ഭരണഘടനയുടെ കാവലാളാകട്ടെ പുതിയ പ്രഥമ പൗര

 

സ്വാതന്ത്ര്യലബ്ധിയുടെ 75ാം വർഷത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വോട്ടോടുകൂടി ദ്രൗപദി മുർമു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ആദ്യ ഗോത്ര വർഗ ഗവർണറായി രേഖപ്പെടുത്തപ്പെട്ട ദ്രൗപദി ഇനിമുതൽ അറിയപ്പെടുക രാജ്യത്തിലെ ആദ്യ ഗോത്രവർഗ രാഷ്ട്രപതി, സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ആദ്യ രാഷ്ട്രപതി, ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി തുടങ്ങിയ വിശേഷണങ്ങളോടെയാവും.

വളരെ കൃത്യതയുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ദ്രൗപദി മുർമു ഇന്ത്യയുടെ പരമോന്നത പദവിയിലേക്കെത്തുന്നത്. കിഴക്കൻ സംസ്ഥാനങ്ങളിലെയും വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി, ദലിത് സമൂഹങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും അവരുടെ വിശ്വാസ്യത ശക്തമാക്കാനുമള്ള ഏറ്റവും മികച്ച രാഷ്ട്രീയ ചുവടുവെപ്പായി ആർ.എസ്.എസ് നേരത്തെതന്നെ മുർമുവിന്‍റെ സ്ഥാനാരോഹണത്തെ മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സന്ദർഭത്തിലും ബി.ജെ.പി അവരുടെ പേര് ഗൗരവത്തിൽ ചർച്ച ചെയ്തത്. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നതിലും രാഷ്ട്രീയ നൈതികത നേടുന്നതിലും അവരുടെ സ്ഥാനാർഥി നിർണയത്തിലൂടെ ബി.ജെ.പിക്ക് സാധിച്ചു.

യു.പിയിലെ ദലിത് സ്വത്വത്തെ ഹിന്ദുത്വയിൽ ലയിപ്പിച്ചപോലെ കിഴക്കൻ മേഖലയിലെ ആദിവാസി ഗോത്രവിഭാഗങ്ങളെയും ഹിന്ദുത്വ വോട്ട്ബാങ്കാക്കി പരിവർത്തിപ്പിക്കാനുള്ള സംഘ്പരിവാർ പരിശ്രമത്തിലെ നിർണായക ചുവടുവെപ്പിന്‍റെ വിജയം കൂടിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഈ മികച്ച മുന്നേറ്റം. ഇതിന്‍റെ പ്രതിഫലനം ഒഡിഷയിലും ഝാർഖണ്ഡിലും ബിഹാറിലും മാത്രമല്ല, പശ്ചിമ ബംഗാളിലും ഉണ്ടാകും. പ്രതികൂലമായ സാമൂഹിക പശ്ചാത്തലത്തിൽനിന്ന് കഠിനാധ്വാനത്തിലൂടെ വളർന്നുവന്ന ദ്രൗപദി മുർമു ഏറെ നിർണായകമായ കാലഘട്ടത്തിൽ ഭരണഘടനയുടെയും രാജ്യത്തിന്‍റെയും പരമോന്നത പദവി ഏറ്റെടുക്കുന്നത് വിവേചനങ്ങളുടെ സ്ത്രീജീവിതാനുഭവങ്ങളെക്കൂടി പ്രതിനിധീകരിച്ചുകൊണ്ടാണ്.

രാജ്യത്തെ ഏറ്റവും അരികുവത്കരിക്കപ്പെട്ട, അവകാശം നിഷേധിക്കപ്പെടുന്ന സമൂഹമാണ് ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും. അടിത്തട്ടിൽ കഴിയുന്ന അത്തരം സമൂഹത്തിൽനിന്ന് ഭരണഘടനയുടെ പരിരക്ഷയാകുന്ന മഹോന്നത വ്യക്തിത്വമെന്ന നിലക്ക് ദ്രൗപദി മുർമുവിന് നീതി നിഷേധിക്കപ്പെടുന്നവരുടെ വേദന മനസ്സിലാക്കാനും അവരുടെ പക്ഷം ചേരാനും വേഗത്തിൽ കഴിയേണ്ടതാണ്. ഝാർഖണ്ഡ് ഗവർണറായിരിക്കെ ആദിവാസി ഭൂമി കൈമാറ്റം ലഘൂകരിക്കാനുള്ള ബി.ജെ.പി സർക്കാറിന്‍റെ ബില്ല് തിരിച്ചയക്കാനുള്ള ധീരത അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

സംഘ് പരിവാറിന്‍റെ വിശ്വസ്തയാണങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയുടെ തേട്ടത്തെ കേൾക്കാൻ സന്നദ്ധമാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ചുരുങ്ങിയ പക്ഷം, കോർപറേറ്റ് വികസനത്തിൽ ഏറ്റവും കൂടുതൽ പരിക്കേൽക്കുന്ന ആദിവാസികളുടെ പ്രതീക്ഷകളെയങ്കിലും സഫലീകരിക്കാൻ അവർക്ക് കഴിയേണ്ടതുണ്ട്. ഭരണഘടനയുടെ കാവലാളായി നിലയുറപ്പിച്ച ധീരയായ രാഷ്ട്രപതിയായി ചരിത്രത്തിൽ അവരുടെ പേര് രേഖപ്പെടുത്തപ്പെടട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.

Tags:    
News Summary - madhyamam editorial Droupadi Murmu Is Indias New President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.