വികസനവാദികളും വികസന വിരുദ്ധരും

കേരള സർക്കാറി​െൻറ സ്വപ്ന പദ്ധതിയായി കരുതപ്പെടുന്ന കെ-റെയിൽ വലിയ വിവാദത്തിലേക്ക് എത്തിയിരിക്കുകയാണല്ലോ. കെ-റെയിലിനെതിരായി സംസ്​ഥാന വ്യാപക സമരത്തിന് നേതൃത്വം നൽകുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി എ. വിജയരാഘവനും കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിലാണ് അതിനോട് പ്രതികരിച്ചത്. കെ-റെയിലിനെ എതിർക്കുന്നവർ കേരളത്തിെൻറ വികസനത്തിന് തുരങ്കം വെക്കുന്നവരാണ് എന്നാണ് ഇരുവരും പറഞ്ഞതിൽ പ്രധാനപ്പെട്ട കാര്യം. 


തിരുവനന്തപുരം മുതൽ കാസർകോടുവരെ 529 കിലോമീറ്റർ നീളത്തിൽ സ്​റ്റാൻഡേർഡ് ഗെയ്ജ് നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗത്തിൽ സെമി ഹൈസ്​പീഡ് െട്രയിൻ ഓടിക്കാനുള്ള പദ്ധതിയാണ് കെ-റെയിൽ. 11 ജില്ലകളിലൂടെയാണ് പാത. കേരള സർക്കാറും ഇന്ത്യൻ റെയിൽവേയും കൂടി രൂപവത്​കരിച്ച കേരള റെയിൽ ​െഡവലപ്മെൻറ്​ കോർപറേഷൻ ആണ് നടത്തിപ്പുകാർ. പദ്ധതി യാഥാർഥ്യമാകുന്നതോടെ കാസർകോട്ടുനിന്ന്​ നാലു മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് എത്താൻ കഴിയുമെന്നാണ് അവകാശവാദം. പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നും നേട്ടമായി പറയുന്നുണ്ട്. 2027ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. 63,941 കോടി രൂപയാണ് പദ്ധതിച്ചെലവായി കണ്ടിരിക്കുന്നത്. ഇത് വർധിക്കാനും സാധ്യതയും ഉണ്ട്.

മികച്ച ഗതാഗത സംവിധാനം നാടി​െൻറ പുരോഗതിക്ക് വളരെ പ്രധാനമാണ് എന്നതിൽ തർക്കമില്ല. ഇക്കാര്യത്തിൽ നമ്മുടെ സംസ്​ഥാനം പിറകിലാണെന്നതും വസ്​തുതയാണ്. ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോവാൻവേണ്ടിയുള്ള ഏർപ്പാട് മാത്രമല്ല ഗതാഗത സംവിധാനങ്ങൾ. നിരവധിയായ അനുബന്ധ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിലും ത്വരിതമാക്കുന്നതിലും നിർണായക പങ്ക് അതിനുണ്ട്. ആ നിലക്ക് നോക്കുമ്പോൾ അടിസ്​ഥാന സൗകര്യ വികസനത്തെ ശക്തിപ്പെടുത്തുന്ന ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യേണ്ടതാണ്. കെ-റെയിൽ അതിന് ഉപകരിക്കുമെങ്കിൽ വളരെ നല്ലത്. അതേ സമയം, ഏതൊരു പദ്ധതിയുമായി ബന്ധപ്പെട്ടും പാരിസ്​ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവ നടത്തുകയും അത് പൊതുചർച്ചക്ക് വിധേയമാക്കുകയും ചെയ്യുക പരമപ്രധാനമാണ്. വിശദ പദ്ധതി രേഖയും (ഡി.പി.ആർ) വേണം. ഡി.പി.ആർ മുൻനിർത്തി എല്ലാവരുടെയം അഭിപ്രായങ്ങൾ കേൾക്കുക എന്നത് ജനാധിപത്യ മര്യാദയും മികച്ച ഭരണ നടപടിക്രമവുമാണ്. എന്നാൽ, കെ. റെയിലുമായി ബന്ധപ്പെട്ട് അത്തരം പഠനങ്ങളൊന്നും നടന്നതായി അറിവില്ല. ഇനി, നടന്നിട്ടുണ്ടെങ്കിൽ അങ്ങനെയൊന്ന് ഇതുവരെ പൊതു ചർച്ചക്ക് വിധേയമായിട്ടില്ല. അങ്ങനെയിരിക്കെ ആളുകൾ സംശയമുന്നയിക്കുകയും ആശങ്കകൾ രേഖപ്പെടുത്തുകയും ചെയ്യും. ആശങ്ക രേഖപ്പെടുത്തുന്നവരെയും സംശയങ്ങൾ ഉന്നയിക്കുന്നവരെയും തീവ്രവാദികൾ, മതമൗലികവാദികൾ, വികസന വിരുദ്ധർ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് ആക്ഷേപിക്കാനാണ് സർക്കാറും സി.പി.എമ്മും ഇപ്പോൾ ശ്രമിക്കുന്നത്. അത് ശരിയായ നിലപാടല്ല.

