ഏതാനും ദിവസംമുമ്പ്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സോഷ്യൽ മീഡിയയുടെ ഇടപെടലുകളെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗം ഗൗരവമായ ചർച്ച അർഹിക്കുന്നുവെങ്കിലും പൊതുവിൽ നമ്മുടെ മാധ്യമങ്ങൾ അത് അവഗണിക്കുകയായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ നവ സമൂഹമാധ്യമങ്ങൾ അധികാരി വർഗത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പുകളെ ഹാക്ക് ചെയ്യുന്നുവെന്നായിരുന്നു ശൂന്യവേളയിൽ അവതരിപ്പിച്ച സബ്മിഷന്റെ രത്നച്ചുരുക്കം. അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏറെ കഴിയും മുമ്പേയായിരുന്നു ഈ പ്രസംഗമെന്നതിനാൽ, അടുത്തിടെയുണ്ടായ കോൺഗ്രസിന്റെ ദയനീയ പരാജയങ്ങൾ സോഷ്യൽ മീഡിയയുടെ തലയിൽ കെട്ടിവെക്കാനുള്ള പാർട്ടി അധ്യക്ഷയുടെ അടവായിട്ടാണ് ഇതിനെ പല ദേശീയമാധ്യമങ്ങളും വിലയിരുത്തിയത്. അതുകൊണ്ടുതന്നെ, കാര്യമായ മാധ്യമശ്രദ്ധ ലഭിച്ചില്ലെന്നു മാത്രമല്ല, ആ ഇടപെടലിന്റെ പേരിൽ അവർ വിമർശിക്കപ്പെടുകയും ഒരുവേള അപഹാസ്യയാവുകയും ചെയ്തു. വാസ്തവത്തിൽ അങ്ങനെ ട്രോളുകൾക്ക് വിധേയമാകേണ്ട ലളിതമായൊരു വിഷയമല്ല സോണിയ ഉന്നയിച്ചത്. തന്റെ വാദത്തിന് ഉപോദ്ബലകമായ തെളിവുകൾ നിരത്തിയുള്ള പ്രസംഗമായിരുന്നു അത്. ചില പ്രത്യേക രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ നേതാക്കളുടെ സംസാരങ്ങൾക്കും തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കുമെല്ലാം ഫേസ്ബുക്ക് സവിശേഷ താൽപര്യമെടുക്കുന്നുണ്ടെന്നാണ് അൽജസീറയും ദി റിപ്പോർട്ടേഴ്സ് കലക്ടിവും പുറത്തുവിട്ട വാർത്ത ഉദ്ധരിച്ച് സോണിയ സമർഥിക്കാൻ ശ്രമിച്ചത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കാൻ തീർത്തും ആസൂത്രിതമായി നവ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ശ്രമങ്ങൾക്ക് തടയിടണമെന്നാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് സോണിയയുടെ മാത്രം ആരോപണമല്ല; നവ സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്ന ഏതു ഇന്ത്യക്കാരന്റെയും അനുഭവം തന്നെയാണത്. കഴിഞ്ഞയാഴ്ചകളിൽ അൽജസീറ പുറത്തുവിട്ട റിപ്പോർട്ടുകൾ ആ അനുഭവങ്ങൾക്ക് കൂടുതൽ ആധികാരികത നൽകുന്നുണ്ട്. പരസ്യങ്ങൾ സംബന്ധിച്ച് ഫേസ്ബുക്കിന്റെ നയം പലപ്പോഴും ബി.ജെ.പിയടക്കമുള്ള സംഘ്പരിവാർ കക്ഷികൾക്ക് അനുകൂലമായിത്തീരുന്നുവെന്ന് പ്രസ്തുത റിപ്പോർട്ട് അടിവരയിടുന്നു; തെരഞ്ഞെടുപ്പുകളിൽ ആ പരസ്യങ്ങൾ വലിയ സ്വാധീനവും ചെലുത്തുന്നുണ്ട്. 2019 ഫെബ്രുവരി മുതൽ 2020 നവംബർ വരെയുള്ള 22 മാസങ്ങൾക്കിടെ ഫേസ്ബുക്കിൽ വന്ന അഞ്ചു ലക്ഷത്തോളം രാഷ്ട്രീയ പരസ്യങ്ങൾ വിശകലന വിധേയമാക്കിയാണ് അൽജസീറ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഈ കാലത്താണ് ലോക്സഭയിലേക്കും ഒമ്പതു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ നടന്നത്. സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്ക് മറ്റുള്ളവരേക്കാൾ കുറഞ്ഞ നിരക്കിലും കൂടുതൽ അളവിലുമാണ് പരസ്യങ്ങൾക്ക് സ്ഥലവും സമയവും അനുവദിച്ചത് എന്നിടത്ത് തുടങ്ങുന്നു ഫേസ്ബുക്കിന്റെ 'കർസേവ'. മാത്രവുമല്ല, സംഘ്പരിവാർ പരസ്യങ്ങൾ കൂടുതൽ ഉപയോക്താക്കളിലെത്താൻ അൽഗോരിതത്തിലും ഫേസ്ബുക്ക് കാര്യമായ അഴിച്ചുപണി നടത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കുപുറമെ, 'അഭ്യുദയകാംക്ഷികൾ' നൽകുന്ന പരസ്യങ്ങളുടെ കാര്യത്തിലുമുണ്ട് ഈ വിവേചനം. ആ ഇനത്തിൽ മാത്രം ബി.