ഗവർണർ vs മുഖ്യമന്ത്രി

ബി.ജെ.പിയുടെ കേന്ദ്രസർക്കാർ നിയമിച്ച സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാറും തമ്മിൽ നേരത്തേയാരംഭിച്ച ശീതസമരം മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാമൂഴത്തോടെ ശക്തിപ്രാപിച്ച് ഇപ്പോൾ തുറന്ന യുദ്ധത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങൾ നൽകുന്ന സൂചന. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രസർക്കാർ നോമിനികളായ ഗവർണർമാരും തമ്മിലെ ബന്ധം സുഖകരമല്ലെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ പോര് അത്യസാധാരണമായ വഴിത്തിരിവിലാണ് എത്തിനിൽക്കുന്നത് എന്നെങ്കിലും പറയണം.

എ.പി.ജെ. അബ്ദുൽകലാം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം ചട്ടങ്ങൾ മറികടന്നുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി പ്രഫ. പി.എസ്. ശ്രീജിത്ത് സമർപ്പിച്ച ഹരജിയിന്മേൽ വാദംകേട്ട സുപ്രീംകോടതി അവരുടെ വി.സി പദവി റദ്ദാക്കിയതോടെ പണ്ടോറയുടെ പെട്ടി തുറക്കുകയായിരുന്നു ചാൻസലർ കൂടിയായ ഗവർണർ. നിയമനത്തിന് താൻ തന്നെ ഒപ്പിട്ടുകൊടുത്ത നാലുപേർ ഉൾപ്പെടെ ഒമ്പത് വി.സിമാരോട് ഒക്ടോബർ 24 തിങ്കളാഴ്ച രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്ന് തലേദിവസം ഉത്തരവിട്ട ആരിഫ് മുഹമ്മദ് ഖാൻ വി.സിമാരെ മാത്രമല്ല, സർക്കാറിനെയും ജനങ്ങളെയാകെയും ഞെട്ടിക്കുകയായിരുന്നു. സ്വാഭാവികമായും ഗവർണറുടെ ഉത്തരവിന് വഴങ്ങി രാജിവെക്കേണ്ടതില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വി.സിമാർക്ക് നൽകിയത്. അതുപ്രകാരം സ്ഥാനം രാജിവെച്ചൊഴിയാൻ വൈസ് ചാൻസലർമാർ തയാറായതുമില്ല. പകരം അവർ ഹൈകോടതിയിൽ ഗവർണറുടെ ഉത്തരവിനെ ചോദ്യംചെയ്തു. ചാൻസലറാവട്ടെ രാജിവെക്കാതിരിക്കാനുള്ള കാരണം നവംബർ മൂന്നിനകം ബോധിപ്പിക്കണമെന്ന് വി.സിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈകോടതിയും അത്രയും സമയം വാദം കേൾക്കൽ നീട്ടിവെക്കുകയും ചെയ്തിരിക്കുന്നു.

എ.പി.ജെ. അബ്ദുൽ കലാം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയെ തൽസ്ഥാനത്ത് നിയമിച്ചത് അവർ മാത്രമുള്ള പാനലിൽനിന്നായിരുന്നു; സെർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി കൂടി അംഗമായിരുന്നു എന്നീ ചട്ടലംഘനങ്ങളാണ് ഹരജിക്കാരൻ പരമോന്നത കോടതിയിൽ ചോദ്യംചെയ്തത്. അതംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയതും. എങ്കിൽ കേരളത്തിലെ മറ്റു യൂനിവേഴ്സിറ്റികളിലെ വി.സിമാരുടെയും നിയമനം അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നടപടി. സെർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരുന്നു, ശിപാർശ ചെയ്ത പാനലുകളിൽ നിശ്ചിത അംഗസംഖ്യ ഉണ്ടായിരുന്നില്ല എന്നീ കാരണങ്ങളാൽ രാജിവെച്ചൊഴിയാനുള്ള തന്റെ ഉത്തരവ് കോടതിവിധിയുടെ സ്വാഭാവിക താൽപര്യ പ്രകാരമാണെന്ന നിലപാടിലാണ് ചാൻസലർ.

എന്നാൽ, ഒരു പ്രത്യേക യൂനിവേഴ്സിറ്റിക്കും വി.സിക്കും മാത്രം ബാധകമായതും സ്വകാര്യ ഹരജിയെ അടിസ്ഥാനമാക്കിയുള്ളതുമായ കോടതിവിധി മറ്റെല്ലാ വി.സിമാർക്കും ബാധകമാക്കിയ ഗവർണറുടെ നടപടി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം അപ്പാടെ കൈയടക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നിലപാട്. ഇതിനെതിരെ അവർ തെരുവിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രതിപക്ഷമായ യു.ഡി.എഫിൽ പക്ഷേ, ഇവ്വിഷയത്തിൽ സമവായമില്ല. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും കെ. മുരളീധരൻ എം.പിയും ഗവർണർക്കെതിരായ നിലപാട് പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണറെ പിന്തുണക്കുകയാണ് ചെയ്തിരിക്കുന്നത്. മുസ്‍ലിം ലീഗാവട്ടെ വി.സി നിയമനങ്ങളിൽ പിണറായി സർക്കാർ ക്രമക്കേടുകൾ കാണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതോടൊപ്പം തന്നെ ആരിഫ് മുഹമ്മദ്ഖാന്റെ സംഘ്പരിവാർ അനുകൂലനീക്കങ്ങളെ അംഗീകരിക്കുന്നുമില്ല. സങ്കീർണമായിത്തീർന്നിരിക്കുന്ന ഈ സ്ഥിതിവിശേഷത്തിന്റെ പരിണതി കാത്തിരുന്ന് കാണാം.

ഒരു കാര്യം വ്യക്തമാണ്. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടപോലെ കാവിവത്കരണവും മാർക്സിസ്റ്റ്‍വത്കരണവും തമ്മിലെ പോരാട്ടമാണ് ആത്യന്തികമായി വി.സി വിവാദത്തിന്റെ അന്തർധാര. രാജ്യത്തെ വിദ്യാഭ്യാസരംഗത്തെയാകെ കാവിവത്കരണ പ്രക്രിയ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സന്ദിഗ്ധാവസ്ഥയിൽ രാജ്യസ്നേഹികളും മതനിരപേക്ഷ വിദ്യാഭ്യാസ തൽപരരുമാകെ കുത്സിതവും ദുരുപദിഷ്ടവും വിനാശകരവുമായ കാവിവത്കരണ ശ്രമങ്ങളെ ചെറുത്തുതോൽപിച്ചേ മതിയാവൂ. മറ്റു താൽപര്യങ്ങൾ ഈ പോരാട്ടത്തെ ദുർബലമാക്കാൻ നിമിത്തമാവരുത്. പിണറായി സർക്കാറിന്റെ ഏറ്റവും വലിയ ദൗർബല്യം സ്വജനപക്ഷപാതമാണെനും തദടിസ്ഥാനത്തിലുള്ള അധികാര ദുർവിനിയോഗമാണ് കാവിപ്പടയാളി ആരിഫ് മുഹമ്മദ്ഖാന് കളിക്കാൻ അവസരമൊരുക്കിയതെന്നും സമ്മതിച്ചുകൊണ്ടുതന്നെ ഈ പോരാട്ടത്തിൽ തീവ്ര വലതുപക്ഷം പത്തിമടക്കിയേ തീരൂ. അതിനെ തടസ്സപ്പെടുത്തുന്നതൊന്നും ആരുടെ ഭാഗത്തുനിന്നുമുണ്ടാവരുത്. 

Tags:    
News Summary - Madhyamam editorial Governer VC issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.