യു.ഡി.എഫ് കെ-റെയിലിനെതിരെ സമരം പ്രഖ്യാപിച്ചതിൽ അവർക്ക് രാഷ്​​ട്രീയ താൽപര്യങ്ങളുണ്ടാവും. കെ. റെയിലി​ന്‍റെപേരിൽ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ തങ്ങൾക്ക് പിറകിൽ അണിനിരത്താമെന്ന് അവർ വിചാരിക്കുന്നുണ്ടാവും. രാഷ്​​ട്രീയ പാർട്ടികൾ സമരങ്ങൾ ഏറ്റെടുക്കുന്നതിൽ അവരുടെതായ താൽപര്യങ്ങൾ കാണും. എെൻറ മൃതദേഹത്തിലൂടെ മാത്രമേ നെടുമ്പാശേരി വിമാനത്താവളം യാഥാർഥ്യമാവൂ എന്ന് പ്രഖ്യാപിച്ചയാളായിരുന്നു സി.പി.എം നേതാവായ എസ്​. ശർമ. പിന്നീട് അദ്ദേഹം ആ വിമാനത്താവളത്തി​​െൻറ നടത്തിപ്പുകാരനായത് നാം കണ്ടതാണ്. ഗെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ ആദ്യം സമരം ചെയ്തവർ എറണാകുളത്തെ സി.പി.എമ്മുകാരായിരുന്നു. അന്ന് അതിന് നേതൃത്വം കൊടുത്തത് ഇന്നത്തെ വ്യവസായ മന്ത്രി പി. രാജീവാണ്. രാഷ്​ട്രീയക്കാരുടെ നിലപാടുകൾക്ക് ആ വിലയേ ഉള്ളൂ. എന്നുവെച്ച്, ഒരു പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും മറുചിന്തകൾക്കും പ്രസക്തിയില്ല എന്നല്ല.

കെ. റെയിലിനുവേണ്ടി ആയിരക്കണക്കിന് കുടുംബങ്ങൾ കുടിയിറക്കപ്പെടേണ്ടിവരും എന്നത് യാഥാർഥ്യമാണ്. അവരെ എങ്ങനെയാണ് പുനരധിവസിപ്പിക്കുക എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല. അങ്ങനെയിരിക്കെ ജനങ്ങൾക്ക് അതേക്കുറിച്ച് ആശങ്കയുണ്ടാവും. ആ ആശങ്ക സമൂഹത്തിൽ ഉയരുമ്പോൾ തീവ്രവാദം, മതമൗലികവാദം തുടങ്ങിയ മുദ്രകൾ ചാർത്തി പൈശാചികവത്കരിക്കുന്നത് തീവ്രവലതുപക്ഷത്തി​െൻറ രീതിയാണ്. കെ. റെയിലിനെതിരെ സംസ്​ഥാനത്ത് ആദ്യം സംസാരിച്ചത് ഇടതുപക്ഷത്തുതന്നെയുള്ള കേരള ശാസ്​ത്ര സാഹിത്യ പരിഷത്താണ്. എന്നാൽ, മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കെ. റെയിൽ വിരുദ്ധ സമരത്തിന് പിറകിൽ ജമാഅത്തെ ഇസ്​ലാമി എന്ന സംഘടനയാണെന്നാണ് ആരോപിക്കുന്നത്. കെ. റെയിലുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്​ലാമി ഇതുവരെ ഒരു പ്രസ്​താവനപോലും നടത്തിയതായി അറിവില്ല. കെ. റെയിലിനെ എതിർക്കുന്നവർ വർഗീയവാദികളും തീവ്രവാദികളുമാണെന്ന് സി.പി.എം നിരന്തരം ആരോപിക്കുന്നത് അവർ കുറച്ചുകാലമായി സ്വീകരിക്കുന്ന രാഷ്​​ട്രീയ നിലപാടിെൻറ ഭാഗമാണ്. വിമർശകരെ മുഴുവൻ വികസന വിരുദ്ധരാക്കുക എന്നതാണ് മറ്റൊരു രീതി. അതായത്, ഞങ്ങളെ എതിർക്കുന്നവരൊക്കെ വികസന വിരുദ്ധരും സംസ്​ഥാനത്തിെൻറ താൽപര്യങ്ങളെ തുരങ്കം വെക്കുന്നവരും. ഞങ്ങളെ പിന്തുണക്കാത്തവരൊക്കെ രാജ്യ​േദ്രാഹികൾ എന്ന സംഘ്​പരിവാർ ആഖ്യാനത്തി​ന്‍റെ മറ്റൊരു പതിപ്പാണത്.

ഒരു വികസന പദ്ധതിക്ക് ജനങ്ങളുടെയാകെ പിന്തുണ നേടിയെടുക്കുക എന്നതാണ് മികച്ച ഭരണകർത്താക്കൾ ചെയ്യേണ്ടത്. അതിന് ആ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളോട് വിശദീകരിക്കണം. സംശയങ്ങൾ തീർക്കണം. അത് ചെയ്യാതെ എതിർക്കുന്നവരെ മുഴുവൻ മതമൗലികവാദികളായും വികസനവിരുദ്ധരായും ചാപ്പയടിക്കുന്നത് നല്ല രീതിയല്ല.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.