ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടി ബി.എൻ.പിയുടെ മുഖപത്രമായ ‘ദൈനിക് ദിങ്കൽ’ കഴിഞ്ഞ ദിവസം അവാമി ലീഗ് സർക്കാർ അടച്ചുപൂട്ടിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലെ സംഘർഷം അപരിഹാര്യമായ പതനത്തിലേക്ക് നീങ്ങുന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്. മിക്ക മാധ്യമങ്ങളും സർക്കാർപക്ഷത്തുള്ള വ്യവസായികളുടെ ഉടമസ്ഥതയിലാണെന്നിരിക്കെ പ്രതിപക്ഷത്തെ പ്രതിനിധാനംചെയ്യുന്ന പ്രധാന പത്രത്തിന്റെ പ്രസിദ്ധീകരണം തടയുകവഴി സ്വതേ പുകയുന്ന രാഷ്ട്രീയരംഗം പൂർവാധികം വഷളാക്കാവുന്ന നടപടികളാണ് ഹസീന വാജിദിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
30 വർഷത്തിലധികമായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ നടക്കുന്ന ദൈനിക് ദിങ്കൽ മാത്രമേ പ്രതിപക്ഷ ശബ്ദം കേൾപ്പിക്കാനുള്ളൂ. മാധ്യമ സ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യക്കും താഴെ 162ാം സ്ഥാനമാണ് ബംഗ്ലാദേശിന് റിപ്പോട്ടേഴ്സ് വിത്ത് ഔട്ട് ബോഡേഴ്സ് പുറത്തുവിടുന്ന പട്ടികയിലുള്ളത് എന്നാലോചിച്ചാൽ ജനാധിപത്യത്തിന്റെ പേരിൽ പെരുമ്പറ മുഴക്കുന്ന അവാമി ലീഗ് സർക്കാറിന്റെ തനിനിറം വ്യക്തമാവും. മതമൗലിക വാദികളെ സഹായിക്കുന്നവരെന്നും മതേതരത്വത്തെ നിരാകരിക്കുന്നവരെന്നും അവാമി ലീഗും മാധ്യമങ്ങളും നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബി.എൻ.പി-ജമാഅത്തെ ഇസ്ലാമി മുന്നണി സർക്കാറിൽനിന്ന് 2009ൽ അധികാരം പിടിച്ചെടുത്ത ഹസീന വാജിദിന്റെ പാർട്ടി 2014ലെയും 2018ലെയും തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നിലനിർത്തിയത്, അതേവരെ നിലവിലിരുന്ന കാവൽസർക്കാറിന്റെ കീഴിൽ വേണം തെരഞ്ഞെടുപ്പ് നടത്താനെന്ന ഭരണഘടനാ ചട്ടം എടുത്തുകളഞ്ഞതിന്റെ പിൻബലത്തിലായിരുന്നു. മാധ്യമങ്ങളെയും എക്സിക്യൂട്ടിവിനെയും മാത്രമല്ല, ജുഡീഷ്യറിയെപ്പോലും സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കാതെ വൻ വ്യവസായികളെ കൂട്ടുപിടിച്ച് അവാമി ലീഗ് നടത്തിയ അട്ടിമറി തന്നെയായിരുന്നു ഫലത്തിൽ ഇത്.
അതിനായി ബംഗ്ലാദേശ് വിമോചന സമരത്തിന്റെ ശിൽപിയും നായകനുമായി അറിയപ്പെടുന്ന ശൈഖ് മുജീബുർറഹ്മാന്റെ ഭരണകാലത്തുപോലും ഭീകരവാദ, രാജ്യദ്രോഹ കുറ്റങ്ങളിൽനിന്ന് തെളിവില്ലെന്നുകണ്ട് മുക്തരാക്കേണ്ടിവന്ന ജമാഅത്ത് നേതാക്കളുടെ പേരിൽ പതിറ്റാണ്ടുകൾക്കുശേഷം അതേ കുറ്റങ്ങളാരോപിച്ച് കൃത്രിമ ട്രൈബ്യൂണലുകളുണ്ടാക്കി വിചാരണപ്രഹസനം നടത്തി വധശിക്ഷയും ആയുഷ്കാല തടവുശിക്ഷയും വിധിച്ചു. കാരണം, ജമാഅത്തെ ഇസ്ലാമി പാർട്ടിയുമായുള്ള കൂട്ടുകെട്ടായിരുന്നു ബി.എൻ.പി നേതാവ് ബീഗം ഖാലിദ സിയയുടെ ഏറ്റവും വലിയ പിൻബലം. ജമാഅത്ത് പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം പാർട്ടി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് നിയമ വിരുദ്ധമാക്കുകയും ചെയ്തു. ബീഗം ഖാലിദ സിയയെ അഴിമതിക്കുറ്റം ചുമത്തി ദീർഘകാലം ജയിലിലടച്ചിരിക്കുകയുമാണ്. ഇതിനൊക്കെ ഹസീനക്ക് ധൈര്യം നൽകിയത് ബാഹ്യശക്തികളുടെ പിന്തുണയായിരുന്നു.
