ജൂൺ അഞ്ചിന് പഞ്ചാബിലെ അമൃത്സറിൽ വിവിധ സിഖ് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന 'ആസാദി മാർച്ച്' ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. സ്വതന്ത്ര ഖലിസ്താനുവേണ്ടി പ്രവർത്തിച്ചിരുന്ന സിഖ് കലാപകാരി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ 'രക്തസാക്ഷിത്വ'ദിന തലേന്നാണ് ഖലിസ്താൻ അനുകൂല മുദ്രാവാക്യങ്ങളും പതാകയുമുയർത്തി ആ മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ഭിന്ദ്രൻവാലയടക്കമുള്ള 'രക്തസാക്ഷി'കളെ പുകഴ്ത്തിക്കൊണ്ടുള്ള മുദ്രാവാക്യങ്ങളും മുഴങ്ങി. തൊട്ടടുത്ത ദിവസം- ജൂൺ ആറിന്- നടന്ന സമ്മേളനത്തിൽ അകാൽ തക്ത് അധ്യക്ഷൻ ജതേദാർ ഹർപ്രീത് സിങ് സിഖ് യുവാക്കൾ സായുധപരിശീലനം നേടിയെടുക്കേണ്ടതുണ്ടെന്ന് ഉണർത്തി. സിഖ് സംസ്കാരം, മതം, രാഷ്ട്രീയം എന്നിവയെല്ലാം കടുത്ത ഭീഷണി നേരിടുന്നതായി പറഞ്ഞ അദ്ദേഹം എല്ലാ രംഗത്തും സിഖ് സ്വത്വം ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. പഞ്ചാബികൾക്കിടയിൽ ശക്തിപ്പെടുന്ന മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ചും ക്രൈസ്തവ മതപരിവർത്തന പദ്ധതികളെക്കുറിച്ചും അദ്ദേഹം അനുയായികൾക്ക് മുന്നറിയിപ്പ് നൽകി.
1980കളിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായിരുന്നു ഖലിസ്താൻ വാദം. ഇന്ത്യയിലെ സിഖ് അധിവാസ മേഖലകൾ ഉൾപ്പെടുത്തി സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയാണ് അതിന്റെ അടിസ്ഥാന ലക്ഷ്യം. പഞ്ചാബിലെങ്ങും രക്തരൂഷിത ഇടപെടലുകളാണ് അവർ നടത്തിയത്. ഒരു സമാന്തര സർക്കാറിനെപ്പോലെ ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലെ സംഘം പഞ്ചാബ് അടക്കിവാണു. അവർക്ക് എതിരുനിൽക്കുന്ന, ഇന്ത്യയെ അനുകൂലിക്കുന്ന ആരും ഏതു നിമിഷവും കൊല്ലപ്പെടാവുന്ന അവസ്ഥ. സിഖുകാരുടെ ഏറ്റവും വിശുദ്ധ ഇടമായ അമൃത്സറിലെ സുവർണ ക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു ഭിന്ദ്രൻവാലയുടെ പ്രവർത്തനം. 1984ൽ, പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ അനുവാദത്തോടെ സൈന്യം സുവർണ ക്ഷേത്രം വളയുകയും ഭിന്ദ്രൻവാലയെയും സംഘത്തെയും വകവരുത്തുകയും ചെയ്തു. ബ്ലൂസ്റ്റാർ ഓപറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ആ സൈനികനടപടിയുടെ പേരിലാണ് പിന്നീട് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻവരെ നഷ്ടപ്പെട്ടത്. ഓപറേഷൻ ബ്ലൂസ്റ്റാറും തുടർന്ന് കെ.പി.എസ്. ഗിൽ പഞ്ചാബ് പൊലീസ് മേധാവിയായിരിക്കെ നടത്തിയ കടുത്ത നടപടികളും എല്ലാം ചേർന്നപ്പോൾ ഖലിസ്താൻ വിഘടനവാദം ഫലത്തിൽ പഞ്ചാബിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അതിന്റെ മുൻനിര നേതാക്കളെല്ലാം കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തു. സായുധപോരാട്ടം പഞ്ചാബ് മണ്ണിൽനിന്ന് അപ്രത്യക്ഷമായെങ്കിലും ആശയതലത്തിൽ ഖലിസ്താൻ വാദം നിലനിൽക്കുന്നുണ്ടായിരുന്നു.
