എസ്.ബി.ഐയുടെ ബോണ്ട് രാഷ്ട്രീയം

ഇന്ത്യൻ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടപെടലുകളിലൊന്നായിരുന്നു ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി നടപടി. ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫെബ്രുവരി 15ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ വിധി. പദ്ധതി സുതാര്യമല്ലെന്നും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുന്നവരെക്കുറിച്ച് അറിയാനുള്ള പൗരന്മാരുടെ അവകാശം റദ്ദുചെയ്യുന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട് എന്നുമുള്ള കോടതിയുടെ നിരീക്ഷണം മോദിസർക്കാറിന്‍റെ ഏകാധിപത്യ പ്രവണതകൾക്കേറ്റ തിരിച്ചടിയായിത്തന്നെയാണ് വിലയിരുത്തപ്പെട്ടത്. കാരണം, ലഭ്യമായ കണക്കുകളനുസരിച്ച് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബി.ജെ.പിയായിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ പൗരജനങ്ങൾക്ക് ലഭ്യമാക്കാനുള്ള മറ്റൊരു ഇടപെടൽ കൂടി പരമോന്നത നീതിപീഠം വിധിന്യായത്തിലൂടെ നടത്തി. ഇലക്ടറൽ ബോണ്ട് വിതരണം ഏക ചുമതലക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)ഉടനടി നിർത്തണമെന്നും ഇതിനകം ലഭിച്ച ബോണ്ടിന്റെ വിശദാംശങ്ങൾ മാർച്ച് ആറിനുമുമ്പായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നുമുള്ള സുപ്രധാന നിർദേശമായിരുന്നു അത്. മാർച്ച് 13ന് മുമ്പായി തെരഞ്ഞെടുപ്പ് കമീഷൻ അത് പരസ്യപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ, നിശ്ചിത തീയതിക്ക് രണ്ടുദിവസം മുന്നെ, എസ്.ബി.ഐ വിചിത്രമായൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു. ബോണ്ടിന്‍റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ ജൂൺ 30 വരെ സമയം അനുവദിക്കണമെന്നാണ് സാങ്കേതിക ന്യായങ്ങൾ നിരത്തി അവർ ഹരജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും; അതോടൊപ്പം, ഇലക്ടറൽ ബോണ്ട് വിഷയത്തിനെതിരെ തുടക്കം മുതൽ നിയമപോരാട്ടം നടത്തുന്ന അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എസ്.ബി.ഐക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസും അന്നേദിവസം കോടതിസമക്ഷം വരും. വിഷയത്തിൽ, കോടതി എന്തു നിലപാട് സ്വീകരിച്ചാലും എസ്.ബി.ഐയുടെ സമീപനം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റുചില ആലോചനകൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.

2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15വരെ വ്യക്തികളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ വാങ്ങിയ ബോണ്ടിന്‍റെ മുഴുവൻ വിശദാംശവും തെരഞ്ഞെടുപ്പ് കമീഷന് സ്റ്റേറ്റ് ബാങ്ക് സമർപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിന്‍റെ സംക്ഷിപ്തം. ബോണ്ട് വാങ്ങിയത് ആര്, തീയതി, തുക തുടങ്ങി മുഴുവൻ വിവരവും നൽകണമെന്നും കോടതി നിഷ്കർഷിച്ചു. വിധിന്യായത്തിൽ, 2017-23 കാലത്ത് വിവിധ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച പണത്തിന്റെ കണക്കുകളുമുണ്ടായിരുന്നു. ആകെ ലഭിച്ച ഒമ്പതിനായിരത്തിൽപരം കോടിയിൽ 6565 കോടി രൂപയും പോയത് ബി.ജെ.പി അക്കൗണ്ടിലേക്കാണെന്ന് വിധിന്യായം വ്യക്തമാക്കുന്നുണ്ട്. അഥവാ, ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബി.ജെ.പിയാണ്. അത് സ്വാഭാവികവുമാണ്. രാഷ്ട്രീയ പാർട്ടികൾ കേന്ദ്രീകരിച്ചുള്ള കള്ളപ്പണമൊഴുക്ക് തടയുക എന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി യഥാർഥത്തിൽ ബി.ജെ.പിയുടെ ഔദ്യോഗിക ഫണ്ട് ശേഖരണ പദ്ധതിയാണെന്ന് തുടക്കം മുതലേ വിമർശനമുയർന്നതാണ്. ഈയൊരു പദ്ധതിക്കായി, പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് ആദായനികുതി നിയമത്തിലടക്കം വെള്ളം ചേർക്കുകയും ചെയ്തു. കള്ളപ്പണമൊഴിവാക്കാനാണെന്ന വികലന്യായത്തിന്റെ പുറത്ത് വ്യവസ്ഥാപിത അഴിമതിക്ക് കളമൊരുക്കുകയായിരുന്നു ഈ പദ്ധതിയിലൂടെ മോദി സർക്കാർ. അതാണ് പരമോന്നത നീതിപീഠം പൊളിച്ചത്. ഇനി അറിയാനുള്ളത്, ഇത്രയും ഭീമമായ തുക ആരൊക്കെ ബി.ജെ.പിക്ക് നൽകി എന്നതാണ്. ഭരണകൂടത്തിൽനിന്ന് ഒരു ഗുണവുമില്ലാതെ അവർ ഇത്രയും വലിയ നിക്ഷേപമിറക്കാൻ ഒരു സാധ്യതയുമില്ല. ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ പുറത്തുവിടുന്നതോടെ ആ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്; വ്യവസായ-കോർപറേറ്റ്-ഭരണകൂട ബോണ്ടിന്റെ രസതന്ത്രം അതോടെ വെളിവാകുകയും ചെയ്യേണ്ടതായിരുന്നു. തന്ത്രപരമായ ഇടപെടലിലൂടെ സ്റ്റേറ്റ് ബാങ്ക് അതില്ലാതാക്കിക്കളഞ്ഞു.

