ചാനൽ ധാർമികതയും ഭീഷണി ജനാധിപത്യവും

വ്യാജവാർത്ത ആരോപണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു. ഏഷ്യാനെറ്റ് ചാനലിന്റെ കൊച്ചി ഓഫിസിൽ അതിക്രമം കാട്ടിയതിന് മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസുണ്ട്. ഒഴിവാക്കേണ്ടിയിരുന്ന അപഭ്രംശങ്ങളെന്ന നിലക്ക് ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്നുള്ള ആത്മപരിശോധന ആവശ്യപ്പെടുന്നതാണ് രണ്ടു സംഭവങ്ങളും.

സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളിൽ മയക്കുമരുന്നുപയോഗവും വാണിഭവും വ്യാപിക്കുന്നുവെന്നു കാണിക്കുന്ന അന്വേഷണ വാർത്ത പരമ്പരക്കിടയിൽ സംപ്രേഷണം ചെയ്ത ഒരു വിഡിയോ ആണ് ഗുരുതര ആരോപണത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ കണ്ണൂരിൽ ഒരു പെൺകുട്ടി നടത്തിയതെന്നു പറയുന്ന വെളിപ്പെടുത്തലിൽ, തന്നെ ചിലർ മയക്കുമരുന്നിനടിമയാക്കിയെന്നും പീഡനത്തിനിരയാക്കിയെന്നും ആരോപിച്ചിരുന്നു. ഈ വിഡിയോ നാലുമാസം കഴിഞ്ഞ് മറ്റൊരു പെൺകുട്ടിയെ ഇരുത്തി പറയിപ്പിച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണത്തിന്റെ കാതൽ. മയക്കുമരുന്നുപയോഗിക്കാത്ത കുട്ടിയെ അതിനടിമയെന്ന മട്ടിൽ കാണിച്ചു, പീഡനത്തിനിരയായെന്ന് പറയിപ്പിച്ചു എന്നൊക്കെയാണ് ആരോപണം. പി.വി. അൻവർ എം.എൽ.എയുടെ പരാതിയിലാണ് കോഴി​ക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തത്. ഞായറാഴ്ച ഏഷ്യാനെറ്റ് ഓഫിസിൽ പൊലീസ് പരിശോധനയും നടന്നു.

സംഭവത്തിൽ ചാനലിന്റെ വിശദീകരണം ഇതെഴുതുന്നതുവരെ പുറത്തുവന്നിട്ടില്ല. മയക്കുമരുന്ന് മാഫിയയുടെ സ്വാധീനശക്തി കാണിക്കുന്ന പരമ്പരയിൽ വ്യാജനിർമിതിയുടെ ആവശ്യമെന്തെന്നും വ്യക്തമല്ല -വേണ്ടതിലേറെ യഥാർഥ സംഭവങ്ങൾ നടക്കുന്നുണ്ടെന്നിരിക്കെ. ഇക്കാര്യത്തിൽ സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ അൽപാൽപമായെങ്കിലും ഫലം ചെയ്തുതുടങ്ങുമ്പോൾ അവയെ പിറകോട്ടടിപ്പിക്കാൻ വ്യാജ പ്രചാരണങ്ങൾ നിമിത്തമാകുമെന്ന് ഭയക്കണം. അതിനുമപ്പുറം, ആരോപണം ശരിയാണെങ്കിൽ ചാനൽ മാധ്യമധാർമികതയുടെ അതിര് ലംഘിച്ചെന്നുതന്നെ അർഥമുണ്ടാകും. വർഷങ്ങൾക്കുമുമ്പ് ഒരു മന്ത്രിയെ കുടുക്കാൻ മറ്റൊരു ചാനൽ, ജീവനക്കാരിയെ വിട്ട് ‘വാർത്താ കെണി’യൊരുക്കിയ സംഭവത്തിലെ അതേതരം കൃത്രിമ നിർമിതി ഇവിടെയും നടന്നുവെന്നു വരും. അന്ന് ബന്ധപ്പെട്ടവർ കുറ്റം സമ്മതിച്ച് ക്ഷമാപണം നടത്തിയിരുന്നു. മയക്കുമരുന്നിനിരയായ കുട്ടിയുടെ യഥാർഥ വാക്കുകൾക്ക് ദൃശ്യപശ്ചാത്തലമായി മറ്റൊരു കുട്ടിയെ മുഖം മറച്ചുകൊണ്ട് കാണിച്ചതാണെങ്കിൽ അക്കാര്യം വാർത്തക്കൊപ്പം ഏറ്റുപറയാമായിരുന്നു. ഈ വിഷയത്തിൽ എന്താണ് ശരിക്കും സംഭവിച്ചതെന്നതിനെപ്പറ്റി ചാനലിന്റെ വിശദീകരണം വൈകുന്നത് ഗുണം ചെയ്യില്ല.

