സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചുകഴിഞ്ഞു. എത്രയാവും വർധന എന്ന കാര്യമേ അറിയാനുള്ളൂ. നിരക്കുവർധന വിഷയത്തിൽ അനുകൂല തീരുമാനം സ്വകാര്യ ബസ് ഉടമ പ്രതിനിധികൾക്ക് ഉറപ്പുനൽകിയ ഗതാഗതമന്ത്രി ആൻറണി രാജു ഇതുസംബന്ധമായ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനുമായി ചർച്ചയും കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുമായി ചർച്ചയുണ്ടെങ്കിലും ചാർജ് വർധന നീക്കത്തിൽനിന്ന് പിന്നാക്കംപോകാൻ ഇട കാണുന്നില്ല.
കോവിഡ് ലോക്ഡൗണിനുശേഷം സാമൂഹിക അകലം ഉറപ്പാക്കാൻ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയ ഘട്ടത്തിൽ നിരക്കുവർധന വരുത്തിയതാണ്. പിന്നീട് ബസുകൾ നിറഞ്ഞ് ഓടാൻ തുടങ്ങിയെങ്കിലും നിരക്ക് പഴയപടിയാക്കി കുറച്ചില്ല. ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലകളിൽ ഒന്ന് എന്ന നിലയിൽ പൊതുജനം അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു. ഇന്ധനവില യാതൊരു നിയന്ത്രണവുമില്ലാതെ വർധിക്കുന്നുവെന്ന ന്യായത്തിനു മുന്നിൽ ഇനി അടിച്ചേൽപിക്കുന്ന നിരക്കുവർധനയും മിണ്ടാതെ അംഗീകരിച്ചുകൊടുക്കലേ സാധാരണക്കാരായ ബസ് യാത്രികർക്ക് മാർഗമുള്ളൂ. ഇല്ലെങ്കിലും നിരക്കുവർധന ചർച്ചചെയ്യുമ്പോൾ യാത്രക്കാരുടെ ഭാഗം പറയാൻ ആരുമുണ്ടാവാറുമില്ലല്ലോ.
വിദ്യാർഥികളുടെ ബസ് യാത്രനിരക്കും വർധിപ്പിക്കുമെന്നാണ് അറിയുന്നത്. പതിറ്റാണ്ടുകളായി ബസ് ഉടമകൾ പുറത്തിറക്കുന്ന ഏതൊരു ഡിമാൻഡ് നോട്ടീസിലും ഈ ആവശ്യം ഉന്നയിക്കാൻ മറക്കാറില്ല. മറ്റു പല സംസ്ഥാനങ്ങളിലും വിദ്യാർഥികൾക്ക് യാത്ര സൗജന്യമാണ്. ഏറ്റവും വലിയ ബസ് യാത്രനിരക്ക് ഈടാക്കുന്ന കേരളത്തിൽ പണ്ടുമുതലേ വലുതല്ലാത്ത ഒരു തുക വിദ്യാർഥികളിൽനിന്ന് ഈടാക്കിപ്പോരുന്നു. ഇക്കുറി കുടുംബവരുമാനം മാനദണ്ഡമാക്കി വ്യത്യസ്തമായ നിരക്ക് ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. ആശ്വാസകരമല്ലാത്ത ആ നീക്കത്തെ സംബന്ധിച്ച് വിദ്യാർഥി സംഘടനകളൊന്നും പ്രതികരിച്ചുകണ്ടില്ല.
വീട്ടിൽനിന്ന് അകലെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന കുട്ടികളാണ് ഏറെയും സ്വകാര്യ ബസുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. സ്വന്തമായോ സ്കൂളിനോ വാഹനസൗകര്യം ഇല്ലാത്തവർ; അവർക്കുമേൽ നിരക്കുവർധന അടിച്ചേൽപിക്കുന്നത് ശരിയായ സമീപനമല്ല എന്നുതന്നെയാണ് അഭിപ്രായം. എന്നാൽ, ഇപ്പോൾ ഉന്നയിക്കാനുള്ളത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാനവും വേദനകരവുമായ പ്രശ്നമാണ്.
