ഗസ്സ വംശഹത്യ ലോക കോടതിയിലേക്ക്

ഡിസംബർ 29ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ലോക കോടതി-ഐ.സി.ജെ) ഇസ്രായേലിനെതിരെ കൊടുത്ത കേസ് ഈ മാസം 11നും 12നും വിസ്താരത്തിനെത്തുകയാണ്. ഏറെക്കാലം വർണവിവേചനം അനുഭവിച്ച ദക്ഷിണാഫ്രിക്കക്ക് ഗസ്സയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന വംശഹത്യയുടെ തീവ്രത എളുപ്പം മനസ്സിലായി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) ചിലി ഫയൽചെയ്ത മറ്റൊരു കേസിൽ വിവിധ ഇസ്രായേലി നേതാക്കൾക്കെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചിട്ടുമുണ്ട്. (രാജ്യങ്ങൾക്കെതിരായ പരാതികൾ ഐ.സി.ജെക്കു മുന്നിലും വ്യക്തികൾക്കെതിരായുള്ളവ ഐ.സി.സിക്കു മുന്നിലുമാണെത്തുക.) വംശഹത്യ എന്ന ഉദ്ദേശ്യം ഇസ്രായേലിനുമേൽ ആരോപിക്കുന്ന ദക്ഷിണാഫ്രിക്കയുടെ പരാതി, ഗസ്സ കുരുതിയുടെ നേർചിത്രം 84 പേജുകളിൽ വരച്ചിട്ടിരിക്കുന്നു. ഇപ്പോൾ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത് അന്തിമവിധിയല്ല, ഇടക്കാല തീർപ്പാണ്. വംശഹത്യക്കെതിരായ ആഗോള ഉടമ്പടി ഇസ്രായേൽ ലംഘിച്ചോ ഇല്ലേ എന്ന വിധിയല്ല, മറിച്ച് പരാതിയിൽ ഉന്നയിച്ച കുറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അവ വംശഹത്യക്കുറ്റത്തിൽ ഉൾപ്പെടുമോ എന്ന തീർപ്പാണ്. അന്താരാഷ്ട്ര നിയമങ്ങളും ഗസ്സ കുരുതിയുമായി ബന്ധപ്പെട്ട വസ്തുതകളും യു.എൻ റിപ്പോർട്ടുകളും ഹേഗ് കോടതി (ലോക കോടതി)യിലെ സമാന വ്യവഹാരങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ഹരജി ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ച നിയമജ്ഞർ തയാറാക്കിയതാണ്. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇസ്രായേൽ വാദിക്കുന്നു. വാദങ്ങൾക്കപ്പുറം വസ്തുതകൾ നോക്കി വിധിക്കേണ്ട കോടതിയുടെ കണ്ടെത്തലുകളാണ് ഇനി അറിയേണ്ടത്.

മൂന്നു മാസത്തിനുള്ളിൽ ഇസ്രായേൽ ഗസ്സയെ വാസയോഗ്യമല്ലാതാക്കിയിരിക്കുന്നു. കാൽലക്ഷത്തോളം പേർ ഇതിനകം അവിടെ കൊല്ലപ്പെട്ടു. ആശുപത്രികളും സ്കൂളുകളും സാംസ്കാരിക ചിഹ്നങ്ങളും മുസ്‍ലിം-ക്രൈസ്തവ ആരാധനാലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ചെയ്തുകൂട്ടിയ കുറ്റങ്ങളിൽ വംശഹത്യ എന്ന ഉദ്ദേശ്യം വ്യക്തമാണെന്ന് ദക്ഷിണാഫ്രിക്കയുടെ ഹരജി ചൂണ്ടിക്കാട്ടുന്നു. സിവിലിയന്മാരെ കരുതിക്കൂട്ടി കൂട്ടക്കൊല ചെയ്യുന്നതും രോഗവും പട്ടിണിയും ആയുധമാക്കുന്നതും സിവിലിയൻ സമൂഹത്തെ മാറ്റിപ്പാർപ്പിക്കുന്നതും ആട്ടിയോടിക്കുന്നതും നേതാക്കൾ പരസ്യമായി വമിക്കുന്ന വിഷവുമെല്ലാം ഈ ഉദ്ദേശ്യം വെളിവാക്കുന്നുണ്ട്. വംശഹത്യ തടയാതിരുന്നതും വംശഹത്യ നടത്തുന്നതും അതിനായി ഗൂഢാലോചന നടത്തിയതും പരസ്യമായും രഹസ്യമായും അതിന് പ്രേരണ നൽകിയതുമടക്കം ഇസ്രായേലിന്റെ കുറ്റങ്ങൾ ദക്ഷിണാഫ്രിക്ക എണ്ണിപ്പറഞ്ഞിട്ടുമുണ്ട്. കൂട്ടക്കുരുതിക്കിരയായ ഗസ്സക്കാരിൽ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണ്. കൊല്ലപ്പെടാത്തവരിൽ അതിഗുരുതരമായ ശാരീരിക-മാനസിക മുറിവുകൾ യുദ്ധം സൃഷ്ടിച്ചിരിക്കുന്നു. ഗസ്സക്കാരിൽ 85 ശതമാനത്തോളം, വയോധികരും രോഗികളുമെല്ലാമടക്കം, ആട്ടിയോടിക്കപ്പെട്ടു. ഈ കുറ്റങ്ങൾ തടയാൻ ലോക കോടതി ഇടപെടണം-അടിയന്തരമായി തൽക്കാല തീർപ്പിലൂടെ ഇസ്രായേലിന്റെ സൈനിക നടപടികൾ അവസാനിപ്പിക്കണം. മതിയായ തെളിവുകളുള്ളതും പഴുതുകളില്ലാത്തതുമാണ് ദക്ഷിണാഫ്രിക്ക സമർപ്പിച്ച രേഖ എന്ന് നിയമവിദഗ്ധർ നിരീക്ഷിക്കുന്നു. അതേസമയം, തൽക്കാല തീർപ്പിനുപോലും കോടതി ആഴ്ചകളെടുത്തേക്കും എന്ന സാധ്യതയുണ്ട്. ഇസ്രായേലാകട്ടെ മുടക്കമില്ലാതെ കശാപ്പ് തുടരുക മാത്രമല്ല, വ്യാപിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യത്വമില്ലായ്മക്ക് കോടതികൾ പരിഹാരമല്ല എന്നർഥം.

