ബി.ജെ.പി ഒരുങ്ങി, പ്രതിപക്ഷമോ?

ഈ വർഷം ഒമ്പത് നിയമസഭകളിലേക്കും അടുത്ത വർഷം ലോക്സഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി തയാറാക്കിയ പ്രചാരണ ഹൈലേറ്റുകളുടെ ചിത്രം വ്യക്തമാക്കിയാണ് ഡൽഹിയിൽ രണ്ടു ദിവസത്തെ ബി.ജെ.പി ദേശീയ നിർവാഹകസമിതി പിരിഞ്ഞത്. അടുത്ത തവണയും പ്രധാനമന്ത്രിസ്ഥാനാർഥി താൻ തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു ദേശീയസമിതിയുടെ ഭാഗമായി ഡൽഹിയിൽ നരേന്ദ്ര മോദി നടത്തിയ റോഡ്ഷോയുടെ കെട്ടുംമട്ടും. യോഗതീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ സംസാരത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അക്കാര്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ദേശീയ അധ്യക്ഷസ്ഥാനത്ത് ജെ.പി നഡ്ഡയുടെ കാലാവധി 2024 ജൂൺവരെ നീട്ടിയതോടെ പൊതു തെരഞ്ഞെടുപ്പ് കഴിയുംവരെ സംഘടന തെരഞ്ഞെടുപ്പുകൾ ഉണ്ടാവുകയില്ലെന്ന് കൃത്യപ്പെടുത്തുകയും ചെയ്തു. അതായത്, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനും ബി.ജെ.പിക്ക് നേതൃത്വം വഹിക്കുക മോദി-അമിത് ഷാ സമവാക്യം തന്നെയായിരിക്കുമെന്ന് വ്യക്തം. നിർവാഹകസമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളും അമിത് ഷായുടെ മാധ്യമസമ്മേളനവും അവരുടെ നേതൃത്വത്തിന് പാർട്ടിക്കകത്ത് എതിർശബ്ദങ്ങളില്ലെന്ന് വിളിച്ചോതുന്നു.

വിദ്വേഷത്തെ അധികാരാരോഹണത്തിനുള്ള ഇന്ധനമാക്കുന്നതിൽ വിജയിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന രാഷ്ട്രീയ അജണ്ടകളും സംഘടനാപ്രവർത്തനങ്ങളുടെ സ്വഭാവവും എന്തായിരിക്കുമെന്നറിയാൻ ദേശീയസമിതി കഴിയുന്നതുവരെ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എങ്കിലും, എട്ടു വർഷത്തിലധികമായി രാജ്യം ഭരിക്കുന്ന പാർട്ടി എന്നനിലക്ക് ജനങ്ങളോട് പുതുതായി എന്തെങ്കിലും പറയാൻ ശ്രമിക്കുന്നുണ്ടോ, ആഭ്യന്തരമോ ബാഹ്യമോ ആയ പുതിയ സമവാക്യങ്ങൾ തേടുന്നുണ്ടോ അതല്ല, കൂടുതൽ തീവ്രമായി ഹിന്ദുത്വരാഷ്ട്രീയത്തെ മുറുകെപ്പിടിക്കുമോ എന്നെല്ലാം തീർച്ചപ്പെടാൻ അവിടെ നടന്ന പ്രമേയങ്ങളും പ്രഭാഷണങ്ങളും ഉപകരിക്കും. അങ്ങനെ പരിശോധിക്കുമ്പോൾ രാമക്ഷേത്ര നിർമാണവും അത് സാക്ഷാത്കരിക്കുന്നതിൽ മോദിയുടെ നേതൃപാടവവുമായിരിക്കും അടുത്ത തവണയും ബി.ജെ.പിയുടെ മുഖ്യ അജണ്ട. തീർച്ചയായും വികസനത്തെ കുറിച്ചുള്ള വേവലാതികളെ മാറ്റിവെച്ച് ഹിന്ദുത്വ മേധാബോധം പുൽകിയവരുടെ വോട്ട് ഏകീകരിക്കാൻ അതിലൂടെ നിഷ്പ്രയാസം ബി.ജെ.പിക്ക് കഴിയും. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രമേയം രാമക്ഷേത്രനിർമാണത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പ്രകടിപ്പിക്കുന്നതാണ്. ക്ഷേത്രം അടുത്ത തെരഞ്ഞെടുപ്പിലും സജീവമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബി.ജെ.പിയുടെ രാഷ്ട്രീയമോഹത്തിൽ അലോസരമുണ്ടാക്കുന്നത് ദക്ഷിണേന്ത്യയും പ്രാദേശിക പാർട്ടികളുടെ ഉടയാത്ത രാഷ്ട്രീയസ്വാധീനവുമാണ്. ദക്ഷിണേന്ത്യയിൽ സ്വാധീനം വർധിപ്പിക്കാൻ പ്രധാനമന്ത്രിതന്നെ നേരിട്ടിറങ്ങുന്നുവെന്ന ധാരണക്ക് അദ്ദേഹത്തിന്‍റെ 80 മിനിട്ട് നീണ്ട പ്രഭാഷണവും യോഗത്തിലെ ഇടപെടലുകളും അടിവരയിടുന്നു. കർണാടകയിൽ വിമതനായി നിൽക്കുന്ന മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി നടന്ന സ്വകാര്യസംഭാഷണം കർണാടക തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചായിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. തെലങ്കാനയിലെ പ്രവർത്തനങ്ങളെ മാതൃകപരമെന്ന് എടുത്തുപറയുകയും ചെയ്തു. കൂടാതെ, തമിഴ്‌നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തോട് ഏറ്റുമുട്ടാൻ വാരാണസിയിൽ നടന്ന കാശി തമിഴ് സംഗമം പരിപാടിയിലൂടെ പുനരുജ്ജീവിപ്പിച്ച ആത്മീയവും സാംസ്കാരികവുമായ ദേശീയതാകാഴ്ചപ്പാടിനെ വികസിപ്പിക്കാൻ ആഹ്വാനംചെയ്യുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉൾപ്പിരിവുകളെ വർധിപ്പിക്കാനും അവർക്കിടയിലെ സംഘർഷങ്ങൾ ത്വരിതപ്പെടുത്താനും നേരത്തെ തുടങ്ങിയ ശ്രമങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് വർധിച്ചേക്കുമെന്ന വ്യക്തമായ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നത്. ചുരുക്കത്തിൽ ഭൂരിപക്ഷ മേധാബോധങ്ങളെ മതപരവും സാംസ്കാരികവുമായി യോജിപ്പിച്ചും വിയോജിപ്പുള്ളവരെ ഭിന്നിപ്പിച്ചും ലോക്സഭയിലെ അധികാരത്തുടർച്ച ഉറപ്പുവരുത്താനുള്ള സംഘ് രാഷ്ട്രീയ അജണ്ടകളുമായി നേതാക്കളും അനുയായികളും ബൂത്തുകളിലേക്കും താഴേത്തട്ടിലേക്കും നീങ്ങാൻ സജ്ജമായിക്കഴിഞ്ഞുവെന്ന് രാജ്യത്തോട് പറയുകയായിരുന്നു ദേശീയ നിർവാഹകസമിതി യോഗം.

