കേരള പൊലീസിനെ ശരിക്കും നിയന്ത്രിക്കുന്നത് ആരാണ്?

''മുസ്​ലിംസ്​ത്രീകളുടെ ഗതികേടാണ് ഗതികേട്. അവരുടെ വസ്​ത്രധാരണത്തെപ്പറ്റി തിയറികളുണ്ടാക്കാം. അവരുടെ ഫോട്ടോ നെറ്റിൽനിന്ന് തപ്പിയെടുത്ത്, മുസ്​ലിം സ്​ത്രീകൾ വിൽപനക്ക് എന്ന ആപ്​​​ ഒക്കെയുണ്ടാക്കി അപ്​ലോഡ്​ ചെയ്യാം. ആരും ചോദിക്കാൻ വരില്ല. ആരെങ്കിലുമൊക്കെ ഒന്ന് പ്രതികരിച്ചാൽ അതൊന്ന് കവർ ചെയ്യാനോ വാർത്തയാക്കാനോ ഒരു മാധ്യമങ്ങളും തയാറുമല്ല. കഴിഞ്ഞ ദിവസം പെൺകുട്ടികൾ നടത്തിയ പത്രസമ്മേളനം വാർത്തയാക്കിയത് 'മാധ്യമം' മാത്രമാണ്. സോഷ്യൽ മീഡിയക്കും അതൊന്നും വലിയ കാര്യമല്ല എന്ന് തോന്നുന്നു. എല്ലാവർക്കും മുസ്​ലിം സ്​ത്രീകളുടെ ഉടമസ്​ഥരാകാനാണ് താൽപര്യം''. 


രാജ്യത്തെ അറിയപ്പെട്ട മുസ്​ലിംസ്​ത്രീകളുടെ ഫോട്ടോ അപ്​ലോഡ് ചെയ്ത് 'വിൽപനക്ക്' എന്ന പേരിൽ പ്രദർശിപ്പിച്ച ബുള്ളി ബായ് ആപ്പിനെതിരെ അതിൽ പേര് ചേർക്കപ്പെട്ട മലയാളി വിദ്യാർഥിനികൾ ഏതാനും ദിവസം മുമ്പ് കോഴിക്കോട്ട്​ വാർത്തസമ്മേളനം നടത്തിയിരുന്നു. ആ വാർത്തസമ്മേളനത്തോട് കേരളത്തിലെ മാധ്യമങ്ങൾ പ്രതികരിച്ച രീതിയെ വിമർശിച്ച് നടിയും ആക്ടിവിസ്റ്റുമായ ലാലി പി.എം ഫേസ്​ബുക്കിൽ കുറിച്ച വരികളാണ് മേൽ ഉദ്ധരിച്ചത്. ബുള്ളി ബായി ആപ്പിനെതിരെ രാജ്യവ്യാപകമായി മുസ്​ലിം ആക്ടിവിസ്റ്റുകളും ജനാധിപത്യവാദികളും ശബ്ദമുയർത്തിയിട്ടുണ്ട്. മുംബൈ പൊലീസ്​ അതുമായി ബന്ധപ്പെട്ട് കേസ്​ രജിസ്റ്റർ ചെയ്യുകയും ഏതാനും ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൗരത്വ സമരത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന ഡൽഹിയിൽ പഠിക്കുന്ന ലദീദ ഫർസാന, ആയിഷ റെന്ന, നിദാ പർവീൻ എന്നീ മലയാളി വിദ്യാർഥിനികൾ ബുള്ളി ബായിയിൽ വിൽപനക്ക് വെക്കപ്പെട്ടിട്ടുണ്ട്. അവർ കോഴിക്കോട്ട് വാർത്തസമ്മേളനം വിളിച്ചത് സ്വാഭാവികമായും വാർത്തയാകേണ്ടതാണ്. അത് വാർത്തയാകാത്തതിനെ ഒരാൾക്ക് വിമർശിക്കുകയും ചെയ്യാം. അത് ഇവിടെ എടുത്ത് കൊടുത്തതിെ​ന്‍റ കാരണമന്വേഷിക്കുമ്പോഴാണ് കഥയിലെ ട്വിസ്റ്റ് ചുരുൾ നിവരുന്നത്.

