ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നിയമഭേദഗതിയും സംസ്ഥാനത്തെ ജമ്മു-കശ്മീർ, ലഡാക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി രാഷ്ട്രപതി ഇറക്കിയ ഉത്തരവും ചോദ്യംചെയ്യുന്ന 23 ഹരജികൾ ജൂലൈ 11നു പരിഗണിക്കാൻ തിങ്കളാഴ്ച സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നു. ഇതോടെ നാലുവർഷമായി അനിശ്ചിതത്വത്തിൽ കിടക്കുന്ന സംസ്ഥാനത്തിന്റെ പദവി സംബന്ധമായ കോടതി നടപടികൾ ആരംഭിക്കുകയായി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് ശർമ എന്നിവരടങ്ങുന്ന പഞ്ചാംഗ ഭരണഘടന ബെഞ്ചാണ് കേസ് കേൾക്കുക.
2019 ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ രാഷ്ട്രപതി ഇറക്കിയ ഉത്തരവും ജമ്മു-കശ്മീർ പുനഃസംഘടന ആക്ട് 2019ഉം പുനഃപരിശോധനക്കു വിധേയമാക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിന്മേലാണ് വാദം നടക്കേണ്ടത്. പ്രാഥമിക കോടതിനടപടികൾക്കു ശേഷം കേസ് ആഗസ്റ്റിൽ തുടങ്ങാനാണ് സാധ്യത. ജസ്റ്റിസ് കൗൾ ഡിസംബറിൽ വിരമിക്കുന്നതിനാൽ അതിനു മുമ്പ് കേസിൽ തീരുമാനമുണ്ടായേക്കുമെന്നും കരുതപ്പെടുന്നു.
തികച്ചും നാടകീയമായാണ് 2019 ആഗസ്റ്റിൽ ജമ്മു-കശ്മീർ സംസ്ഥാനത്തെ മൊത്തം നിശ്ചലമാക്കിയ രാഷ്ട്രീയനീക്കമുണ്ടായത്. 2018 ജൂണിൽ അതുവരെ സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പി-പി.ഡി.പി സഖ്യത്തിനുള്ള പിന്തുണ ബി.ജെ.പി പിൻവലിക്കുകയും മഹ്ബൂബ മുഫ്തി അധികാരത്തിൽനിന്ന് ഇറങ്ങുകയും ചെയ്തു. ഏതാനും മാസക്കാലത്തെ കാത്തിരിപ്പിനുശേഷം ഗവർണർ സത്യപാൽ മാലിക് സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. ഇതിനിടയിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും ചേർന്ന് മന്ത്രിസഭക്ക് അവകാശവാദം ഉന്നയിച്ചെങ്കിലും കുതിരക്കച്ചവട സാധ്യത ചൂണ്ടിക്കാട്ടി ഗവർണർ അത് തള്ളി. അന്നു മുതൽ ഇന്നുവരെ സംസ്ഥാനത്തെ ജനങ്ങൾക്ക് അവരുടെ തെരഞ്ഞെടുത്ത ജനപ്രതിനിധികളോ ജനകീയ സർക്കാറോ ഉണ്ടായിട്ടില്ല. മാത്രമല്ല, ജമ്മു-കശ്മീരും ലഡാക്കും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി ചുരുങ്ങുകയും ചെയ്തു. ലഡാക്കിലാവട്ടെ നിയമനിർമാണസഭയുമില്ല. ജമ്മു-കശ്മീരിനു സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാക്ക് ഇന്നോളം പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പും നീണ്ടുപോവുകയാണ്. അതിനു മുന്നോടിയായി നടക്കേണ്ട മണ്ഡല പുനർനിർണയത്തിൽ ബി.ജെ.പി യുടെ താല്പര്യത്തിനനുസരിച്ച് ഭൂരിപക്ഷത്തിനു സംഖ്യാപരമായ മേൽക്കൈ കിട്ടും വിധം ജമ്മുവിൽ ആറും കശ്മീർ താഴ്വരയിൽ ഒന്നും സീറ്റ് വർധിപ്പിച്ച് സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണകക്ഷിയാവാനും ലഡാക്കിൽ ഒരു ലോക്സഭ സീറ്റ് കിട്ടാനും വഴിയൊരുക്കിയിരിക്കുന്നു. ഇതിനു പുറമെ സംസ്ഥാനത്തൊട്ടാകെ അഭിപ്രായ പ്രകടനത്തിനുള്ള സർവമാർഗങ്ങളും അടച്ചു. സവിശേഷ പദവി റദ്ദുചെയ്യുന്നതിനുമുമ്പേ തന്നെ നടപ്പാക്കിയ ലോക്ഡൗണും ഇന്റർനെറ്റ് വിച്ഛേദനവും കാരണം ജനങ്ങളെ വരിഞ്ഞുമുറുക്കിയ സാഹചര്യമായിരുന്നു ഏറെനാൾ. ഇന്റർനെറ്റ് നിരോധം ഘട്ടംഘട്ടമായി നീക്കിയെങ്കിലും പുറംലോകത്തിനു കശ്മീരിൽ നടക്കുന്നത് അറിയാനോ സ്വദേശികൾക്ക് പുറംലോകം അറിയാനോ മാർഗങ്ങളില്ലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സൈനിക സാന്ദ്രതയുള്ള മേഖലയെന്ന് അറിയപ്പെടുന്ന കശ്മീരിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ഇടമേയില്ലെന്നായിരിക്കുന്നു.