ജെ.പി സ്ഥാനാർഥികളുടെ ഫേസ്ബുക്ക് പരസ്യങ്ങൾ 130 കോടി പേർ വീക്ഷിച്ചുവെന്നാണ് കണക്ക്. ഇതൊന്നും കേവല പരസ്യങ്ങളുമല്ലെന്നോർക്കണം. വംശീയ വിദ്വേഷത്തിന്റെയും കലാപാഹ്വാനങ്ങളുടെയും വിഡിയോ ശകലങ്ങളാണ് ഫേസ്ബുക്കിലൂടെ 'പരസ്യ'മെന്ന വ്യാജേന തുടർച്ചയായി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പോസ്റ്റുകൾ നീക്കംചെയ്യണമെന്നാണ് നവ സമൂഹമാധ്യമങ്ങളോട് ഐ.ടി നിയമം അനുശാസിക്കുന്നത്. എന്നാൽ, പ്രതിസ്ഥാനത്ത് ബി.ജെ.പിയാകുമ്പോൾ നിയമം നോക്കുകുത്തിയാകുന്നുവെന്നതാണ് അനുഭവം. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട 687 പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കം ചെയ്തപ്പോൾ ബി.ജെ.പിയുടേത് 14 എണ്ണം മാത്രമാണ്.
ഫേസ്ബുക്കിന് രാജ്യത്ത് 34 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്; ഫേസ്ബുക്കിന്റെ തന്നെ ഭാഗമായ വാട്സ്ആപ് ഉപയോഗിക്കുന്നത് 40 കോടിയിലധികം പേരാണ്. മേൽ സൂചിപ്പിച്ചവിധം, ഈ പ്ലാറ്റ്ഫോമുകൾ വ്യാജവാർത്തകളുടെയും വർഗീയ മുദ്രാവാക്യങ്ങളുടെയും വിളനിലമാകുമ്പോൾ അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കൾ തീർച്ചയായും സംഘ്പരിവാറായിരിക്കും. കാരണം, ആ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രം തന്നെയും അതാണല്ലോ. ഈ സംഘത്തോടാണ് ജനകീയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രാഷ്ട്രീയ സൗഹൃദത്തിനൊരുങ്ങിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഉള്ളടക്കവും അൽഗോരിതവുമെല്ലാം പൂർണമായും സംഘ്പരിവാറിന്റെ കീഴിലേക്ക് വരുന്നു എന്നതാണ് അതിന്റെ പരിണതി. അതിപ്പോൾ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക എന്ന കമ്പനിയുമായി ചേർന്ന് അമേരിക്കയിൽ ട്രംപിെൻറ വിജയം ഉറപ്പാക്കാൻ ഫേസ്ബുക്ക് ഇറങ്ങിത്തിരിച്ചതും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ഇതേ തന്ത്രം പിന്നീട് ബ്രിട്ടനിലും ബ്രസീലിലും പയറ്റി. എല്ലായിടത്തും തീവ്രവലതുപക്ഷ സംഘടനകൾ അധികാരത്തിലെത്തുകയും ചെയ്തു. അതേ രാഷ്ട്രീയനാടകം തന്നെയാണിപ്പോൾ ഇവിടെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. വ്യാജവാർത്തകളിലൂടെയും മറ്റും വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും ആക്രോശമുദ്രാവാക്യങ്ങളുയർത്തുകയാണ് എക്കാലത്തും ഫാഷിസ്റ്റുകളുടെ ശൈലി. ആ വഴിയിൽ നിരവധി കലാപങ്ങൾക്ക് കോപ്പുകൂട്ടിയ ഹിന്ദുത്വ ഫാഷിസ്റ്റുകൾ സോഷ്യൽ മീഡിയ കൂടി അടക്കിഭരിക്കാൻ തുടങ്ങിയാൽ എന്താവും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വടക്കു കിഴക്കൻ ഡൽഹിയിലെ വംശീയാതിക്രമങ്ങളെല്ലാം ആ നിലയിൽ ചില സൂചനകളാണ്. ഈ സാഹചര്യത്തിലാണ് സോണിയയുടെ ആശങ്ക പ്രസക്തമാകുന്നത്. അതിനാൽ, ജനാധിപത്യവാദികൾ സോണിയയുടെ വാദങ്ങളെ ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.