ലാലി പി.എമ്മിന്‍റെ ഫേസ്​ബുക്ക് പോസ്റ്റിെന്‍റ സ്​ക്രീൻ ഷോട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തെ ജാവിദ് ഇ.പി എന്ന ചെറുപ്പക്കാരൻ നാട്ടിലെ ഒരു വാട്സ്​ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഉടൻ സടകുടഞ്ഞെഴുന്നേറ്റ പൊലീസ്​ ആ ചെറുപ്പക്കാരനെതിരെ 153 ചുമത്തി കേസ്​ എടുത്തിരിക്കുന്നു. നാട്ടിൽ കലാപമുണ്ടാക്കാൻ പോകുന്ന മാരകായുധമാണ് ആ പോസ്റ്റ് എന്നാണ് ശ്രീകണ്ഠപുരം പൊലീസിെന്‍റ കണ്ടുപിടിത്തം. വർഗീയ, വിദ്വേഷ പ്രചാരണത്തിനെതിരെ എന്ന പേരിൽ കേരള പൊലീസ്​ കഴിഞ്ഞ ഏതാനും ആഴ്ചകളായി എടുത്തുകൊണ്ടിരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് യുക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ അർഥമില്ല. ആലപ്പുഴയിൽ വർഗീയ ഉള്ളടക്കമുള്ള പ്രസംഗം നടത്തിയ ആളാണ് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി. ആ പ്രസംഗത്തിെന്‍റ പേരിൽ അദ്ദേഹത്തിനെതിരെ കേസൊന്നും എടുത്തിട്ടില്ല. എന്നാൽ, ആ പ്രസംഗം വിമർശന കുറിപ്പോടെ ഷെയർ ചെയ്ത മുഹമ്മദ് റിഫ എന്ന ആൾക്കെതിരെ കൂത്തുപറമ്പ് പൊലീസ്​ കേസെടുത്തിട്ടുണ്ട്. ഇത്തരം വിചിത്ര കൗതുകങ്ങൾ ഓരോ ദിവസവും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് പറയുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്നാണ് സി.പി.എമ്മും ആഭ്യന്തര വകുപ്പിെന്‍റ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയും ന്യായീകരിക്കുന്നത്. ഓരോ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന വിചിത്ര ലോകത്താണ് നാം.

മുസ്​ലിം സ്​ത്രീകളെ വിൽപനക്കുവെച്ച വിഷയത്തിൽ ഇതേക്കാൾ ഗംഭീരമായ കാര്യങ്ങളുണ്ട്. കഴിഞ്ഞ വർഷം സുള്ളി ഡീൽ എന്ന ആപ്പിലൂടെയാണ് വിൽപന പരസ്യം വന്നത്. അന്ന് അതിൽ പേര് വന്ന ലദീദ ഫർസാന, ഇതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ പൊലീസ്​ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വർഗീയതക്കും വിദ്വേഷ പ്രചാരണത്തിനുമെതിരെ അതിശക്തമായ നിലപാടുള്ള കേരളത്തിലെ ഇടതു സർക്കാറിന്‍റെ കീഴിലെ പൊലീസ്​ പക്ഷേ, പരാതിക്കാരിയെ വിളിച്ച് വിശദാംശങ്ങൾ അന്വേഷിക്കാനുള്ള മാന്യതപോലും കാണിച്ചില്ല. തുടർന്ന് ലദീദ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വനിത കമീഷനും പരാതി അയച്ചു. ഫലമൊന്നുമുണ്ടായില്ല. ഇത്തവണ ബുള്ളി ബായി ആപ്​വന്നപ്പോൾ മുംബൈ പൊലീസാണ് രാജ്യത്തിനാകെ മാതൃകയാവും വിധം നടപടിയെടുത്തത്. ഉത്തരാഖണ്ഡിലും കർണാടകയിലും ഉള്ള പ്രതികളെ വരെ ഒരാഴ്ചക്കിടയിൽ കണ്ടെത്താനും പിടികൂടാനും ജയിലിലടക്കാനും അവർക്ക് കഴിഞ്ഞു. ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസ്​ ബുള്ളി ബായി നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യുമ്പോൾ ബുള്ളി ബായിയെ വിമർശിച്ച പൊതുപ്രവർത്തകരെ പിടികൂടുകയാണ് കേരള പൊലീസ്​. ഇത് പച്ചയായ സംഘ്​ പരിവാർ പ്രീണനം എന്നതിലപ്പുറം പ്രകടമായ മുസ്​ലിം വിരുദ്ധതയുമാണ്. മുസ്​ലിംകൾക്കെതിരെ അത്യന്തം വിഷലിപ്തമായ നാർകോട്ടിക് ജിഹാദ് പ്രയോഗം നടത്തിയ പാലാ ബിഷപ്പിനെ അരമനയിൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ച മന്ത്രിയുടെ സമീപനത്തിെന്‍റ മറ്റൊരു തുടർച്ച മാത്രം.

ആർ.എസ്​.എസിനെ വിമർശിച്ച് ഫേസ്​ബുക്കിൽ കുറിപ്പിട്ടതിന്​ കേസ്​ ചാർജ് ചെയ്യപ്പെട്ടവരുടെ എണ്ണം രണ്ടാഴ്ചക്കകം രണ്ട് ഡസനിലധികമായി. അതിൽ ചിലരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. ആർ.എസ്​.എസിനെ വിമർശിക്കുന്നതും ബുള്ളിബായിയെ വിമർശിക്കുന്നതും കേരളത്തിൽ ക്രിമിനൽ കുറ്റമായി മാറിയിരിക്കുന്നു. ഇനിയും മതേതര ഇടതുപക്ഷം എന്നു പറഞ്ഞ് ഞെളിയുന്നതിൽ ഇവർക്ക് ഒരു നാണവും തോന്നുന്നില്ലല്ലോ.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.