കോടതിയുടെതന്നെ ദൗർബല്യങ്ങളും നിസ്സാരമല്ല. കോടതി തീർപ്പിനെ അംഗരാജ്യങ്ങൾ അവഗണിച്ച സംഭവങ്ങൾ അനേകമുണ്ട്. ദക്ഷിണാഫ്രിക്കയും ഇസ്രായേലും ഐ.സി.ജെയെ അംഗീകരിച്ച രാജ്യങ്ങളാണ്. പക്ഷേ, തങ്ങൾക്കെതിരായാൽ വിധി ഇസ്രായേൽ അവഗണിക്കാം. കോടതി നടപടികളിലെ കാലതാമസവും നീതിക്ക് പ്രതിബന്ധമാകുന്നു. ഇതിനു പുറമെയാണ് രാഷ്ട്രീയ പരിഗണനകളും പക്ഷപാതിത്വങ്ങളും. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ നീതിന്യായക്കോടതിക്ക് അതിന്റെ വിധി നടപ്പാക്കാൻ ബാധ്യതയുള്ള അംഗരാജ്യങ്ങളെ അനുസരിപ്പിക്കാൻ ത്രാണിയില്ല. വിധി നടപ്പാക്കിക്കിട്ടാൻ കക്ഷികൾക്കു മുന്നിലുള്ള വഴി ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ പരാതിപ്പെടുകയാണ്. നീതികേടിന്റെ പരമായുധമായ വീറ്റോ സമ്പ്രദായം നിലനിൽക്കെ രക്ഷാസമിതി ഒരു രക്ഷയുമില്ലാത്ത സമിതിയായി തീർന്നിരിക്കുന്നു. വൻശക്തി രാഷ്ട്രങ്ങൾ യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടാത്തത് അവ കുറ്റങ്ങൾ ചെയ്യാത്തതിനാലല്ലല്ലോ. ഇന്നുവരെയും ലോകകോടതി മുഖേന ശിക്ഷിക്കപ്പെട്ടിട്ടുള്ളത് ഏതെങ്കിലും ‘മൂന്നാം’ ലോകരാജ്യങ്ങളിലുള്ളവരാണ്. ഇസ്രായേലിനെതിരെ ഐ.സി.ജെ തീർപ്പുപറഞ്ഞാലും സംഭവിക്കാനുള്ളത് അവരുടെ പ്രതിച്ഛായക്ക് (അങ്ങനെയൊന്ന് ബാക്കിയുണ്ടെങ്കിൽ) കളങ്കമേൽക്കും എന്നതാണ്. ഐ.സി.ജെയുടെ തീർപ്പിനെപ്പോലും രാഷ്ട്രീയം സ്വാധീനിച്ചുകൂടെന്ന് കരുതുന്നവരുമുണ്ട്. 15 ജഡ്ജിമാരിൽ അഞ്ചെണ്ണം രക്ഷാസമിതി രാജ്യങ്ങളിൽനിന്നാണ്. ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി അടക്കം മറ്റു പത്തു പേരും. മൊറോക്കോ, ബ്രസീൽ, സോമാലിയ, യമൻ, ജമൈക്ക തുടങ്ങിയ ഏതാനും രാജ്യങ്ങൾ മാത്രമാണ് ഇസ്രായേലിനെതിരെ രാഷ്ട്രീയ നിലപാടെടുത്തവ. നിയമപരമായി എത്ര ശക്തമായ കേസും രാഷ്ട്രീയത്തിനു മുന്നിൽ ചീറ്റിപ്പോകില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഒരു കാര്യം തീർച്ച: ഇത് ഗസ്സയുടെ മാത്രം പ്രശ്നമല്ല, ലോകത്ത് നീതി പുലരണമോ എന്നതാണ്. വേണമെന്നു പറയാൻ എത്ര പേരുണ്ടായി എന്ന് ചരിത്രം പിന്നീട് വിധിക്കും.

Tags:    
News Summary - Madhyamam Editorial: Gaza Genocide to the International Court of Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.