2019ലെ ജമ്മു-കശ്മീർ നിയമഭേദഗതികളുടെ സാധുത ചോദ്യംചെയ്യുന്ന ഹരജികൾ പരിഗണിക്കുന്നതിൽ വന്ന കാലവിളംബത്തിന്റെ ബലത്തിൽ പല നടപടികളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കാലം കൊണ്ട് വിവാദ നടപടികൾ സ്ഥായീകരിക്കുന്ന പേശീബല രാഷ്ട്രീയത്തിന്റെ രീതിയിലാണിതെല്ലാം. ജമ്മു-കശ്മീരിനെ സംബന്ധിക്കുന്ന നിർണായക പരിഷ്കാരങ്ങൾ ന്യൂഡൽഹിയിലിരുന്ന് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു. അതും ആഗസ്റ്റ് അഞ്ചിന് രാജ്യസഭയിലും പിറ്റേ ദിവസം ലോക്സഭയിലുമായി രണ്ടു ദിവസം കൊണ്ട് ബിൽ സമർപ്പണവും ചർച്ചയും രാഷ്ട്രപതിയുടെ ഒപ്പിട്ടു നിയമമാക്കലുമെല്ലാം നടന്നു. ഒരു ജനതയുടെ ഭാഗധേയവുമായി അഭേദ്യമായി ബന്ധപ്പെട്ട നിയമനിർമാണത്തിന്റെ കഥയാണിത്.
കോടതി നടപടികൾക്ക് ഇടക്കാലത്തു കോവിഡ് തടസ്സമായെങ്കിലും പിന്നീടും നടപടികൾ ഉണ്ടായില്ല. ജസ്റ്റിസ് എൻ.വി. രമണ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ ഒരിക്കൽ കേസ് വേഗം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം പിരിയുന്നതുവരെ അതുണ്ടായില്ല അവസാനമായി കഴിഞ്ഞ ഫെബ്രുവരിയിൽ ഹരജിക്കാരുടെ അപേക്ഷയിൽ വേഗം ഒരു തീയതി നിശ്ചയിക്കാമെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞെങ്കിലും അതും നടന്നില്ല. ഇപ്പോഴാണ് ഒരു തീയതി നിശ്ചയിക്കുന്നത്. ഈ കേസിൽ ഏതൊക്കെ രീതികളിലാണ് വാദം നടക്കുക എന്നും അറിയാനിരിക്കുന്നേയുള്ളൂ. അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള വിശാല ഭരണഘടന ബെഞ്ച് കേൾക്കണമെന്ന ആവശ്യം ഹരജിക്കാർ ഉന്നയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടിട്ടില്ല. പിന്നാക്ക സംവരണം ചോദ്യം ചെയ്ത കേസിലും അതിനുമുമ്പ് ഇന്ദ്രാ സാഹ്നി കേസിന്റെ ഒമ്പതംഗ ബെഞ്ചിനെക്കാൾ വിശാലമായ ബെഞ്ച് വേണമെന്ന വാദം അംഗീകരിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, ആ അഞ്ചംഗ ബെഞ്ചുതന്നെ ഒമ്പതംഗ ബെഞ്ച് തീരുമാനിച്ച പല വിഷയങ്ങളും വ്യത്യസ്ത രീതിയിൽ തീർപ്പാക്കിയിട്ടുമുണ്ട്. ഒരു പ്രദേശത്തെ ജനതയുടെ ഇച്ഛക്കും ഭരണകൂടത്തിന്റെ വാശിക്കും ഇടയിലെ സംഘർഷങ്ങൾ ഉൾപ്പെട്ട കേസ് എന്ന നിലയിൽ ഒരു പക്ഷേ, ലോക നിയമചരിത്രത്തിൽതന്നെ സവിശേഷമായ ഒന്നാവാം ഈ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.