തെരഞ്ഞെടുപ്പുകൾ ഓരോന്നു കഴിയുംതോറും നിയമനിർമാണ സഭകളിലെ പ്രാതിനിധ്യവും പ്രവർത്തകരുടെ അംഗബലവും ശുഷ്കിച്ചുവരുന്ന കോൺഗ്രസ് പാർട്ടിക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രതീതി പകർന്നിരുന്നത് അതിന്റെ അഖിലേന്ത്യ സാന്നിധ്യവും പ്രഖ്യാപിതമായ മതേതര നിലപാടിനൊപ്പം ചേർന്നുനിൽക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ചെറുപറ്റം നേതാക്കളുമായിരുന്നു. പ്രഭാവകാലത്ത് മുഖ്യമന്ത്രി പദവിയും പ്രദേശ് കോൺഗ്രസ് അധ്യക്ഷപദവും കേന്ദ്രമന്ത്രിസ്ഥാനവുമെല്ലാം ആസ്വദിച്ചിരുന്ന ഖദർധാരികളിൽ പലരും ശത്രുപാളയങ്ങൾക്കുമുന്നിലെ തണ്ണീർപന്തലുകളിൽ ഊഴംകാത്തുനിൽക്കവെ ദുർബലമായ പാർട്ടിയെ പ്രതിരോധിക്കുക എന്ന ദുർഘട ദൗത്യം നിറവേറ്റിയിരുന്നത് ഈ നേതാക്കളാണ്. അക്കൂട്ടത്തിലെ പ്രധാന പേരുകളിലൊന്നായ കപിൽ സിബൽ പാർട്ടിവിട്ട് ഇറങ്ങിപ്പോയിരിക്കുന്നു. കോൺഗ്രസിലെ കുടുംബവാഴ്ചയെയും വീഴ്ചകളിൽനിന്ന് പാഠംപഠിച്ച് തിരുത്താനുള്ള വൈമുഖ്യത്തെയും മുച്ചൂടും വിമർശിച്ചതിന് വിമതർ എന്നു പേരുദോഷം കേട്ട ജി23 സംഘത്തിനൊപ്പമായിരുന്നുവെങ്കിലും കോൺഗ്രസിൽനിന്ന് സിബൽ അടർന്നുപോകുമെന്ന് നേതാക്കളോ പ്രവർത്തകരോ എതിരാളികളോപോലും കരുതിയിരുന്നതല്ല. എന്നാൽ, കപിൽ സിബലിനെപ്പോലൊരാൾ ഒപ്പമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് ഉന്നത നേതൃത്വം, കൂടുതൽ കൃത്യമായി പറഞ്ഞാൽ ജൻപഥ് പത്താം നമ്പറിൽ പാർക്കുന്ന കുടുംബവും പാർട്ടിയിലെ പരിചാരകരും തീരുമാനിച്ചിരുന്നു. കോൺഗ്രസിനെ നവീകരിച്ച് 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പും തിരിച്ചുവരവും സാധ്യമാക്കാനുള്ള ആലോചനകൾക്കായി ഈമാസം മധ്യത്തിൽ ഉദയ്പൂരിൽ സംഘടിപ്പിച്ച ത്രിദിന ചിന്താശിബിരത്തിൽനിന്ന് സിബലിനെ അകറ്റിനിർത്തിയതും അതുകൊണ്ടുതന്നെ. ജി23 സംഘത്തിലുണ്ടായിരുന്ന, ഗുലാംനബി ആസാദ്, ആനന്ദ്ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ തുടങ്ങിയ 'വിമത'നേതാക്കൾക്കെല്ലാം വിവിധ സമിതികളിൽ ഇടം നൽകാൻ തക്ക വിശാലത പുലർത്തിയപ്പോൾ സിബലിനെ ശിബിരവേദിയിലേക്കുപോലും ക്ഷണിച്ചതേയില്ല. അദ്ദേഹം ഉന്നയിച്ച വിമർശനങ്ങൾ അത്രമാത്രം അലോസരപ്പെടുത്തി എന്നതു മാത്രമല്ല, പാർട്ടിയുടെ അകത്തളത്തിൽനിന്നുള്ള എതിർശബ്ദങ്ങളോടു പോലും സഹിഷ്ണുത പുലർത്താൻ കോൺഗ്രസിന്റെ ഉന്നത നേതൃത്വം തരിമ്പ് തയാറല്ലെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ആ ഒഴിച്ചുനിർത്തൽ.