കഴിഞ്ഞ കുറെ വർഷങ്ങളായി ഭരണകൂടം ഉൽപാദിപ്പിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിനെതിരെ പ്രസ്താവനായുദ്ധങ്ങൾ നയിക്കുന്നത് മാറ്റിനിർത്തിയാൽ പ്രായോഗികമായി കൃത്യമായ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തുന്നതിലും പ്രവർത്തനപദ്ധതികൾ ആസൂത്രണംചെയ്യുന്നതിലും പ്രതിപക്ഷനിരയുടെ പരാജയമാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ഈടുവെപ്പ്. പ്രതിപക്ഷത്തെ ദുർബലമാക്കുന്നതിൽ ബി.ജെ.പി നേടുന്ന രാഷ്ട്രീയവിജയം പ്രബലമായ പ്രാദേശികകക്ഷികളുടെ ഏകോപനത്തെ പലപ്പോഴും അസാധ്യമാക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം കോൺഗ്രസിനോ മറ്റുള്ളവർക്കോ വൈവിധ്യപൂർണമായ പ്രതിപക്ഷനിരയെ ദേശീയസാധ്യതയായി വികസിപ്പിക്കാൻ ആശയപരമായോ സംഘടനാപരമായോ ഇതുവരെ സാധ്യമായിട്ടില്ല. ഭാരത് ജോഡോ യാത്ര അതിലേക്കുള്ള ധാരാളം ഉൾക്കാഴ്ചകളും ഉണർവുകളും നൽകുന്നുണ്ട്. ജനുവരി 30ലെ സമാപനച്ചടങ്ങിലേക്ക് 21 പ്രതിപക്ഷ കക്ഷികൾക്ക് ക്ഷണമുണ്ട്. ആരെല്ലാം അണിചേരുമെന്ന് ഇപ്പോഴും വ്യക്തമല്ല. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇനി ബാക്കിയുള്ളത് 400 ദിവസങ്ങൾ മാത്രമാണ്. ജനങ്ങളുടെ അഭിലാഷങ്ങളെ ഏകീകരിക്കാൻ, അധികാരപരമായ പരിവർത്തനങ്ങൾ ഉറപ്പുവരുത്താൻ പ്രതിപക്ഷത്തിന് തരിമ്പ് ആഗ്രഹമുണ്ടെങ്കിൽ അതിനായി തുനിഞ്ഞിറങ്ങേണ്ട സമയം ഇപ്പോഴാണ്; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമല്ല.

Tags:    
News Summary - Madhyamam editorial BJP election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.