ഹയർസെക്കൻഡറി വിവേചനം: പരിഹരിക്കേണ്ടത് ഇപ്പോഴാണ്

പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധനകൾ ദ്രുതഗതിയിൽ നടക്കുന്ന സമയമാണിത്​. മേയ് 10ന് ഫലം പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാൻ സർക്കാർ നിശ്ചയിച്ച ഹ​യ​ർ സെ​ക്ക​ൻഡ​റി മു​ൻ ഡ​യ​റ​ക്ട​ർ വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യരുടെ നേതൃത്വത്തിലുള്ള സ​മി​തിയുടെ നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടത് ഈ സമയത്തായത്​ നന്നായി. മുൻവർഷങ്ങളുടെ അനുഭവം മുൻനിർത്തി ഇത്തവണയും വിജയശതമാനം 98 ശതമാനത്തിന് മുകളിലായിരിക്കുമെന്നുറപ്പ്​. ഹയർസെക്കൻഡറി പ്രവേശനം വടക്കൻ ജില്ലകളിൽ ബാലികേറാമലയാകും. തെക്കൻ കേരളത്തിൽ വിദ്യാർഥികളെ കിട്ടാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. ആവർത്തിക്കപ്പെടുന്ന ഈ വിവേചനത്തിന് അറുതിവരുത്താൻ സഹായകമായ നിർദേശങ്ങൾ കാർത്തികേയൻ നായർ സമിതി നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഏകജാലക സംവിധാന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.

പഠനത്തിൽ വിദ്യാർഥികൾക്ക് വ്യക്തിഗത ശ്രദ്ധ ലഭിക്കാൻ ഹയർസെക്കൻഡറിയിൽ ഒരു ക്ലാസിൽ പരമാവധി അമ്പതു വിദ്യാർഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന വ്യവസ്ഥ കർശനമാക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം. മലബാർ മേഖലകളിൽ പത്താം ക്ലാസ് ജയിക്കുന്നതിനനുസരിച്ച് ഹയർസെക്കൻഡറി ബാച്ചുകളില്ല എന്ന വസ്തുതയും ഒരു ക്ലാസിൽ 60-65 വിദ്യാർഥികൾ പഠിക്കുന്നു എന്നതും കമ്മിറ്റി അംഗീകരിക്കുന്നു. ബാച്ചുകൾ അനുവദിച്ചതിൽ വടക്കൻ ജില്ലകളും തെക്കൻ ജില്ലകളും തമ്മിലുള്ള വിവേചനവും സമിതി കണ്ടെത്തിയിട്ടുണ്ട്. അവ പരിഹരിക്കാൻ ഒരു ക്ലാസിൽ പരമാവധി അമ്പതു വിദ്യാർഥികളെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന് തീരുമാനിക്കുകയും ആനുപാതികമായി പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കാൻ തയാറാകുകയുമാണ് വേണ്ടത്. അ​ധി​ക സീ​റ്റു​ക​ളും താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളും അ​നു​വ​ദി​ച്ച് താ​ൽ​ക്കാ​ലിക​മാ​യി പ്ര​ശ്നം തീർക്കുന്ന രീതി അവസാനിപ്പിക്കാൻ ഏറ്റവും ഉചിതമായ സന്ദർഭമാണിത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​തി​നാ​റാ​യി​ര​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളും കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രും പ്ല​സ് വ​ൺ റെ​ഗു​ല​ർ പ​ഠ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്താകുന്ന വിദ്യാഭ്യാസ വിവേചനത്തിനും അതോടെ അറുതിയാകും.

