്നത് ദക്ഷിണേന്ത്യകൂടി പിടിച്ചടക്കാനുള്ള പ്രഖ്യാപനത്തിലൂടെയാണ്. കേന്ദ്രത്തിലും മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒറ്റക്കോ കൂട്ടായോ ഭരണം നടത്താൻ അവസരം ലഭിച്ച കാവിപ്പടക്ക്, ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന മഹാ അഘാഡി സർക്കാറിനെ താഴെ ഇറക്കി ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയെകൂടി ചൊൽപ്പടിയിലൊതുക്കാൻ കഴിഞ്ഞതോടെയാണ് ദക്ഷിണേന്ത്യകൂടി പിടിച്ചുവിഴുങ്ങാൻ സമയമായെന്ന വിലയിരുത്തലിന് വഴിതെളിഞ്ഞത്. തെക്കേ ഇന്ത്യയിൽ കർണാടകയും പുതുച്ചേരിയും മാത്രമേ നിലവിൽ ഹിന്ദുത്വ പാർട്ടിയോടൊപ്പമുള്ളൂ.

ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ കാവിസാമ്രാജ്യത്തിന് പുറത്താണ്. എവ്വിധവും ആ സംസ്ഥാനങ്ങളിൽകൂടി താമര വിരിയിക്കാൻ കഴിഞ്ഞാലേ സമ്പൂർണ ഹിന്ദുരാഷ്ട്ര സ്വപ്നം സാക്ഷാത്കരിക്കാനാവൂ. നാലു പതിറ്റാണ്ടു ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്ന അമിത് ഷായുടെ പ്രവചനവും ഹിന്ദുക്കളെ മാത്രമല്ല, ഇതരസമുദായങ്ങളിലെ അധഃസ്ഥിതരെകൂടി ഉൾക്കൊള്ളുന്നവിധം ബി.ജെ.പിയുടെ സ്വാധീനവലയം വികസിപ്പിക്കണമെന്ന നരേന്ദ്ര മോദിയുടെ ആഹ്വാനവും അവരുടെ ഉള്ളിലിരിപ്പും ലക്ഷ്യവും അനാവരണം ചെയ്യുന്നു.

ലക്ഷ്യം പൂർണമായി കൈവരിക്കാനുള്ള പ്രയാണത്തിൽ കല്ലുകടിയാവുന്നത് മതേതര പാർട്ടികളാണെന്നിരിക്കെ മുഖ്യ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയും കടന്നാക്രമിക്കാൻ പ്രധാനമന്ത്രി മോദി കണ്ടെത്തിയ ആയുധമാണ് കുടുംബവാഴ്ച വിരോധം. കുടുംബാധിഷ്ഠിത ഭരണംകൊണ്ട് രാജ്യം മടുത്തുവെന്ന് മോദി അവകാശപ്പെട്ടപ്പോൾ കോൺഗ്രസിനെ മാത്രമല്ല, യു.പിയിലെ അഖിലേഷ് യാദവിനെയും ആന്ധ്രയിലെ ജഗ് മോഹനെയും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയെയും തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിനെയുമടക്കം അദ്ദേഹം ടാർഗറ്റ് ചെയ്യുന്നു.