പഞ്ചാബ് കഴിഞ്ഞാൽ ഒരുപക്ഷേ സിഖ് സംഘടനകൾ ഏറ്റവും ശക്തമായ പ്രദേശം കാനഡയായിരിക്കും. സ്വാധീനശേഷിയുള്ള, സമ്പന്ന സിഖ് സമൂഹം കാനഡയിലുണ്ട്. കനേഡിയൻ രാഷ്ട്രീയത്തിലും അവർക്ക് സ്വാധീനമുണ്ട്. നാലു മന്ത്രിമാരടക്കം 20 സിഖ് എം.പിമാർ ആ രാജ്യത്തുണ്ട്. കാനഡയിലെയും ബ്രിട്ടനിലെയും സിഖ് സമൂഹത്തിനിടയിൽ ഖലിസ്താൻ വാദത്തിന് സ്വാധീനമുണ്ട്. ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന സംഘടന സാർവദേശീയ തലത്തിൽ ഖലിസ്താൻ പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഇത്തരം നീക്കങ്ങളുടെയെല്ലാം സ്വാധീനം സിഖ് ചെറുപ്പക്കാർക്കിടയിലുണ്ട്; പുറമേക്ക് ദൃശ്യമല്ലെങ്കിലും. അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രകടനം എന്ന നിലക്കാണ് ജൂൺ അഞ്ചിനും ആറിനും അമൃത്സറിൽ നടന്ന റാലിയെയും പ്രഭാഷണങ്ങളെയും കാണേണ്ടത്.
അതികേന്ദ്രീകൃതവും സുശക്തവും ഏകശിലാത്മകവുമായ ദേശീയതയുടെ വക്താക്കളാണ് സംഘ്പരിവാർ. അവർ അധികാരത്തിലിരിക്കുമ്പോഴാണ് രാജ്യതലസ്ഥാനത്തോട് അടുത്തുനിൽക്കുന്ന സംസ്ഥാനത്ത് വിഘടനവാദ ആശയങ്ങൾ വീണ്ടും തലപൊക്കുന്നത് എന്നത് ശ്രദ്ധിക്കുക. പഞ്ചാബിൽ മാത്രമല്ല, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും വിഘടനവാദ ആശയങ്ങൾ ശക്തമായി തുടരുകയാണ്. കശ്മീർ പ്രശ്നം വീണ്ടും വഷളായിക്കൊണ്ടിരിക്കുന്നു. എന്തിനേറെ, തമിഴ്നാട്ടിൽപോലും ദ്രാവിഡസ്താൻ പോലുള്ള ആശയങ്ങളും ഹിന്ദിവിരുദ്ധ വികാരവും ശക്തിപ്പെടുകയാണ്. ദേശീയവാദികൾ എന്നവകാശപ്പെടുന്നവർ രാജ്യം ഭരിക്കുമ്പോൾ എന്തുകൊണ്ട് ഇത്തരം വിഘടന ചിന്തകളും ഉപദേശീയതാവാദങ്ങളും ശക്തിപ്പെടുന്നുവെന്ന് അവർ ആത്മപരിശോധന നടത്തണം. കൃത്രിമവും മേലെനിന്ന് അടിച്ചേൽപിക്കുന്നതുമായ കേന്ദ്രീകരണമല്ല നമ്മുടെ ദേശീയതയുടെയും രാഷ്ട്രീയ ഘടനയുടെയും അടിസ്ഥാനം എന്നതാണ് വസ്തുത. എല്ലാ സംസ്കാരങ്ങളെയും ഉപദേശീയതകളെയും ഭാഷകളെയും മാനിക്കുന്ന, എല്ലാവർക്കും തുല്യ പരിഗണന നൽകപ്പെടുന്ന രാജ്യം എന്നതാണ് നമ്മുടെ ശക്തി. എന്നാൽ, ആ കാഴ്ചപ്പാടിന് പരിക്കേൽപിക്കുന്ന സമീപനങ്ങളാണ് നരേന്ദ്ര മോദി അധികാരമേറ്റത് മുതൽ പിന്തുടരുന്നത്. അത് രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയല്ല, ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് ബി.ജെ.പിയും കേന്ദ്ര ഭരണകൂടവും മനസ്സിലാക്കണം.
കഴിഞ്ഞ പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബിൽ രാഷ്ട്രീയമായി തങ്ങൾക്ക് വലിയ റോളില്ല എന്ന് അവർ മനസ്സിലാക്കുന്നു. അതിനാൽ, വിഘടനവാദ സ്വഭാവം സ്വീകരിക്കുന്ന ശക്തികളെ പരോക്ഷമായി പിന്തുണച്ച് പഞ്ചാബിൽ കുഴപ്പങ്ങളുണ്ടാക്കി ഇടപെടാനുള്ള പഴുതുകൾ തേടുകയാണോ അവർ എന്ന് സംശയിക്കുന്നവരുമുണ്ട്. രാജ്യം ഭരിക്കുന്ന പ്രസ്ഥാനം അങ്ങനെയൊരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ അത് അപകടകരമായിരിക്കും. അത്തരം ബുദ്ധിശൂന്യത അവർ ചെയ്യില്ല എന്ന് പ്രതീക്ഷിക്കാം. അതേസമയം, എന്തുകൊണ്ട് പൊടുന്നനെ ഖലിസ്താൻ വാദികൾ പ്രത്യക്ഷമായിതന്നെ തെരുവിലിറങ്ങുകയും മുദ്രാവാക്യം വിളിക്കുകയുമൊക്കെ ചെയ്യുന്ന സാഹചര്യമുണ്ടായി എന്നത് ഗൗരവപൂർവം പരിശോധിക്കപ്പെടേണ്ട കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.