ശാ​സ്ത്രീ​യ പഠനങ്ങളോ വി​ല​യി​രു​ത്ത​ലുകളോ ഇല്ലാതെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ബാ​ച്ചു​കൾ അ​നു​വ​ദി​ച്ചതാ​ണ് ഹയർസെക്കൻഡറി പ്രവേശനത്തിലെ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണമെന്നാണ് കാർത്തികേയൻ സമിതി​യു​ടെ നി​ഗ​മ​നം. ‘മാധ്യമം’ പലപ്പോഴായി ആവർത്തിച്ചുന്നയിച്ച വസ്തുതയാണിത്. 2022-23 വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ 71 സർക്കാർ ഹയർസെക്കൻഡറികളിലെ 92 ബാച്ചുകളിലും 16 എയ്ഡഡ് സ്കൂളുകളിലെ 19 ബാച്ചുകളിലും മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ആവശ്യത്തിന് സീറ്റില്ലാത്ത കാരണത്താൽ ഓപൺ സ്കൂൾ (സ്കോൾ കേരള) പ്രവേശനം നേടിയവരുടെ എണ്ണത്തിൽ 80.65 ശതമാനം മലബാറിലും 41.28 ശതമാനം മലപ്പുറം ജില്ലയിലുമായിരുന്നു. എല്ലാ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു ഹയർസെക്കൻഡറി സ്കൂൾ വേണമെന്ന സർക്കാർ തീരുമാനത്തിന്‍റെ മറവിൽ രാഷ്ട്രീയ, സമുദായ സമ്മർദങ്ങൾക്ക് വിധേയമായി സ്കൂ​ളു​ക​ളും ബാച്ചുകളും അനുവദിച്ചതിന്‍റെ പരിണിതിയാണ് ഇപ്പോൾ പ്രതിസന്ധിയായി മാറിയത്. അധ്യാപക നിയമനത്തിലെ ‘അങ്ങാടി നിലവാര’ത്തിനനുസരിച്ച തുകകൾ ലഭിക്കേണ്ടവർക്ക് ലഭിച്ച സ്ഥിതിക്ക് അത്തരം സ്ഥാപനങ്ങളിൽ ഇപ്പോൾ വിദ്യാർഥികളില്ലാത്തത് മാനേജ്മെന്‍റുകളെ ഏറെയൊന്നും അലോസരപ്പെടുത്തുന്നുമില്ല. അ​തേ​സ​മ​യം, മ​ല​ബാ​ർ മേ​ഖ​ല​ക​ളി​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു പ​ക​രം അ​ധി​ക സീ​റ്റു​ക​ൾ അ​നു​വ​ദിക്കുകയാണ് ചെയ്തത്. തദ്ഫലമായി ക്ലാ​സ് മു​റി​ക​ൾ തി​ങ്ങി​നി​റ​യു​ക​യും അ​ധ്യാ​പ​ക​ർ പോ​രാ​തെ ​വ​രു​ക​യും ചെ​യ്യുന്നു. ഈ ​പ്ര​ശ്ന പ​രി​ഹാരത്തിന് വി​ദ്യാ​ർ​ഥി​ക​ൾ കു​റ​വു​ള്ള സ്കൂ​ളു​ക​ളി​ൽ​നി​ന്ന് അ​ധ്യാ​പ​ക​രെ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​മ്മി​റ്റി​ നിർദേശം.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ പ​ല സ്കൂ​ളു​ക​ളി​ലും കു​ട്ടി​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കുമ്പോൾ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ര​വ​ധി സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ കഴിയാതെ മറുവഴികൾ തേടേണ്ടിവരുന്ന അസമത്വം കേരളത്തിന്‍റെ പ്രബുദ്ധതക്കുമേലുള്ള കളങ്കമാണ്. ഇതേ സന്ദർഭത്തിലാണ് സർക്കാർ നിബന്ധനകൾ പാലിച്ച സ്കൂളുകളിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നതിൽ സർക്കാർ പുലർത്തുന്ന വിവേചനവും വാർത്തയാകുന്നത്.

വിദ്യാർഥി ഘട്ടത്തിലെ ഏറ്റവും നിർണായകമായ ഹയർസെക്കൻഡറി പഠനം വിവാദരഹിതമാകാനും വിദ്യാർഥി സൗഹൃദാന്തരീക്ഷം കലാലയങ്ങളിൽ സൃഷ്ടിക്കാനും സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമിതാണ്. ശാസ്ത്രീയമായ വിദ്യാർഥി-അധ്യാപന അനുപാതവും പ്രാദേശിക വിവേചനങ്ങളില്ലാതെ പഠിക്കാനുള്ള തുല്യാവസരവും മികച്ച പഠനാന്തരീക്ഷവും നമ്മുടെ വിദ്യാർഥികൾ അർഹിക്കുന്നുണ്ട്. അത് നൽകാൻ നമുക്കാകണം. 

Tags:    
News Summary - Madhyamam editorial in higher secondary admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.