അതേസമയം, തീവ്രഹിന്ദുത്വ വംശീയതയിലധിഷ്ഠിതമായ ബി.ജെ.പിക്ക് മറികടക്കേണ്ട ഏറ്റവും ഗുരുതരമായ തടസ്സം ഇതര സമുദായങ്ങളെ ഉൾക്കൊള്ളാൻ പാർട്ടി തയാറല്ലെന്ന യാഥാർഥ്യമാണ്. പുള്ളിപ്പുലിക്ക് അതിന്‍റെ പുള്ളി മായ്ച്ചുകളയാനാവില്ലെന്നപോലെ ബി.ജെ.പി മതന്യൂനപക്ഷ വിരോധം കൈയൊഴിയാൻ ശ്രമിച്ചാൽ പാർട്ടിയുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്ന പ്രതിസന്ധി നേരിടേണ്ടിവരും. കാരണം, ലളിതമാണ്. ആർ.എസ്.എസിന്റെ താത്ത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കർ തന്റെ പ്രസ്ഥാനത്തെ പണിതുയർത്തിയ ഭൂമിക ഭാരതീയേതര പശ്ചാത്തലത്തിൽനിന്നുവന്ന ക്രിസ്തുമതവും ഇസ്‍ലാമും രാജ്യത്തിന് സ്വീകാര്യമല്ല, ആ മതങ്ങളുടെ അനുയായികൾക്ക് ദേശക്കൂറ് പുലർത്താൻ സാധ്യമല്ല എന്ന സങ്കൽപമാണ്. പിന്നിട്ട ഒമ്പതു പതിറ്റാണ്ടുകാലത്തിലധികം സംഘ്പരിവാർ ഈ അന്യമതവിരോധവും വിദ്വേഷവും വളർത്തിയെടുക്കാനാണ് ആസൂത്രിതമായി യത്നിച്ചിട്ടുള്ളതും.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ വഴിതെളിഞ്ഞതോടെ ഹിന്ദുത്വ ശക്തികൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. മതനിരപേക്ഷ ഭരണഘടനയിലെ അക്ഷരങ്ങൾ തിരുത്താതെതന്നെ നിയമനിർമാണസഭകളെയും ഭരണനിർവഹണത്തെയും ഒരളവോളം നീതിന്യായവ്യവസ്ഥയെ പോലും തങ്ങളിച്ഛിക്കുന്ന ദിശയിലേക്ക് കൊണ്ടുപോവാൻ സാധ്യമായിരിക്കേ വരാനിരിക്കുന്ന മൂന്നു നാലു ദശകങ്ങൾക്കകം ഭാരതത്തെ സമ്പൂർണ ഹിന്ദുരാഷ്ട്രമാക്കിത്തന്നെ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാനാവുമെന്ന് മോദി-അമിത് ഷാ ടീം കണക്കുകൂട്ടുന്നു. ഹൈദരാബാദിൽ സമ്മേളിച്ച ദേശീയ നിർവാഹകസമിതിയിൽ മോദിയും അമിത് ഷായും അതിലേക്കാണ് വിരൽചൂണ്ടിയത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും തീവ്ര വലതുപക്ഷ ദേശീയത ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കെ ലക്ഷ്യപ്രാപ്തി അസാധ്യമാണെന്ന് അവർ കരുതുന്നുണ്ടാവില്ല. എങ്കിൽപോലും മതനിരപേക്ഷ ജനാധിപത്യരാഷ്ട്രം എന്ന സ്വതന്ത്ര ഇന്ത്യയുടെ ചിരകാല പ്രതിച്ഛായ ഒറ്റയടിക്ക് തകർക്കേണ്ടതില്ലെന്ന തോന്നൽകൊണ്ടാവാം ഹിന്ദുക്കളിൽ മാത്രം പാർട്ടിസ്വാധീനം പരിമിതപ്പെടുത്താതെ മറ്റു സമുദായങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെകൂടി പാർട്ടിയിലേക്കാകർഷിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന് ദേശീയ നിർവാഹകസമിതി തീരുമാനിച്ചത്.

