ഖലിസ്ഥാൻവാദികൾ വീണ്ടും?

ആയിരത്തിത്തൊള്ളായിരത്തി 1980കളിലും എൺപതുകളിലും തൊണ്ണൂറുകളിലുമായി ഇന്ത്യ മഹാരാജ്യത്തിന്റെ അഖണ്ഡതക്കും ഉദ്ഗ്രഥനത്തിനും സ്വൈരജീവിതത്തിനും കടുത്ത വെല്ലുവിളി ഉയർത്തി പഞ്ചാബിൽ താണ്ഡവമാടിയ ഖലിസ്ഥാൻ പ്രസ്ഥാനം പുനർജനിക്കുകയാണോ? അമൃത്പാൽസിങ് എന്ന വിവാദ പ്രഭാഷകന്റെ രംഗപ്രവേശനം സിഖ് തീവ്രവാദികൾക്ക് പുതുജീവൻ പകരുന്നുവോ? ദുബൈയിൽ ട്രക്ക് ഓടിച്ചുനടന്നിരുന്ന അമൃത്പാൽ പൊടുന്നനെ ‘വാരിസ് പഞ്ചാബ് ദേ’ (പഞ്ചാബിന്റെ അനന്തരാവകാശി) നായകനായി അവതരിച്ച് രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾ അഴിച്ചുവിടാൻ വഴിയൊരുക്കിയതിന്റെ പിന്നിൽ ആരെല്ലാം?

ലണ്ടനിൽ ഇന്ത്യൻ ഹൈകമീഷന്റെ നേരെ ഒരു സംഘം ഖലിസ്ഥാൻവാദികൾ കടന്നുവന്ന് ദേശീയപതാക വലിച്ച് താഴെയിട്ടതും അക്രമപ്രവൃത്തികൾ അഴിച്ചുവിട്ടതും യാദൃച്ഛികമോ ആസൂത്രിതമോ? അമേരിക്കയിൽ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നിലും ആസ്ട്രേലിയൻ പാർലമെന്റിനു മുന്നിലും ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം അരങ്ങേറി. പഞ്ചാബിൽ പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപറേഷനിൽ നൂറിൽപരമാളുകളെ ഇതിനകം പിടികൂടുകയും േതാക്കുകളും തിരകളും മറ്റായുധങ്ങളും പിടികൂടുകയും ചെയ്തിട്ടുണ്ട്. കരുതൽ നടപടി എന്നനിലയിൽ ഇന്റർനെറ്റ്-എസ്.എം.എസ് സേവനങ്ങൾ റദ്ദാക്കിയതായും പൊലീസ് അറിയിക്കുന്നു.

രാജ്യത്തിന്റെയാകെ സ്വാസ്ഥ്യം കെടുത്തിയ ഖലിസ്ഥാൻ എന്ന സ്വതന്ത്ര പഞ്ചാബ് ആശയം നാൽപതുകളിൽ അകാലിദൾ നേതാവ് മാസ്റ്റർ താരാസിങ് മുന്നോട്ടുവെച്ചിരുന്നതാണ്. ഇന്ത്യ ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമായി വീതിച്ചുനൽകുമ്പോൾ സിഖുകാരുടെ ജന്മഭൂമിയായ പഞ്ചാബിനും സ്വതന്ത്രപദവി നൽകണമെന്നതായിരുന്നു അകാലിദൾ നേതാവിന്റെ ആവശ്യം. എന്നാൽ, 1981 ഏപ്രിലിൽ അമേരിക്കയിൽ താമസിച്ചുവന്ന ഗംഗാസിങ് ധില്ലനാണ് ഖലിസ്ഥാൻവാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.

എൺപതുകളിൽ അമൃത് സറിലെ അകാലി ആത്മീയകേന്ദ്രമായ സുവർണക്ഷേത്രം ആസ്ഥാനമാക്കി ജർണയിൽ സിങ് ഭിന്ദ്രൻവാല സായുധകലാപം അഴിച്ചുവിട്ടതോടെയാണ് രാജ്യത്തിനകത്തും പുറത്തും വൻ പ്രത്യാഘാതമുണ്ടാകുന്നത്. പൊലീസും സുരക്ഷാ സേനയുമുൾപ്പെടെ നിയമവാഴ്ച നിലനിർത്താൻ ശ്രമിച്ച എല്ലാ വിഭാഗങ്ങളുടെയും നേരെ ആക്രമണങ്ങൾ നിത്യസംഭവമായി മാറി. സമാധാനം സ്ഥാപിക്കാനുള്ള സകല ചർച്ചകളും ശ്രമങ്ങളും വിഫലമാക്കി ഭിന്ദ്രൻവാല ഭീകരവാഴ്ച തുടർന്നപ്പോൾ 1984ൽ ഇന്ത്യൻപട്ടാളം ബ്ലൂസ്റ്റാർ ഓപറേഷനിലൂടെ സുവർണക്ഷേത്രത്തിൽ കടന്നുകയറി ഭിന്ദ്രൻവാലയെ വെടിവെച്ചുകൊന്നതോടെയാണ് അസ്വസ്ഥമായ സമാധാനമെങ്കിലും നിലവിൽവന്നത്.എന്നാൽ, അതിന് രാജ്യം നൽകേണ്ടിവന്ന വില കനത്തതായിരുന്നു.