പക്ഷേ, സ്ഥിതിഗതികൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ ധ്വംസനത്തിനും തേർവാഴ്ചക്കുംനേരെ അമേരിക്ക കണ്ണുരുട്ടുകയാണ്. അതൊന്നും അനുവദിക്കാനാവില്ലെന്നാണ് ആ വൻശക്തിയുടെ നിലപാട്. മീഡിയ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടരുതെന്നും തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കണമെന്നും അമേരിക്ക ശഠിക്കുന്നു. ചൈനക്ക് ആ വക നിർബന്ധങ്ങളൊന്നുമില്ലെങ്കിലും ബംഗ്ലാദേശിൽ ഒരു പ്രത്യേക പാർട്ടി അധികാരത്തിൽ വരണമെന്നോ തുടരണമെന്നോ പിടിവാശിയില്ല. ആര് ഭരിച്ചാലും തങ്ങളുമായുള്ള ബന്ധം ശക്തമായിരിക്കണമെന്നേ ചൈന ആഗ്രഹിക്കുന്നുള്ളൂ. ഇന്ത്യയാവട്ടെ, ഹസീന സർക്കാറിന്റെ അതിരുകവിഞ്ഞ ചൈന വിധേയത്വത്തിൽ അസ്വസ്ഥമാണ്. 2018ലെ തെരഞ്ഞെടുപ്പിനുശേഷം അവാമി ലീഗ് ഭരണകൂടം ചൈനയോടാണ് കൂടുതൽ ആഭിമുഖ്യം പുലർത്തിവരുന്നത്. അത് ദേശീയ താൽപര്യങ്ങൾക്ക് ഹാനികരമായി മോദിസർക്കാർ കാണുന്നു. എന്നുകരുതി ഇന്ത്യ മാറിനിന്ന് നിരീക്ഷിക്കുകയല്ല സജീവ ഇടപെടലിലൂടെ ബംഗ്ലാദേശിനെ പിടിച്ചുനിർത്താൻ തന്നെയാണ് ശ്രമം.
റോ മേധാവിയുടെ ഒടുവിലത്തെ ധാക്ക സന്ദർശനം ആസൂത്രിത നീക്കങ്ങളുടെ ഫലമാണെന്നുവേണം കരുതാൻ. മുൻകാലങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായി വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കുമെതിരെ ബി.എൻ.പി സംഘടിപ്പിച്ച വൻ ജനകീയ പ്രക്ഷോഭം ഹസീന സർക്കാറിനെ പിടിച്ചുകുലുക്കിയിട്ടുണ്ട്. 2022 ഒക്ടോബർ എട്ടിന് ചിറ്റഗോങ്ങിൽ ആരംഭിച്ച സർക്കാർവിരുദ്ധ റാലി എട്ടു നഗരങ്ങളെ പ്രക്ഷുബ്ധമാക്കിയശേഷം 2022 ഡിസംബർ 10ന് ധാക്കയിൽ സമാപിച്ചപ്പോൾ അഭൂതപൂർവമായ ജനക്കൂട്ടമാണ് എല്ലാവിധ വിലക്കുകളും നിയന്ത്രണങ്ങളും മറികടന്ന് അതിന്റെ ഭാഗമായത്. അവശ്യ സാധനങ്ങൾക്ക് വിലകുറക്കുക, ഒരു നിഷ്പക്ഷ താൽക്കാലിക സർക്കാറിന്റെ മേൽനോട്ടത്തിൽ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങളാണ് ഈ റാലികളിലൊക്കെ മുഴങ്ങിയത്. ബി.എൻ.പി സെക്രട്ടറി ജനറൽ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു.
വിയന കൺവെൻഷന്റെ വ്യവസ്ഥകൾ ലംഘിക്കുന്നതായി അവാമി ലീഗ് സർക്കാർ ആരോപിക്കുമ്പോഴും ധാക്കയിലെ പാശ്ചാത്യ നയന്ത്രകാര്യാലയങ്ങൾ ജനകീയ റാലികളെ പിന്തുണച്ചു എന്നാണ് റിപ്പോർട്ട്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാനിടയില്ലെങ്കിലും, ബി.എൻ.പിയെ കൂടാതെ ബഹുകക്ഷി പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പുണ്ടാവില്ല എന്ന് മുഖ്യ ഇലക്ഷൻ കമീഷണറുടെ മുന്നറിയിപ്പ് അവഗണിക്കാൻ അവാമി ലീഗിന് സാധ്യമാവാത്ത സ്ഥിതിവിശേഷമാണ് നിലവിൽ. സാമ്പത്തികമായി ഇന്ത്യയെ പിന്നിലാക്കുന്ന വളർച്ച ബംഗ്ലാദേശ് നേടിയെടുത്തു എന്നു കണക്കുകൾ പറയുമ്പോഴും 1972-1975 കാലത്തെ ഏകകക്ഷി ഭരണത്തിലേക്ക് തിരിച്ചുപോവാനുള്ള അവാമി ലീഗിന്റെ ഉള്ളിലിരിപ്പ് പ്രായോഗികമാക്കുക പ്രയാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.