അതേസമയം, ചാനലിന്റെ ഓഫിസിൽ പ്രതിഷേധിക്കാനെന്നു പറഞ്ഞ് അതിക്രമിച്ചുകയറിയ എസ്.എഫ്.ഐ സംഘത്തിന്റെ അത്യാചാരത്തെയും ന്യായീകരിക്കാനാകില്ല. രാത്രി ചാനൽ ഓഫിസിലേക്ക് ഇരച്ചെത്തി, സുരക്ഷ ജീവനക്കാരെ തള്ളിമാറ്റി അകത്ത് പോസ്റ്റർ നാട്ടിയത് നിയമവാഴ്ചയെത്തന്നെ വെല്ലുവിളിക്കലാണ്. ഈ സംഭവത്തിൽ ചാനൽ അധികൃതരുടെ പരാതിപ്രകാരം പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ചാനൽ കൃത്രിമമായി വിഡിയോ വാർത്തയുണ്ടാക്കി സംപ്രേഷണം ചെയ്തെന്നും സർക്കാർ വിദ്യാലയങ്ങൾ മയക്കുമരുന്ന് ലോബിയുടെ പിടിയിലാണെന്ന് വരുത്തിത്തീർക്കലാണ് ലക്ഷ്യമെന്നും പൊലീസും എക്സൈസും നിഷ്ക്രിയമാണെന്ന് പ്രചരിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും എം.എൽ.എ പരാതിപ്പെടുന്നു; അതേപ്പറ്റി നിയമസഭയിൽ ചോദ്യമുന്നയിക്കുന്നു; നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു. ഇതിനു തൊട്ടുപിന്നാലെ സർക്കാർപക്ഷക്കാരായ കുറെപേർ നേരെ ചാനലിൽ അതിക്രമിച്ച് കയറുന്നു. ഇതു നൽകുന്ന സന്ദേശമെന്താണ്? ഭരണകൂടത്തിനെതിരെ വാർത്ത ചെയ്യുമ്പോൾ സൂക്ഷിച്ചുകൊള്ളണമെന്ന് അതിൽ സൂചനയുണ്ട്.

ചാനൽ നിയമലംഘനം നടത്തിയെങ്കിൽ അത് മുഖ്യമന്ത്രി പറഞ്ഞ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. അതിനു പകരം പാർട്ടി പടയാളികൾ തന്നെ നിയമം കൈയിലെടുക്കുന്നത് അന്യായം മാത്രമല്ല, ആപത്കരവുമാണ്. മാധ്യമ ധാർമികതപോലെ പ്രധാനമാണ് മാധ്യമ സ്വാതന്ത്ര്യവും. സംസ്ഥാനം ഇന്ന് മയക്കുമരുന്നിനെതിരെ നടത്തുന്ന യജ്ഞവും പ്രധാനംതന്നെ. മാധ്യമങ്ങളായാലും പാർട്ടിക്കാരായാലും നിയമപാലകരോ സർക്കാറോ ആയാലും അതിര് ലംഘിക്കുന്നത് സ്വയം തോൽപിക്കലാവും.

Tags:    
News Summary - madhyamam editorial Channel morality and threat democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.