വിവര കൈമാറ്റത്തിന് എസ്.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്ന സമയം ജൂൺ 30 ആണ്. ഇതിന് ചില സാങ്കേതിക ന്യായങ്ങളും അവർ മുന്നോട്ടുവെക്കുന്നുണ്ട്. കോടതി ആവശ്യപ്പെട്ട കാലപരിധിക്കുള്ളിൽ കാൽലക്ഷത്തോളം ഇലക്ടറൽ ബോണ്ടുകൾ വിവിധ പാർട്ടികൾക്കായി വിതരണം ചെയ്തിട്ടുണ്ടെന്നും ഇവയുടെ വിശദാംശങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ശേഖരിക്കുക അപ്രായോഗികമാണെന്നുമാണ് ഇതിലൊന്ന്. ഒറ്റനോട്ടത്തിൽ ഇത് ശരിയാണെന്ന് തോന്നുമെങ്കിലും, വാസ്തവം മറ്റൊന്നാണെന്ന് പ്രാഥമികമായ അന്വേഷണത്തിൽ വ്യക്തമാകും. ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്ന 29 ബ്രാഞ്ചുകളാണ് എസ്.ബി.ഐക്കുള്ളത്. ഒരാൾ ബോണ്ട് വാങ്ങുമ്പോൾ അയാളുടെ കെ.വൈ.സി വിവരങ്ങൾ ഉൾപ്പെടെ ബാങ്ക് രേഖപ്പെടുത്തണമെന്നാണ്. അഥവാ, ഇത് ഡിജിറ്റൽ വിവരമായി സൂക്ഷിക്കാനുള്ള സംവിധാനവും ബാങ്കിനുണ്ട്. അപ്പോൾ, ബോണ്ട് സംബന്ധമായ ഏതു വിവരവും തൽസമയം തന്നെ പുറത്തുവിടാനുള്ള സാങ്കേതിക സംവിധാനം എസ്.ബി.ഐക്കുണ്ട്. യാഥാർഥ്യം ഇതായിരിക്കെ, എസ്.ബി.ഐ കോടതിയെ സമീപിച്ചുവെങ്കിൽ അതിന് ഒറ്റ അർഥമേയുള്ളൂ: ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുംവരെ ആ വിവരങ്ങൾ വെളിപ്പെടുത്താൻ തങ്ങൾക്കാവില്ല. ആർക്കുവേണ്ടിയാണ് ഈ നിലപാടെന്നും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ്, പ്രതിപക്ഷം എസ്.ബി.ഐ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുന്നത്. അക്കൂട്ടത്തിൽ ചിലർ സ്ഥാപനത്തിനെതിരെ കോടതിയലക്ഷ്യ ഹരജിയും നൽകി. ഹിന്ദുത്വയുടെ ഉന്മാദരാഷ്ട്രീയം അനുദിനം രാജ്യത്തെ ജനാധിപത്യ-ഭരണഘടന സ്ഥാപനങ്ങളെ ഏതുവിധമാണ് വിലക്കെടുത്ത് തകർത്തുകൊണ്ടിരിക്കുന്നതെന്ന കാര്യം ഓരോ പൗരന്‍റെയും അനുഭവമാണ്. അതിന്‍റെ തുടർച്ചയായിത്തന്നെ എസ്.ബി.ഐയുടെ ബോണ്ട് രാഷ്ട്രീയത്തെയും വിലയിരുത്തേണ്ടിവരും. ഇലക്ടറൽ ബോണ്ടിന് കൂച്ചുവിലങ്ങിട്ടപോലെ, നെറികെട്ട ഈ രാഷ്ട്രീയത്തെയും പരമോന്നത നീതിപീഠം പ്രതിരോധിക്കുമോ എന്നുമാത്രമേ ഇക്കാര്യത്തിൽ ഇനി അറിയേണ്ടതുളളൂ.

Tags:    
News Summary - Madhyamam Editorial 2024 march 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.