കേരളത്തിലെ ഏതാണ്ടെല്ലാ ഇടങ്ങളിലും സ്കൂളുകളിലേക്ക് ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികൾ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനവും അവഹേളനവുമാണ്. ഓരോ ബസ്സ്റ്റാൻഡുകളും സ്കൂളുകൾക്കടുത്ത ബസ്സ്റ്റോപ്പുകളും ദിനേന ഈ അവഹേളനത്തിന് വേദിയാകുന്നു. ബസുകൾ പുറപ്പെടുന്ന സമയംവരെ അടുത്തുചെല്ലാനോ അതിനകത്തു കയറാനോ വിദ്യാർഥികൾക്ക് അനുമതിയില്ല. കോവിഡിനുംമുേമ്പ നിലനിൽക്കുന്നതാണ് ഈ സാമൂഹിക അകലം. ജീവനക്കാരുടെ സമ്മതം ലഭിച്ച് ബസിനുള്ളിൽ കയറിപ്പറ്റിയാൽതന്നെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ ഇരിക്കാൻ അനുവാദമില്ല. എന്തെങ്കിലും വയ്യായ്കയിൽ യാത്രചെയ്യുകയാണെങ്കിൽ സീറ്റിൽ ഇരിക്കാനുള്ള സൗകര്യം ലഭിക്കാൻ ഫുൾചാർജ് നൽകി ടിക്കറ്റ് എടുക്കേണ്ട നിർബന്ധാവസ്ഥപോലും ഉണ്ടാവുന്നു, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.
വിദ്യാഭ്യാസ/ഗതാഗത മന്ത്രിമാരുടെ, ബസ് ഉടമകളുടെ/ജീവനക്കാരുടെ മക്കളുടെ, ഇളയ സഹോദരങ്ങളുടെ പ്രായമുള്ള കുഞ്ഞുങ്ങളല്ലേ അവരെല്ലാം. പഠിച്ചു വളർന്ന് നാളെ നാടിെൻറ നാനാകോണുകളിൽ എത്തിച്ചേരേണ്ടവർ. രാവിലെയും വൈകീട്ടും പതിവായി അനുഭവിക്കേണ്ടിവരുന്ന ഈ അപമാനം അവരുടെ മനസ്സിൽ എത്രമാത്രം സമ്മർദം സൃഷ്ടിക്കുന്നുവെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ?
ബാലാവകാശ കമീഷനും മറ്റും സ്വമേധയാ ഇടപെടേണ്ട വിഷയമാണിത്. ചുരുക്കം ചില വേറിട്ട മാതൃകകൾ ഇല്ലെന്നല്ല. രാവിലെയും വൈകീട്ടും വിദ്യാർഥികൾക്കു മാത്രമായി സ്പെഷൽ ട്രിപ് നടത്തുന്ന സ്വകാര്യ ബസിെൻറ വിശേഷം 'മാധ്യമം' തന്നെ പ്രാധാന്യപൂർവം പ്രസിദ്ധീകരിച്ചിരുന്നു. ബസ് വിടുംവരെ കയറരുത്, ഇരിക്കരുത് തുടങ്ങിയ തീട്ടൂരങ്ങൾ ഇല്ലാത്ത ഏതാനും ചില നഗരങ്ങളും നമുക്കുണ്ട്. എന്നാൽ, ഭൂരിപക്ഷം പട്ടണങ്ങളിലും മറിച്ചാണ് അവസ്ഥ.
നിരക്ക് കൂട്ടിയാലും ഇല്ലെങ്കിലും വിദ്യാർഥികളോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ ബസ് ഉടമകൾ ആദ്യം തയാറാകണം. അങ്ങനെയല്ലാതെ സർവിസ് നടത്താൻ അനുവദിക്കില്ലെന്ന് തീർത്തുപറയാൻ ഗതാഗതമന്ത്രിയും മുന്നോട്ടുവരണം.
കുട്ടികളുടെ മനസ്സിനെ മുറിവേൽപിക്കുന്ന ഈ അതിക്രമം അടുത്ത പ്രവൃത്തിദിവസംതന്നെ അവസാനിപ്പിക്കാൻ സാധിച്ചാൽ അത്ര നല്ലത്. മനുഷ്യവ്യവഹാരങ്ങളിൽ മാറ്റം വരുത്താതെ സ്കൂൾ യൂനിഫോം പരിഷ്കരിച്ചതുകൊണ്ടു മാത്രം സാമൂഹിക മാറ്റവും തുല്യതയുമൊന്നും ഉണ്ടാവില്ലെന്നേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.