കോൺഗ്രസിൽനിന്ന് നേതാക്കൾ കൊഴിഞ്ഞുപോകുന്നത് ഒരു പുതിയ കാര്യമല്ല, 2014ൽ കേന്ദ്രഭരണം നഷ്ടപ്പെട്ടശേഷം അതൊരു നിത്യസംഭവവുമായിരിക്കുന്നു. കോൺഗ്രസ് ടിക്കറ്റിൽ എം.പിമാരും എം.എൽ.എമാരുമായ 177 പേരും 222 തോറ്റ സ്ഥാനാർഥികളും മോദി സർക്കാർ കേന്ദ്രത്തിൽ വന്നശേഷം പാർട്ടിവിട്ടുപോയി എന്ന കണക്ക് പാർട്ടിതന്ത്രങ്ങളുടെ പാളിച്ച വിശദീകരിച്ച് ഏതാനും മാസം മുമ്പ് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സിബൽതന്നെ വിശദീകരിച്ചിരുന്നു. എതിരാളികളുടെ ശക്തിയേക്കാളേറെ പാർട്ടി അഖിലേന്ത്യ നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഉപദേശകരുടെ ആധിക്യവുമാണ് പല തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ തോൽവി അനിവാര്യമാക്കിയത്. മധ്യപ്രദേശിൽ ഭരണം കളഞ്ഞുകുളിച്ചതിന്റെയും, കർഷകസമരം സൃഷ്ടിച്ച അനുകൂല സാഹചര്യം നിലനിൽക്കെപോലും പഞ്ചാബിൽ അടിപതറിപ്പിച്ചതിന്റെയും ക്രെഡിറ്റും മേൽപറഞ്ഞവർക്കാണ്.
രാജ്യസഭയിലേക്ക് വീണ്ടും ബെർത്ത് ലഭിക്കില്ലെന്നു കണ്ടാണ് സിബൽ വിട്ടുപോയത് എന്നാണ് പാർട്ടിയുടെ ന്യായീകരണ പടുക്കൾ നിരത്തുന്ന വാദം. ചാനൽ ചർച്ചയിലും കോടതിയിലും വാദിച്ച് കത്തിക്കയറുമെന്നല്ലാതെ ഡൽഹിയിലെ വീടിരിക്കുന്ന വാർഡിൽനിന്ന് നഗരസഭയിലേക്ക് ജയിച്ചുകയറാൻപോലും ശേഷിയില്ലാത്തയാളാണ് സിബലെന്നും അവർ പറയുന്നു. ശരിയായിരിക്കാം, എന്നാൽ, മതേതരപക്ഷത്തിന്റെ ശബ്ദം നേർത്തുപോവുകയും ഭൂരിപക്ഷ ഹുങ്കിൽ നിയമനിർമാണ സഭകളെയും ഭരണഘടനയെത്തന്നെയും അട്ടിമറിക്കാൻ ഹിന്ദുത്വ പ്രചോദിത ഭരണകൂടം സകല തന്ത്രങ്ങളും പയറ്റുന്ന വേളയിൽ അതിനെതിരെ ഉറച്ചുസംസാരിക്കാൻ സിബലിനെപ്പോലൊരാൾ സഭയിൽ വേണമെന്നത് സാദാ മെംബർഷിപ്പുള്ള കോൺഗ്രസ് അംഗങ്ങൾ മുതൽ കോൺഗ്രസ് നിലനിന്നുകാണണം എന്നാഗ്രഹിക്കുന്ന സകല മതേതരപക്ഷക്കാരുടെയും ആഗ്രഹം തന്നെയായിരുന്നു. എന്തിനേറെ, ജഹാംഗീർപുരിയിലെ നിർധന മുസ്ലിംകളുടെ ഒറ്റമുറി വീടുകൾക്കും പീടികകൾക്കും മേലെ വംശീയവൈരത്തിന്റെ ബുൾഡോസറുകൾ ഇരമ്പിക്കയറവെ നിശ്ശബ്ദമായി, നിസ്സംഗമായി നിലകൊണ്ട കോൺഗ്രസ് നേതൃത്വം നാണം മറച്ചതുപോലും ബുൾഡോസർ രാജിനെതിരെ നിയമയുദ്ധം നടത്തിയ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനുവേണ്ടി വക്കാലത്ത് പറഞ്ഞ കപിൽ സിബൽ ഞങ്ങളുടെ ആളാണെന്നു പറഞ്ഞുകൊണ്ടായിരുന്നുവെന്നത് മറക്കാനായിട്ടില്ലല്ലോ.
ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പുണ്ടായിട്ടും തന്റെ പഴയ പല സഹപ്രവർത്തകരെയും പോലെ വർഗീയ പരിവാറിനോട് രാജിയാവാൻ സിബൽ തയാറായില്ല എന്നതിൽ ഏറ്റവുമധികം ആശ്വാസം കൊള്ളുന്നതും സാധാരണ കോൺഗ്രസ് പ്രവർത്തകരാണ്. സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെയാണെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം പാർലമെന്റിന്റെ ഉപരിസഭയിൽ മുഴങ്ങുമെന്നത് പകരുന്ന ആഹ്ലാദവും ചെറുതല്ല. ഹിന്ദുത്വയോട് സന്ധിചെയ്യാത്ത, മൃദുഹിന്ദുത്വത്തെ പുൽകാൻ വിസമ്മതിക്കുന്ന ശിഷ്ടം വന്ന നേതാക്കളെക്കൂടി ഹൈകമാൻഡ് പാർട്ടിയിൽനിന്ന് അകറ്റിക്കളയുമോ എന്നാണ് അവരുടെ ആശങ്ക. ഏറിയും കുറഞ്ഞും മതേതരപക്ഷം ഒന്നാകെ പങ്കുവെക്കുന്നുണ്ട് ആ ഉത്കണ്ഠ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.