അതേവർഷം ഒക്ടോബർ 31ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേരെ അവരുടെ അംഗരക്ഷകരിൽപെട്ട സത്‍വന്ത്സിങ്ങും ബിയാന്ത്സിങ്ങും നിറത്തോക്കൊഴിച്ചു. ഡൽഹിയിൽ ആളിപ്പടർന്ന പ്രതികാരജ്വാലയുടെ മറവിൽ നിരപരാധികളായ ആയിരക്കണക്കിൽ സിഖുകാരെ ആസൂത്രിത കൂട്ടക്കൊലക്കിരയാക്കിയത് മറ്റൊരു ദുരന്തം. വിദേശത്ത് വേരുകളുള്ള ഖലിസ്ഥാൻ ഭീകരപ്രസ്ഥാനം നാലു പതിറ്റാണ്ട് കാലത്തോളം പിന്നെ പത്തിവിടർത്തിയിരുന്നില്ല.

എന്നാൽ, ചില സിഖ് മനസ്സുകളിലെങ്കിലും സ്വതന്ത്ര രാഷ്ട്രമോഹം കെടാതെ കിടന്നുവെന്നാണ് ‘വാരിസ് പഞ്ചാബ് ദേ’ നായകൻ അമൃത്പാൽ സിങ്ങിന്റെ രംഗപ്രവേശനത്തോടെ മനസ്സിലാക്കേണ്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും വികാസവും സാധ്യമാക്കുന്നതിൽ തികഞ്ഞ ഔത്സുക്യം പുലർത്തിയ, ഒട്ടേറെ ത്യാഗങ്ങളർപ്പിച്ച ജനതയാണ് പഞ്ചാബിലെ സിഖുകാർ എന്ന കാര്യത്തിൽ സംശയമേ ഇല്ല. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീരദേശാഭിമാനികളായ സൈനികരിൽ സിഖുകാർ എല്ലായ്പോഴും മുൻപന്തിയിലാണുതാനും. അവ്വിധമുള്ളൊരു ജനത മൊത്തത്തിൽ വിഘടനത്തിനും രാജ്യരക്ഷ അപകടപ്പെടുത്തുന്നതിനും അനുകൂലമായി ചിന്തിക്കാനോ ചലിക്കാനോ സാധ്യതയില്ലതന്നെ. പക്ഷേ, നഞ്ഞെന്തിന് നാനാഴി എന്ന് ചോദിക്കുംപോലെ രാജ്യദ്രോഹികളായ കുറച്ചുപേർ മതിയല്ലോ പഞ്ചാബിന്റെയും രാജ്യത്തിന്റെയും ഉറക്കംകെടുത്താൻ.

ദാരിദ്ര്യം, തൊഴിലില്ലായ്മ, അനാരോഗ്യം എന്നീ കാരണങ്ങളാൽ ഏറെ പ്രയാസപ്പെടുന്ന സംസ്ഥാനമല്ല പഞ്ചാബ്. താരതമ്യേന സമ്പൽസമൃദ്ധമാണത്. ജനസംഖ്യയിൽ വലിയൊരുവിഭാഗം കർഷകരായിരിക്കെ, വിളകൾക്ക് വിലകിട്ടാത്തതിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും അസ്വസ്ഥരാണവർ എന്നത് വസ്തുതയാണ്. ഡൽഹിയെ പിടിച്ചുകുലുക്കിയ വൻ കർഷകപ്രക്ഷോഭത്തിന്റെ മുന്നിൽ മോദിസർക്കാർ മുട്ടുകുത്തേണ്ടിവന്നത് മറക്കാറായിട്ടില്ല. പിന്നീട് വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തള്ളപ്പെട്ടത് അതിന്റെ കൂട്ടായ പ്രത്യാഘാതമായി വിലയിരുത്തപ്പെടണം. പക്ഷേ, ഇക്കാര്യങ്ങളൊന്നും ഖലിസ്ഥാൻപോലുള്ള ആത്യന്തിക പ്രസ്ഥാനങ്ങൾക്ക് ന്യായീകരണമായിക്കൂടാ.

കശ്മീരിന്‍റെ പേരിൽ എല്ലാകാലത്തും ഇന്ത്യയോട് വിരോധത്തിൽ കഴിയുന്ന പാകിസ്താന്റെ ചരടുവലികൾ ഒരുവേള പുതിയ വിഘടന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടാവാം. നമ്മുടെ സർക്കാറും രഹസ്യാന്വേഷണ ഏജൻസികളും ഈ വശം അതർഹിക്കുന്ന ഗൗരവത്തോടെ നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കുന്നുണ്ടാവണം എന്നുതന്നെയാണ് കരുതേണ്ടത്. ഏതുനിലക്കും അമൃത്പാൽ സിങ്ങിന്റെയും അയാളുടെ കൂട്ടാളികളുടെയും നീക്കങ്ങൾ സർവശക്തിയുമുപയോഗിച്ച് പരാജയപ്പെടുത്തിയേ മതിയാവൂ.

Tags:    
News Summary - Madhyamam editorial: Khalisthan movement again?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.