യു.പിയിൽ സമാജ്‍വാദി പാർട്ടി തലവൻ അഖിലേഷ് യാദവും അദ്ദേഹത്തിന്റെ വലംകൈയായ അഅ്സംഖാനും നിയമസഭയിലേക്ക് ജയിച്ചതിനാൽ രാജിവെച്ച ലോക്സഭ മണ്ഡലങ്ങളിൽ മുസ്‍ലിം വോട്ടുകൾ നിർണായകമായിരിക്കെ ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചത് മാതൃകയാക്കി പസ്മാന്ദ (പിന്നാക്ക) മുസ്‍ലിംകളിലേക്ക് ഇറങ്ങിച്ചെല്ലാൻ നേതൃത്വം അണികളെ ബോധവത്കരിച്ചിരിക്കുകയാണ്. പാർട്ടി ടിക്കറ്റിൽ ഒരൊറ്റ മുസ്‍ലിമിനെയും മത്സരിപ്പിക്കാതിരിക്കാനും കേന്ദ്ര കാബിനറ്റംഗമായ മുഖ്താർ അബ്ബാസ് നഖ്‍വി എന്ന മുസ്‍ലിം നാമധാരിക്ക് രാജ്യസഭയിൽ ഇനിയൊരവസരം നൽകാതിരിക്കാനും നിഷ്കർഷിച്ച പാർട്ടിയാണ് ഇതെന്നോർക്കണം.

മുസ്‍ലിംകളുടെ പൗരത്വം പ്രശ്നവത്കരിച്ചു; ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി; മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി നിയമം പാസാക്കി; ലക്ഷദ്വീപ് നിവാസികളുടെ ജീവിതംതന്നെ ദുസ്സഹമാക്കി; ആയിരങ്ങളെ കൂട്ടക്കൊല ചെയ്ത ഗുജറാത്ത് കലാപത്തിലെ ഇരകളുടെ പക്ഷത്തു നിന്ന വിഖ്യാത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും മലയാളി ആർ.ബി ശ്രീകുമാറിനെയും കാരാഗൃഹത്തിലടച്ചു; യു.എ.പി.എ ദുരുപയോഗിച്ച് മുസ്‍ലിം മാധ്യമപ്രവർത്തകരെ വേട്ടയാടി; ചരിത്രപുസ്തകങ്ങളിൽനിന്നും സ്ഥലനാമങ്ങളിൽനിന്നും മുസ്‍ലിം പേരുകൾ വെട്ടിമാറ്റി; മുസ്‍ലിം വിദ്യാർഥിനികളുടെ ഹിജാബിനു വിലക്കേർപ്പെടുത്തി; പരമ്പരാഗതമായി ഇറച്ചിക്കച്ചവടം തൊഴിലാക്കിയ 'പസ്മന്ദ' മുസ്‍ലിംകളെ ഗോവധം ആരോപിച്ച് ആൾക്കൂട്ടക്കൊലക്ക് വിട്ടുകൊടുത്തു; ഇവ്വിധം തുടരുന്ന അദമ്യമായ 'മുസ്‍ലിം സ്നേഹം' പുനഃപരിശോധിക്കുമെന്ന് അബദ്ധവശാൽപോലും ഉറപ്പുനൽകാതെയാണ് അവരുമായി സൗഹൃദം സ്ഥാപിക്കാനുള്ള സംഘ്പരിവാർ നീക്കം. കൈയടിക്കാൻ ദേശീയ മീഡിയയും മുസ്‍ലിം നാമധാരികളും നിലനിൽക്കുവോളം തിരിച്ചടി പ്രതീക്ഷിക്കാതെ കാവിപ്പടക്ക് മുന്നോട്ടുനീങ്ങാം.

രാജ്യത്തിന്റെ ഭരണഘടനയോടും തദധിഷ്ഠിതമായ ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള പ്രതിബദ്ധതക്ക് പ്രഥമ പരിഗണന നൽകുന്ന ഒരു ദേശീയ പ്രതിപക്ഷത്തിന്റെ അഭാവമാണ് അപകടകരമായ ഹിന്ദുത്വ രാഷ്ട്ര പദ്ധതിയുമായി മുമ്പോട്ടുനീങ്ങാൻ സംഘ്പരിവാറിന് ആത്മവിശ്വാസം പകരുന്നത്. 

Tags:    
News Summary - Madhyamam editorial on BJP new policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.